കുട്ടികളിലെ ആഹാരരീതി

കുട്ടികളിലെ ആഹാരരീതി

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍

അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുള്ള വീട്ടില്‍ പലപ്പോഴും "ഭക്ഷണം കഴിപ്പിക്കുക" എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പലപ്പോഴും ഒ.പി.യില്‍ വരുന്ന മാതാപിതാക്കളുടെ ഒരു പ്രധാന പരാതിയാണ് കുഞ്ഞ് ഒന്നും കഴിക്കുന്നില്ല എന്നത്. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ ഭക്ഷണസമയത്തുള്ള ഈ മല്‍പിടുത്തം അവസാനിപ്പിക്കാനുള്ള കുറച്ചു നിര്‍ദ്ദേശങ്ങള്‍:

…ഒരു പുതിയ ആഹാരം കുഞ്ഞിന്റെ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും തുടക്കത്തില്‍ അതിനോട് കുഞ്ഞു ഇഷ്ടക്കേടു കാണിക്കും. അതിനാല്‍ കുറച്ചു ദിവസം തുടര്‍ച്ചയായി ചെറിയ അളവില്‍ അതേ ആഹാരം തുടരുക. അതിനു പകരം ഒന്നോ രണ്ടോ ദിവസം നല്‍കിയതിനുശേഷം, ഇത് കുഞ്ഞിന് ഇഷ്ടമല്ല എന്ന തീരുമാനത്തിലേയ്‌ക്കെത്താതിരിക്കുക.

…ഏതു ഭക്ഷണം കഴിക്കണം എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം; എന്നാല്‍ കഴിക്കേണ്ട അളവും സമയവും കുട്ടികള്‍ക്ക് തീരുമാനിക്കാനുള്ള അവസരം നല്‍കുക. പലപ്പോഴും കുട്ടികളുടെ ആമാശയത്തിന്റെ വലുപ്പം കുറവാണ് എന്നതുപോലും ചിന്തിക്കാതെ പാത്രം നിറച്ചും എടുത്ത ആഹാരം തീരുന്നതുവരെ, ബലം പ്രയോഗിച്ച് കൊടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

…വലിയ ആളുകളെ പോലെ എല്ലാ ദിവസവും ഒരേ രീതിയിലുള്ള "ഭക്ഷണരീതി" ഒഴിവാക്കുക. എല്ലാ ദിവസവും ഭക്ഷണത്തില്‍ വ്യത്യസ്ത രീതിയിലുള്ള ആഹാര സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പലപ്പോഴും ചോറ്, പാല് തുടങ്ങിയവ നിര്‍ബന്ധമായും കൃത്യസമയത്തും കഴിപ്പിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിനോടുതന്നെ വിരക്തിയുണ്ടാകാന്‍ കാരണമാകുന്നു.

…കുറച്ച് മുതിര്‍ന്ന കുട്ടികളില്‍ (4.5 gm) നല്ല ഒരു ഭക്ഷണരീതി അഥവാ മാതൃക മുതിര്‍ന്നവര്‍ കാണിച്ചുകൊടുക്കുക. കുട്ടി ഒരു നേരം ഭക്ഷണം കഴിക്കാതെ വരുമ്പോഴേക്കും അവനിഷ്ടമുള്ള high calorie food, chocolate, cakes, icecream, biscuit എന്നിവ നല്‍കുന്ന ശീലം ഒഴിവാക്കുക. അങ്ങനെ ചെയ്താല്‍ കുഞ്ഞ് ഇത്തരത്തിലുള്ള ആഹാരസാധനങ്ങള്‍ ഉപേക്ഷിക്കും. കുഞ്ഞ് ആക്ടീവ് ആണെങ്കില്‍ ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ചില്ല എന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കുക. ഇതേക്കുറിച്ച് അമിത ആകുലത ഒഴിവാക്കുക.

…ഭക്ഷണസമയത്ത് ടി.വി., മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഒഴിവാക്കുക. ഭക്ഷണസമയം ശാന്തമായി ആഹാരത്തില്‍ തന്നെ ശ്രദ്ധിച്ച് കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകമായി ആകര്‍ഷകങ്ങളായ പാത്രം, കപ്പ്, സ്പൂണ്‍ എന്നിവ നല്‍കുന്നത് നല്ലതായിരിക്കും.

…ഭക്ഷണം ഉണ്ടാക്കുമ്പോള്‍ കുഞ്ഞുങ്ങളെ അതില്‍ ഉള്‍പ്പെടുത്തുക. ഉദാഹരണമായി, ഫ്രൂട്ട്‌സ് കഴുകുക, തൊലികളയുക എന്നിങ്ങനെ പ്രായമനുസരിച്ചുള്ള ചെറിയ ജോലികള്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുക.

…കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായും പ്രോത്സാഹനമായും ചോക്ലേറ്റ്, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കുന്നത് ചെറുപ്പം മുതല്‍ തന്നെ ഒഴിവാക്കുക. വീടുകളില്‍ അപ്പാപ്പനമ്മമാരും അതിഥികളും കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുവാന്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍, high sugar, high calorie food ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വരുംതലമുറയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യം നമ്മുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിലൊന്നാണെന്ന തിരിച്ചറിവോടെ കുഞ്ഞുങ്ങളുടെ ഭക്ഷണരീതി ക്രമീകരിക്കുവാന്‍ ശ്രദ്ധിക്കുക.

(തുടരും…)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org