എമെത് ‘സ്നേഹത്തില്‍ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും’

എമെത് ‘സ്നേഹത്തില്‍ ഒന്നായി യുവത  കരുണയ്ക്കും സാക്ഷ്യത്തിനും’

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര
കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ സെക്രട്ടറി

മുന്‍മൊഴി
കെ.സി.ബി.സി.യുടെ യുവജനവര്‍ഷാചരണത്തിനും കെ.സി.വൈ.എംന്‍റെ റൂബി ജൂബിലി ആഘോഷത്തിനും ആവേശോജ്ജ്വലമായ യുവജന സിനഡിനുംശേഷം 2019-ലെ കെ.സി.വൈ.എം. സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (CBCI) ആപ്തവാക്യമായ 'നാനാത്വത്തില്‍ ഒരുമയോടെ കരുണയ്ക്ക് സാക്ഷികളാകുവാന്‍' എന്നതിന്‍റെ ചുവടു പിടിച്ച് കെ.സി.വൈ.എം. അതിന്‍റെ ആപ്തവാക്യമായി തിരഞ്ഞെടുത്തത് 'സ്നേഹത്തില്‍ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും' എന്നതാണ്. ഉപവിഷയങ്ങളായി കാലിക പ്രസക്തിയുള്ള മതേതര മൂല്യങ്ങളുടെ സംരക്ഷണം, നവമാധ്യമമുന്നേറ്റം, മാലിന്യസംസ്കരണം, യുവജനസിനഡും തുടര്‍പഠനങ്ങളും എന്നിവയും തിരഞ്ഞെടുത്തു.

ഈ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന 'താക്കോല്‍പദം' ആയി ഹെബ്രായ ഭാഷയിലെ എമെത് (സത്യം) എന്ന പദവും ഉള്‍ക്കൊള്ളിച്ചു.

2019 വര്‍ഷത്തെ പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്ര ചോദനമാകേണ്ടത് ഈ ആപ്തവാക്യങ്ങളും ഉപവിഷയങ്ങളും താക്കോല്‍പദവുമാണ്.

സ്നേഹത്തിലൊന്നായി യുവത…
ഐക്യത്തിന്‍റെ സുവിശേഷത്തിന് അടിസ്ഥാനം യേശുവിന്‍റെ പ്രാര്‍ത്ഥനയാണ്. യോഹന്നാന്‍റെ സുവിശേഷം 17-ാം അദ്ധ്യായം 21 മുതല്‍ 23 വരെയുള്ള വാക്കുകളില്‍ അടിസ്ഥാനപ്പെടുത്തിയ ദൈവശാസ്ത്രം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കണം.

'വിഭജിക്കപ്പെട്ട സഭ പാഷണ്ഡതയാണ്' എന്ന് പഠിപ്പിച്ച സഭാപിതാക്കന്മാരുടെ ആഗ്രഹം സഭ ഒന്നായിരിക്കണമെന്നാണ്. ഐക്യത്തിന്‍റെ സദ്വാര്‍ത്തയാണ് സഭയ്ക്ക് ലോകത്തിനു നല്‍കാനുള്ള സമ്മാനം.

കേരളസഭ മൂന്ന് വ്യത്യസ്ത റീത്തുകളാല്‍ സമ്പന്നമാണ്. സീറോ-മലബാര്‍ സഭയിലെ നാല്പതു ലക്ഷവും ലത്തീന്‍ സഭയിലെ ഇരുപതു ലക്ഷവും സീറോ മലങ്കര സഭയിലെ അഞ്ചു ലക്ഷവും വരുന്ന 65 ലക്ഷം കത്തോലിക്കാ വിശ്വാസികളില്‍ 20 ലക്ഷം പേര്‍ യുവജനങ്ങളാണ്. അതായത് 30 ശതമാനത്തിലധികം വരുന്ന യുവജനങ്ങളുടെ പ്രതീക്ഷയേറുന്ന കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് കെ.സി.വൈ.എം. 3 ലക്ഷം ഔദ്യോഗിക അംഗങ്ങളുള്ള മൂന്ന് റീത്തിലെയും കെ.സി.ബി.സി. യുടെ അംഗീകാരമുള്ള യുവജന അംഗത്വം കൊണ്ട് ഭാരവാഹിത്വം കൊണ്ട്, ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് ആഗോളസഭയ്ക്ക് മാതൃകയാകുന്ന സംഘടന.

