ദയാബായിയെ അറിയണം

ദയാബായിയെ അറിയണം

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും  ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതം എത്ര ദാരുണമായ അനുഭവമാണ്. അത്തരക്കാര്‍ക്ക് സഹായമെത്തിക്കുന്നതിലും വലിയ എന്തു കാര്യമാണ് ഒരു സര്‍ക്കാര്‍ സംവിധാനത്തിന് ചെയ്യുവാനുള്ളത്? ഒന്നുമില്ല. എന്നിട്ടും അവര്‍ക്ക് അര്‍ഹിക്കുന്ന യാതൊരു സഹായവും ലഭിച്ചില്ല. ആ സാഹചര്യത്തിലാണ് ദയാബായി ഇക്കാര്യത്തില്‍ ഇടപെടുന്നത്. അവര്‍ തിരുവനന്തപുരത്ത് സമരം ചെയ്തു. നേര്‍ത്ത ശരീരവും ആകര്‍ഷണീയമല്ലാത്ത ഒരു രൂപവും സാധാരണമായൊരു ശബ്ദവുമുള്ള ആ സ്ത്രീയുടെ സാന്നിദ്ധ്യം, നിര്‍ദ്ധയരായ ഭരണാധിപരെ അസ്വസ്ഥതപ്പെടുത്തി. അവരെ പിന്‍തിരിപ്പിക്കാന്‍ പല വമ്പന്മാരും കുതന്ത്രങ്ങള്‍ പയറ്റി. ചീത്ത വിളിച്ചു, പരിഹസിച്ചു, ഭീഷണിപ്പെടുത്തി. അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഇവരും, ഇന്ത്യന്‍ പൗരര്‍. കേരളീയര്‍. പെന്‍ഷനും, ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍. അടിയന്തര സഹായം ഏറ്റവും അത്യാവശ്യമുള്ളവര്‍. സര്‍ക്കാരിന്‍റെ തെറ്റായ കാര്‍ഷിക നയത്തിന്‍റെ ഇരകള്‍. ഇവര്‍ക്ക് അര്‍ഹതപ്പെട്ടത് കൊടുക്കുക." അതു വാങ്ങിയെടുക്കാന്‍ അധികം ദിവസം വേണ്ടിവന്നില്ല അവര്‍ക്ക്. അതിന്‍റെ രഹസ്യം എന്തായിരിക്കും? അതവരുടെ പിന്നീടുള്ള പ്രവൃത്തികള്‍ തെളിയിക്കുന്നു. കാറോ, ആഡംബരമോ, അമിതാഹ്ലാദപ്രകടനമോ, താനാണിതു നേടിയെടുത്തതെന്ന അഹംഭാവമോ യാതൊന്നുമില്ലാതെ, പതിവുപോലെ ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ക്കയറി അവര്‍ മടങ്ങിപ്പോയി. അപമാനിച്ചവരെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞു: "അതെല്ലാം, ഈ നീതി നേടിയെടുക്കാന്‍ ഞാന്‍ കൊടുത്ത വിലയാണ്." നീതിബോധമാണ് അവരുടെ ശക്തി. അതിനെ വിലക്കെടുക്കാന്‍ ഭരണകൂടത്തിനോ അതിസമ്പന്നര്‍ക്കോ കഴിഞ്ഞില്ല. ഏറ്റവും ചെറിയ ആവശ്യങ്ങള്‍ മാത്രമുള്ള ഒരാളെ എങ്ങനെ വിലക്കെടുക്കാന്‍ കഴിയും? നമ്മുടെ അത്യാഗ്രഹത്തിനേ അന്യര്‍ക്കു വിലയിടാനാകൂ. ഇക്കാലത്തു നീതിമാന്മാരായി അഭിനയിക്കാനേ കഴിയൂ; നീതിമാനായി ജീവിക്കാന്‍ കഴിയില്ല. എന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണിത്. എല്ലാക്കാലത്തും നീതിമാനായി ജീവിക്കാന്‍ കഴിയും. അതിനു തയ്യാറാകണം എന്നു മാത്രം. ഇത്തരം ആളുകളോടൊപ്പമായിരിക്കും എപ്പോഴും വിജയം.

