ഡാറ്റാ സയന്‍സ്

ഡാറ്റാ സയന്‍സ്

എം. ഷൈറജ്

യുവര്‍ കരിയര്‍

ആഗോളതലത്തില്‍തന്നെ ഏറ്റവുമധികം തൊഴില്‍സാധ്യതകളുള്ള മേഖലയാണ് ഡേറ്റാ സയന്‍സിന്‍റേത്. തൊഴിലവസരങ്ങളുടെ കാര്യത്തിലും ശമ്പളത്തിന്‍റെ നിലവാരത്തിലും ആത്മസംതൃപ്തി ലഭിക്കുന്ന തൊഴിലെന്ന നിലയിലുമൊക്കെ ഡാറ്റാ സയന്‍സ് മുന്‍പന്തിയില്‍ തന്നെയാണ്.

എന്താണ് ഡാറ്റാ സയന്‍സ്
ഇന്‍റര്‍നെറ്റിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും സോഷ്യല്‍ മീഡിയയുടെയുമൊക്കെ അഭൂതപൂര്‍വ്വമായ വളര്‍ച്ചമൂലം ഡാറ്റാ അഥവാ വിവരങ്ങള്‍/വസ്തുതകള്‍ കുമിഞ്ഞു കൂടുകയാണ്. 2020 ഓടെ പ്രതിനിമിഷം 1.7 മെഗബൈറ്റ് ഡാറ്റാ ഒരാള്‍ക്കെന്ന നിലയില്‍ പുതുതായി വന്നുകൊണ്ടിരിക്കുമെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. ഡാറ്റയുടെ ഈ കൂമ്പാരം വലിയ സാധ്യതയും വെല്ലുവിളിയുമാണ്. ഉദാഹരണത്തിന്, ഒരു വ്യാപാരസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഉ പഭോക്താക്കളെക്കുറിച്ചുള്ള വമ്പന്‍ ഡാറ്റാ ലഭ്യമായിരിക്കും. അതില്‍നിന്ന് കൃത്യമായ ഒരു ട്രെന്‍ഡ് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാവും. ഇതിനായി ലഭ്യമായ ഡാറ്റയെ ക്ലീന്‍ ചെയ്ത് വിശകലനം ചെയ്ത് കൃത്യമായ രൂപത്തില്‍ അവതരിപ്പിക്കുകയും അതില്‍നിന്ന് ട്രെന്‍ഡുകളും പാറ്റേണുകളും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് കണ്ടെത്തുകയും ചെയ്യുന്നവരാണ് ഡാറ്റാ സയന്‍റിസ്റ്റുകളും ഡാറ്റാ അനലിസ്റ്റുകളുമൊക്കെ.

വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമല്ല, ഭരണകൂടങ്ങള്‍ മുതല്‍ ചെറു വ്യവസായങ്ങള്‍ വരെ ഭൂമിയിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഗവേഷണത്തിനുമൊക്കെ ഡാറ്റാ സയന്‍സ് ആവശ്യമാണ്. വിവിധ സ്രോതസ്സുകളില്‍നിന്ന് വിവരശേഖരണം നടത്തി, അതിനെ വിശകലനം ചെയ്ത് ട്രെന്‍ഡുകളും പാറ്റേണുകളും കണ്ടെത്തി അവതരിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളിലെത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയയാണ് ഡാറ്റാ സയന്‍സ് എന്നു പറയാം.

യോഗ്യത
ഡാറ്റാ സയന്‍സ് ഒരു മള്‍ട്ടി ഡിസിപ്ലിനറി മേഖലയാണ്. സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ്സ് സ്റ്റഡീസ് തുടങ്ങിയവയൊക്കെ ഡാറ്റാ സയന്‍സിലുണ്ട്. അതിനാല്‍ സ്റ്റാറ്റിസ്റ്റിക്സ്, എഞ്ചിനീയറിംഗ്, കണക്ക്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിലൊന്നില്‍ ബിരുദ/ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം സര്‍ട്ടിഫിക്കറ്റ് കോഴ്സോ പിജി ഡിപ്ലോമാ കോഴ്സോ ചെയ്യുന്നതാണ് ഉത്തമം. ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ്, ബിസിനസ്സ് അനാലിസിസ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകളുള്ളത്.

പ്രോഗ്രാമിംഗ് ലാഗ്വേജുകളായ JAVA, Perl, C/C++, Python ഡാറ്റാ അനലിറ്റിക് സോഫ്റ്റ്വെയറുകളായ SAS, R, Hadoop, Tableau ഡാറ്റാബേസ് ടെക്നിക്കായ SQL തുടങ്ങിയവയൊക്കെ ഡാറ്റാ അനാലിറ്റിക്സില്‍ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഒന്നിലോ ഒന്നിലധികമോ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതാണ്. ബിരുദ/ബിരുദാന്തര ബിരുദ പഠനത്തിനുശേഷം ഈ മേഖലയിലൊന്നില്‍ പ്രാവീണ്യം നേടിയും ഡാറ്റാ അനലിറ്റിക് മേഖലയില്‍ തൊഴില്‍ നേടാവുന്നതാണ്.

