|^| Home -> Suppliments -> Baladeepam -> എല്ലാം വിലയുള്ളതാണ്

എല്ലാം വിലയുള്ളതാണ്

Sathyadeepam

ഗുരുവിനു കുളിക്കണം. കുളിക്കാന്‍ ചൂടുവെള്ളം വേണം. ശിഷ്യന്‍ ഓടിവന്നു. കുളിമുറിയില്‍ വെള്ളം ചൂടാക്കിവെച്ചു. ഗുരു കുളിക്കാന്‍ ചെന്നു. വെള്ളം തൊട്ടുനോക്കി. ചൂടു കൂടുതല്‍. “കുറച്ചു തണുത്തവെള്ളം ഒഴിച്ചേക്കൂ.” ഗുരു പറഞ്ഞു.

ശിഷ്യന്‍ ഒരു പാത്രത്തില്‍ വെള്ളം കോരിക്കൊണ്ടുവന്നു. കുറച്ചു വെള്ളം ചൂടുവെള്ളത്തിലൊഴിച്ചു. ഗുരു വീണ്ടും ചുടുവെള്ളത്തില്‍ തൊട്ടു നോക്കി, എന്നിട്ടു പറഞ്ഞു: “മതി. മതി. ഇപ്പോള്‍ കൃത്യം ചൂടാണ്. ഇനി തണുത്ത വെള്ളമൊഴിക്കണ്ട.

ശിഷ്യന്‍ ഉടന്‍ കൈയിലിരുന്ന പാത്രത്തിലെ തണുത്ത വെള്ളം മുറ്റത്തേക്കൊഴിച്ചു കളഞ്ഞു. പാത്രത്തിന്‍റെ ഭാരം കുറയ്ക്കുകയായിരുന്നു അയാള്‍.

അതുകണ്ട് ഗുരുവിന് കലികയറി. “വിഡ്ഢീ വെള്ളം വെറുതെ കളഞ്ഞോ? അതൊരു മരച്ചുവട്ടിലൊഴിച്ചിരുന്നെങ്കില്‍ ആ മരത്തിന് എത്ര സന്തോഷമാകുമായിരുന്നു. മരം അതു വലിച്ചെടുത്ത് ദാഹം തീര്‍ത്തേനെ, വെള്ളം വെറുതെ കളയാനുള്ളതാണോ?”

ഗുരുവചനം കേട്ട് ശിഷ്യന്‍ തലകുനിച്ചു. തെറ്റു ചെയ്തതോര്‍ത്ത് അയാളുടെ കണ്ണുനിറഞ്ഞു. അയാള്‍ ഗുരുവിനോട് ക്ഷമ ചോദിച്ചു. അപ്പോള്‍ ഗുരു ശാന്തനായി. ശിഷ്യനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. പിന്നെ പറഞ്ഞു.

“ഒരു പാത്രം വെള്ളം മുറ്റത്തൊഴിച്ചതിനല്ല ഞാന്‍ വഴക്കു പറഞ്ഞത്. മനസ്സിലായോ?”

ശിഷ്യന്‍ ഗുരുവിന്‍റെ മുഖത്തു നോക്കി. അദ്ദേഹം തുടര്‍ന്നു പറയുന്നത് കേള്‍ക്കാന്‍ തയ്യാറായി നിന്നു.

“നീ മുറ്റത്തൊഴിച്ച വെള്ളം ഒരു പ്രതീകം മാത്രമാണ്. ഒരു ഉദാഹരണം മാത്രം, അങ്ങനെ വലിച്ചെറിയാന്‍, വെറുതെ കളയാന്‍, ഈ പ്രകൃതിയില്‍ ഒന്നുമില്ല. പ്രകൃതിയില്‍ എല്ലാറ്റിനും വിലയുണ്ട്; സ്ഥാനമുണ്ട്. ഉദ്ദേശ്യമുണ്ട്, മാന്യതയുണ്ട്, മഹത്ത്വമുണ്ട്, പ്രയോജനമുണ്ട്. ഒന്നും ചീത്തയല്ല. മാലിന്യമല്ല. കൊള്ളരുതാത്തതല്ല. വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ എല്ലാം നല്ലതാണ്. ഉപകാരമുള്ളതാണ്.

ഗുരു പറഞ്ഞ കാര്യം ശിഷ്യനു മനസ്സിലായി. മനസ്സിലായപ്പോള്‍ മനസ്സില്‍ വെളിച്ചം വന്നതുപോലെ.

‘ഒരു തുള്ളി വെള്ളത്തെപ്പോലും ബഹുമാനിക്കണം. വേണ്ടതു പോലെ ഗൗനിക്കണം. ഉപയോഗിക്കണം. രക്ഷിക്കണം. എങ്കില്‍ മാത്രമേ നീയും ഞാനും ഈ ആശ്രമവും ഈ ലോകവും നിലനില്ക്കൂ. അതിനുള്ള പരിശ്രമമാണ് ശിഷ്യാ ഏറ്റവും വലിയ ഈശ്വര പൂജ.” ഗുരു പറഞ്ഞു നിര്‍ത്തി.

Leave a Comment

*
*