ഡിജിറ്റല്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയുക

ഡിജിറ്റല്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയുക

റീതു ജോസഫ്
(കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്‍റ്)

കലുഷിതമായ ഈ ലോകത്തില്‍ ചുറ്റും തിരിഞ്ഞാല്‍ നവമാധ്യമങ്ങളുടെ ഇരമ്പലുകള്‍ മാത്രം. സെല്‍ഫി മുതല്‍ ബ്ലൂവെയില്‍ വരെ എത്തിയിരിക്കുന്നു ആ യാത്ര. ആദിയില്‍ ദൈവം മനുഷ്യനെ ഭൂമുഖത്ത് സൃഷ്ടിച്ചതു മുതല്‍ അവന്‍ പുതിയതിനെ തേടിപോകുന്നു. മണ്ണില്‍ പണിയെടുത്തു തുടങ്ങി അവന്‍റെ കഴിവുകള്‍കൊണ്ട് ലോകം വെട്ടിപ്പിടിക്കുന്നതുവരെ എത്തിയിരിക്കുന്നു. തലമുറകള്‍ കഴിയുംതോറും കാഴ്ചപ്പാടുകളിലും ചിന്തയിലും കഴിവിലും വ്യത്യസ്തതയോടെ മുന്നേറുന്ന ജീവിതങ്ങള്‍ വലിയൊരു അത്ഭുതം തന്നെയാണ്. അതുപോലെ തന്നെ ചോദ്യചിഹ്നവും.

ദൈവം നല്കിയ ജീവനെ പരിപാലിച്ച് ദൈവം തന്ന സൗഭാഗ്യങ്ങള്‍ അനുഭവിച്ച് അതിന് നന്ദി പറഞ്ഞ് മുന്നോട്ടുപോയിരുന്ന കാരണവന്മാരുടെ ഒരു തലമുറ. ദാരിദ്ര്യത്തെയും സമൃദ്ധിയാക്കി മാറ്റിയ ഒരു സമൂഹം. അവിടെ നിന്നും ഇന്നത്തെ സമൂഹത്തിലേക്ക് നോക്കുമ്പോള്‍ വലിയൊരു അന്തരം ഇവിടെ വ്യക്തമാണ്. ഒരിക്കലും അടുക്കാനാവാത്ത അന്തരം. സുഖസൗകര്യങ്ങളിലും സമാധാനമില്ലാതെ സന്തോഷമില്ലാതെ മാനുഷിക ബന്ധങ്ങള്‍ക്കോ സ്നേഹത്തിനോ വിലകൊടുക്കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി മത്സരിക്കുകയാണ് ഇന്നത്തെ സമൂഹം. ഈ ഒരു അവസ്ഥയില്‍ പകച്ചു നില്‍ക്കാനേ ഞാനുള്‍പ്പെടുന്ന യുവജന സമൂഹത്തിന് കഴിയുന്നുള്ളൂ.

