ദൈവവിളിയും സ്വാതന്ത്ര്യവും

ദൈവവിളിയും സ്വാതന്ത്ര്യവും

സി. അമല്‍ ഗ്രെയ്സ് CMC, എടനാട്

"മധുരം നിന്‍റെ ജീവിതം" – മറിയത്തെക്കുറിച്ചു കെ.പി. അപ്പന്‍റെ വരികളാണ്. സമര്‍പ്പണം സ്വയം ഏറ്റെടുത്ത മറിയത്തിനു ജീവിതം മധുരമായി അല്ല മധുരതരമായി. ഈ തിരഞ്ഞെടുപ്പിന്‍റെ പേരാണ് സ്വാതന്ത്ര്യം. മനസ്സിന്‍റെ തീരുമാനമായിരുന്നു മറിയത്തിന്‍റെ പ്രഘോഷണ ഗീതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്തെങ്കിലും ആയിത്തീരുകയായിരുന്നില്ല, മറിച്ചു തലമുറകള്‍ക്ക് ആവേശമായി, എല്ലാം കൊടുത്തു വയലിലെ നിധികുംഭത്തിന്‍റെ അവകാശിനിയായി അവള്‍ മാറി. മേരിയുടെ ജീവിതത്തിലെ നിര്‍ണായകനിമിഷത്തില്‍ അവള്‍ ആരോടും ആലോചന ചോദിക്കുന്നതായി നാം കാണുന്നില്ല. ചര്‍ച്ചയോ കൗണ്‍സിലിങ്ങോ ഉണ്ടായതായി അറിവില്ല, പിന്നെയോ അവള്‍ ധ്യാനിച്ചു. ഏതാനും നി മിഷങ്ങളിലെ ധ്യാനം… ആ ധ്യാനത്തില്‍ ദൈവത്തോടു ചോദ്യങ്ങളും ദൈവത്തിന്‍റെ ഉത്തരങ്ങളുമുണ്ടായിരുന്നു. പിന്നെ, ആ തീരുമാനത്തിലേക്കുള്ള ദൂരം ഏതാനും നെഞ്ചിടിപ്പുകളുടെ വേഗദൈര്‍ഘ്യം മാത്രമായിരുന്നു. തെറ്റിദ്ധരിക്കപ്പെടാനും മുറിവേല്ക്കാനും ഏകാന്തതയുടെ വാല്മീകത്തില്‍ രൂപാന്തരപ്പെടാനും അവള്‍ തീരുമാനിച്ചിരുന്നു. റസ്സല്‍ ഇങ്ങനെ എഴുതുന്നുണ്ട്, "പുറമേനിന്നു യാതൊരു പ്രേരണയ്ക്കും വഴങ്ങിയിട്ടില്ലാത്ത, സ്വന്തമായ ആഗ്രഹങ്ങള്‍ക്കും ബോദ്ധ്യങ്ങള്‍ക്കുമനുസരിച്ചു മാത്രം തീരുമാനമെടുക്കാനുള്ള ഒരുവന്‍റെ കഴിവാണു സ്വാതന്ത്ര്യം."

