Latest News
|^| Home -> Suppliments -> Baladeepam -> എന്റെ പ്രളയയാത്ര

എന്റെ പ്രളയയാത്ര

Sathyadeepam

ജോസ്മോന്‍, ആലുവ

2018 ആഗസ്റ്റ് പകുതിയോടെ നിങ്ങളെ സന്ദര്‍ശിക്കാനെത്തിയ മലവെള്ളത്തില്‍ ഞാനുമുണ്ടായിരുന്നു. നിങ്ങളുടെ നാട്ടിന്‍പുറങ്ങളിലും നഗരപ്രാന്തങ്ങളിലും ഞാന്‍ കയറിയിറങ്ങി. പാടത്തും പറമ്പിലും വീട്ടിലും അടുക്കളയിലും ഞാന്‍ കയറി. നിങ്ങളുടെ അരിപ്പെട്ടിയിലും കഞ്ഞിക്കലത്തിലും കറിച്ചട്ടിയിലും വരെ ഞാന്‍ സ്ഥാനം പിടിച്ചു. ഒരുപക്ഷെ, വെള്ളം വന്നേക്കുമെന്ന് നിങ്ങള്‍ ഭയന്നുവെങ്കിലും എന്നെ നിങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല.

ഒരു വീട്ടിലെ അടുക്കളയില്‍ രണ്ട് വലിയ ഫ്രിഡ്ജ് കണ്ട് ഞാന്‍ ഞെട്ടി. വെറും 3 പേര്‍ മാത്രമുള്ള വീട്ടില്‍ 30 പേര്‍ക്ക് കഴിക്കുവാനുള്ള ഭക്ഷണസാധനങ്ങള്‍…? മട്ടനും, ചിക്കനും, ബീഫും, പോര്‍ക്കും… അങ്ങനെ പലതും. എല്ലാറ്റിന്‍റെയും മുകളിലൂടെ ഞാന്‍ ഒഴുകി നടന്നു. എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ ഞാന്‍ അവയെല്ലാം മൂടിപ്പൊതിഞ്ഞുവച്ചു. “എന്തിനാണ് ഇത്രയും ഭക്ഷണസാധനങ്ങള്‍ വാങ്ങി കൂട്ടിയിരിക്കുന്നത്?” ഞാന്‍ ചിന്തിച്ചു. വിശപ്പ് സഹിക്കാനാവാതെ അല്പം ഭക്ഷണം മോഷ്ടിച്ചതിന്‍റെ പേരില്‍ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന നാടല്ലേ; ഇതെന്ന് ഞാനോര്‍ത്തുപോയി. പക്ഷെ, നിങ്ങള്‍ക്കെന്നെ എന്തു ചെയ്യാന്‍ പറ്റി?

ദേഷ്യവും സങ്കടവും സഹിക്കാനാവാതെ കണ്ണില്‍ കണ്ട വീട്ടുസാധനങ്ങളും കബോഡിലുള്ള പുത്തന്‍ പാത്രങ്ങളിലും ഞാന്‍ പ്രവേശിച്ചു. സെറ്റിയും മെത്തയും തലയിണയുമെല്ലാം ഞാന്‍ കുളിപ്പിച്ച് മെനയാക്കി. ടി.വി., വാഷിംഗ് മെ ഷീന്‍, മോട്ടോര്‍, മിക്സി എന്തിന് പണപ്പെട്ടിയിലും ആഭരണപ്പെട്ടിയിലും പലഹാരപ്പെട്ടിയിലും വരെ ഞാന്‍ അനായാസം പ്രവേശിച്ചു. എന്നെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നെ തിരിച്ചറിയാന്‍ പോലും നിങ്ങള്‍ക്കായില്ല. കാരണം ഞാനെത്തിയത് എന്‍റെ പ്രിയപ്പെട്ട ചങ്ങാതി മലവെള്ളത്തോടൊപ്പമാണ്. അതിനാല്‍ ഏതു ചെറിയ വിടവിലൂടെയും സുഷിരങ്ങളിലൂടെയും എനിക്ക് ഉള്ളില്‍ പ്രവേശിക്കാനായി.

വീടിന്‍റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു. ഞങ്ങളെ കണ്ടപാടെ വീട്ടുകാര്‍ ഭയന്നുവിറച്ച് എവിടേക്കോ പൊയ്ക്കളഞ്ഞു. ഉടുതുണിയില്ലാതെ വേറൊന്നും എടുക്കാനാവാതെ അവര്‍ ജീവനും കൊണ്ടോടി. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച ആവേശത്താല്‍ സര്‍വ്വസ്വതന്ത്രരായി ഞങ്ങള്‍ വീടിനുള്ളില്‍ ഒഴുകി നടന്നു. അപ്പോള്‍ ഞങ്ങള്‍ മറ്റൊരു കാഴ്ച കണ്ടു.