വ്യക്തിഗതസഭകളുടെ തനിമയും സ്വത്വവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഐക്യത്തോടെ ഒന്നിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ പ്രതീക്ഷയാണ്. കേരളത്തിലെ 32 രൂപതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐക്യത്തിന്‍റെ തേജസ്സുകളുടെ ചരടാണ് കെ.സി.വൈ.എം. എന്ന സം ഘടന.

യുവാവായ ക്രിസ്തുവിനാല്‍ പ്രചോദിതരായി കാലത്തിന്‍റെ പ്രവാചകരാകാന്‍ വിളിക്കപ്പെട്ട യുവത സമുദായത്തിന്‍റെയോ പ്രദേശത്തിന്‍റെയോ പരിമിതികളില്‍ കുടുങ്ങാതെ ചക്രവാളത്തിനുമപ്പുറം (beyond the  horizon) ഐക്യത്തിന്‍റെ നവലോകം പടുത്തുയര്‍ത്താന്‍ സാധിക്കുന്നവരാണ്. യുവജനത്തിന് അതു സാധ്യമാകും. അവര്‍ക്കേ അത് സാധ്യമാകൂ.

ഈ വര്‍ഷത്തെ ആപ്തവാക്യത്തെയും അനുബന്ധ വിഷയങ്ങളെയും ബന്ധിപ്പിക്കുന്ന താക്കോല്‍ വാക്കാണ് എബ്രായ ഭാഷയിലെ 'എമെത്'. സൃഷ്ടിയുടെ വിവരണത്തിലെ സാറാ എലോഗിം ഇയാസോത് (God created to do) എന്ന വാക്യത്തിലെ അവസാന അക്ഷരങ്ങള്‍ കൂടി ചേര്‍ന്നാണ് Emet രൂപപ്പെടുന്നത്. വാക്കിന്‍റെ അര്‍ത്ഥം സത്യം. വാക്കിന്‍റെ ഉല്പത്തി Amen എന്ന വാക്കില്‍ നിന്നും.

ഒന്നാം ഉപവിഷയം – മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണം
ഒരു രാഷ്ട്രത്തിന്‍റെ വിശുദ്ധഗ്രന്ഥം അതിന്‍റെ ഭരണഘടനയാണ്. ഇന്ത്യയെന്ന പരമാധികാരരാഷ്ട്രം അതിന്‍റെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ കടന്നുപോകുന്ന വര്‍ഷമാണ് ഇത്. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം. ഇന്ത്യന്‍ ജനസംഖ്യയിലെ നിര്‍ണ്ണായക പങ്കായ യുവജനം തങ്ങളുടെ വരണാധികാരം ഉപയോഗിക്കുന്ന ഈ പ്രക്രിയയില്‍, ജനാധിപത്യമൂല്യങ്ങളും മതേതരത്വവും കാത്തുപാലിക്കുന്ന സര്‍ക്കാരുകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.

ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ഒരു 'സെക്കുലര്‍' റിപ്പബ്ലിക് ആണെന്ന് പ്രഖ്യാപിക്കുന്നു. സെക്കുലര്‍ എന്ന വാക്ക് ഏറെ വിവാദങ്ങള്‍ക്ക് ഇടംകൊടുക്കുന്ന ഒന്നാണ്. പടിഞ്ഞാറന്‍ ചിന്താരീതിയില്‍ സെക്കുലര്‍ എന്നാല്‍ മതമില്ലായ്മയാണ്. കിഴക്കിന്‍റെ രീതി ശാസ്ത്രമനുസരിച്ച് മതങ്ങളുടെ പരസ്പര ബഹുമാനമാണ്, സഹവര്‍ത്തിത്വമാണ്. ആ അര്‍ത്ഥത്തില്‍ ഭൂരിപക്ഷക്കാര്‍ ന്യൂനപക്ഷക്കാരുടെ കാവല്‍ക്കാരാണ്. നിയമത്തിന് മുന്നില്‍, സര്‍ക്കാരിനു മുന്നില്‍ ഭരണസംവിധാനങ്ങള്‍ക്ക് മുന്നില്‍ ഒരു പൗരന്‍റെ മതം പ്രത്യേക പരിഗണനയ്ക്കോ അവഗണനയ്ക്കോ കാരണമാകാന്‍ പാടില്ല എന്നര്‍ത്ഥം.

