Latest News
|^| Home -> Suppliments -> Baladeepam -> ധാര്‍മ്മിക ജീവിതത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍

ധാര്‍മ്മിക ജീവിതത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍

Sathyadeepam

നല്ലൊരു പൂച്ച എന്നു പറഞ്ഞാല്‍ കുട്ടികളായ നമ്മള്‍ എന്താണ് സാധാരണഗതിയില്‍ അര്‍ത്ഥമാക്കുന്നത്? എലിയെ പിടിക്കാന്‍ കഴിവുള്ള, പരിസരം വൃത്തിക്കേടാക്കാത്ത ഭംഗിയുള്ള ഒരു ജീവി.

എന്നാല്‍ നല്ലൊരു മനുഷ്യന്‍ എന്നു പറഞ്ഞാലോ? ഒത്തശരീരമുള്ള നല്ല കുടുംബത്തില്‍പ്പിറന്ന, നല്ല വിദ്യാഭ്യാസം സിദ്ധിച്ച സൗന്ദര്യമുള്ള ഒരാളെന്നാണോ അര്‍ത്ഥം? സാധാരണഗതിയില്‍ അല്ല. ഇവയിലൊക്കെ ഉപരിയായി നല്ല സ്വഭാവഗുണമുള്ള (Character) വ്യക്തി എന്നാണ് പൊതുവേ നാം അര്‍ത്ഥമാക്കുന്നത്. അതായത്, നല്ല മനുഷ്യന്‍ എന്ന വിശേഷണം ഒരാളുടെ സ്വഭാവഗുണത്തെ ആശ്രയിച്ച് നില്‍ക്കുന്നതാണ്. ഇങ്ങനെ സവിശേഷമായ സ്വഭാവഗുണത്തോടുകൂടിയ ജീവിതമാണ് ധാര്‍മ്മിക ജീവിതം (Moral Life).

ധാര്‍മ്മികജീവിതമെന്നത് സാധിക്കുമെങ്കില്‍ മാത്രം അനുവര്‍ത്തിക്കേണ്ട ഒരു ജീവിതശൈലിയല്ല; മനുഷ്യജീവിതത്തിന്‍റെ അവശ്യഭാഗമാണത്. ജീവിതം ധര്‍മ്മനിഷ്ഠമല്ലെങ്കില്‍ അത് മനുഷ്യോചിതമാവുകയില്ല. കാരണം, നാം ഓരോ കാര്യവും തീരുമാനിക്കുന്നതും ചെയ്യുന്നതും ശരി-തെറ്റുകള്‍ പരിഗണിച്ചുകൊണ്ടാണ്. ചില പ്രവൃത്തികള്‍ പ്രകടമാകുംവിധം തെറ്റാണെന്ന് നമുക്കറിയാം. ഉദാഹരണമായി മോഷണം, കൊലപാതകം എന്നിവ. ചില പ്രവൃത്തികള്‍ അതുപോലെ തന്നെ പ്രകടമാംവിധം നല്ലതുമാണ്. ഉദാഹരണമായി, അനാഥരെ സംരക്ഷിക്കല്‍, ദാനധര്‍മ്മം എന്നിവ. എന്നാല്‍ ചില പ്രവൃത്തികളാകട്ടെ സാഹചര്യാനുസൃതം മാത്രം നന്മയോ തിന്മയോ ആകുന്നവയാണ്. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുക എന്ന മനുഷ്യപ്രവൃത്തി ആര്, എന്ത്, എങ്ങനെ, എവിടെ വച്ച് കഴിക്കുന്നു എന്നതനുസരിച്ച് നല്ലതോ ചീത്തയോ ആയി മാറാം. ഇത്തരത്തില്‍ ഓരോ പ്രവൃത്തിയുടെ കാര്യത്തിലും അറിഞ്ഞോ അറിയാതെയോ ധാര്‍മ്മികമായ വിലയിരുത്തലുകള്‍ നാം നടത്തുന്നുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിന്‍റെ അവശ്യഭാവമാണ് ധാര്‍മ്മികജീവിതം.

അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ മിടുക്കരായി നടക്കുന്നതും ലാഭം നേടുന്നതും ഒന്നാം സ്ഥാനത്ത് വരുന്നതും നിങ്ങള്‍ കണ്ടിരിക്കും. പക്ഷേ, അതൊക്കെ താത്കാലിക പ്രതിഭാസങ്ങളാണ്. ധര്‍മ്മരഹിതമായ ജീവിതം ആത്യന്തികമായി പരാജയപ്പെടുകയേ ഉള്ളൂ. കച്ചവടത്തില്‍ കള്ളത്തരം കാണിക്കുന്നവര്‍ കുറച്ചുകാലത്തേക്ക് ലാഭമുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യാപാരം നടത്തുന്നവര്‍ അധാര്‍മ്മിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ കച്ചവടം പൊളിയുകയേ ഉള്ളൂ. നേരിന്‍റെയും ശരിയുടെയും വഴിവിട്ട് നടക്കുന്നവര്‍ക്ക് കുപ്രസിദ്ധിയും കുറ്റബോധവുമാകും പ്രതിഫലം. പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ആത്യന്തിക വിജയം ധാര്‍മ്മികജീവിതശൈലിക്കാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. അധാര്‍മ്മികമായി പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങള്‍ വരെ തകരുന്നത് ചരിത്രത്തില്‍ കാണാം. മേല്‍പ്പറഞ്ഞ വസ്തുതകളൊക്കെ ധാര്‍മ്മികതയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ധാര്‍മ്മികജീവിതം വിവിധ സമീപനങ്ങള്‍
ധാര്‍മ്മികജീവിതം എന്നു പറഞ്ഞാല്‍ ശരി-തെറ്റുകളെ വ്യവച്ഛേദിച്ച് ശരിയായതിനെ സ്വീകരിക്കുന്നതാണെന്ന് നാം കണ്ടു. എന്നാല്‍ ധാര്‍മ്മികതയെ പ്രയോഗത്തില്‍ പല തരത്തിലാണ് നാം മനസ്സിലാക്കുന്നത്. പ്രായം, അനുഭവം, അറിവ്, പക്വത എന്നിവയനുസരിച്ച് ധാര്‍മ്മികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറി മാറി വരാം. സാമാന്യമായി പറഞ്ഞാല്‍ താഴെ കാണുന്ന അഞ്ച് തരത്തില്‍ നമുക്ക് ധാര്‍മ്മികതയെ മനസ്സിലാക്കാം.

1) നിയമം
ധാര്‍മ്മികജീവിതമെന്നാല്‍ ധാര്‍മ്മികനിയമങ്ങള്‍ പാലിക്കുന്ന ജീവിതമാകുന്നു എന്നതാണ് പ്രാഥമികമായ സങ്കല്പം. വിവിധ ധാര്‍മ്മിക നിയമസംഹിതകള്‍ നിലവിലുണ്ട്. യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിലെ “പത്തു കല്പനകള്‍” ഇതിന് നല്ലൊരുദാഹരണമാണ്. ധാര്‍മ്മികതയെ നിയമപാലനത്തിലേക്ക് ചുരുക്കുന്നത് ഒരു പരിധി വരെ നിഷേധാത്മകമാണ്. കാരണം, ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കാന്‍ നിയമം എന്തു പറയുന്നു എന്ന് മാത്രം നോക്കിയാല്‍ മതി, ധാര്‍മ്മിക ജീവിതത്തെ നിയമപാലനവുമായി താദാത്മ്യപ്പെടുത്തുന്നതിന്. ധാര്‍മ്മിക ജീവിതത്തെ ഒരു ഭാരമായി വ്യക്തികള്‍ കാണാന്‍ തുടങ്ങുന്നത് അതിന്‍റെ പാര്‍ശ്വഫലമാണ്. ധാര്‍മ്മികതയെ അധികാരികളുമായും അധാര്‍മ്മികതയെ ശിക്ഷകളുമായും നാം ബന്ധപ്പെടുത്തിക്കാണാന്‍ ഇടയാകുന്നതും അതുകൊണ്ടാണ്.

ചെറുപ്രായത്തില്‍ ധാര്‍മ്മികതയെ നിയമപാലനമായി മനസ്സിലാക്കുക എന്നത് സ്വാഭാവികമാണ്. ഉദാഹരണത്തിന്, ക്ലാസ്സില്‍ നിശബ്ദത ലംഘിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ എന്താകും നിങ്ങളുടെ ഉത്തരം? ക്ലാസ്സില്‍ നിശബ്ദത പാലിക്കണം. നിയമമാണത്. ശരിയാണീ ഉത്തരം. പക്ഷേ, ധാര്‍മ്മികതയെ നിയമപാലനമായി കണ്ടു മനസ്സിലാക്കുന്നതിന്‍റെ പരിമിതികള്‍ ഉണ്ടതിന്. ക്ലാസ്സില്‍ ബഹളമുണ്ടാക്കുന്നത് തെറ്റാകുന്നതെങ്ങനെയെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കുക. നിയമലംഘനം എന്നതിലുപരിയായ കാരണങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.