രാജ്യത്തിന്‍റെ പുരോഗതി, സമൂഹത്തിന്‍റെ നിലനില്പ്, ഭാവിയുടെ പ്രതീക്ഷ ഇതെല്ലാം യുവജനങ്ങളുടെ കൈകളിലാണെന്നു പറയുമ്പോഴും ആ യുവജനങ്ങളുടെ ഒഴുക്ക് എങ്ങോട്ടാണെന്നു കൂടി വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. തന്നിലെ വിസ്ഫോടനം കൊണ്ട് സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയുന്നവര്‍ സാമൂഹ്യമൂല്യമില്ലാത്ത, അരാജകത്വം നിറഞ്ഞ സമൂഹത്തിന്‍റെ ബാക്കിപത്രമാവുകയാണ്. കര്‍മ്മനിരതമാകേണ്ട നല്ല നിമിഷങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് അടിയറവു വയ്ക്കുകയാണ്. 24 മണിക്കൂറും ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് വ്യാപരിക്കുന്ന ജൈവമാലിന്യമായി മാറിയിരിക്കുന്നു ഇന്നത്തെ ഭൂരിഭാഗം യുവാക്കളും എന്ന് പറയാതെ വയ്യ. ഇന്‍റര്‍നെറ്റിന്‍റെ മാസ്മരികലോകത്തെ തിന്മകളെ മാത്രം കൈപ്പിടിയില്‍ ഒതുക്കി ലക്ഷ്യമില്ലാതെ പായുന്ന ഈയ്യാംപാറ്റകളെക്കുറിച്ച് ഒന്നു പറയട്ടെ! അടുത്തിരിക്കുന്ന മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അയല്‍ക്കാരെയും മനസ്സിലാക്കാതെ, അറിയാതെ അകലങ്ങളില്‍ ഉള്ള അപരിചിതരെ കരവലയത്തിലാക്കി അവര്‍ ആഘോഷിക്കുന്നു. തന്‍റെ പ്രിയപ്പെട്ടവരോടൊത്തു ചെലവഴിക്കാതെ, സംസാരിക്കാതെ നേടുന്ന ഈ അപരിചിതരുടെ ബന്ധങ്ങളില്‍ എന്ത് സുരക്ഷിതത്വമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പക്വതയാവുന്ന പ്രായം വരെ തങ്ങളുടെ കരവലയത്തിനുള്ളില്‍ സംരക്ഷിച്ചു വളര്‍ത്തിയ പ്രിയപ്പെട്ടവരെ വിട്ട് പരിചയം പോലുമില്ലാത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം അറിയാവുന്ന വ്യക്തികള്‍ക്ക് പുറകെ പോവുന്നത് സംസ്കാരശൂന്യതയും സാമൂഹിക അപചയവുമാണ്. ഇന്‍റര്‍നെറ്റ് എന്ന മഹാശൃംഗലയെ അധമവികാരങ്ങള്‍ക്കും അശ്ലീല സംസ്കാരങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. സാമൂഹ്യമാധ്യമങ്ങളിലെ യുവതലമുറയുടെ തള്ളിക്കയറ്റം അവന്‍റെ ലോകത്തെ പരിമിതമാക്കുന്നു. തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ് ഡിജിറ്റല്‍ ലോകത്തില്‍ മാത്രം വ്യാപരിക്കുകയാണ്. ചുറ്റുമുള്ളവരെ മനസ്സിലാക്കാനോ മാനുഷികബന്ധങ്ങള്‍ അറിയാനോ അവന്‍ തയ്യാറല്ല. ലൈക്കുകളും കമന്‍റുകളുമാണ് അവന്‍റെ ലോകം. സമൂഹത്തിനു വേണ്ടി നല്കേണ്ട പ്രതിബദ്ധത, കഴിവുകള്‍, അഭിപ്രായങ്ങള്‍ ഒരു വിരല്‍തുമ്പില്‍ തറയ്ക്കപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ തെറ്റാണെന്നല്ല, ഇവയെ ഫലപ്രദമായും പക്വതയോടെയും ഉപയോഗിച്ചാല്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും നല്ലൊരു മാറ്റം കൊണ്ടുവരാനും സാധിക്കും. യുവത്വത്തിന്‍റെ തീവ്രമായ ചിന്തകളെ കാഴ്ചപ്പാടുകളെ അഭിപ്രായങ്ങളെ അവതരിപ്പിക്കുവാന്‍ ഈ മാധ്യമങ്ങള്‍ അവസരം നല്കുന്നു. പക്ഷെ, ഇവയുടെ പക്വതയില്ലാത്തതും വിവേകശൂന്യവുമായ ഉപയോഗമാണ് ഇന്നിന്‍റെ ഏറ്റവും വലിയ പരാജയം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതില്‍ കണ്ണികളാവുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പണ്ട് സീരിയലിനു പിന്നാലെ ഓടിയിരുന്ന വീട്ടമ്മമാര്‍ ഫെയ്സ്ബുക്കിനും വാട്ട്സാപ്പിനും പിന്നാലെയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രണയബന്ധങ്ങളില്‍ കൂടുതലും അമ്മമാരാണെന്ന് പറയാതെ വയ്യ. പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതില്ല. ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് രാപകലില്ലാതെ വ്യാപരിക്കുന്ന മനുഷ്യജന്മങ്ങളുടെ ദാരുണാന്ത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം.