ചിലര്‍ ഉപയോഗിക്കുന്ന മതസഹിഷ്ണുത എന്ന വാക്ക് സൂക്ഷിക്കണം. അത് ഒരു മതം മറ്റൊരു മതത്തോട് കാട്ടുന്ന ഔദാര്യമാണ്. അസഹിഷ്ണുതയല്ല മതേതരത്വം. മറ്റു മതങ്ങളുടെ ബഹുമാനമാണ് മതേതരത്വത്തിന്‍റെ അന്തഃസത്തയെങ്കില്‍ സ്വന്തം മതങ്ങളോടുള്ള സ്നേഹം മൂത്ത് മറ്റ് മതങ്ങളെ ശത്രുവായി കാണുകയും അവര്‍ക്കെതിരെ ആയുധമെടുക്കുകയും ചെയ്യുന്ന മതഭ്രാന്തിനെതിരെ നില്ക്കാന്‍ യുവതയ്ക്കാകണം. രാഷ്ട്രത്തിന്‍റെ നിര്‍മ്മിതിയില്‍ പങ്കുകാരാകാന്‍ എല്ലാ മതങ്ങള്‍ക്കും കടമയുണ്ട്. മതങ്ങളുടെ സഹവര്‍ത്തിത്വം അപകടത്തിലാകുന്ന രാഷ്ട്രമീമാംസകരോട് കലഹിക്കുന്ന മനസ്സാണ് രൂപപ്പെടുന്നത്. ഒരു മൃഗത്തിന്‍റെ വിലപോലും മനുഷ്യനില്ല എന്നും ഒരു മതമേ പാടുള്ളൂ എന്നും, മതം അധികാരത്തിലുള്ള ആയുധമാണെന്നുമൊക്കെ ചിലരെങ്കിലും പഠിപ്പിക്കുമ്പോള്‍ മതേതരത്വമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയായി കെസിവൈഎം മാറണം.