വീട്ടിലെ നാല് അലമാര നിറയെ സാരികള്‍… ഏകദേശം രണ്ടായിരം സാരിയെങ്കിലും കാണും. പുതുപുത്തന്‍ കാഞ്ചിപുരം, ബനാറസ് പട്ടുസാരികള്‍. വീട്ടിലാണെങ്കില്‍ അപ്പനും അമ്മയും ഒരു മകനും മാത്രം. “എത്രയോ മനുഷ്യര്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുമ്പോള്‍ ഒരു വീട്ടമ്മയ്ക്ക് എന്തിനാ ഇതിനും മാത്രം സാരികള്‍?” മറ്റൊന്നും ചിന്തിച്ചില്ല. സര്‍വ്വസാരിയിലും ഞാന്‍ കയറി മെഴുകി.

മാത്രമല്ല, കൊട്ടാരസദൃശ്യമായ ഇരുനില വീട്ടില്‍ പത്ത് മുറികള്‍. മിക്കതിലും ശീതീകരണ സംവിധാനങ്ങള്‍. “എന്തിനാണാവോ ഇത്രയും മുറികള്‍?” ഞാന്‍ ചുറ്റുപാടും നോക്കി. എല്ലാ വീടുകളും കൊട്ടാരങ്ങള്‍. അകലെ മാറി ഒരു കോളനി കാണാം. അവിടെ വെള്ളത്തില്‍മുങ്ങികൊണ്ടിരിക്കുന്ന കുറെ ചെറ്റക്കുടിലുകള്‍. എന്‍റെ ഹൃദയം നുറുങ്ങി.

വീട്ടുകാര്‍ക്കു വേണ്ടി ഞങ്ങള്‍ മൂന്നു മുറികള്‍ ഒഴിച്ചിട്ടു. പിന്നീട് മാട്ടുപ്പെട്ടി, മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍നിന്നും പെരിയാറ്റിലൂടെ നീന്തിതുടിച്ച് ഞങ്ങള്‍ക്കൊപ്പം കൂടിയ ഇരുതലമൂരി, അട്ട, അണലി, എട്ടടി മൂര്‍ഖന്‍, പെരുംപാമ്പ്, എലി, ചേര, നീര്‍ക്കോലി എന്നിവര്‍ ബാക്കി മുറികള്‍ പങ്കിട്ടു.

അലമാരയിലെ പട്ടുസാരിയുടെ മുകളില്‍ അട്ട കയറിക്കിടന്നുവെങ്കിലും അത് മെത്തയാണെന്ന് തെറ്റിദ്ധരിച്ച് അടുക്കളയില്‍ ചെന്ന് കഞ്ഞിക്കലത്തില്‍ കയറി വാസമുറപ്പിച്ചു. ലക്ഷങ്ങള്‍ വിലവരുന്ന ആകര്‍ഷകമായ കരകൗശല വസ്തുക്കളും ട്രോഫികളും ഒഴുകിപ്പോയതിനാല്‍ ഒഴിവുവന്ന ഷോ കെയ്സില്‍ താമസിക്കാന്‍ മൂര്‍ഖന്‍പാമ്പ് തീരുമാനിച്ചു. ഇരുതലമൂരി പഞ്ചസാര പാത്രത്തില്‍ കയറി ഒളിച്ചു. വീടിന്‍റെ ഇരുനിലകളിലുമായി എലികള്‍ തലങ്ങും വിലങ്ങും ഓടിക്കളിച്ചു. അത്താഴം മുടക്കി നീര്‍ക്കോലി അത്യാധുനിക ഗ്യാസ്സ് സ്റ്റൗവിന്‍റെ മുകളില്‍ വട്ടം കിടന്നു. പെരുംപാമ്പാകട്ടെ വലുപ്പം കണ്ട് ബെഡ്റൂമാണെന്ന് വിചാരിച്ച് ബാത്ത് റൂമില്‍ ഒഴുകിയെത്തിയ പഞ്ഞിമെത്തയില്‍ അല്പം അഹങ്കാരത്തോടെ ഞെളിഞ്ഞു കിടന്നു.

രാജകീയപ്രൗഢിയില്‍ ആ കൊട്ടാരത്തില്‍ കഴിഞ്ഞ മൂന്നു ദിനങ്ങള്‍. ജീവിതത്തില്‍ ഒരിക്കലും എനിക്ക് മറക്കാനാവില്ല. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ആഘോഷതിമിര്‍പ്പില്‍ മൂന്നാം നാള്‍ രാത്രി ഞങ്ങള്‍ എല്ലാം മറന്നുറങ്ങി. നാലാം ദിവസം നേരംപുലര്‍ന്നപ്പോള്‍ എന്‍റെ പ്രിയ ചങ്ങാതിയെ കാണാനില്ല. എന്നെ കൂട്ടാതെ അവന്‍ വീട്ടില്‍നിന്നും ഇറങ്ങിപൊയ്ക്കളഞ്ഞു. കൂട്ടത്തില്‍ മറ്റുള്ളവരും. ഞാന്‍ തനിച്ചായി തീര്‍ത്തും ഒറ്റപ്പെട്ടു.

അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ ദൂരെ നിന്നും ഒരലര്‍ച്ച. ആരോ നിലവിളിച്ചുകൊണ്ട് ഓടിവരികയാണ്. “ദൈവമെ, നീ എല്ലാം എടു ത്തു കൊണ്ടുപോയല്ലോ? ഒരായുസ്സ് മുഴുവന്‍ ചോര നീരാക്കി ഞാന്‍ സ്വരുക്കൂട്ടി യ എന്‍റെ സമ്പാദ്യം, എന്‍റെ അധ്വാനം, എന്‍റെ വീട് എല്ലാം ഒന്നിരിട്ടി വെളുത്തപ്പോള്‍… നീ” വീട്ടുകാര്‍ ദൈവത്തോട് പരാതിപ്പെട്ടു.

ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കാനാണ് എങ്കിലും ഞാന്‍ ചില സാന്ത്വനവാക്കുകള്‍ പറയാന്‍ ശ്രമിച്ചു. “ദൈവം ഒന്നും കൊണ്ടുപോയതല്ല കേട്ടോ. ഒഴുകിപോകാന്‍ അനുവദിക്കാതെ ഡാമുകളില്‍ കെട്ടിനിര്‍ത്തിയമഴവെള്ളം ഒരു സുപ്രഭാതത്തില്‍ ഒരുമിച്ചു തുറന്നുവിട്ടപ്പോള്‍ നാം വെള്ളത്തിനടിയിലായതാ. നാം കുഴിച്ച കുഴിയില്‍ നാം തന്നെ വീണു. അതാണ് സംഭവിച്ച ത്. പോട്ടെ, സാരമില്ല… എങ്കിലും എന്‍റെ ചങ്ങാതി നല്ലവനാ. ആര്‍ക്കും കൊടുക്കാതെ കൂട്ടിവച്ചത് മാത്രമാണ് അവന്‍ കൊണ്ടുപോയത്. നിങ്ങള്‍ക്ക് ജീവിക്കാനുള്ള വക അവന്‍ ബാക്കി വച്ചിട്ടുണ്ട്.”

വീട്ടുകാര്‍ എന്‍റെ ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തുന്നത് ഞാന്‍ കണ്ടു. സര്‍വ്വമാലിന്യങ്ങളും കലക്കി മറിച്ചു കൊണ്ടല്ലേ ഞാന്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചത്. എല്ലാത്തരം മാലിന്യങ്ങള്‍ക്കും മാപ്പ്. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും, അളക്കുന്ന അളവില്‍ തന്നെ…” ഇനിയെങ്കിലും മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കണെ…

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതോ നാട്ടില്‍ നിന്നും വന്ന കുറെ സന്നദ്ധ സേവകര്‍ എന്നെ വീട്ടില്‍നി ന്നും പറമ്പില്‍നിന്നും കോരിയെടുത്ത് മുനിസിപ്പാലിറ്റി വണ്ടിയില്‍ കയറ്റി. നിങ്ങളെ വിട്ടുപിരിഞ്ഞ് ഞാന്‍ യാത്രയായി.

“ഇനിയെങ്കിലും പറയാമോ… ഞാന്‍ ആരാണെന്ന്? എന്നെ ചവിട്ടിയാല്‍ നിങ്ങള്‍ താഴ്ന്നുപോകും. തിരിച്ചറിയുമ്പോള്‍ ഒരുപക്ഷെ, നിങ്ങള്‍ എന്നെ പുച്ഛിച്ചേക്കാം. എന്നോട് അറപ്പ് തോന്നിയേക്കാം. സാരമില്ല, എങ്കിലും ഞാന്‍ എന്നെ വെളിപ്പെടുത്താം… ഞാനാണ് ‘ചെളി’. എന്‍റെ പ്രിയചങ്ങാതി മലവെള്ളത്തോടൊപ്പം എത്തിയത് ഞാനായിരുന്നു. എങ്കി ലും ഒരു കാര്യം ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ, പെരിയാറും പമ്പയും വീട്ടിലും പറമ്പിലും നിക്ഷേപിച്ചതിനേക്കാള്‍ എത്രയോ അധികമാണ് നിങ്ങളുടെ ഉള്ളിലെ ചെളി. അത് എന്നാണാവോ നീക്കം ചെയ്യുന്നത്?

ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അത് ഒരിക്കലും നീക്കാനാവില്ല. അത് നിങ്ങള്‍ സ്വയം എടുത്തു കളയണം. കളയില്ലേ? പ്ലീസ്… ചെളി കെഞ്ചി പറഞ്ഞു.

Leave a Comment

*
*