പ്രമേഹരോ​ഗി ഹൃദ്രോ​ഗിയാണ്

പ്രമേഹരോ​ഗി ഹൃദ്രോ​ഗിയാണ്

ഡോ. ജോര്‍ജ് തയ്യില്‍

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ നിര്‍വചനപ്രകാരം പ്രമേഹബാധിതരെയെല്ലാം ഹൃദ്രോഗികളെന്ന് മുദ്രകുത്തണം. പ്രമേഹരോഗികള്‍ 68 ശതമാനം പേരും മരണപ്പെടുന്നത് ഹൃദ്രോഗാനന്തരമാണ്. പ്രമേഹബാധിതര്‍ ഹൃദ്രോഗത്താല്‍ മരണപ്പെടാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് നാലിരട്ടിയാണ്. ഇനി സ്ത്രീകളുടെ കാര്യമെടുത്താല്‍ പ്രമേഹത്തിനടിമപ്പെട്ടാല്‍ ഹൃദ്രോഗസാധ്യത പത്തിരട്ടിയാണ്.

കേരളം ഇന്ത്യയിലേറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ള സംസ്ഥാനമായി മാറുകയാണ്. ഇവിടെയുള്ള 20 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി. കേരളത്തിന്‍റെ സവിശേഷതയെടുത്താല്‍ നഗരവാസികളിലും ഗ്രാമീണരിലും ഈ രോഗാതുരത വര്‍ദ്ധിച്ചുകാണുന്നു.

ലോകത്താകമാനമായി പ്രമേഹബാധിതരുടെ എണ്ണം ഭീഷണമാംവിധം വര്‍ദ്ധിച്ചുവരുന്ന വസ്തുത ലോകാരോഗ്യസംഘടനകളുടെ ഉറക്കം കെടുത്തുന്നു. 1980-ല്‍ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോള്‍ 422 ദശലക്ഷമായി ഉയര്‍ന്നു. 18 വയസ്സ് കഴിഞ്ഞവരില്‍ 1980-ല്‍ 4.7 ശതമാനമായിരുന്ന പ്രമേഹബാധ 2014 ആയപ്പോള്‍ 8.5 ശതമാനമായി വര്‍ദ്ധിച്ചു.

ഈ വര്‍ഷത്തെ പ്രമേഹസന്ദേശം 'സ്ത്രീകളും പ്രമേഹവും – ആരോഗ്യകരമായ ഭാവി ഞങ്ങളുടെ അവകാശം' എന്നതാണ്. ഇന്ന് ലോകത്ത് 199 ദശലക്ഷം സ്ത്രീകള്‍ക്ക് പ്രമേഹബാധയുണ്ട്. 2040 ആകുന്നതോടെ ഈ സംഖ്യ 313 ദശലക്ഷമായി ഉയരും. പ്രമേഹമുള്ള അഞ്ചില്‍ രണ്ടു സ്ത്രീകളും ചെറുപ്രായക്കാരാണ്. പ്രമേഹത്തിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ട് പ്രതിവര്‍ഷം 2.1 ദശലക്ഷം സ്ത്രീകള്‍ മരിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രകടമാകുന്ന പ്രമേഹരോഗം അമ്മയ്ക്കും കുഞ്ഞിനും അതീവ ഭീഷണിയാകുന്നു. ഗര്‍ഭച്ഛിദ്രവും വൈകല്യങ്ങളുള്ള കുട്ടികളുടെ ജനനവുമാണ് പ്രത്യാഘാതം.

പ്രമേഹരോഗികളിലെ ചികിത്സ ഏറ്റവും ദുഷ്കരമാകുന്നത് ഹൃദ്രോഗത്തിന് അടിമപ്പെടുന്നതോടെയാണ്. പ്രമേഹബാധിതരില്‍ 60 ശതമാനം പേരും തങ്ങളുടെ രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നില്ല. ഒരു നിയോഗം പോലെ വെറുതെ മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നു. കൃത്യമായി രക്തം പരിശോധിക്കുകയോ വൈദ്യനിര്‍ദ്ദേശം പാലിക്കുകയോ ചെയ്യുന്നില്ല. പ്രമേഹമുണ്ടെന്ന് നിര്‍ണ്ണയം ചെയ്യപ്പെട്ടവരില്‍ 68 ശതമാനം പേര്‍ മാത്രമാണ് മരുന്നുകളെടുക്കുന്നത്.

