Latest News
|^| Home -> Suppliments -> Baladeepam -> ദുഃശീലങ്ങളെ ഒഴിവാക്കാം

ദുഃശീലങ്ങളെ ഒഴിവാക്കാം

Sathyadeepam

മനുഷ്യന്‍റെ ജീവിതവും പെരുമാറ്റവും വളരെ സങ്കീര്‍ണമാണ്. നാം ആഗ്രഹിക്കുന്നതുപോലെ പെരുമാറാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല. ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണു താന്‍ ചെയ്യുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ജീവിതത്തെ സംബന്ധിച്ചു നാം പല തീരുമാനങ്ങളുമെടുക്കും. എന്നാല്‍ അവയില്‍ പത്തു ശതമാനം പോലും പ്രവൃത്തിപഥത്തിലെത്തിക്കുവാന്‍ നമുക്കു കഴിയാറില്ല, നമ്മുടെ ജീവിതവിജയത്തിനു പ്രധാന വിലങ്ങുതടിയായി നില്ക്കു ന്നത് പലപ്പോഴും നമ്മിലുള്ള ദുശ്ശീലങ്ങളാണ്.

ഒരിക്കല്‍ ഒരു കൂട്ടം കുരങ്ങന്മാര്‍ വട്ടത്തിലിരുന്നു വെടിവട്ടം പറയുകയായിരുന്നു. അപ്പോള്‍ ഒരു കുരങ്ങന്‍ പറഞ്ഞു, “മനുഷ്യനെ സമ്മതിക്കണം. അവര്‍ക്കെന്തൊരു ശക്തിയാ. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും അവന്‍ കാല്‍ക്കീഴില്‍ അമര്‍ത്തുന്നുണ്ടല്ലോ? പോയി, പോയി അവര്‍ ചന്ദ്രനെ വരെ കീഴടക്കി. എന്താണ് അവരുടെ ശക്തിയുടെ രഹസ്യമെന്നു നമുക്കു കണ്ടുപിടിക്കണം.”

അപ്പോള്‍ കൂട്ടത്തിലൊരു കുരങ്ങന്‍ പറഞ്ഞു: “മനുഷ്യര്‍ വിശുദ്ധ ദിവസങ്ങളില്‍ ഉപവാസമെടുക്കാറുണ്ട്. ഉപവാസത്തിന്‍റെ അവസാനം അവര്‍ ദൈവത്തോടു വരം ചോദിക്കും. ആ വരമുള്ളതുകൊണ്ടാണ് ഇവര്‍ ഇത്രയും ശക്തന്മാരായത്.”

“അതു കൊള്ളാമല്ലോ? എങ്കില്‍ നമുക്കും അടുത്ത ദിവസം ഉപവാസമിരുന്നു ദൈവത്തോടു വരം ചോദിക്കണം” – കൂട്ടത്തില്‍ മൂത്ത കുരങ്ങന്മാരിലൊരാള്‍ പറഞ്ഞു.

“പക്ഷേ, ഒരു കാര്യം, ഉപവാസദിവസം മരങ്ങളിലെ പഴങ്ങളിലേക്കു നോക്കിയാല്‍ നമുക്കു പഴം തിന്നുവാനുള്ള കൊതി വരും. അതുകൊണ്ട് അന്നേദിവസം എല്ലാവരും നിലത്തേയ്ക്കു നോക്കിയിരിക്കണം” – മൂത്ത കുരങ്ങന്‍ കൂട്ടിച്ചേര്‍ത്തു.

‘ശരി; അങ്ങനെയാകട്ടെ” – എല്ലാവരും സമ്മതിച്ചു.