രണ്ടാം ഉപവിഷയം- നവമാധ്യമമുന്നേറ്റം
മനുഷ്യന്‍ മാധ്യമജീവിയാണ്. തന്‍റെ ഉള്ളിലുള്ള ആശയങ്ങളെ അവതരിപ്പിക്കാന്‍ അവന്‍ ഒരു മാധ്യമം അന്വേഷിക്കുന്നു. കലയും സാഹിത്യവും രൂപപ്പെടുന്നത് അങ്ങനെയാണ്. ആശയവിനിമയം നടത്താന്‍ മനുഷ്യനുപയോഗിക്കുന്ന സങ്കേതങ്ങളുടെ ചരിത്രം മനുഷ്യന്‍റെ പരിണാമചരിത്രമാണ്. ഒരുപാട് നന്മകള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. പക്ഷെ തെറ്റായ കരങ്ങളില്‍ മാധ്യമങ്ങള്‍ സ്ഫോടനാത്മകമാണ്. ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ക്കായി അത് ഉപയോഗിക്കാം, നിഷേധാത്മകമായ ആശയങ്ങളെ പ്രചരിപ്പിക്കാം, വ്യക്തിഹത്യകള്‍ നടത്താം, എന്തിന് ജനാധിപത്യ പ്രക്രിയകളെപ്പോലും അട്ടിമറിക്കുന്ന പി.ആര്‍. സംരംഭങ്ങളെ രാഷ്ട്രം ഭയക്കണം. അതുകൊണ്ട് കെ.സി.വൈ.എം. ഈ വര്‍ഷം നവമാധ്യമങ്ങളുടെ സാധ്യതകളെ ആരായുന്നു, റേറ്റിംഗ് കൂ ട്ടാന്‍ കത്തോലിക്കാ വിശ്വാസത്തെ നശിപ്പിക്കുന്ന വാര്‍ത്താ അവതരണങ്ങളും മാധ്യമവിചാരങ്ങളും നടക്കുമ്പോള്‍ നവമാധ്യമത്തില്‍ നന്മയ്ക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം കല്പിക്കുന്ന കാലത്ത് വിമര്‍ശനങ്ങളെന്ന പേരില്‍ വിദ്വേഷത്തിന്‍റെ വിഷപ്പുക വമിപ്പിക്കുന്ന മാധ്യമ സംരംഭങ്ങള്‍ക്ക് ക്രിയാത്മകമായി മറുപടി കൊടുക്കുന്ന ഒരു നവമാധ്യമസംസ്കാരം കെ.സി.വൈ.എം. വിഭാവനം ചെയ്യുന്നു. സ്വന്തമായി ഒരു ആപ്ലിക്കേഷനും അത് ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായി ഏറ്റെടുത്തു നടത്താന്‍ എല്ലാ ഫൊറോന സമിതികള്‍ക്ക് ഒരു 'സൈബര്‍ സന്നദ്ധന്‍' ഉണ്ടാവാന്‍ വേണ്ടുന്ന പരിശീലനവും കെസിവൈഎം നടത്തുന്നു.

മൂന്നാം ഉപവിഷയം – മാലിന്യസംസ്കരണം
മറ്റു പല കാര്യങ്ങളില്‍ വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന കേരളം മാലിന്യസംസ്കരണത്തോടുള്ള മനോഭാവത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നു. പ്രതിവര്‍ഷം 6000 ടണ്‍ ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്ന നാടാണ് കേരളം. 999 പഞ്ചായത്തുകളും 53 മുനിസിപ്പാലിറ്റികളും 5 കോര്‍പ്പറേഷനുകളുമടങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പല രീതിയില്‍ ശ്രമിച്ചിട്ടും മാലിന്യ സംസ്കരണത്തിന്‍റെ കാര്യത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.

ഈ ലോകത്ത് വേസ്റ്റ് എന്നൊന്നില്ല. മാലിന്യമെന്ന് കരുതപ്പെടുന്നതെല്ലാം മറ്റു പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്നതാണ്. ആ ഉപയോഗം കണ്ടെത്തുന്നതും അതിലേക്ക് മാലിന്യത്തെ പരിണമിപ്പിക്കുന്നതുമാണ് മാലിന്യ സംസ്കരണം.

മാലിന്യസംസ്കരണം ഒരു നവസംസ്ക്കാരമാക്കി മാറ്റാന്‍ കെ.സി.വൈ.എം. സംസ്ഥാനതലത്തില്‍ ഒരു മുന്നേറ്റം നടത്തുവാന്‍ പോകുന്നു.

നാലാം ഉപവിഷയം – യുവജനസിനഡും തുടര്‍പഠനങ്ങളും
കത്തോലിക്കാസഭയുടെ വലിയ മുക്കുവന്‍ ഫ്രാന്‍സിസ് പാപ്പ വിളിച്ചു ചേര്‍ത്ത യുവജനസിനഡ് 2018 ഒക്ടോബര്‍ 3-ാം തീയതി മു തല്‍ 28-ാം തീയതി വരെ റോമില്‍ നടന്നു. 268 പേര്‍ വോട്ടു ചെയ്ത് പാസാക്കിയ സിനഡ് രേഖയെ പഠിക്കാനും ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുമുള്ള അവസരം കെ.സി.വൈ.എം. 2019 സംസ്ഥാനസമിതി ഒരുക്കുന്നു. "യുവജനങ്ങളും വിശ്വാസവും വിളയുടെ വിവേചനവും" എന്ന വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

Intrumentum Laborium എന്നറിയപ്പെടുന്ന ഒരുക്ക രേഖ തന്നെ ആധുനിക കാലത്തെ യുവജനങ്ങളുടെ അസ്തിത്വവും ലക്ഷ്യവും വിളിയും വിവേചനവും സഭയുമായുള്ള ബന്ധവും വിശ്വാസവും മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍, മുന്‍ഗണനകള്‍, യുവജനനേതാക്കള്‍, യുവജനങ്ങളും ആഗമനവും തുടങ്ങി ഏറെക്കുറെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചു.