ദിനങ്ങളുടെ ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ ഉത്സവമാക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് അത് എങ്ങനെയാണെന്ന് കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു. മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് വാചാലമായി പോസ്റ്റിടുകയും അമ്മയോടുള്ള സ്നേഹം പ്രകടമാക്കുകയും ചെയ്യുന്ന ഇവര്‍ ആ പരിഗണന, ആ വാത്സല്യം ഒരു നിമിഷമെങ്കിലും നേരിട്ട് നല്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. നവമാധ്യമങ്ങളിലൂടെയുള്ള ഈ തേനൂറുന്ന സ്നേഹം ഒരു തുള്ളിയെങ്കിലും പകര്‍ന്നു നല്കാന്‍ കഴിഞ്ഞാല്‍ ധന്യമാവും അമ്മ മാനസങ്ങള്‍. നമ്മുടെ ചുറ്റും കാണുന്ന അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും കപടതയുടെ മുഖംമൂടി അണിയുന്ന ഒരുപറ്റം ജനതയുടെ പ്രതിബിംബങ്ങളല്ലേ.

വര്‍ഗ്ഗീയതയും സദാചാരങ്ങളും രാഷ്ട്രീയ അക്രമങ്ങളും അരങ്ങു തകര്‍ക്കുന്ന വികൃത ചുറ്റുപാടില്‍ ഏറ്റവും ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഇപ്പോള്‍ ബ്ലൂവെയില്‍ തരംഗം. കേരളത്തിലേക്കും ഇത് എത്തിച്ചേരുമ്പോള്‍ എങ്ങോട്ടാണ് ഈ യുവതലമുറയുടെ ഒഴുക്ക് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉല്‍പത്തിയുടെ പുസ്തകത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ച് അവനു വേണ്ടതെല്ലാം നല്കി. ഭൂമിയിലെ സകലതിലും അവകാശം നല്കി തന്‍റെ ജീവന്‍ തിരിച്ചു വിളിക്കുന്ന കാലമത്രയും ഈ ലോകത്തെ തന്‍റെ ഉത്തരവാദിത്വം തീരുന്നതുവരെയും ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഡിജിറ്റല്‍ ലോകത്തിന്‍റെ അതിപ്രസരത്തിലൂടെ സാമൂഹ്യമാധ്യമങ്ങളുടെ പക്വതയില്ലാത്ത ഉപയോഗത്തിലൂടെ മനുഷ്യമനസ്സിനെ നിയന്ത്രിക്കാന്‍ കേവലം ഒരു ഗെയിമിനു സാധിക്കുന്നു എന്നത് ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. വ്യക്തിത്വ അപചയം എന്നല്ലാതെ എന്തു പറയാന്‍. 