കോഴ്സുകള്‍
ഹൈദരാബാദിലെ ഇന്‍ഡ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സ്, ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും IIM കല്‍ക്കത്തയുടെയും സഹകരണത്തോടെ ഖരക്പൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലക്നൗവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, മുംബൈയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ ബിസിനസ്സ് അനലിറ്റിക്സില്‍ പിജി ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. കൊല്‍ക്കത്തയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ഡാറ്റാ സയന്‍സ് അഡ്വാന്‍സ്ഡ് പ്രോഗ്രാമുണ്ട്. എസ്.പി.ജയിന്‍ സ്കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്‍റില്‍ ബിഗ് ഡാറ്റാ ആന്‍ഡ് വിഷ്വല്‍ അനലിറ്റിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തിവരുന്നു. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ ഡാറ്റാ സയന്‍സില്‍ പിജി ഡിപ്ലോമാ കോഴ്സുമുണ്ട്.

മേല്‍പറഞ്ഞ കോഴ്സുകളെല്ലാം തന്നെ ഡാറ്റാ അനലിസിസ്, ഡാറ്റാ സയന്‍സ്, ബിസിനസ്സ് അനാലിസിസ് മേഖലകളില്‍ മുന്‍നിര തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുവാന്‍ പര്യാപ്തമായവയാണ്.

വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും തൊഴില്‍ സാധ്യതയുള്ളവയാണ്. സര്‍ട്ടിഫൈഡ് അനലിറ്റിക് പ്രൊഫഷണല്‍, സര്‍ട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇന്‍ ഡാറ്റാ പ്രൊഫണല്‍, സര്‍ട്ടിഫൈഡ് ഡാറ്റാ സയന്‍റിസ്റ്റ് തുടങ്ങിയ പേരുകളില്‍ ഈ കോഴ്സുകള്‍ കണ്ടുവരുന്നു. സ്ഥാപനങ്ങളുടെ വിശ്വാസ്യതയും മുമ്പു പഠിച്ചിറങ്ങിയവര്‍ക്കു ലഭിച്ച തൊഴിലും അടിസ്ഥാനമാക്കി കോഴ്സ് തെരഞ്ഞെടുക്കാം.

നേരത്തെ സൂചിപ്പിച്ചതുപോ ലെ വിവിധ സോഫ്റ്റ്വെയറുകളിലും കംപ്യൂട്ടര്‍ ലാംഗേജുകളിലും പ്രാവീണ്യം നേടുന്നതും തൊഴില്‍ സാധ്യതയുണ്ടാക്കും.

തൊഴില്‍ സാധ്യത
ഈ നൂറ്റാണ്ടിന്‍റെ തൊഴില്‍ മേഖലയായാണ് ഡേറ്റാ സയന്‍സ് അറിയപ്പെടുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതക്കുറവാണ് ഈ രംഗത്ത് ഇന്നുള്ളത്. കൃത്യമായ പ്രാവീണ്യവും യോഗ്യതയും നേടിയാല്‍ തൊഴില്‍ ലഭിക്കുന്നത് എളുപ്പമാണെന്നര്‍ത്ഥം.

വരുമാനം
ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന മേഖലയാണിത്. മികച്ച യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ പ്രതിമാസം 75 ലക്ഷം രൂപ വരെ പ്രതിഫലം നേടുന്നുണ്ട്. ഒരു മികച്ച പ്രതിമാസ വരുമാനത്തോടെ തൊഴിലില്‍ പ്രവേശിക്കാമെന്നത് ഉറപ്പാണ്.

പ്രാവീണ്യം
സൈദ്ധാന്തികമായ അറിവിനപ്പുറം (theoretical knowledge) പ്രായോഗിക കഴിവിന് (pratical skill) പ്രാധാന്യമുള്ള രംഗമാണ് ഡാറ്റാ സയന്‍സ്. അതിനാല്‍ കോഴ്സുകള്‍ പഠിക്കുമ്പോള്‍തന്നെ പ്രായോഗിക തലത്തില്‍ പ്രാവീണ്യം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടക്കത്തില്‍ ചെറിയ പ്രൊജക്ടുകളില്‍ തൊഴില്‍ നേടി പടിപടിയായി കഴിവുകള്‍ വികസിക്കുകയും വേണം. മറ്റൊരു പ്രധാന കാര്യം ആശയവിനിമയ പ്രാവീണ്യം (communication skill) ഏറ്റവും അത്യന്താപേക്ഷിതമാണെന്നതാണ്. ബിസിനസ്സ് രംഗത്തെക്കുറിച്ചുള്ള അവഗാഹവും ഏറെ ഗുണം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org