ഇക്കണോമിക്സ്

ഇക്കണോമിക്സ്

യുവര്‍ കരിയര്‍

എം. ഷൈറജ്

മനുഷ്യജീവിതത്തിന്‍റെ സര്‍വ മേഖലകളെയും നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണു സാമ്പത്തികശാസ്ത്രം അഥവാ ഇക്കണോമിക്സ്. വ്യക്തിജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെ ഇതിനെ അടിസ്ഥാനപ്പെടുത്തിയാണെന്നു പറയാം. ഒരു പഠനശാഖയെന്ന നിലയിലും മികച്ച കരിയറിലേക്കുള്ള പാതയെന്ന നിലയിലും ഇക്കണോമിക്സിനുള്ള പ്രാധാന്യവും അന്യൂനമാണ്; പ്ലസ് ടൂ ബിരുദതലങ്ങളില്‍ ഈ വിഷയം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെങ്കിലും.

വ്യക്തിഗുണങ്ങള്‍: പഠനവും കരിയറും തിരഞ്ഞെടുക്കുന്നതു വ്യക്തിഗുണങ്ങളുടെ അനുയോജ്യത അടിസ്ഥാനമാക്കി വേണമെന്നത് എപ്പോഴും ഓര്‍മയിലുണ്ടാവണം; ഇക്കണോമിക്സ്പോലെയുള്ള പൊതു സാമൂഹികശാസ്ത്രവിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
നിരീക്ഷണപാടവം, ഒരു പ്രശ്നത്തെ അവലോകനം ചെയ്യുവാനും അതിനുള്ള പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യസംബന്ധമായ പാടവം, വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആശയവിനിമയം നടത്താനുള്ള കഴിവ്, സമകാലിക സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലുള്ള താത്പര്യം എന്നിവയൊക്കെയാണ് ഇക്കണോമിക്സ് പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട വ്യക്തിഗുണങ്ങള്‍.

തൊഴില്‍സാദ്ധ്യത: ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, ഓഹരി വിപണി, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഗവേഷണം, അദ്ധ്യാപനം തുടങ്ങിയ മേഖലകളില്‍ ഇക്കണോമിയില്‍ ഉന്നതപഠനം നേടിയവര്‍ക്കു തൊഴിലവസരം ലഭിക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, റിസര്‍വ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്ലാനിങ്ങ് കമ്മീഷനുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് കമ്പനികള്‍, സാമ്പത്തിക-ബിസിനസ്സ് പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍ എന്നിവിടങ്ങളിലെല്ലാം സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധര്‍ ഉന്നത പദവികള്‍ വഹിച്ചുപോരുന്നു. ദില്ലിയിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് അംപ്ലെഡ് ഇക്കണോമിക്സ് റിസര്‍ച്ച്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങള്‍ ഉന്നത ഗവേഷണത്തിനും കരിയറിനും ഏറെ പ്രാധാന്യം നല്കുന്നവയാണ്.
ആഗോളവത്കരണം ഈ രംഗത്തെ തൊഴില്‍ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നതാണു വസ്തത.