50 ദിവസം നീണ്ടു നില്‍ക്കുന്ന 50 ചലഞ്ചുകള്‍. ഗെയിം അഡ്മിന്‍റെ നിയന്ത്രണത്തില്‍ 50-ാം ദിവസം അവനെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നു. ക്രൂരവും അശ്ലീലവുമായ പ്രവര്‍ത്തനങ്ങള്‍, തികച്ചും പരിഹാസകരം. എന്തേ ഈ ലോകം ഇങ്ങനെ. ലോകത്തിന് ഉപകാരമില്ലാത്ത ജീവശാസ്ത്ര മാലിന്യങ്ങളെ പുറംതള്ളുകയാണ് ഞാന്‍ ചെയ്യുന്നത് എന്നാണ് ഈ ഗെയിം നിര്‍മ്മിച്ച ആളുടെ വാദം. ദൈവം തന്ന ജീവനെ വെറും ജീവശാസ്ത്രമാലിന്യമെന്നു പറഞ്ഞ് പുറംതള്ളാന്‍ ആര്‍ക്കാണ് അധികാരം. കുടുംബങ്ങളിലെ ഭദ്രതയില്ലായ്മയും വിശ്വാസജീവിതത്തിലെ തളര്‍ച്ചയും വ്യക്തിത്വത്തിലെ അപചയവും ആയിരിക്കണം. ഇന്നത്തെ ഈ തലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണം. മനുഷ്യന്‍ തന്‍റെ ജീവിതലക്ഷ്യങ്ങളില്‍ നിന്നു മാറി പണത്തിനും സുഖങ്ങള്‍ക്കും പുറകേ പാഞ്ഞപ്പോള്‍ നഷ്ടമായത് നാളെയുടെ വാഗ്ദാനങ്ങളാണ്. ചിന്തയും കഴിവും പ്രയത്നവും ലോകത്തിന്‍റെ പുരോഗതിക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഭാവിതലമുറയെ കൂടുതല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുക. വീടുകളുടെ ഇരുളറകളില്‍ നിന്ന് ഡിജിറ്റല്‍ ചങ്ങലകളില്‍ നിന്ന് മൈതാനങ്ങളിലേക്ക് അവരെ ഇറക്കിവിടുക, നല്ല സുഹൃദ്ബന്ധങ്ങള്‍ ആര്‍ജ്ജിക്കുക. നല്ല മൂല്യങ്ങള്‍ പകര്‍ന്നു നല്കുക. മാനുഷികബന്ധങ്ങള്‍ പഠിപ്പിക്കുക. തിന്മയുടെ ശക്തികളില്‍ നിന്ന് ഓടിയകലാന്‍ വിശ്വാസജീവിതത്തില്‍ ആഴപ്പെടുത്തുക. കുറവുകളെ നികത്തി വ്യക്തമായ കാഴ്ചപ്പാടിലൂടെ പക്വമായ തീരുമാനങ്ങളിലൂടെ ഒഴുക്കിനെതിരെ നീന്തുവാന്‍ അവരെ പ്രാപ്തരാക്കുക. വിശാലമായ ആകാശം അവന് കാണിച്ചു കൊടുക്കുക. അവന്‍ പറന്നുയരട്ടെ. ആ യാത്രയില്‍ ദൈവികപരിപാലനയും കൂടെയുണ്ടായിരിക്കട്ടെ. ജീവിതത്തിലെ വസന്ത കാലഘട്ടം അതിന്‍റെ ഔന്നത്യത്തില്‍ ആഘോഷിച്ച് സഭയുടെ, സമൂഹത്തിന്‍റെ നല്ല വാഗ്ദാനങ്ങളാകുവാന്‍ പതാകവാഹകരാകുവാന്‍ നമുക്ക് ഒന്നിച്ച് മുന്നേറാം. യുവജന പ്രേഷിതത്വം ഒരു വിളിയായി സ്വീകരിച്ചുകൊണ്ട് ലോകത്തിന്‍റെ തിന്മകളെ ആട്ടിപ്പായിച്ച് യുവാവായ ക്രിസ്തുവിന്‍റെ മാതൃക സ്വീകരിച്ച് നന്മയുള്ള കരുണയുള്ള പ്രതിബദ്ധതയുള്ള ഒരു സമൂഹമായി മാറാന്‍ നവമാധ്യമങ്ങളെ സുവിശേഷവല്‍ക്കരണത്തിന്‍റെ വേദിയാക്കാം.

(താമരശ്ശേരി രൂപത, പുല്ലൂരാംപാറ സെ. ജോസഫ്സ് ഇടവകാംഗമായ ലൈഖിക, മുക്കം കോ-ഓപ്പറേറ്റീവ് കോളേജില്‍ അദ്ധ്യാപികയാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org