യുവജനസിനഡിന്‍റെ അന്തിമരേഖയാവട്ടെ ആധുനികയുഗത്തിലെ യുവജനശുശ്രൂഷയുടെ മാര്‍ഗ്ഗരേഖയായി മാറുന്ന തരത്തില്‍ വിശകലനാത്മകവും വിമര്‍ശനാത്മകവും വിശദീകരണാത്മകവും ആണ്.

ആമുഖം, മുഖമൊഴി
മൂന്ന് ഭാഗങ്ങളിലായി 12 അദ്ധ്യായങ്ങള്‍ ഉപസംഹാരം എന്ന ഘടനയിലാണ് അന്തിമ സിനഡ് രേഖ ഒരുക്കിയിരിക്കുന്നത്.

ജോയേല്‍ 2:28-ല്‍ പറഞ്ഞ പോലെ യുവാക്കള്‍ക്കു ദര്‍ശനമുണ്ടാകുന്നു, വൃദ്ധര്‍ക്ക് സ്വപ്നങ്ങളുണ്ടാകുന്നു. കാലത്തിന്‍റെ അനുഭവമാണ് സിനഡ് പ്രദാനം ചെയ്തതെന്ന ആമുഖവാക്യം മനോഹരം.

മുഖമൊഴിയില്‍ എമ്മാവൂസ് അനുഭവത്തിന്‍റെ യുവജനപക്ഷം ചേര്‍ന്നുള്ള വ്യാഖ്യാനമാണ് മൂന്നു ഭാഗങ്ങളുള്ള തലക്കെട്ടായി മാറിയത്.

ഒന്നാം ഭാഗത്തിന്‍റെ തലക്കെട്ട് "അവന്‍ അവരോടൊപ്പം നടന്നു" ഒന്നാം അദ്ധ്യായത്തില്‍ യുവജനങ്ങളെ ശ്രവിക്കുന്ന സഭയുടെ മനസ്സ് വെളിവാക്കുന്നു. രണ്ടാം അദ്ധ്യായത്തില്‍ ആധുനികതയുടെ നവീനത്വവും അഭയാര്‍ത്ഥികളുടെയും പ്രവാസികളുടെ ആകുലതകളുടെയും അതിനുള്ള സഭയുടെ പ്രവാചകദൗത്യവും എല്ലാത്തരത്തിലുള്ള അതിക്രമണങ്ങളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന യുവതയും എന്നിങ്ങനെ മൂന്ന് നിര്‍ണ്ണായക കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

മൂന്നാം അദ്ധ്യായത്തില്‍ യുവതയുടെ സ്വത്വവും ബന്ധങ്ങളും തലമുറകള്‍ തമ്മിലുള്ള അന്തരവും വേരുകളുമായുള്ള അടുപ്പവും ശരീരത്തിന്‍റെ ആത്മീയതയും ഇന്നത്തെ യുവതയുടെ പ്രത്യേകതകളും ആത്മീയതയും മതാത്മകതയും ആരാധനാക്രമത്തിലെ പങ്കാളിത്തവും ചര്‍ച്ച ചെയ്യപ്പെടുന്നു.