പഠനം: ബിരുദതലത്തില്‍ ബിഎ (ഇക്കണോമിക്സ്) ആണ് അടിസ്ഥാന പഠനമെന്ന് ഏവര്‍ക്കും അറിയാമല്ലോ? കേരളത്തിലെ ഒട്ടുമിക്ക കോളജുകളിലും പഠനാവസരവുമുണ്ട്. എന്നാല്‍ ഇക്കണോമിക്സില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഉന്നതപഠനത്തിനാണു പ്രാമുഖ്യം നല്കേണ്ടത്.
എംഎ (ഇക്കണോമിക്സ്) ആണ് ബിരുദാനന്തര ബിരുദപഠനം. പ്ലസ് ടുവിനുശേഷം എംഎസ്സി (Applical Economics)എന്ന പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സ് പഠിക്കുവാനും അവസരമുണ്ട്. ബിരുദാനന്തരപഠനത്തിനുശേഷം ഗവേഷണബിരുദം (M.Phil) / Ph.D) നേടുവാനും ശ്രമിക്കണം.
മാനേജുമെന്‍റ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ ഇക്കണോമിക്സിനുള്ള പ്രാധാന്യം ഏറെയാണ്. അതിനാല്‍ ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍റര്‍നാഷണല്‍ ബിസിനസ്സ് എന്നിവയിലൊന്നില്‍ സ്പെഷലൈസേഷനോടെ എംബിഎ പഠനം നടത്തുന്നതും ഇക്കണോമിക്സ് ബിരുദധാരികള്‍ക്ക് ഒരു മികച്ച മാര്‍ഗമാണ്.
മാസ്റ്റര്‍ ഓഫ് ഫിനാന്‍സ് കണ്‍ട്രോള്‍ (MFC), മാസ്റ്റര്‍ ഓഫ് ബിസിനസ്സ് ഇക്കണോമിക്സ് (MBE) എന്ന ബിരുദാനന്തരകോഴ്സുകളും മികച്ചവയാണ്.
ഇക്കണോമെട്രിക്സ് (Econometrics) എന്ന ശാഖയും ശ്രദ്ധ അര്‍ഹിക്കുന്നു. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളെ ഉപയോഗപ്പെടുത്തിയുള്ള സാമ്പത്തിക അവലോകനമാണ് ഇക്കണോമെട്രിക്സ് എംഎസ്സി (Applied econmetric) ആണ് ഈ മേഖലയിലെ പഠനം.
ഗവേഷണം, അദ്ധ്യാപനം എന്നീ മേഖലകള്‍ ആഗ്രഹിക്കുന്നവര്‍ യുജിസി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF) എന്നിവ എഴുതണം.
പഠനം എവിടെ? ഇക്കണോമിക്സ് പഠനത്തിനു വ്യാപകമായ അവസരങ്ങളാണുളളത്. എന്നാല്‍ ചില പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടേണ്ടതുണ്ട്.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ്, മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്‍റ് റിസര്‍ച്ച് (IFIDR) എന്നിവയെല്ലാം ഇക്കണോമിക്സിലെ ഉന്നത പഠനകേന്ദ്രങ്ങളാണ്. റിസര്‍വ് ബാങ്കിന്‍റെ കീഴിലുള്ള ഐജിഐഡിആര്‍ ഇവയില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
എംബിഎ പഠനതത്തിനുള്ള ഏറ്റവും മികച്ച പഠനസ്ഥാപനങ്ങള്‍ IIM കളാണെന്ന് അറിയാമല്ലോ? കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)ലൂടെയാണു പ്രവേശനം.

ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ് (IES): കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്‍റെ ഉന്നത തലങ്ങളിലേക്കുള്ള വാതായനമാണ് ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ് പരീക്ഷ. ഇക്കണോമിക്സ് സര്‍വീസിലേക്കും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും ഒരുമിച്ചാണു യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) പരീക്ഷ നടത്തുന്നത്. 21-നും 30-നും മദ്ധ്യേ പ്രായമുള്ളവരും ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം നേടിയവരുമാണ് ഐഇഎസിനു അപേക്ഷായോഗ്യര്‍. സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിനു സ്റ്റാറ്റിസ്റ്റിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടണം.
ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് എഴുത്തുപരീക്ഷ. ചിട്ടയായും കൃത്യമായ പ്ലാനിംഗോടെയും കഠിനപ്രയത്നം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഎസ്സിന് ഒരു തിളക്കമാര്‍ന്ന അവസരം തന്നെയാണ്.

വെബ്സൈറ്റുകള്‍: wwww.upsc.gov.in; www.igidr.ac; www.cds.edu; www.ugc.ac; www.catiim.in.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org