|^| Home -> Suppliments -> ULife -> ഡയറ്റീഷ്യൻ. ന്യൂട്രീഷ്യൻ

ഡയറ്റീഷ്യൻ. ന്യൂട്രീഷ്യൻ

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

ആഹാര ക്രമീകരണത്തിലൂടെ അനുഭവങ്ങളുടെ പുരോഗതിയെ നിയന്ത്രിക്കുവാനാകുമോ? ഏതെല്ലാം പോഷകങ്ങളാണ് മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമായുള്ളത്? ആഹാരരീതിയുടെ മാറ്റം മാനസികനിലയെ ബാധിക്കുമോ? ചില മൈക്രോ ന്യൂട്രിയന്‍റുകളുടെ ഉപയോഗം കൊണ്ട് വാര്‍ദ്ധക്യത്തെ കുറെക്കാലത്തേക്ക് അകറ്റി നിര്‍ത്താനാവുമോ?

മുകളില്‍ കൊടുത്ത ചോദ്യങ്ങള്‍ നിങ്ങളില്‍ താത്പര്യമുണര്‍ത്തുന്നവയാണെങ്കില്‍ ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍ കോഴ്സുകളെയും കരിയറിനെയും കൂടുതല്‍ അടുത്തറിയുന്നതു നന്നായിരിക്കും.

കരിയര്‍
ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഊര്‍ജ്ജം പ്രധാനമായും നമുക്കു ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണല്ലോ? മികച്ച ഭക്ഷണശീലവും ശരീരത്തിന്‍റെ ആരോഗ്യവും കായികക്ഷമതയുമായി അഭേദ്യബന്ധമുണ്ട്. നമ്മുടെ പഴയ ആഹാരശീലങ്ങളെല്ലാം ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും കാലാവസ്ഥയ്ക്കനുസൃതമായി ക്രമീകരിക്കപ്പെട്ടവയും സമീകൃതവുമായിരുന്നു. എന്നാല്‍ കാലത്തിന്‍റെ ഒഴുക്കില്‍ നമ്മുടെ ശീലങ്ങള്‍ മാറിപ്പോവുകയും ജീവിതശൈലീരോഗങ്ങള്‍ സര്‍വ്വസാധാരണമായിത്തീരുകയും ചെയ്തു. മനുഷ്യന്‍റെ 90 ശതമാനം രോഗങ്ങളും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ശാസ്ത്രീയമായ കണ്ടെത്തല്‍ ന്യൂട്രീഷ്യന്‍, ഡയ്റ്റീഷ്യന്‍ തുടങ്ങിയ നൂതന പ്രൊഫഷനുകളുടെ ആവിര്‍ഭാവത്തിനു കാരണമായി.

ഡയറ്റീഷ്യന്‍
ഒരാളുടെ ആരോഗ്യാവസ്ഥ മനസ്സിലാക്കി ആവശ്യമായ രീതിയില്‍ ആഹാരക്രമം തീരുമാനിക്കുന്നത് ഡയറ്റീഷ്യനാണ്. അതിനാല്‍ രോഗികള്‍ മുതല്‍ കായികതാരങ്ങള്‍ വരെയുള്ളവര്‍ക്ക് ആരോഗ്യ പരിപാലനത്തിന് ഡയറ്റീഷ്യന്‍റെ സഹായം ആവശ്യമാണ്. ശരീരഘടനയ്ക്കും സൗന്ദര്യത്തിനും അതീവപ്രാധാന്യമുള്ള മോഡലിംഗ് പോലുള്ള തൊഴില്‍ രംഗങ്ങളിലും ഡയറ്റീഷ്യന്‍റെ ഉപദേശം അനിവാര്യമാണ്.

ന്യൂട്രീഷ്യനിസ്റ്റ്
ശരീരത്തിനാവശ്യമായ പോഷകവസ്തുക്കള്‍ക്കു പ്രാധാന്യം നല്കി ആഹാരക്രമം ചിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നത് ന്യൂട്രീഷ്യനിസ്റ്റാണ്. തടി, തൂക്കം, ശാരീരികക്ഷമത മുതലായ കാര്യങ്ങളില്‍ ഡയറ്റീഷ്യന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ന്യൂട്രീഷ്യനിസ്റ്റ് ശരീരത്തിന് അവശ്യം വേണ്ട പോഷകാഹാരങ്ങളുടെയും ധാതുക്കളുടെയും കുറവ് ഭക്ഷണത്തിലൂടെ എങ്ങനെ പരിഹരിക്കം എന്നു ചിന്തിക്കുന്നു.

