Latest News
|^| Home -> Suppliments -> Familiya -> ഒരായിരം കുഞ്ഞുമാലാഖമാരുടെ പ്രിയപ്പെട്ട ഡോക്ടറമ്മ

ഒരായിരം കുഞ്ഞുമാലാഖമാരുടെ പ്രിയപ്പെട്ട ഡോക്ടറമ്മ

Sathyadeepam

ഫാ പോള്‍ മാടശേരി
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍

രണ്ടായിരത്തി പതിനേഴ് നവംബര്‍ പതിനെട്ട്…. സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രി അങ്കണം വന്‍ ജനാവലിയാല്‍ നിറഞ്ഞുകവിഞ്ഞു. അവരുടെ ഡോക്ടറമ്മയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രിയിലെ ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോ. സി. മേരി മാര്‍സലസിന്‍റെ നിത്യതയിലേക്കുള്ള യാത്രയില്‍ നിറകണ്ണുകളോടെ യാത്രാമൊഴികളേകാന്‍.

“ഇവള്‍ സിസ്റ്ററെ അമ്മേ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്കും അവര്‍ അമ്മയായിരുന്നു” ………കൈയിലിരിക്കുന്ന മൂന്നുവയസുകാരിയുടെ കുഞ്ഞുമുഖത്തെ വിയര്‍പ്പ് ഒപ്പിക്കൊണ്ട് ആള്‍ക്കൂട്ടത്തിലൊരാളായ ഒരമ്മയുടെ വേദന നിറഞ്ഞ വാക്കുകള്‍. വിവാഹം കഴിഞ്ഞ് ഒമ്പതുവര്‍ഷം കാത്തിരുന്നിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇല്ലാ എന്നറിഞ്ഞപ്പോഴാണ് സിസ്റ്ററമ്മയെ സമീപിച്ചത്. പിന്നീട് സിസ്റ്ററിന്‍റെ കീ ഴില്‍ ദീര്‍ഘകാലത്തെ ചികിത്സയും പ്രാര്‍ത്ഥനയും. ഫലമോ, കൈയിലിരിക്കുന്ന മൂന്നുവയസുകാരി ലയാമോള്‍.

സിസ്റ്റര്‍ മേരി മാര്‍സലസിനെ എല്ലാവരും അമ്മ എന്നാണ് വിളിച്ചിരുന്നത്. ഒരു കന്യാസ്ത്രീ എന്നുള്ള പരിഗണനയിലായിരുന്നില്ലാ അത്. സന്യാസിനിയായിരുന്നിട്ടും കര്‍മ്മം കൊണ്ട് പതിനായിരങ്ങളുടെ അമ്മയായി മാറിയ ഡോക്ടറായിരുന്നു സിസ്റ്റര്‍. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികള്‍ക്കവര്‍ അഭയമായി. അമ്മയുടെ വയറില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചശേഷമാണ് ഓരോ പ്രാവശ്യവും സിസ്റ്റര്‍ പരിശോധന അവസാനിപ്പിക്കുക. ആ പ്രാര്‍ത്ഥനയില്‍ പല കുഞ്ഞുങ്ങള്‍ക്കും പേരിട്ടതും സിസ്റ്റര്‍ തന്നെയാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്തവരുടെ നിസഹായതയ്ക്കു മുമ്പില്‍ അമ്മയും ആലംബവും ആകുകയായിരുന്നു അവര്‍.

ഉദരത്തില്‍ ജന്മമെടുക്കുന്ന സമയം മുതല്‍ ആദ്യകരച്ചില്‍ കേട്ടതിനുശേഷവും തുടരുന്ന ആത്മബന്ധം. അതായിരുന്നു സിസ്റ്റര്‍ മാര്‍സലസിന്‍റെ രീതി. കിടങ്ങൂര്‍ ആശുപത്രിയില്‍ ജനിച്ച കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ജീവസമൃദ്ധിയില്‍ പങ്കെടുക്കാനെത്തിയ അനേകായിരങ്ങള്‍ അതിനു സാക്ഷ്യപത്രം ആണ്.

ചിങ്ങവനം മഠത്തില്‍ കളത്തില്‍ ജോസഫിന്‍റെയും സാറാമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തവളായിരുന്നു മറിയക്കുട്ടി. കൈനടി എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്കൂളില്‍നിന്നാണ് പത്താം ക്ലാസ് പാസായത്. അക്കൊല്ലം സ്കൂളില്‍നിന്നു ലഭിച്ച രണ്ടു ഫസ്റ്റ്ക്ലാസില്‍ ഒന്ന് മറിയക്കുട്ടി എന്ന കൊച്ചു മിടുക്കിക്കായിരുന്നു. അന്ന് അവിടത്തെ അധ്യാപകര്‍ അവളുടെ മാതാപിതാക്കളോട് പറഞ്ഞു: “ഇവളെ പഠിപ്പിച്ച് ഡോക്ടറാക്കണം, മിടുക്കിയാണ്. എന്നാല്‍, കഴുത്തില്‍ സ്റ്റെതസ്കോപ്പ് അണിയുന്നതിനേക്കാള്‍ തലയില്‍ മുണ്ടിട്ട് കന്യാസ്ത്രീ ആകുന്നതിലായിരുന്നു അവള്‍ക്കു താല്പര്യം. അങ്ങനെ പതിനഞ്ചാം വയസില്‍ ക്നാനായ സഭയ്ക്കു കീഴിലുള്ള വിസിറ്റേഷന്‍ സന്ന്യാസസഭയില്‍ മറിയക്കുട്ടി ചേര്‍ന്നു. സന്ന്യാസവ്രതമെടുത്തപ്പോള്‍ അവര്‍ പേരു മാറ്റി മേരി മാര്‍സലസ് ആയി.