രണ്ടാം ഭാഗത്തിന്‍റെ തലക്കെട്ട് 'അവരുടെ നയനങ്ങള്‍ തുറക്കപ്പെട്ടു.' എമ്മാവൂസ് അനുഭവം തുടരുന്നു. പുതിയ പെന്തക്കോസ്തനുഭവമാണ് യുവത ആഗ്രഹിക്കുന്നത്. ഒന്നാം അദ്ധ്യായത്തില്‍ യുവാവായ യേശു യുവാക്കളുടെ കൂടെയായിരിക്കുന്നതിനെ യുവതയുടെ സവിശേഷതകളെ അതിന്‍റെ ആരോഗ്യകരമായ അസ്വസ്തതകളെ മുറിവേറ്റ അവരുടെ അവസ്ഥകളെ തിരഞ്ഞെടുപ്പിന്‍റെ കാലത്തെ അവരുമായ സംവദിക്കുമ്പോള്‍ സൂക്ഷിക്കേണ്ട പാഠ്യക്രമങ്ങളെ, കുടുംബബന്ധങ്ങളെ, അവരുടെ സ്വാതന്ത്ര്യദാഹത്തെ, ഉത്തരവാദിത്വങ്ങളെ എന്നിങ്ങനെയുള്ളവയെ പരാമര്‍ശിക്കുന്നു.

രണ്ടാമദ്ധ്യായത്തില്‍ വിളിയുടെ രഹസ്യാത്മകതയെന്ന തലക്കെട്ടോടുകൂടി ദൈവവിളിയെപ്പറ്റി പ്രതിപാദിക്കുന്നു. യേശുവിനെ അനുഗമിക്കാനുള്ള വിളി അതിന്‍റെ ആകര്‍ഷണീയത, വിശ്വാസവും വിളിയും ശിഷ്യത്വവും അതിനു മാതൃകയായ പരിശുദ്ധത്തെയും നമ്മുടെ മുമ്പില്‍ സഭ നോക്കിക്കാണുന്നു.

മൂന്നാം അധ്യായത്തില്‍ സഭയുടെ കൂടെ നടക്കാനുള്ള ദൗത്യം എടുത്തു കാട്ടുന്നു. അപ്പം മുറിക്കലില്‍ ഒന്നായി കുടുംബാംഗങ്ങളില്‍നിന്നും സമൂഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ നടക്കാന്‍, ആത്മീയതയുടെ വ്യക്തി പരതയില്‍ സഹകാരിയാവാന്‍ അനുരജ്ഞന കൂദാശയില്‍ പങ്കുചേരാന്‍, സഭാ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവരുടെ രൂപീകരണത്തില്‍ കൂടെയായിരിക്കാന്‍ ഇതൊക്കെ ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്ന് സഭ പ്രത്യാശിക്കുന്നു.

നാലാം അദ്ധ്യായത്തില്‍ വിളിയുടെ വിവേചനധര്‍മ്മം എന്ന കലയെ ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാം ഭാഗം അവര്‍ ഉടന്‍ തന്നെ ജെറുസലേമിലേക്ക് തിരിച്ചു എന്ന തലക്കെട്ടോടുകൂടി വിളിയുടെ തിടുക്കത്തെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിനോടൊപ്പം നടന്നു അവന്‍റെ വാക്കുകേട്ട് അവനാല്‍ നയനങ്ങള്‍ തുറക്കപ്പെട്ടവര്‍ ഉത്ഥിതന്‍റെ സഭയിലേക്ക് സഹോദരങ്ങളുടെ പക്കലേക്ക് തിരിച്ചു വരുന്നു.

ഒന്നാം അദ്ധ്യായത്തില്‍ പ്രേഷിതപരമായ സിനഡാലിറ്റിയെക്കുറിച്ചാണ് പറയുന്നത്. ഇത്തരം സിനഡ് സഭയുടെ പര്യായമായി മാറുകയും കൂടി വരവുകള്‍ സൃഷ്ടിക്കുന്ന ഉന്നതന്‍റെ – ക്രിസ്തുവായ അപരനുമായി, നന്മയുമായി – വിശ്വാസം കൈമാറാനുള്ള അവസരങ്ങളുമെന്ന് സഭ വിശ്വസിക്കുന്നു. പുതിയ പ്രേഷിതഭാവം കണ്ടെത്താന്‍, സംവദിക്കാന്‍, അതിരുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒക്കെയ്ക്കും സഭയ്ക്കും സാധിക്കണം.

