ദൈവത്തെ കാണണോ?

ദൈവത്തെ കാണണോ?

രണ്ടുപേര്‍ തര്‍ക്കിച്ചുകൊണ്ട് നടന്നുനീങ്ങുകയാണ്. ദൈവമുണ്ടെന്നും ഇല്ലെന്നുമാണ് തര്‍ക്കം. വിശ്വാസിയും അവിശ്വാസിയും സ്വന്തം അനുഭവങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നു. ഓരോരുത്തരും താന്താങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ തിടുക്കം കൂട്ടുകയാണ്. പെട്ടെന്ന് ഒരു ഭയങ്കര കാറ്റ് വീശിയടിക്കുന്നു. ഹൊ ഭയങ്കര കാറ്റ്… നമുക്കെവിടെയെങ്കിലും കയറി നില്‍ക്കാം എന്ന് ദൈവമില്ലെന്ന് പറഞ്ഞ വ്യക്തി പറഞ്ഞു…! ദൈവമുണ്ടെന്നു പറഞ്ഞ വ്യക്തി ചോദിച്ചു. ഭയങ്കര കാറ്റാണെന്ന് നിങ്ങളോട് ആരു പറഞ്ഞു. കാറ്റിനെ നിങ്ങള്‍ കണ്ടുവോ? അവിശ്വാസി പറഞ്ഞു; അതു പ്രത്യേകം പറയാനുണ്ടോ? നമുക്കു ചുറ്റുമുള്ളതു മുഴുവന്‍ ആടിയുലയുന്നത് കണ്ടില്ലേ. ഒന്നുമില്ലെങ്കിലും നമ്മിലേക്കുതന്നെ എന്തോ വന്ന് ആഞ്ഞടിക്കുന്നതുപോലെയും. നാം ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെല്ലാം ഇളകി പാറിപ്പറക്കാന്‍ തുടങ്ങുന്നതും കാണുന്നില്ലേ. വിശ്വാസി ചിരിച്ചുകൊണ്ട് ചോദിച്ചു. ഇതുതന്നെയാണ് ഞാന്‍ ഇതുവരെ പറഞ്ഞതും. കാറ്റിനെ നിങ്ങള്‍ കണ്ടില്ലെങ്കിലും നമുക്കു ചുറ്റുമുള്ളവയുടെ ചലനം കാറ്റുമൂലമാണെന്നു നിങ്ങള്‍ സമ്മതിക്കുന്നു. നാം കണ്ണുകൊണ്ട് കാണുന്നതു മാത്രമല്ല യാഥാര്‍ത്ഥ്യം. നാം കാണുന്നതിലൂടെ നമ്മുടെ ഉള്‍ക്കണ്ണുകള്‍ തുറന്നുകിട്ടുകയെന്നതാണ് പ്രാധാനം. നമ്മുടെയും നമുക്കു ചുറ്റുമുള്ളതിന്‍റെയും ചലനം ദൈവത്തിന്‍റെ കരവേലയാണെന്ന് തിരിച്ചറിയുന്നതാണ് വിശ്വാസം. വിശ്വാസി വീണ്ടും ചോദിച്ചു. നമുക്കും നമ്മുടെ ചുറ്റുമുള്ളതിനും നമ്മുടെ പങ്ക് എന്താണ്? വൃക്ഷലതാദികള്‍ സൃഷ്ടിച്ചത് താങ്കളാണോ? യഥാകാലം പുഷ്പിക്കുന്നതും ഫലം തരുന്നതും നിങ്ങള്‍ പറഞ്ഞിട്ടാണോ? നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് സ്വന്തമാണോ? നിങ്ങളുടെ ആവശ്യപ്രകാരമാണോ നിങ്ങള്‍ ജനിച്ചത്? അവര്‍ തമ്മിലുള്ള തര്‍ക്കം ഏകദേശം ഒന്നു ശാന്തമായതുപോലെ… ദൈവമില്ലെന്നു പറഞ്ഞ വ്യക്തിക്ക് ജയിക്കാനാകുന്നില്ല… അവസാനം വിശ്വാസി പറഞ്ഞു, നമുക്കാര്‍ക്കും അവകാശമില്ലാത്ത ഈ പ്രപഞ്ചത്തിന് ഒരു അവകാശി കാണുമല്ലോ… നമുക്കു നിയന്ത്രണമോ സ്വാധീനമോ ഇല്ലാത്ത നമ്മെയും നമ്മുടെ ചുറ്റുമുള്ളതിനെയും പരിപാലിക്കുന്ന ദൈവത്തിന് നമ്മെ വിട്ടുകൊടുക്കുക. കാറ്റു വന്നപ്പോള്‍ അതിനെ നിയന്ത്രിക്കാനാകാതെ നിങ്ങള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചു. ദൈവത്തിനു മുന്നില്‍ നിന്ന് പിന്നെങ്ങനെ രക്ഷപ്പെടും!?

നമ്മുടെയും നമ്മുടെ ചുറ്റുമുള്ളതിന്‍റെയും സ്പന്ദനം ദൈവാത്മാവാണെന്ന് തിരിച്ചറിയുന്ന ഒരു വിട്ടുകൊടുക്കലിന് നാം തയ്യാറായാല്‍ നമ്മുടെ ജീവിതം സുന്ദരമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org