ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്‍

ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്‍


നിജൂള്‍

Facebook.com/nijool

? പത്തുലക്ഷം പേര്‍ തയ്യാറെടുത്ത പരീക്ഷയില്‍ തിളക്കമാര്‍ന്ന ജയം. ഈ വര്‍ഷം കേരളത്തില്‍നിന്ന് ഐഎഎസ് നേടുന്ന പത്തിലൊരാള്‍. എന്ത് തോന്നുന്നു ഇപ്പോള്‍?
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്ന നിമിഷമാണിത്. എട്ടാം ക്ലാസില്‍ കണ്ടു തുടങ്ങിയ ഒരു സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷവും, വര്‍ഷങ്ങളുടെ പ്രയത്നം സഫലമായതിന്‍റെ ആശ്വാസവുമാണ് ഇപ്പോള്‍ ഉള്ളത്. കര്‍ത്താവിനോട് എത്ര നന്ദി പറഞ്ഞാലും മതിവരാത്ത നിമിഷങ്ങള്‍

? എങ്ങനെയാണ് സിവില്‍ സര്‍വീസ് സ്വപ്നങ്ങളുടെ തുടക്കം?
2004-ല്‍ ഞാന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജന്‍ ജോസഫ് സാര്‍ ഒരു ശനിയാഴ്ച ദിവസം ഓഫിസ് റൂമില്‍ വന്നുകാണണം എന്ന് പറഞ്ഞു. അതു വരെയുള്ള ചരിത്രം വെച്ച് നോക്കുമ്പോള്‍ എന്തെങ്കിലും കുഴപ്പം ഒപ്പിക്കുമ്പോഴാണ് സാറുമാര്‍ വിളിച്ചു വരുത്താറുള്ളത്. എന്നാല്‍ കാര്യം അങ്ങനെയായിരുന്നില്ല. എന്‍റെ കരിയര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു മണിക്കൂര്‍ സംസാരിച്ച സാര്‍ നീയായിരിക്കും സ്കൂളിലെ ആദ്യ ഐഎഎസുകാരന്‍ എന്ന് പറഞ്ഞത് ഹൃദയത്തില്‍ കൊളുത്തിയ വാക്കായിരുന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ ഇങ്ങനെ ഒരു പരീക്ഷയെക്കുറിച്ചു ചര്‍ച്ച നടത്തി അതിനു വേണ്ടി പ്രയത്നിക്കാന്‍ തീരുമാനിച്ചു. അന്ന് മുതല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷം എന്നും ഞാന്‍ ആ സ്വപ്നം കണ്ടിരുന്നു. ഏപ്രില്‍ 6 നു രാജന്‍ സാര്‍ എന്‍റെ വീട്ടില്‍ വരുമ്പോള്‍ ആ സ്കൂളിലെ ആദ്യ ഐഎഎസുകാരന്‍ ഞാന്‍ തന്നെയായിരുന്നു.

? ഏപ്രില്‍ 5-ാം തീയതി വൈകുന്നേരം ഒരിക്കലും മറക്കാന്‍ ഇടയില്ലല്ലോ. എങ്ങനെയാണ് ആ ഒരു വൈകുന്നേരം ജീവിതത്തെ മാറ്റിമറിച്ചത്?
യുപിഎസ്സി വെബ്ڋസൈറ്റില്‍ ഫലം ഇടുമ്പോള്‍ തന്നെ ഡല്‍ഹിയിലെയും പിഎസ്സി ആസ്ഥാനത്തും ഫലം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ബോര്‍ഡൊക്കെ വൃത്തിയാക്കി അതിനുള്ള തയ്യാറെടുപ്പുകള്‍ അവിടെ തുടങ്ങിയപ്പോള്‍ തന്നെ റിസള്‍ട്ട് അന്നുതന്നെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ വീടിന് അടുത്തുള്ള തുമ്പോളി പള്ളിയില്‍ പ്രാര്‍ഥനയോടെ കാത്തിരുന്നു. ഫലം അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു കൂടി പ്രാര്‍ഥിച്ചു കര്‍ത്താവിനു നന്ദി പറഞ്ഞു. പിറ്റേന്ന് മുതല്‍ നാട്ടുകാരുടെയും വൈദികരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹം ഏറ്റുവാങ്ങി കടന്നുപോയ ദിനങ്ങളായിരുന്നു.

? ആദ്യകുര്‍ബാന സ്വീകരിച്ചതില്‍ പിന്നെ ഇതുവരെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ മുടക്കം വരുത്താത്ത ആളാണ് നിര്‍മ്മല്‍. എന്താണ് വിശുദ്ധ കുര്‍ബാനയിലേക്ക് അടുപ്പിച്ചത്?
ദിവ്യബലിയോളം വലിയ മറ്റൊരു ആരാധന നമുക്കില്ലല്ലോ. എന്‍റെ ജീവിതത്തില്‍ എന്തെങ്കിലും വിജയം നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ വിശുദ്ധ കുര്‍ബാനയുടെ യോഗ്യതയാലാണ്. ഓരോ ദേവാലയത്തില്‍ ചെല്ലുമ്പോഴും അവിടെയുള്ള അള്‍ത്താരയില്‍ നോക്കി ഈ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെട്ട ആയിരക്കണക്കിന് ദിവ്യബലികളുടെ യോഗ്യതയാല്‍ ദൈവമേ നീ എന്‍റെ പാപങ്ങള്‍ ക്ഷമിക്കണമേ, എന്നെ വിജയിപ്പിക്കണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.