അതിസമ്പത്ത് ഒരാളുടെ വിജയത്തിന്‍റെ അളവുകോലല്ല. ഒരാളുടെ ഉള്ളിലെ നിലനില്ക്കുന്ന ശാന്തതയും, നിരന്തരം പ്രവര്‍ത്തിക്കുവാനുള്ള ഉത്സാഹവുമാണ് വിജയത്തിന്‍റെ കാതല്‍. അനീതികൊണ്ടോ ദ്രോഹബുദ്ധികൊണ്ടോ ആര്‍ക്കും ഉള്ളില്‍ സമാധാനവും സ്ഥിരോത്സാഹവും കൊണ്ടുനടക്കാനാകില്ലല്ലോ.

പ്രകൃതിയുടെ ക്രമത്തിനനുയോജ്യമായൊരു നീതിബോധം ജന്മനാ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ കുട്ടികളെ വലിയ ഉയരങ്ങളില്‍ എത്തിക്കണമെന്ന അനാവശ്യമോഹം കൊണ്ട്, അവരെ മത്സരബുദ്ധികളും, അസൂയാലുക്കളും, അത്യാഗ്രഹികളുമാക്കിത്തീര്‍ക്കുകയാണ്.

നമ്മുടെ ഓരോരുത്തരുടെയും ഹൃദയംതൊട്ട, മനുഷ്യരെക്കുറിച്ച് ഒരു കണക്കെടുപ്പു നടത്തിനോക്കൂ. അവരെല്ലാവരും ലളിതമായി ജീവിച്ചിരുന്നവരല്ലേ? അവരിലൊരു പൊങ്ങച്ചക്കാരനോ, ആഡംബരമോഹിയോ ഉണ്ടോ? ഒരിക്കലും ഉണ്ടായിരിക്കുകയില്ല എന്ന് എനിക്കുറപ്പുണ്ട്. രണ്ടായിരം വര്‍ഷമായിട്ട്, മനുഷ്യരാശി സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ക്രിസ്തു ഒരു കൂലിപ്പണിക്കാരനായിരുന്നു. വേണമെങ്കില്‍ എത്ര സമ്പത്തും സ്വന്തമാക്കാന്‍ കഴിയുമായിരുന്നില്ലേ ക്രിസ്തുവിന്? ക്രിസ്തുവിന്‍റെ കുടുംബത്തിന്?

ഏറ്റവും കുറച്ചുകാര്യങ്ങള്‍കൊണ്ട് ജീവിക്കുന്നവരാണ് മഹാത്മാക്കളായി രൂപാന്തരപ്പെടുന്നത്. അവര്‍ കുറച്ചുകാര്യങ്ങളില്‍ സംതൃപ്തരാകുന്നതുകൊണ്ട് ജീവിതത്തിന്‍റെ വലിയ അളവു സമയം പ്രപഞ്ചനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നു. ആ പരിശ്രമം വിജയിക്കുന്നത് അവരുടെ സ്ഥിരോത്സാഹവും, നിരന്തര പ്രയത്നവും, നന്മ ഭവിക്കുമെന്ന ഉറച്ച പ്രത്യാശയും കൊണ്ടാണ്.

നമ്മുടെ കുട്ടികളെയും ഈ രീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ അവരും മഹത് വ്യക്തിത്വങ്ങളായി മാറും. കാരണം ഓരോ കുഞ്ഞും ഓരോ സാദ്ധ്യതയാണ്. എവറസ്റ്റോളം വളരാനുള്ള സാദ്ധ്യത.

ബാലിശമായ നമ്മുടെ പൊങ്ങച്ചങ്ങള്‍ നമുക്കുപേക്ഷിച്ചു കൂടെ? നമ്മുടെ കുഞ്ഞുങ്ങളുടെ ചിന്തകള്‍ക്കു തെളിച്ചം കിട്ടാന്‍ അത് അത്യാവശ്യമാണ്. മുതിര്‍ന്നവര്‍ക്ക് ജീവിതത്തോട് സന്തുലിതമായ മനോഭാവം കണ്ടുവേണം കുട്ടികള്‍ പഠിച്ചുവളരാന്‍. അല്ലായെങ്കില്‍ അവരുടെ ബുദ്ധി, കാന്‍സര്‍ ബാധിച്ചാലെങ്ങനെയോ, അങ്ങനെ നിയന്ത്രിതമല്ലാതെ ആയിരിക്കും വളരുന്നത്. അത് അവര്‍ക്കും സമൂഹത്തിനും ഒന്നുപോലെ നാശം വരുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org