ദൈവമുണ്ടോ?

ദൈവമുണ്ടോ?

ഒരാള്‍ ഒരു ദിവസം തന്‍റെ തലമുടി വെട്ടിക്കുവാനായി അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലെത്തി. തലമുടി വെട്ടുന്നതിനിടയില്‍ സംസാരപ്രിയനായ ബാര്‍ബര്‍ സംഭാഷണം ആരംഭിച്ചു.

പല കാര്യങ്ങളെക്കുറിച്ചു പറഞ്ഞുവരുന്നതിനിടയില്‍ സംഭാഷണം ദൈവത്തെക്കുറിച്ചായി.

"ദൈവമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല" – ബാര്‍ബര്‍ പറഞ്ഞു.

"അതെന്താ അങ്ങനെ?" – മുടിവെട്ടാന്‍ വന്നയാള്‍ തിരിച്ചു ചോദിച്ചു.

"ദൈവമുണ്ടെങ്കില്‍ ഈ നാട്ടില്‍ ഇങ്ങനെ കഷ്ടപ്പാടും രോഗങ്ങളുമൊക്കെയുണ്ടാകുമോ? എത്രയോ പേരാണു രോഗം ബാധിച്ചു ദിവസവും മരിക്കുന്നത്. ദൈവമുണ്ടെങ്കില്‍ ഈ ദുഃഖവും ദുരിതവുമൊക്കെ ആളുകള്‍ക്ക് ഉണ്ടാകുവാന്‍ സമ്മതിക്കുമായിരുന്നോ?

മുടി വെട്ടുവാന്‍ വന്നയാള്‍ പെട്ടെന്നു ചിന്താക്കുഴപ്പത്തിലായി. പെട്ടെന്ന് ഒരുത്തരം പറയുവാന്‍ അയാള്‍ക്കു സധിച്ചില്ല.

ബാര്‍ബര്‍ക്കു പൈസ കൊടുത്ത് അയാള്‍ ഷോപ്പിനു വെളിയിലേക്കിറങ്ങി.

ബാര്‍ബര്‍ഷോപ്പിനു വെളിയിലിറങ്ങിയപ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്.

താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരാള്‍ തെരുവിലൂടെ നടക്കുന്നു.

അയാള്‍ തിരിച്ചു ബാര്‍ബര്‍ ഷോപ്പിനുള്ളിലേക്കു കയറി. അതിനുശേഷം ബാര്‍ബറോടു പറഞ്ഞു: "ഈ ലോകത്ത് ബാര്‍ബര്‍മാരില്ല."

"അതെങ്ങനെ ശരിയാകും. ഒരു ബാര്‍ബറായ ഞാന്‍ തന്നെയല്ലേ തന്‍റെ മുമ്പില്‍ നില്ക്കുന്നത്" – ബാര്‍ബര്‍ ചോദിച്ചു.

അയാള്‍ തെരുവിലൂടെ നടന്നുപോകുന്ന മനുഷ്യനെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.

ഈ ലോകത്ത് ബാര്‍ബര്‍മാരുണ്ടായിരുന്നെങ്കില്‍ തലമുടി വെട്ടിക്കാതെയും താടി വടിക്കാതെയും നടക്കുന്ന ഇയാളെപ്പോലെയുള്ള ആളുകള്‍ ഈ ലോകത്തില്‍ ഉണ്ടാകുമായിരുന്നോ?

ഉടനെ ബാര്‍ബര്‍ "ബാര്‍ബര്‍മാര്‍ ഇവിടെയുണ്ട്. പക്ഷേ, ചിലയാളുകള്‍ തലമുടി വെട്ടിക്കാനും താടി വടിക്കാനും ഞങ്ങളുടെയടുക്കല്‍ വരാതിരുന്നാല്‍ ഞങ്ങളെന്തു ചെയ്യും?"

ഇതുകേട്ട് ആ മനുഷ്യന്‍ പറഞ്ഞു: "ശരിയാണ്. ഇതുപോലെയാണു ദുഃഖവും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ കാര്യവും. അവരുടെ വേദനകള്‍ക്കും ദിവ്യൗഷധം നല്കുവാന്‍ ദൈവം തയ്യാറാണ്. പക്ഷേ, അവര്‍ ദൈവത്തിന്‍റെയടുക്കലേക്കു വരുന്നില്ല. ഈ സാഹചര്യത്തില്‍ ദൈവമില്ലായെന്നു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org