ദൈവിക പദ്ധതി

ദൈവിക പദ്ധതി

ദുഃഖപൂരിതമായ ബാല്യകാലാനുഭവത്തില്‍ സഹനത്തിന്‍റെ കനല്‍ക്കട്ടകളില്‍ പദമൂന്നി നടക്കാന്‍ വിളിക്കപ്പെട്ടവളായിരുന്നു വി. ജര്‍മയിന്‍. ഫ്രാന്‍സിലെ തുളൂസ് നഗരത്തിനു സമീപം സ്ഥിതി ചെയ്യുന്ന പിബ്രാക് ഗ്രാമത്തില്‍ കുസീന്‍ കുടുംബത്തിലാണ് അവളുടെ ജനനം. മജിസ്ട്രേറ്റും മേയറുമായിരുന്നു പിതാവ്. അമ്മ മരിച്ചതിനാല്‍ രണ്ടാനമ്മയാണു വളര്‍ത്തിയത്. രണ്ടാനമ്മ വളരെ ക്രൂരമായി അവളോടു പെരുമാറി. വിദ്യാഭ്യാസം നല്കിയില്ല. ജര്‍മയിന്‍റെ കഴുത്തിനു ചുറ്റും കുരുക്കളുണ്ടായി. മരണംവരെയും അതു ഭേദമാകാതെ തുടര്‍ന്നു. അവളുടെ വലതുകൈ ശുഷ്കിച്ചതും സ്വാധീനക്കുറവുള്ളതുമായിരുന്നു. അവളെ വടികൊണ്ടു തല്ലിച്ചതയ്ക്കുക, ദേഹത്ത് ചൂടുവെള്ളം ഒഴിക്കുക എന്നിങ്ങനെയുള്ള പീഡനങ്ങള്‍ രണ്ടാനമ്മ ഏല്പിച്ചുപോന്നു. വീട്ടില്‍ കിടക്കാന്‍ അനുവാദമില്ല. ആടുകളെയും കോഴികളെയും പാര്‍പ്പിച്ചിരുന്നിടത്തു ഗോവണിക്കു താഴെ വൈക്കോലും കമ്പുകളും വിരിച്ചാണ് അവള്‍ കിടന്നിരുന്നത്. ഒരിക്കലും നല്ല ഉടുപ്പുകളോ നല്ല ആഹാരമോ നല്കിയില്ല. തണുപ്പിനുള്ള വസ്ത്രങ്ങളും ഇല്ലായിരുന്നു. എങ്കിലും ജര്‍മയിനു പരാതിയില്ലായിരുന്നു. അവള്‍ രണ്ടാനമ്മയെ ആവുംവിധം സഹായിച്ചുപോന്നു. ചിലപ്പോഴെല്ലാം വളര്‍ത്തുനായ ഭക്ഷിച്ചതിനുശേഷമുള്ളവ അവള്‍ക്കു കഴിക്കേണ്ടി വന്നിട്ടുണ്ട്. തന്‍റെ അമ്മയും പിതാവിന്‍റെ സഹോദരിയും പഠിപ്പിച്ച കൊച്ചു പ്രാര്‍ത്ഥനകള്‍ മാത്രം ചൊല്ലി അവള്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്നു. എല്ലാ ദിവസവും ആട്ടിന്‍പറ്റത്തെ മേയ്ക്കാന്‍ പോകണം. ആടുകളെ മേയ്ക്കുന്നതിനിടെ കമ്പിളിനൂല്‍ ഉണ്ടാക്കണം. തണുത്തു മരവിച്ച കൈകൊണ്ടു നൂല്‍ ഉണ്ടാക്കിയിരുന്നു. തന്‍റെ രണ്ടാനമ്മയില്‍ പിറന്ന സഹോദരങ്ങളോടു കൂട്ടുകൂടാനോ കളിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ജര്‍മയിന്‍ ഭാവിയില്‍ ഒരു ഭാരമായി മാറും എന്നു കരുതിയ രണ്ടാനമ്മ അവളെ ആടുമേയ്ക്കാന്‍ ചെന്നായ്ക്കുളുള്ള വനപ്രദേശത്തിനടുത്തു പോകണമെന്നു നിര്‍ദ്ദേശിക്കുമായിരുന്നു. തന്‍റെ കയ്യിലുള്ള ഇടയദണ്ഡ് നിലത്തു കുത്തിനിര്‍ത്തി അവള്‍ ആടുകളെ വിളിച്ചുകൂട്ടി പറയും, "ഇവിടം വിട്ടുപോകരുത്." അവയൊക്കെ അവളെ അനുസരിച്ചിരുന്നു. തുടര്‍ന്ന് അവള്‍ പള്ളിയില്‍ പോകും. കുര്‍ബാനയില്‍ പങ്കെടുത്തു തിരിച്ചുവരും. ചെന്നായ്ക്കളുടെ മുരളലും ശബ്ദവും കേട്ട് അവള്‍ ഭയരഹിതയായി നിന്നു. ഓരോ ദിവസവും ജീവനോടെ തിരിച്ചുവരുന്നതു കാണുമ്പോള്‍ രണ്ടാനമ്മ അതിശയിച്ചുനില്ക്കും. ഈശോയ്ക്ക് അവളെ ഒരു വലിയ വിശുദ്ധയാക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org