2) ആന്തരികബോധ്യം
ശരി-തെറ്റുകളെക്കുറിച്ചുള്ള ആന്തരികബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ധാര്‍മ്മികത എന്നും മനസ്സിലാക്കാം. ഒരാളുടെ ആന്തരികബോധ്യത്തെ അയാളുടെ മനസ്സാക്ഷി എന്നു വിളിക്കാം. നിയമം അന്ധമായി അനുസരിക്കുന്നതിനേക്കാള്‍ നിയമത്തിന്‍റെ ചൈതന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമവും അനുഭവവും ഭാവനയും എല്ലാം ഒരാള്‍ക്ക് ധാര്‍മ്മിക ബോധ്യങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചകളുണ്ടാക്കും. പാവപ്പെട്ട ഒരാളെ സഹായിക്കുന്ന ഒരുവന്‍ ഏതെങ്കിലും നിയമത്തിന്‍റെ പേരിലായിരിക്കരുത് അങ്ങനെ ചെയ്യുന്നത്. മറിച്ച്, പാവപ്പെട്ട എന്‍റെ സഹജീവികളെ സഹായിക്കാന്‍ എനിക്കു കടമയുണ്ട് എന്ന ബോധ്യത്തില്‍ നിന്നാകണം.

3) വ്യക്തിഗതമായ വളര്‍ച്ച
ധാര്‍മ്മികതയെ വ്യക്തിഗതമായ വളര്‍ച്ചയായി മനസ്സിലാക്കാം. അതായത്, ഒരാളുടെ വ്യക്തിഗതമായ വളര്‍ച്ചയെ പോഷിപ്പിക്കുന്നത് നല്ലതും പോഷിപ്പിക്കാത്തത് ചീത്തയും എന്നാണ് വിവക്ഷ. ഈ കാഴ്ചപ്പാടനുസരിച്ച് ഒരു വ്യക്തി എന്തു ചെയ്യുന്നു എന്നതിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് ആ വ്യക്തി എന്താണ്, എന്തായിത്തീരണം എന്നത്. ഇതിന്‍ പ്രകാരം ഒരാള്‍ ചെയ്യുന്ന പ്രവൃത്തികളൊക്കെയും ഒന്നുചേര്‍ന്ന് സമഗ്രതയുള്ള ഒരു വ്യക്തിയായിത്തീരാന്‍ അയാളെ സഹായിക്കുന്നതെല്ലാം ധാര്‍മ്മികമാണ്. അല്ലാതുള്ളവ, അധാര്‍മ്മികവും. ഉദാഹരണത്തിന്, ഒരമ്മ എങ്ങനെയായിരിക്കണം എന്ന് നമുക്ക് സാമാന്യധാരണയെങ്കിലുമുണ്ട്. അതിന് വിരുദ്ധമായ ഒരു പ്രവൃത്തി ഒരമ്മയുടെ സമഗ്ര വ്യക്തിത്വത്തിന് ചേരാത്തതാവും. അങ്ങനെ വരുമ്പോള്‍ അത് തെറ്റാവുകയും ചെയ്യും. ഒരു ഗര്‍ഭിണി പുകവലിച്ചാല്‍ അത് ധാര്‍മ്മികമായി തെറ്റാകും. കാരണം, അത് ഗര്‍ഭസ്ഥശിശുവിനു ദ്രോഹകരമായിത്തീരും.

