
ഭര്‍ത്താവും മക്കളും മരിച്ച റീത്ത ഹൃദയപൂര്‍വം എല്ലാം ത്യജിച്ച് യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിച്ചു. പ്രായശ്ചിത്തവും ഉപവാസവും അവള്‍ വര്‍ദ്ധിപ്പിച്ചു, രോമക്കുപ്പായം ധരിച്ചു, വീടിന്‍റെ ജനാലകള്‍ – ഒരെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചു. റീത്ത മഠത്തില്‍ ചേര്‍ന്നു സന്ന്യാസജീവിതം നയിക്കാന്‍ ആഗ്രഹിച്ചു. അതിനായി കാസിയായിലെ അഗസ്റ്റീനിയന്‍ സഭയുടെ വിശുദ്ധ മഗ്ദലനാ മഠത്തില്‍ ചെന്നു. അവര്‍ സ്വീകരിച്ചില്ല. വീണ്ടും വീണ്ടും മൂന്നു പ്രാവശ്യം ചെന്നു കേണപേക്ഷിച്ചിട്ടും മറുപടി അനുകൂലമായിരുന്നില്ല. ഒരു രാത്രി അവള്‍ പ്രാര്‍ത്ഥിച്ചിരിക്കവേ, കതകില്‍ ശക്തമായി മുട്ടുന്നതും "റീത്ത, റീത്ത" എന്ന വിളിയും കേട്ടു. ആരെയും കണ്ടില്ല. വീണ്ടും ഇതാവര്‍ത്തിക്കപ്പെട്ടു. ഒരു സ്വരവും കേട്ടു: "ഭയപ്പെടേണ്ട ദൈവം നിന്നെ തന്‍റെ മണവാട്ടിയായി മഠത്തിനുള്ളില്‍ പ്രവേശിപ്പിക്കും." റീത്ത വാതില്‍ തുറന്നു. വൃദ്ധനായ ഒരാള്‍ വാതില്‍ക്കല്‍ നില്ക്കുന്നു. ഒട്ടകരോമവസ്ത്ര വും തോല്‍വാറും ധരിച്ചിരിക്കുന്നു. അത് തന്‍റെ പ്രിയപ്പെട്ട വിശുദ്ധനായ സ്നാപകയോഹന്നാനാണ് എന്നവള്‍ തിരിച്ചറിഞ്ഞു. അവര്‍ ഇരുവരും ഒരുമിച്ചു യാത്രയായി. ഷിയോപ്പോ എന്ന പാറയിലെത്തി. അവിടെയിതാ വിശുദ്ധ അഗസ്റ്റിനും വിശുദ്ധ നിക്കോളാസും നില്ക്കുന്നു! അവരെല്ലാവരും ചേര്‍ന്നു കാസിയായിലേക്കു യാത്രയായി. ജനലുകളും വാതിലുകളും ഭദ്രമായി അടച്ചിരുന്ന മഠത്തിനുള്ളില്‍ അവര്‍ റീത്തയെ പ്രവേശിപ്പിച്ചു. "നീ ഇവിടെ വളരെ ആഴമായും തീവ്രമായും സ്നേഹിക്കുന്ന ഈശോയുടെ പൂന്തോട്ടത്തിലെ വിവേകമുള്ള തേനീച്ചയാകൂ. പുണ്യപുഷ്പങ്ങള്‍ കൊണ്ടു സുന്ദരമായ തേന്‍ ഒരുക്കുക…" ഇതു പറഞ്ഞു വിശുദ്ധര്‍ അപ്രത്യക്ഷരായി. മഠത്തിലെ സഹോദരിമാര്‍ റീത്തയെ കണ്ട് അത്ഭുതസ്തബ്ധരായി. റീത്തയെ മഠത്തില്‍ സ്വീകരിച്ചു.
ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.