? മാതാപിതാക്കള്‍ നല്‍കിയ പരിശീലനമാണോ പ്രചോദനമായത്?
തീര്‍ച്ചയായും. കരിസ്മാറ്റിക്ക് നവീകരണത്തിലൂടെ കടന്നുപോയവരാണ് ക്രൈസ്റ്റ് കോളേജ് എന്ന പേരില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്‍റര്‍ നടത്തുന്ന അപ്പനും അമ്മയും. ഒരു ദിവസം പോലും വിശുദ്ധ കുര്‍ബാന മുടക്കാത്ത, ഏതു പ്രതിസന്ധി വന്നാലും അതിനു പരിഹാരം തേടാന്‍ ജപമാലയുമായി പ്രാര്‍ത്ഥനാമുറിയിലേക്കു പോകുന്ന, മാതാപിതാക്കള്‍ പകര്‍ന്ന സാക്ഷ്യമാണ് എന്നെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും വളര്‍ത്തിയത്.
ആദ്യകുര്‍ബാന സ്വീകരണത്തിനു മുമ്പുതന്നെ അമ്മയോടൊപ്പം പള്ളിയില്‍ പോകുന്ന ഒരു ശീലം തുടങ്ങി തന്നിരുന്നു. ഇങ്ങനെ ഒരു പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ വളര്‍ത്തിയതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ബൈബിള്‍ പഠിക്കാനും ലോഗോസ്ക്വിസില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമൊക്കെ നല്ല പ്രോത്സാഹനമാണ് എനിക്കും പെങ്ങള്‍ക്കും ലഭിച്ചിരുന്നത്. പ്രശ്നങ്ങളുടെയും പ്രതിസന്ധികള്‍ക്കുമിടയിലും കര്‍ത്താവ് കൈപിടിച്ചുയര്‍ത്തിയതിന്‍റെ അനുഭവങ്ങളില്‍ നിന്നാണ് അവര്‍ ഞങ്ങളെ വളര്‍ത്തിയത്.

? ധാരാളം യാത്ര ചെയ്യുന്ന ആളാണല്ലോ നിര്‍മ്മല്‍. മറ്റു സംസ്ഥാനങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക ശ്രമകരമല്ലേ?
നമ്മുടെ മുന്‍ഗണനകള്‍ ആണല്ലോ ഒരു ദിവസത്തെ ടൈംടേബിള്‍ ക്രമീകരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ ആദ്യ മുന്‍ഗണന വിശുദ്ധ കുര്‍ബാന തന്നെയാണ്. കേരളത്തില്‍ ആയിരിക്കുമ്പോള്‍ നമുക്ക് ചുറ്റും അനേകം ദേവാലയങ്ങളുണ്ടല്ലോ. എന്നാല്‍ കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ പലപ്പോഴും ഒരു ജില്ലയില്‍ ഒരു ദേവാലയമൊക്കെ ഉണ്ടാകൂ. അത് തേടി പിടിച്ചു പോവുകയെന്നത് ശ്രമകരമായ കാര്യമായിരുന്നു. ഹമ്പിയില്‍ പോയപ്പോള്‍ ശരിക്കും ബുദ്ധിമുട്ടി. കാരണം നൂറ്റിഅറുപതു കിലോമീറ്റര്‍ അകലെയുള്ള ഹുബ്ലിയില്‍ എത്തിയാല്‍ മാത്രമേ പള്ളി ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് യാത്രകളെയൊക്കെ വിശുദ്ധ കുര്‍ബാനയുടെ സമയത്തിന് അനുസരിച്ചു ക്രമപ്പെടുത്തി. അങ്ങനെ ദൈവസന്നിധിയില്‍ വില കൊടുത്തു കുര്‍ബാന കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

? അങ്ങനെ ദൈവ പരിപാലന അടുത്തറിഞ്ഞ അനുഭവം പങ്കുവെക്കാമോ?
അങ്ങനെ പറയാന്‍ ഒത്തിരി അനുഭവങ്ങളുണ്ട്. മനസ്സില്ലാമനസ്സോടെയാണ് എംബിബിഎസിന് ചേരുന്നത്. എന്നെക്കൊണ്ട് ഇത് സാധിക്കുമോ എന്നു പോലും സംശയം ഉണ്ടായിരുന്നു. അഡ്മിഷന്‍ കിട്ടി കഴിഞ്ഞിട്ട് പോലും ചേരണോ വേണ്ടയോ എന്ന് ആശങ്കപ്പെട്ട സമയം ഉണ്ടായിരുന്നു. ആ സമയത്ത് ഉചിതമായ തീരുമാനമെടുക്കാന്‍ ദിവ്യ കാരുണ്യസന്നിധിയില്‍ ഏറെനേരം പ്രാര്‍ത്ഥിക്കുമായിരുന്നു. ഒടുവില്‍ എംബിബിഎസ് പാസായി. ഇപ്പോള്‍ ഐഎഎസും. ഇപ്രകാരം കര്‍ത്താവിനോടു ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളൊക്കെ ദൈവം നന്മയ്ക്കായി മാറ്റിയിട്ടുണ്ട്.

? തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ ആളുകള്‍ ഇല്ല എന്ന പരാതി പറയുന്നവരാണ് യുവജനങ്ങള്‍. എങ്ങനെയാണ് ബലിപീഠത്തെ നിര്‍മ്മല്‍ സമീപിച്ചത്; പ്രത്യേകിച്ച് ആകുലതകളും അപ്രതീക്ഷിത തിരിച്ചടികളും ഏറെയുണ്ടായേക്കാവുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത്?
ഭൂമിയില്‍ ആര്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പോലും പങ്കുവെയ്ക്കാന്‍ പറ്റുന്ന ഇടമാണ് ബലിപീഠം. ദൈവസന്നിധിയില്‍ അര്‍പ്പിച്ചിട്ടു പോരുമ്പോള്‍ പരിഹാരങ്ങള്‍ തെളിഞ്ഞുവരുന്നത് എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. ഏതു പ്രതിസന്ധികളിലും ആശ്രയിക്കാവുന്ന ഇടമായി മാതാപിതാക്കള്‍ ചൂണ്ടികാണിച്ചുതന്നത് ഈ ബലിപീഠത്തെയാണ്.

സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ വിജയിക്കണം എന്നില്ല; പരാജയങ്ങള്‍ ഉണ്ടാകാം. ഞാന്‍ മൂന്നുതവണ പരാജയപ്പെട്ടു, നാലാം ശ്രമത്തിലാണ് ഈ പരീക്ഷ പാസാകുന്നത്. എന്തിനെയും നേരിടാനുള്ള കരുത്ത് ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കും

? ബൈബിള്‍ പഠനവും ചെറുപ്പം മുതല്‍ തുടങ്ങിയിരുന്നോ?
ചെറുപ്പം മുതലേ ബൈബിള്‍ വായിക്കുമായിരുന്നു. ലോഗോസ് ക്വിസില്‍ അഞ്ചാം ക്ലാസ് മുതല്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടിയിരുന്നു. അന്ന് വചനങ്ങള്‍ പഠിച്ചത് മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയായിരുന്നെങ്കിലും, മനസ്സില്‍ പതിഞ്ഞ വചനങ്ങള്‍ പിന്നീട് വലിയ കരുത്തായി മാറുകയായിരുന്നു. സന്തോഷമാകട്ടെ, സങ്കടമാകട്ടെ ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ദൈവം എന്നോട് സംസാരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

? സര്‍വീസില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ ആദ്യ പരിഗണന എന്തിനായിരിക്കും?
ഒരു കാര്യം ആസൂത്രണം ചെയ്യുമ്പോള്‍ നിങ്ങള്‍ കണ്ട ഏറ്റവും ദരിദ്രനും ദുര്‍ബലനുമായ വ്യക്തിയുടെ മുഖം ഓര്‍ക്കുകയും അവര്‍ക്ക് പ്രയോജനപ്പെടുമോയെന്ന് പരിശോധിക്കുകയും ചെയ്യണമെന്നുള്ള ഗാന്ധി സൂക്തമാണ് ഓര്‍മ്മ വരുന്നത്. ജോലി ചെയ്യാന്‍ സര്‍ക്കാര്‍ എന്നെ ഏല്‍പ്പിക്കുന്ന കേഡര്‍, സ്ഥലം എന്നിവയ്ക്കനുസൃതമായി എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ നിറവേറ്റുക എന്നതിനായിരിക്കും ആദ്യ പരിഗണന. വ്യക്തിപരമായ താല്പര്യങ്ങള്‍ക്കപ്പുറം സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കും.

? സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന യുവജനങ്ങളോട്…
ചിട്ടയായ പഠനവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും കൈപ്പിടിയില്‍ ഒതുക്കാവുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ സ്വന്തം സാധ്യതകള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണ് പലപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടിക്കുന്നത്. ആത്മവിശ്വാസത്തോടെ, കര്‍ത്താവിനെ കൂട്ടുപിടിച്ച് അധ്വാനിക്കാന്‍ നമ്മള്‍ തയ്യാറാകണം. അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം കുടുംബം കൂടെയുണ്ടെങ്കില്‍ അവര്‍ അത്ഭുതങ്ങള്‍തന്നെ കൈവരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org