ദൈവവിളി ഒരു തീരുമാനം
ഓരോ വിവാഹവേളയിലും വധുവരന്മാരോടു വൈദികന്‍ എല്ലാവരും കേള്‍ക്കെ, സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്; "സ്വതന്ത്രമായ മനസ്സോടും പൂര്‍ണമായ സമ്മതത്തോടും ശരിയായി അറിവോടുംകൂടെയാണോ… ഭര്‍ത്താവായി സ്വീകരിക്കുന്നത്? ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, മതബോധന ക്ലാസ്സ് കഴിഞ്ഞു പള്ളിമുറ്റത്തുകൂടെയാണു ഞങ്ങള്‍ വീട്ടിലേക്കു പോകുന്നത്. അന്നു പള്ളിയില്‍ കല്യാണം നടക്കുന്നുണ്ടെങ്കില്‍ കുട്ടികളായ ഞങ്ങളൊക്കെ പെണ്ണിനെ കാണാന്‍ പോകുന്ന ഒരു കുട്ടിശീലമുണ്ടായിരുന്നു. അന്നു നടന്ന ഒരു സംഭവം ചിത്രമെന്നപോലെ ഓര്‍മയിലുണ്ട്. മുകളില്‍ ഉദ്ധരിച്ച ചോദ്യം വധുവിനോടാണ്… "ഈ നില്ക്കുന്ന ജോസഫിനെ (പേരു സാങ്കല്പികം) നിന്‍റെ ഭര്‍ത്താവായി സ്വീകരിക്കുന്നുവോ?" വധു: "ഇല്ല ഞാന്‍ സ്വീകരിക്കുന്നില്ല, എനിക്കു സമ്മതമല്ല." എല്ലാ മനസ്സുകളിലും അതൊരു ഇടിത്തീയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. പിന്നെ അവിടെ നടന്നത് ഒരു യുദ്ധമാണ്; ഞങ്ങള്‍ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

ദൈവവിളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നും തന്നെ സംഭവം എന്‍റെ ഓര്‍മ്മയിലെത്താറുണ്ട്. വിളി, മനസ്സിന്‍റെ തീരുമാനമാണ്. മറ്റുള്ളവരുടെ സഹായം പലവിധത്തില്‍ നമുക്കു ലഭിക്കേണ്ടതുണ്ട്. തിരിച്ചറിവിലൂടെയുളള ചില ബോദ്ധ്യങ്ങള്‍ നമ്മിലുറയ്ക്കാന്‍ അത് ആവശ്യവുമാണ്. അതിനപ്പുറത്തുള്ള നിര്‍ബന്ധങ്ങള്‍ ജീവിതത്തിന്‍റെ ഉത്തരവാദിത്വത്തെ അപൂര്‍ണവും നിഷ്ക്രിയവും ഫലശനൂന്യവുമാക്കി തീര്‍ക്കും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. ശരിയായ അറിവോടും സമ്മതത്തോടുംകൂടെ ദൈവത്തിന്‍റെ പക്ഷം തിരഞ്ഞെടുക്കാന്‍ കഴിയുക എന്നതു ശ്രേഷ്ഠമായ തീരുമാനമാണ്. ഉദാഹരണങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ശാക്തീകരണം ആര്‍ജ്ജിച്ച ചില വ്യക്തികള്‍ യൂദിത്ത്, എസ്തേര്‍, റൂത്ത്, ഏലീഷാ… എന്നിവരൊക്കെ ആ ഗണത്തില്‍പ്പെടുന്നു. പുതിയ നിയമത്തില്‍ ഇവരുടെ തനി പകര്‍പ്പ് മറിയമാണ്. ഉറച്ച തീരുമാനം നമ്മെ നയിക്കുമ്പോള്‍ ചില കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ദൈവം കരുത്തു നല്കും. ബോധപൂര്‍വം നടത്തുന്ന തിന്മകളുടെ തിരസ്കരണങ്ങള്‍ വെല്ലുവിളികളെ നേരിടാനുള്ള ഊര്‍ജ്ജവും ബലവും നല്കും.

വിളിയും വിശ്വസ്തതയും
പഴയ നിയമത്തിലെ ജോസഫിനെ ഞാനോര്‍ക്കുന്നതു വിശ്വസ്തതയുടെ ആള്‍രൂപമായിട്ടാണ്. പൊത്തിഫറിന്‍റെ ഭാര്യ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പുറംകുപ്പായം ഉപേക്ഷിച്ച് ആ സാഹചര്യത്തില്‍ നിന്ന് ഓടിപ്പോയ അനുഗ്രഹിതനായ ജോസഫ്! വിശ്വസ്തതയാണ് അവനെ വലിയവനാക്കിയത്. "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു, എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." ഇതു മറിയത്തിന്‍റെ വിശ്വസ്തതയുടെ ആഹ്ലാദപ്രകടനമായിരുന്നു. ഏലിയായും എലിഷായും ഇതുപോലെ ദൈവാത്മാവ് തൊട്ടു കടന്നുപോയ മനുഷ്യരാണ്. സ്നേഹത്തിന്‍റെ ഒരു മേലങ്കി നമ്മുടെ മേലേയ്ക്കിട്ട് അവന്‍ കടന്നുപോകുന്നു; ആരുടെയൊക്കെയോ ഇരട്ടി ബലം – സഹിക്കാന്‍, സ്നേഹിക്കാന്‍, പങ്കുവയ്ക്കാന്‍ നമുക്കു നല്കിക്കൊണ്ട്.

