ദേഷ്യത്തിന്റെ മനശാസ്ത്രം

ദേഷ്യത്തിന്റെ മനശാസ്ത്രം

ഡോ. സി. വെള്ളരിങ്ങാട്ട്

അരിശവും ദേഷ്യവും എല്ലാവര്‍ക്കുമുണ്ട്; ജന്തുക്കള്‍ക്കും. അവ സഹോദരങ്ങളാണ്. മൂത്തതു ദേഷ്യമാണ്. ദേഷ്യം മൂത്താല്‍ മുറുമുറുപ്പ്, കടിപിടി, വാക്കേറ്റം, അടിപിടി, കത്തിക്കുത്ത്, കൊലപാതകം വരെ പോകാം.

എങ്കില്‍ ഞാനെന്തുകൊണ്ടു ദേഷ്യപ്പെടുന്നു എന്നു ചിന്തിക്കണം. ചിലര്‍ പറയും, പരിശ്രമിക്കുന്നുണ്ട്; എങ്കിലും വിജയിക്കുന്നില്ല, നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. സാധിക്കുന്നില്ല എന്നു പറയരുത്, അത് ഇനിയും ദേഷ്യപ്പെടാനുള്ള ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. മാത്രമല്ല സ്വന്തം കഴിവിനെ വരയിട്ടു തടയുകയുമാണ്. മനസ്സാണു ശരീരത്തെ നിയന്ത്രിക്കുന്നത്. മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ട്, ഉണ്ടാകും.

ഞാന്‍ എന്തിനു ദേഷ്യപ്പെടുന്നു? അതൊന്നു വിശകലനം ചെയ്യണം. ദേഷ്യത്തെ നിയന്ത്രിക്കാമോ എന്ന് അപ്പോഴറിയാം. ഒരാള്‍ ഒരു കാര്യം പറഞ്ഞു. അഥവാ ചെയ്തു. എനിക്കത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ദേഷ്യം വരുന്നു. ഈ ദേഷ്യത്തിന്‍റെ കാരണവും അടിസ്ഥാനവും എന്താണ്? അടിസ്ഥാനം എന്‍റെ ഇഷ്ടം. കാരണം എന്‍റെ ഇഷ്ടമനുസരിച്ചു മറ്റേ ആള്‍ പ്രവര്‍ത്തിച്ചില്ല. ഇവിടെ പറയാതെ പറയുന്നത് എന്‍റെ ഇഷ്ടമനുസരിച്ച് അപരന്‍ പ്രവര്‍ത്തിക്കണം എന്ന തത്ത്വമല്ലേ? ഇതു ശരിയാണോ. അതു നടക്കാന്‍ പോകുന്നില്ല; കാരണം അപരന്‍ എന്‍റെ അടിമയല്ല!

ഒരു ഉദാഹരണമെടുക്കാം. എന്‍റെ വാതിലിനടുത്ത് ഞാന്‍ ഒരു സാധനം വച്ചു. അതിനു ചില ന്യായങ്ങളും കാരണങ്ങളും എനിക്കുണ്ട്. അപരന്‍ ആ സാധനം വേറൊരു സ്ഥലത്തേയ്ക്കു മാറ്റിവച്ചു. അതിന് അവനും ചില കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. പക്ഷേ, ഞാനത് അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല. അത് എന്‍റെ തെറ്റ്. ആ സാധനം മാറിയതു കണ്ട ഞാന്‍ പൊട്ടിത്തെറിക്കുന്നു. കാരണം എന്‍റെ ഇഷ്ടം അവിടെ നടന്നില്ല എന്നതാണ്! അതായതു ഞാന്‍ ചെയ്തതാണു ശരി; മറ്റവന്‍ ചെയ്തതു തെറ്റ് എന്ന്.