അങ്ങനെ ഉപവാസദിനം വന്നെത്തി. കുറേനേരം നിലത്തേയ്ക്കു നോക്കിയിരുന്ന് മടുത്തപ്പോള്‍ കുട്ടിക്കരങ്ങന്മാരിലൊരാള്‍ പറഞ്ഞു: ശൂന്യമായ നിലത്തേയ്ക്ക് എത്ര നേരമെന്നു പറഞ്ഞാ നോക്കിയിരിക്കുന്നത്. നമ്മള്‍ മരങ്ങളിലെ പഴങ്ങളിലേക്കു നോക്കരുതെന്നല്ലേയുള്ളൂ. പക്ഷേ, ആകാശത്തിലേക്കും ചുറ്റുമുള്ള പ്രകൃതിയിലേക്കും നോക്കുന്നതുകൊണ്ടു കുഴപ്പമില്ലല്ലോ?”

എല്ലാവരും അതു സമ്മതിച്ചു. അവര്‍ ചുറ്റുപാടുമുള്ള പ്രകൃതിദൃശ്യങ്ങള്‍ വീക്ഷിക്കുവാന്‍ തുടങ്ങി.

കുറേനേരം കഴിഞ്ഞപ്പോള്‍ മറ്റൊരു കുരങ്ങന്‍ പറഞ്ഞു: “നമ്മള്‍ പഴങ്ങളിലേക്കു നോക്കുന്നതുകൊണ്ട് എന്താ കുഴപ്പം? പഴം നമ്മള്‍ തിന്നുന്നില്ലല്ലോ?” അക്കാര്യവും എല്ലാവരും തലകുലുക്കി സമ്മതിച്ചു. തുടര്‍ന്ന് അവരുടെ നിരീക്ഷണത്തിലേക്കു പഴങ്ങളും കടന്നുവന്നു.

ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു കുരങ്ങന്‍ തന്‍റെ അഭിപ്രായം പാസ്സാക്കി: “ഇങ്ങനെ നമ്മള്‍ ഉപവാസം ഇരുന്നാല്‍ നാളെയാകുമ്പോഴേക്കും മരത്തില്‍ ചാടിക്കയറുവാനുള്ള നമ്മുടെ ശക്തി നഷ്ടപ്പെടും. അതുകൊണ്ടു മരച്ചില്ലയിലിരുന്നു നിരാഹാരമനുഷ്ഠിക്കുന്നതല്ലേ ബുദ്ധി?”

“കൊള്ളാം; എന്തു ബുദ്ധിപരമായ അഭിപ്രായം” – മറ്റു കുരങ്ങന്മാര്‍ അതിനെ പിന്താങ്ങിക്കൊണ്ടു മരച്ചില്ലകളിലേക്ക് ഓടിക്കയറി.

സമയം ഉച്ചയായി. കുരങ്ങന്മാര്‍ക്കു പതിയെ വിശക്കുവാന്‍ തുടങ്ങി. എങ്കിലും ദൈവത്തില്‍ നിന്നും വരം കിട്ടുവാന്‍വേണ്ടി അവര്‍ വിശപ്പു സഹിച്ചു കടിച്ചുപിടിച്ചിരുന്നു.

അപ്പോള്‍ ഒരു കുരങ്ങന്‍ പറഞ്ഞു: “നിരാഹാരം അവസാനിക്കുമ്പോള്‍ മൂത്ത പഴങ്ങള്‍ കഴിക്കണമെങ്കില്‍, ഇപ്പോഴേ നമ്മള്‍ അവ കണ്ടെത്തി വയ്ക്കണം. അല്ലെങ്കില്‍ ആകെ ബഹളമാകും.” എല്ലാവരും ആ നിര്‍ദ്ദേശത്തോടു യോജിച്ചു. അവര്‍ അങ്ങനെ മൂത്ത പഴങ്ങളുള്ള വൃക്ഷച്ചില്ലകളിലേക്കു ചാടിക്കയറി.

വൈകുന്നേരം നാലു മണിയായതോടുകൂടി അവരുടെ വയറ്റില്‍ നിന്നും പൊട്ടലും ചീറ്റും കേള്‍ക്കുവാന്‍ തുടങ്ങി.