കുടുംബവും ദൈവവിളിയും
വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാന ഘടകം കുടുംബമാണ്. ആത്മീയ അദ്ധ്യാപകര്‍ മാതാപിതാക്കളും. കുടുംബത്തില്‍ നിന്നു നാം ആരംഭിക്കുന്നില്ലെങ്കില്‍ ഈ കാലഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നു നാം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇന്നു നമ്മുടെ കുട്ടികള്‍ നമുക്കു നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്‍റെ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. ഈ ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഏതു മൊബൈല്‍ ബ്രാന്‍റുകളും നമ്മുടെ കുട്ടികള്‍ക്കറിയാം. എന്നാല്‍ എങ്ങനെ അല്‍ഫോന്‍സാമ്മ വി ശുദ്ധയായി, ചാവറപിതാവ് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തു, മരിയ ഗൊരേത്തി എന്തിനു ജീവന്‍ വെടിഞ്ഞു… ഒന്നും നമ്മുടെ കുട്ടികള്‍ക്കറിയില്ല. ഇതൊന്നും ഇന്നത്തെ കുടുംബങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നില്ല. കുടുംബപ്രാര്‍ത്ഥനകള്‍ക്ക് ഇന്നു കുടുംബങ്ങളില്‍ ഇടമില്ലാതായിരിക്കുന്നു.

മനുഷ്യനെ മൃഗത്തില്‍നിന്ന് വ്യത്യസ്തനാക്കുന്നത് അവന്‍റെ ബുദ്ധിയല്ല, ദൈവത്തിന്‍റെ ഛായയാണെന്നു കുറിച്ചതു മഹാത്മാഗാന്ധിയാണ്. എത്ര സുന്ദരമായ വിളിയായിരുന്നു അദ്ദേഹത്തിന്‍റേത്. സാധാരണ മനുഷ്യന്‍റെ പാരതന്ത്ര്യത്തിന്‍റെ കെട്ടുകള്‍ പൊട്ടിക്കാന്‍ കാതങ്ങള്‍ താണ്ടേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ ആ മഹാത്മാവ് നന്മയുടെ 'സുവര്‍ണനിയമം' ധ്യാനിച്ചു മനസ്സിലെടുത്ത ചില തീരുമാനങ്ങളാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസങ്കല്പം.

സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു ദൈവം എല്ലാവരെയും വിളിക്കുന്നുണ്ട്. അപരന്‍റെ മിഴികളില്‍ നമ്മുടെ ജീവിതം പ്രകാശമുള്ളതാകുമ്പോള്‍ അതവനു വഴിവിളക്കാകും. വിശുദ്ധിയുടെ വസ്ത്രമണിഞ്ഞ്, നന്മയുടെ ചിറകുകള്‍ ധരിച്ചു നമുക്ക് ഉയര്‍ന്നു പറക്കാം. നാം കടന്നുപോകേണ്ട വഴി മുന്‍കൂട്ടി നിശ്ചയിച്ചവന്‍ നമ്മിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ചെറിയ ചെറിയ ലാഭം നോക്കാതെ മറ്റെല്ലാം വിറ്റ് ആ നിധിയൊളിപ്പിച്ച വയല്‍ വാങ്ങണമെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org