1974 ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടി. പിന്നീട് എം.ബി.ബി.എസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. അന്ന് മെഡിക്കല്‍ കോളേജിന്‍റെ ചരിത്രത്തില്‍തന്നെ ആദ്യത്തെ കന്യാസ്ത്രി വിദ്യാര്‍ത്ഥിനി ആയിരുന്നു അവര്‍. 1980-82 കാലത്ത് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഡോക്ടറായി സേവനം ചെയ്തശേഷം ഉന്നതപഠനത്തിനായി യൂറോപ്പിലേക്ക് പോയി. അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജില്‍നിന്ന് ഒന്നാം റാങ്ക് നേടി. തുടര്‍ന്ന് ഒബ്സ്റ്റെട്രിക്സിലും ചൈല്‍ഡ് ഹെല്‍ത്തിലും ഉന്നതബിരുദങ്ങള്‍ നേടിയതിനുശേഷം 1991 ഏപ്രില്‍ 16 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആ ശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതല ഏറ്റു. പിന്നീട് ലണ്ടനില്‍നിന്നുതന്നെ എം.ആര്‍.സി.ഒ.ജി. യും നേടി.

“ഓരോ ജീവന്‍റെയും ഉടമസ്ഥന്‍ ദൈവമാണ്. മാതാപിതാക്കള്‍ വെറും കാര്യസ്ഥര്‍. ഡോക്ടറായ ഞാനാകട്ടെ ദൈവത്തിന്‍റെ ഉപകരണവും” ഇതു ഡോക്ടറമ്മയുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഗര്‍ഭപാത്രത്തില്‍വച്ച് ഒരു ജീവനും നശിപ്പിക്കപ്പെടാന്‍ പാടില്ലാ എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൗമാരപ്രായത്തില്‍ പീഡനത്തിനിരയായി ഗര്‍ഭിണികളാകുന്ന നിരവധി പെണ്‍കുട്ടികള്‍ക്ക് സമാധാനത്തോടെ പ്രസവിക്കാനുള്ള സങ്കേതമൊരുക്കുകയും പ്രസവത്തിനു ശേഷവും കുഞ്ഞിനെ വേണ്ടാത്തവരില്‍നിന്ന് കുഞ്ഞുങ്ങളെ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത് അവരുടെ പതിവായിരുന്നു. ദീര്‍ഘകാലം കേരളത്തിലെ പ്രൊ-ലൈഫ് പ്രസ്ഥാനത്തിന്‍റെ നെടുംതൂണായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മരിക്കുമ്പോള്‍ കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ എക്സിക്യുട്ടീവ് അംഗവും പ്രൊ-ലൈഫ് ഡോക്ടേഴ്സ് മിനിസ്ട്രിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററും ആയിരുന്നു.

സിസ്റ്ററിന്‍റെ കൈകളിലൂടെ ലോകം കണ്ട കുഞ്ഞുങ്ങള്‍ അമ്പതിനായിരത്തിലധികമാണ്. 38 വര്‍ഷത്തെ സേവനത്തിനിടയില്‍ ആ കൈകളിലൂടെ അരലക്ഷത്തിലധികം പ്രസവങ്ങള്‍. അതുകൊണ്ടുതന്നെ പ്രസവവേദനയെക്കുറിച്ചു പറയുന്നവരോട് സിസ്റ്റര്‍ സരസമായി പറയും. “നീയൊക്കെ രണ്ടോ മൂന്നോ പ്രസവവേദനയേ അനുഭവിച്ചിട്ടുള്ളൂ. ഞാന്‍ അനുഭവിച്ചതോ അരലക്ഷത്തിലധികം ……..ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.”

വിവാഹജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാതെ നിരാശയില്‍ കഴിഞ്ഞിരുന്ന അനേകം ദമ്പതികള്‍ക്കു പ്രത്യാശയുടെ നിറദീപമായിരുന്നു ഡോക്ടറമ്മ എന്ന സിസ്റ്റര്‍ മാര്‍സലസ്. ആ മനസുകളില്‍ അവര്‍ ചൊരിഞ്ഞ പ്രകാശം ഒരിക്കലും അസ്തമിക്കുന്നില്ല. അതെ, അതങ്ങനെതന്നെയാണ്…… ചില ദീപങ്ങള്‍ ഒരിക്കലും അണയാറില്ല.

Leave a Comment

*
*