പ്രത്യാഘാതം വലുതാണ്. രക്തത്തില്‍ പഞ്ചസാര കുമിഞ്ഞുകൂടുന്നതോടെ ശരീരം രോഗങ്ങളുടെ ഒരു ശവപ്പറമ്പായി മാറുകയാണ്. ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദ്ദം, അന്ധത, ധമനികളുടെ പൊതുവായ ജനിതാവസ്ഥ തുടങ്ങിയവയാണ് സങ്കീര്‍ണ്ണതകള്‍. രക്തത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊളസ്ട്രോളും ഉപഘടകങ്ങളും ഹൃദയധമനികളെ രോഗാതുരമാക്കുന്നു. ഹൃദയധമനിയിലെ കൊഴുപ്പുനിക്ഷേപം വിണ്ടുകീറി അവിടെ ഒരു രക്തക്കട്ട വന്ന് പൂര്‍ണ്ണമായി അടച്ചാല്‍ രക്തപ്രവാഹം നിലച്ച് ഹാര്‍ട്ടറ്റാക്കുണ്ടാകുന്നു. പ്രമേഹം, ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന നാഡികളെ നിര്‍ജീവമാക്കുന്നതു കാരണം പലപ്പോഴും ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴുള്ള കലശലായ നെഞ്ചുവേദന രോഗിക്കും അനുഭവപ്പെടുന്നില്ല. 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിന് സംഭവിക്കുന്ന അപചയം തന്നെ കാരണം. ഏതാണ്ട് 35 ശതമാനം രോഗികള്‍ക്കും ഹൃദ്രോഗാനന്തരം നെഞ്ചുവേദന അനുഭവപ്പെടാറില്ല. തന്മൂലം ഇക്കൂട്ടര്‍ വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചേരുന്നത്. ഇത് ഹൃദ്രോഗാവസ്ഥ ഏറെ വഷളാകാന്‍ കാരണമാകുന്നു. പലപ്പോഴും പ്രമേഹരോഗികളില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴുള്ള വര്‍ദ്ധിച്ച മരണസാധ്യത ഇപ്രകാരം വൈകിയെത്തുന്നതു മൂലമാണ്.

പ്രമേഹരോഗികളിലെ ഹൃദ്രോഗചികിത്സ വളരെ കൃത്യവും സമുചിതവുമാകണം. രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നതോടൊപ്പം ഹൃദയപരിരക്ഷയ്ക്കുവേണ്ട എല്ലാ മുന്‍കരുതലുകളുമെടുക്കണം. പ്രത്യേകിച്ച് കൊളസ്ട്രോള്‍ നിശ്ചിതപരിധിക്കുള്ളില്‍ കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍ ഔഷധങ്ങള്‍ കൃത്യമായി കഴിക്കണം. ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' പ്രമേഹരോഗികളില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ ബ്ലോക്കുകളുള്ള ശുഷ്കിച്ച നേര്‍ത്ത കൊറോണറി പാളികളെ വികസിപ്പിച്ച് അവിടെയൊരു സ്റ്റെന്‍റ് സ്ഥാപിക്കുക സാങ്കേതികമായി വിഷമമുള്ള കാര്യം തന്നെ. പലപ്പോഴും കൂടുതല്‍ സ്റ്റെന്‍റുകള്‍ വേണ്ടിവരുന്നു. കൂടാതെ പ്രമേഹരോഗികളില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്താലും പിന്നീടുള്ള അവസരങ്ങളില്‍ വീണ്ടും ആന്‍ജിയോപ്ലാസ്റ്റി ആവര്‍ത്തിക്കേണ്ട അവസ്ഥയും വരുന്നു. ഇക്കാരണങ്ങളാല്‍ പ്രമേഹരോഗികളിലെ അതിസങ്കീര്‍ണ്ണമായ ഹൃദ്രോഗധമനികളെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമം ബൈപ്പാസ് ശസ്ത്രക്രിയ തന്നെ. പ്രത്യേകിച്ച് ഏറെ ബ്ലോക്കുകളുള്ള, ഹൃദയസങ്കോചനക്ഷമത ക്ഷയിച്ച പ്രമേഹബാധിതരെ തീര്‍ച്ചയായും ബൈപ്പാസ് സര്‍ജറിക്കു വിധേയമാക്കണം.

ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ ചെയ്തശേഷം താത്കാലികമായി എല്ലാം ശാന്തമായ ശേഷം വീട്ടിലെത്തുന്ന രോഗികളില്‍ ഭൂരിഭാഗവും വൈദ്യനിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവിതശൈലികളില്‍ കാതലായ മാറ്റം വരുത്തുന്നില്ല. ആഹാരക്രമീകരണമോ കൃത്യമായ വ്യായാമമോ ചെയ്യാറില്ല. എന്തിന്, കര്‍ശനമായി സേവിക്കണമെന്ന് പറയുന്ന ഔഷധങ്ങള്‍ പോലും സൗകര്യപൂര്‍വ്വം വിട്ടുകളയുന്നു. രക്തം നേര്‍പ്പിക്കു ന്ന മരുന്നുകള്‍ ഒഴിവാക്കിയാല്‍ സ്റ്റെന്‍റോ ബൈപ്പാസിന്‍റെ ഗ്രാഫ്റ്റുകളോ സാവകാശം അടയുന്നു. പിന്നെ നെഞ്ചുവേദനയുമായി വീണ്ടും ആശുപത്രിയിലേക്കു അഭയം പ്രാപിക്കാതെ നിര്‍വാഹമില്ല. ചിലപ്പോള്‍, പ്രമേഹ നിയന്ത്രണത്തിന് കുറുക്കു വഴികളോ ഒറ്റമൂലികളോ നോക്കി വഞ്ചിതരാകുന്നവരുമുണ്ട്. ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണം, കൃത്യമായ ഔഷധസേവ, തുടര്‍ പരിശോധനകള്‍ ഇവ പ്രമേഹരോഗികള്‍ തീര്‍ച്ചയായും അനുവര്‍ത്തിക്കേണ്ടതുതന്നെ.

(ലേഖകന്‍ ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org