പഠനം
മറ്റു പല മേഖലകളിലേയും പോലെ മാസങ്ങളുടെ ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങി ബിരുദകോഴ്സുകളും ബിരുദാനന്തര ബിരുദ പഠനവും ഗവേഷണത്തിലൂടെ Ph.D നേടാനുള്ള അവസരവുമൊക്കെ ഈ മേഖലയിലുമുണ്ട്. പഠന നിലവാരം ഉയരുന്നതിനനുസരിച്ച് തൊഴില്‍ ലഭ്യതയും സേവന വേതന വ്യവസ്ഥകളും ഉയരുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍, B.A., M.A., ഡിപ്ലോമ എന്നിവ കൂടാതെ ഹോം സയന്‍സ് പഠനത്തിന്‍റെ സ്പെഷലൈസേഷനായും ഈ വിഷയങ്ങള്‍ പഠിക്കാനവസരമുണ്ട്. ഫുഡ് ടെക്നോളജി കോഴ്സിലും ന്യൂട്രീഷ്യന്‍, ഡയറ്റീഷ്യന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

തൊഴിലവസരങ്ങള്‍
ആശുപത്രികള്‍, ക്ലിനിക്കുകള്‍, സാമൂഹിക ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണു പ്രധാനമായം തൊഴിലവസരങ്ങളുള്ളത്. ആശുപത്രികളില്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ ടീമിന്‍റെ ഭാഗമായി രോഗികളുടെ ഭക്ഷണക്രമം തീരുമാനിച്ചു നടപ്പില്‍ വരുത്തുന്ന ഉത്തരവാദിത്തമാണുള്ളത്.

സര്‍ക്കാര്‍ വകുപ്പുകളിലും റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ തൊഴിലവസരങ്ങളുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയിടങ്ങളിലും ഡയറ്റീഷ്യന്‍-ന്യൂട്രീഷ്യന്‍സിനെ ആവശ്യമുണ്ട്.

ഉപരിപഠനം നടത്തുന്നവര്‍ക്ക് അധ്യാപനം, ഗവേഷണം എന്നീ മേഖലകള്‍ അനുയോജ്യമാണ്. കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, പൊതു-സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍, ഭക്ഷ്യ ഉല്പന്നങ്ങളുടെ ഉല്പാദകര്‍, വന്‍കിട ആശുപത്രികള്‍ എന്നിവിടങ്ങളിലാണു ഇത്തരത്തിലുള്ള അവസരങ്ങളുണ്ടാവുക.

സ്വകാര്യ പ്രാക്ടീസിനും വിദേശ തൊഴിലിനും സാധ്യതകളുണ്ട്. അച്ചടി മാധ്യമരംഗത്തും ദൃശ്യമാധ്യമരംഗത്തും ന്യൂട്രീഷ്യന്‍-ഡയറ്റീഷ്യന്‍ ജേണലിസ്റ്റുകള്‍ക്ക് അവസരങ്ങളുണ്ട്.

വ്യക്തിഗുണങ്ങള്‍
ശാസ്ത്രീയാഭിമുഖ്യം, ആശയവിനിമയ പാടവം, സഹജീവികളെ ആരോഗ്യപരിപാലനത്തില്‍ സഹായിക്കുവാനുള്ള മനഃസ്ഥിതി, മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനുള്ള കഴിവ്, എല്ലാത്തരം ആളുകളുമായും ഇടപെടാനുള്ള കഴിവ്, സമര്‍പ്പണശീലം, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ശ്രവിക്കുവാനുള്ള ക്ഷമ എന്നിവയെല്ലാം ഈ കരിയറിനു വ്യക്തിഗുണങ്ങളാണ്.

പഠനം എവിടെ?
ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍ പഠനത്തിന് വ്യാപകമായ അവസരങ്ങളാണുള്ളത്. പ്ലസ് ടുവിനു ശേഷം ബിരുദപഠനം തുടങ്ങാം. ബിരുദാനന്തര ബിരുദ പഠനത്തിന് ഈ മേഖലയിലെ ബിരുദം കൂടാതെ മറ്റു ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അവസരവുമുണ്ട്. ഡിപ്ലോമ പഠനത്തിനും പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.

പാല അല്‍ഫോന്‍സ കോളേജ്, തൃശൂര്‍ വിമല കോളേജ്, എറണാകുളം സെന്‍റ് തെരേസാസ് കോളേജ്, തിരവുനന്തപുരം ഗവ. വിമന്‍സ് കോളേജ്, കൊല്ലം ശ്രീനാരായണ വിമന്‍സ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, റാന്നി സെന്‍റ് തോമസ് കോളേജ്, വെള്ളായണിയിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, കോഴിക്കോട് സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സ് തുടങ്ങി കേരളത്തിലെ നിരവധി സ്ഥാപനങ്ങളില്‍ ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍, ഹോം സയന്‍സ് ബിരുദ- ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് അവസരമുണ്ട്.

അലഹബാദിലെ ഹിഗിന്‍ബോതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍, ഓസ്മാനിയ യൂണിവേഴ്സിറ്റി, മുംബൈ യൂണിവേഴ്സിറ്റി, ഉദയ്പൂരിലെ എം.പി. യൂണിവേഴ്സിറ്റി, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ തുടങ്ങിയവ കേരളത്തിനു പുറത്തുള്ള പ്രമുഖ പഠനകേന്ദ്രങ്ങളാണ്.

ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ വിദൂരപഠനത്തിനും അവസരമുണ്ട്.

വെബ്സൈറ്റുകള്‍
www.alphonsacollege.org
www.teresas.ac.in
www.ignou.ac.in
www.ninindia.org
www.unom.ac.in

Leave a Comment

*
*