ഈ വിശകലനത്തില്‍ വരുന്ന ചോദ്യം ഇവിടെ ശരി, തെറ്റുകളുടെ അടിസ്ഥാനം എന്ത്, മാനദണ്ഡമെന്ത് എന്നതാണ്; അതായിരിക്കണമല്ലോ എന്‍റെ ദേഷ്യത്തിന്‍റെ കാരണം. ഉത്തരം "എന്‍റെ ഇഷ്ടം." അപ്പോള്‍ ശരിയും തെറ്റും ഞാനാണ് നിശ്ചയിക്കുന്നത് എന്നു വരുന്നു! അതു ശരിയല്ലല്ലോ. ഇവിടെ എന്‍റെ അഹം മുന്നിട്ടുനില്ക്കുന്നു. അഹംഭാവം മുന്നിട്ടുനില്ക്കുന്നു. ഞാന്‍ എന്ന ഈ മനോഭാവമാണു ദേഷ്യത്തിനു നിദാനം. കാരണം ഇവിടെ ഞാന്‍ മാത്രമേയുള്ളൂ; അപരനില്ല! അപ്പോള്‍ സ്വാര്‍ത്ഥതയാണുള്ളത്. അതായത് എന്നെ കേന്ദ്രീകരിച്ചാണ് എല്ലാം നീങ്ങുന്നത്. അഹംഭാവം കുടി കെടുത്തും എന്നൊരു ചൊല്ലുണ്ട്. അതായതു കുടുംബം നശിപ്പിക്കും!

അരിശവും ദേഷ്യവും നിയന്ത്രിക്കാമോ? സാധിക്കും, സാധിക്കണം. അതിനു പരിശ്രമിക്കുന്നതിനുമുമ്പേ 'പറ്റുകേല' എന്നു പറഞ്ഞു ദേഷ്യപ്പെടാനുള്ള മുന്‍കൂര്‍ ജാമ്യം എടുക്കരുത്. ഒന്നാമത്, അഹംഭാവവും സ്വാര്‍ത്ഥതയും എന്നിലുണ്ട് എന്നു കണ്ടുപിടിക്കുക. തിരിച്ചറിഞ്ഞു നിയന്ത്രണത്തില്‍ വരുത്താന്‍ ശ്രമിക്കുക. പരിശ്രമവും പ്രാര്‍ത്ഥനയും – ഇവ രണ്ടും – ഇല്ലാതെ ലോകത്തില്‍ എന്തു നടക്കും? രണ്ട്, എനിക്കുള്ളതുപോലെ ആശയങ്ങളും ആദര്‍ശങ്ങളം അഭിപ്രായങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിയാണ് അപരനും എന്ന് അംഗീകരിച്ച് അയാളെ സ്വീകരിക്കുക. പെട്ടെന്നു തള്ളിക്കളയരുത്. മൂന്ന്, അപ്പോള്‍ അപരനുമായി സംഭാഷണത്തിലേര്‍പ്പെടാം. അതിനു ഞാന്‍ മുന്‍കയ്യെടുക്കണം. അരിശത്തോടെ തുടങ്ങരുത്. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണം. അപരനെ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ സംസാരം സംഭാഷണാകും. നാല്, അരിശത്തെ കീഴ്പ്പെടുത്താനുള്ള പ്രാധന മാര്‍ഗം ക്ഷമിക്കുക എന്നതാണ്. പലപ്പോഴും ചെറിയ കാര്യമല്ലേ തുടക്കത്തിലുള്ളത്. അതിനെ വലുതാക്കിയതുകൊണ്ടാണു പ്രതികരണവും ദേഷ്യവും വലുതാകുന്നത്. ചെറുതായി കാണുക. അപ്പോള്‍ സാരമില്ല പോട്ടെ എന്നു വയ്ക്കാം; അതു ക്ഷമയായി. ഇരുകൂട്ടര്‍ക്കും അങ്ങനെ സമാധാനവും സന്തോഷവും ഉണ്ടാകും. അഞ്ച്, പ്രതികരണം പെട്ടെന്നു കാണിക്കാതെ അല്പസമയെമെങ്കിലും കാത്തിരിക്കുക. ഇഷ്ടമില്ലാത്ത കാര്യത്തില്‍ ഉടനെ പ്രതികരണം മറുപടി കൊടുക്കരുത്.

സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക; സാധിക്കുക. ഇല്ലെങ്കില്‍ അനന്തരഫലങ്ങളില്‍ ദുഃഖവും പശ്ചാത്താപവും ഉണ്ടാകും. കള്ളന്‍ പോയിക്കഴിഞ്ഞിട്ടു പട്ടി കുരച്ചിട്ടു കാര്യമില്ല!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org