“നമ്മള്‍ കണ്ടുവച്ചിരിക്കുന്ന പഴങ്ങളില്‍ പുഴുവുണ്ടെങ്കിലോ, രുചിയില്ലെങ്കിലോ നമ്മള്‍ എന്തു ചെയ്യും? അന്നേരം വേറെ പഴം അന്വേഷിച്ചുപോകുവാന്‍ പറ്റുമോ? അതുകൊണ്ടു നമുക്ക് ഈ പഴങ്ങള്‍ ഒന്നു കടിച്ചുനോക്കി ടെസ്റ്റ് ചെയ്യാം” ഒരു കുട്ടിക്കുരങ്ങന്‍ തന്‍റെ അഭിപ്രായം പാസ്സാക്കി.

ഇതുകേട്ട മൂത്ത കുരങ്ങന്‍ അതു സമ്മതിച്ചു. പക്ഷേ, ഒരു കണ്ടീഷന്‍, പഴങ്ങള്‍ കടിച്ചുനോക്കാം. പക്ഷേ, ആരും അതു വിഴുങ്ങരുത്. കടിച്ച ഉടനെ തുപ്പിക്കളയണം.

ഇതു കേള്‍ക്കേണ്ട താമസം കുരങ്ങന്മാര്‍ ഓരോരുത്തരായി പഴങ്ങള്‍ കടിച്ചുനോക്കുവാന്‍ തുടങ്ങി. വിശന്നു വലഞ്ഞിരുന്നതിനാല്‍ ചിലര്‍ ആരുമറിയാതെ കടിച്ച പഴങ്ങള്‍ വിഴുങ്ങുകയും ചെയ്തു. മറ്റു ചിലരാകട്ടെ പഴച്ചാര്‍ ഉള്ളിലേക്കിറക്കി, അതിന്‍റെ ചണ്ടി മാത്രം തുപ്പിക്കളഞ്ഞു.

കയ്യില്‍ മൂത്തുപഴുത്ത പഴം ഇരിക്കുമ്പോള്‍ പല കുരങ്ങന്മാര്‍ക്കും കൊതിയടക്കാനായില്ല. അവര്‍ പരസ്പരം നോക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഒരു മൂത്ത കുരങ്ങന്‍ പറഞ്ഞു: “ഏതായാലും നല്ല മൂത്ത പഴങ്ങള്‍ നമ്മുടെ കയ്യില്‍ വെറുതെയിരിക്കുകയാണ്. ഇന്നു നമുക്ക് ഈ പഴങ്ങള്‍ തിന്നു ശക്തിയാര്‍ജ്ജിച്ചശേഷം നാളെ ഉപവാസത്തിനിരിക്കാം.”

കൊതിമൂത്ത കുരങ്ങന്മാരെല്ലാവരും ആ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുകയും അങ്ങനെ അവരുടെ ഉപവാസം പൊളിയുകയും ചെയ്തു.

സത്യത്തില്‍ ആ കുരങ്ങന്മാര്‍ക്കു പഴം തിന്നണമായിരുന്നു. എന്നാല്‍ സത്യം തുറന്നുപറയാതെ, തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി എന്തെല്ലാം തിയറികളാണ് അവര്‍ മെനഞ്ഞെടുത്തത്.

പലപ്പോഴും ഈ കുരങ്ങന്മാരെപ്പോലെയാണു നമ്മളോരോരുത്തരും പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ദുശ്ശീലങ്ങള്‍ മാറ്റണമെന്നു നമുക്ക് ആഗ്രഹമുണ്ട്. എന്നാല്‍ പൂര്‍ണമായും വിട്ടുപോകുവാന്‍ മനസ്സൊട്ടില്ലതാനും. മനുഷ്യസ്വഭാവം ഇങ്ങനെയാണ്.

ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതാണു നമുക്കു കിട്ടുന്നത്. ഒരു ദുശ്ശീലം ഒഴിവാക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ദുശ്ശീലത്തിനടിമപ്പെടുവാന്‍ സാദ്ധ്യതയുളള എല്ലാ സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി നില്ക്കുക.

Leave a Comment

*
*