എഫ്ഫാത്താ – സൗഖ്യ ഓർബിറ്റ്

എഫ്ഫാത്താ – സൗഖ്യ ഓർബിറ്റ്

മൂന്നു പതിറ്റാണ്ടിലേറെക്കാലം രോഗശാന്തിക്കായി കാത്തുകാത്തു കിടന്നവനോടൊരു ചോദ്യം: "സുഖം പ്രാപിക്കാന്‍ നിനക്കാഗ്രഹമുണ്ടോ?" ഈ നാളു മുഴുവന്‍ അവിടെ കിടന്നതു സുഖം പ്രാപിക്കാനായിരുന്നില്ല എന്ന മട്ടിലുള്ള ചോദ്യം. ചോദ്യകര്‍ത്താവ് നസ്രായനായ യേശു. സംഭവം നടക്കുന്നതു ബേത്സെഥാ കുളക്കരയില്‍. സുഖത്തിനായി ഇച്ഛിക്കുന്നുവോ എന്നതാണ് അവനോടുള്ള ചോദ്യം. രോഗിയുടെ മനോഭാവത്തിലേക്കാണ് ഇതു മിഴിയുന്നൂന്നത്. രോഗിയായി കുളക്കരയിലെത്തിയിട്ട് 38 വര്‍ഷമായി. ജീവിതത്തിന്‍റെ മുന്തിയ പങ്കും ആസ്വദിച്ചതു കുളക്കരയിലാണ്. രോഗിയായി കുളക്കരയില്‍ കിടക്കുന്നതിനൊരു സുഖമുണ്ട്. അതു തുടര്‍ന്നാല്‍ മതിയോ അതോ കുളക്കരയിലെ സുരക്ഷിത്വം വലിച്ചെറിഞ്ഞിട്ടു ജീവിതത്തിന്‍റെ സാഹസികതയെ സ്വീകരിക്കുവാന്‍ തയ്യാറാണോ? രോഗി എന്ന നിലയില്‍ ഇപ്പോഴനുഭവിക്കുന്ന സുരക്ഷിതത്വം ഉപേക്ഷിക്കാന്‍ മടിയില്ലെങ്കില്‍ സുഖം പ്രാപിക്കാം. ഈ സന്ദേശമാണ് ഈശോ നല്കുന്നത്.

കുളക്കരയിലെ സുഖം വലിച്ചെറിയാന്‍ തയ്യാറായപ്പോള്‍ രോഗി സുഖം നേടി. രോഗക്കിടക്കയുമെടുത്ത് അവന്‍ നടന്നു. നാളിതുവരെ രോഗം അവനെ ചുമന്നു. പക്ഷേ, ഇന്ന് അവന്‍ രോഗത്തെ കൈപ്പിടിയിലൊതുക്കി. രോഗവും ശരീരവും അവന്‍റെ പൂര്‍ണനിയന്ത്രണത്തിലായി. തുറന്ന മനസ്സോടെ സൗഖ്യത്തിനായി ഇച്ഛിച്ചു. അവന്‍റെ ഇച്ഛയുടെ ബലത്തില്‍ രോഗം മാറി സൗഖ്യം ലഭിച്ചു.

സുഖപ്പെട്ടാല്‍ ആരോഗ്യകരമായ ജീവിതം നയിക്കണം. കിടന്ന കട്ടില്‍ ചുമക്കണം. ഉത്തരവാദിത്വങ്ങളും കടമകളും നിറവേററാന്‍ നിര്‍ബന്ധിക്കുന്ന തിരഞ്ഞെടുപ്പാണിത്. കഷ്ടതകള്‍ നിറഞ്ഞ ഏര്‍പ്പാട്. അതുകൊണ്ടു സുഖപ്പെടാന്‍ ഇച്ഛിക്കുന്നില്ല. രോഗിയായി കുളക്കരയില്‍ കിടക്കുന്നതാണ് ആദായകരമെന്ന തോന്നല്‍. അവിടെ അനുകമ്പയും സഹതാപവും പിടിച്ചുപറ്റാം.

ബെത്സെയ്ഥായിലെ രോഗി സുഖം പ്രാപിക്കാനിച്ഛിക്കാതിരുന്നത് അതിനാലാണ്. അതുകൊണ്ടാണവന്‍ ആദ്യം ഒഴികഴിവുകള്‍ നിരത്തിയത്. നിസ്സഹായാവസ്ഥ സംവിധാനത്തിലെ തകരാറുകള്‍ എന്നിവയൊക്കെ ചൂണ്ടിക്കാട്ടി അവിടെത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അവന്‍റെ ആദ്യ ശ്രമവും. സുഖപ്പെടാനുള്ള ഇച്ഛ അവനുണ്ടായിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org