രണ്ടാം അദ്ധ്യായത്തില്‍ ആധുനിക ജീവിതത്തിലെ ഒരുമിച്ചുള്ള യാത്രയാണ് വിഷയം. സ്ഥാപനവല്‍ക്കരണത്തില്‍നിന്ന് ബന്ധങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതും ആരാധനാക്രമം കേന്ദ്രസ്ഥാനത്തു വരുന്ന ഒരു യുവജന അജപാലനക്രമം വിളി സംബന്ധമായ ആഭിമുഖ്യത്തോടുകൂടി അതിന്‍റെ സമഗ്രതയില്‍ നല്‍കാന്‍ സഭയ്ക്ക് കടമയുണ്ട്.

മൂന്നാം അദ്ധ്യായത്തില്‍ നവീകരിക്കപ്പെട്ട പ്രേഷിത ഉണര്‍വിനായി സഭ കഠിനമായി പ്രയത്നിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കണം. മുന്‍പു പറഞ്ഞ ആധുനികതയുടെ അതിപ്രസരണത്തില്‍, അഭയാര്‍ത്ഥി പ്രശ്നത്തില്‍ സ്ത്രീപക്ഷവായനകളില്‍, ലൈംഗികതയുടെ നിര്‍ണ്ണയത്തിന്‍റെയും ആധികാരികതയിലും ജോലി, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെയുള്ള സാമൂഹ്യപ്രശ്നത്തിലുള്ള ഇടപെടലിലും ശ്രദ്ധ കൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

നാലാം അദ്ധ്യായത്തില്‍ സമഗ്ര രൂപീകരണമാണ് വിഷയം. പ്രേഷിതത്വം ശിഷ്യഗണത്തെയാണ് രൂപപ്പെടുത്തേണ്ടത്. വിവാഹാന്തസ്സിലേക്കും സമര്‍പ്പിതജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കുമുള്ള ജീവിതത്തിനനുയോജ്യമായ രൂപീകരണം രൂപാന്തരീകരണമായി മാറണം എന്ന് നിഷ്കര്‍ഷിക്കുന്നു. ഈ മൂന്നു തലത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ആ നിര്‍ദ്ദേശം വ്യക്തമാക്കുന്ന രേഖയുടെ അന്തഃസത്ത. വിളിയെപ്പോഴും വിശുദ്ധിയിലേക്കുള്ളതാണെന്നും വിശുദ്ധി കൊണ്ടാണ് ലോകത്തെ ഉണര്‍ത്തേണ്ടതെന്നും അതിനുള്ള മന്ത്രമാണ് സിനഡാലിറ്റിയെന്നും മാര്‍പാപ്പ അതിന്‍റെ ആഴമായ ധ്യാനം ആവശ്യപ്പെട്ടുകൊണ്ടും അന്തിമരേഖ ലോകത്തിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.

പിന്‍മൊഴി
പ്രളയത്തിന്‍റെ കെടുതികള്‍ ഉണ്ടായിരുന്നിട്ടും പൂര്‍വ്വാധികം ഉണര്‍വോടെ യുവജനവര്‍ഷവും കെസിവൈഎം-ന്‍റെ റൂബി ജൂബിലിയും ആഘോഷിച്ചതിനുശേഷം കെസിബിസി യുവജന കമ്മീഷന്‍ 2019 വര്‍ഷത്തെ ഉറ്റുനോക്കുമ്പോള്‍ കെസിവൈഎം, മിജാര്‍ക് സിഎല്‍സി, ജീസസ് യൂത്ത്, ഇഡെന്‍റ യൂത്ത്, എസ്എംവൈഎം, എല്‍സിവൈഎം, എംസിവൈഎം എന്നിവയുടെ കൂട്ടായ നേതൃത്വത്തില്‍ സിനഡാലിറ്റിയെന്ന പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ദൈവം ആഗ്രഹിക്കുമെന്ന് ഉറപ്പുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org