4) സ്നേഹം
ധാര്‍മ്മികതയെ സ്നേഹത്തിന്‍റെ മാനദണ്ഡമനുസരിച്ച് മനസ്സിലാക്കാം. കാരണം, നാമാരും ഒറ്റപ്പെട്ട വ്യക്തികളല്ല; പരസ്പരം ശക്തമായ ബന്ധത്തില്‍ കഴിയുന്നവരാണ്, പല തലങ്ങളില്‍ അതനുസരിച്ച് പരസ്പരബന്ധത്തെ പോഷിപ്പിക്കുന്നതിനെ നന്മയായും അതിനെ തകര്‍ക്കുന്നതിനെ തിന്മയായും നമുക്ക് മനസ്സിലാക്കാം. നമ്മുടെ ബന്ധങ്ങളുടെ കടമകളോട് ഭാവാത്മകമായി പ്രതികരിക്കുക എന്നതാണ് ധാര്‍മ്മികജീവിതത്തിന്‍റെ കാതല്‍. ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന നിലയില്‍ നമുക്ക് എന്തെല്ലാം ധാര്‍മ്മികമായ കടമകളുണ്ടെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

5) സാമൂഹിക ഔത്സുക്യം
ധാര്‍മ്മികതയെ സാമൂഹ്യജീവിതത്തോടുള്ള നമ്മുടെ ഔത്സുക്യമായും മനസ്സിലാക്കാം. നമ്മുടെ സമൂഹം ഇനിയും നന്നാവണം എന്ന ചിന്തയാണിതിനടിസ്ഥാനം. സമൂഹത്തില്‍ നടക്കുന്ന അഴിമതി, അക്രമം അനീതി എന്നിവ തുടരാന്‍ പാടില്ല എന്ന വ്യഗ്രതയും ഇതിന്‍റെ ഭാഗമാണ്. ഇതനുസരിച്ച് നീതിപൂര്‍വ്വകമായ സമൂഹസൃഷ്ടിക്കുതകുന്നതെന്തും നല്ലതാണ്. അല്ലാത്തതൊക്കെയും ചീത്തയാണ് എന്നു വരുന്നു. ശരി-തെറ്റുകള്‍ വേര്‍തിരിക്കുന്ന മാനദണ്ഡത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലമാണിത്.

ധാര്‍മ്മികതയെ സംബന്ധിച്ച് മുകളില്‍ കൊടുത്ത അഞ്ച് മാനദണ്ഡങ്ങളും പരസ്പരവിരുദ്ധങ്ങളല്ല; അവ പരസ്പരപൂരകങ്ങളാണ്. ഓരോന്നായെടുത്താല്‍ അവ അപൂര്‍ണ്ണങ്ങളാണ്. പക്ഷേ, ഒന്നിച്ചെടുത്താല്‍ ധാര്‍മ്മികതയെക്കുറിച്ചുള്ള ഒരു സമഗ്ര വീക്ഷണവും ശരിതെറ്റുകള്‍ കണ്ടുപിടിക്കാനുള്ള ഉള്‍ക്കാഴ്ചകളും അവ നല്കും. ഇക്കാര്യം വിശദമാക്കിക്കൊണ്ടും മേല്‍പ്പറഞ്ഞ അഞ്ച്മാനങ്ങളുടെ വ്യത്യാസം വ്യക്തമാക്കിക്കൊണ്ടും നമുക്ക് ഒരുദാഹരണം പരിഗണിക്കാം.

നുണ പറയുന്നത് തെറ്റാണെന്ന് ഏവരും സമ്മതിക്കും. പക്ഷേ, എന്തുകൊണ്ട് എന്നതിന്‍റെ ഉത്തരം ധാര്‍മ്മികതയെക്കുറിച്ചുള്ള നമ്മുടെ നിലപാടനുസരിച്ച് മാറിവരും. ഒന്നാമത്തെ വീക്ഷണമനുസരിച്ച് നുണ പറയുന്നത് തെറ്റാണ്. കാരണം, നുണ പറയരുത് എന്ന നിയമത്തിന്‍റെ ലംഘനമാണത്. രണ്ടാമത്തെ വീക്ഷണമനുസരിച്ച് നുണ പറയുന്നത് ദോഷകരമാണ്. നുണ പറയുന്നതിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്. മൂന്നാമത്തെ ധാരണയനുസരിച്ച് നുണ പറയുന്നതോടെ ഞാനൊരു നുണയനായി മാറുന്നു. അത് ഒട്ടും അഭിലഷണീയമല്ല. നാലാമത്തെ നിലപാടനുസരിച്ച് നുണ പറയുന്നത് സ്നേഹബന്ധങ്ങളെ നിരാകരിക്കലാണ്. അഞ്ചാമത്തെ മാനമനുസരിച്ച് നുണ പറയുന്നത് മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുകയില്ല. അതിനാല്‍ അത് തെറ്റാണ്.

Leave a Comment

*
*