യുവതലമുറയുടെ ‘അപസ്മാരം’

യുവതലമുറയുടെ ‘അപസ്മാരം’

റൈഫന്‍ ആട്ടോക്കാരന്‍

വി. മത്തായിയുടെ സുവിശേഷം 17-ാം അദ്ധ്യായം 14 മുതലുള്ള തിരുവചനങ്ങള്‍ പിശാച് ബാധിതനായ മകനെയോര്‍ത്ത് ആകുലപ്പെടുന്ന പിതാവിന്റെ കണ്ണീര്‍ ചിത്രത്താല്‍ ശ്രദ്ധേയമാണ്. മകന്‍ സ്വയം നിയന്ത്രിക്കാനാവാതെ സ്വയം തീയിലേക്ക് വീഴുന്നതും വെള്ളത്തിലേക്കു ചാടുന്നതും അതുവഴി നഷ്ടപ്പെടുത്തുന്ന ശ്രേഷ്ഠജീവിതവും – കണ്ടുനില്‍ക്കുന്ന മാതാപിതാക്കള്‍. യുവതിയുവാക്കളായിട്ടുള്ള നാലു മക്കളുടെ പിതാവായ ഞാന്‍ പോലും മരവിപ്പിന്റെ ഒരു നിമിഷത്തിലൂടെ കടന്നുപോയി.
നിയന്ത്രണശേഷി നഷ്ടപ്പെടുന്ന ഒരു യുവതലമുറ ഇന്നും… ഇവരും ഒരു തരത്തില്‍ അപസ്മാരരോഗികളല്ലേ… സൗഖ്യം കൊടുക്കാന്‍ പറ്റാത്ത ആ ശിഷ്യഗണത്തെപ്പോലെ നെഞ്ചില്‍ തീയും പേറി നിയന്ത്രണ ശേഷി നഷ്ടപ്പെട്ട് മാതാപിതാക്കള്‍ മറുഭാഗത്ത്. എന്താണ് യുവതലമുറയുടെ മുമ്പിലെ തീയും വെള്ളവും? ഈ ലോകം മാടിവിളിച്ചു നല്കുന്ന നൈമിഷിക സുഖങ്ങള്‍, സ്വയം മറന്നുള്ള ആനന്ദലഹരിയില്‍ ബന്ധങ്ങള്‍പോലും തിരിച്ചറിയാന്‍ ആവാതെ പോകുന്നുവോ? മാതാപിതാക്കള്‍ തങ്ങളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും അയല്‍പക്കങ്ങള്‍ക്കും ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ക്കും നല്കിയ ബഹുമാനവും ആദരവും ഈ മക്കള്‍ കണ്ടത് ഇങ്ങനെയാണോ?
പൂഴിയില്‍ പണിയുന്ന തറയില്‍നിന്ന് മാളിക ഉയരുകയില്ല എന്ന തിരിച്ചറിവ് യുവതലമുറയ്ക്കു നഷ്ടപ്പെട്ടതാണോ; മാതാപിതാക്കള്‍ അനുഭവങ്ങളിലൂടെ പകര്‍ന്നു കൊടുക്കാത്തതാണോ?
മരണത്തിന്റെ ദിനങ്ങള്‍ എണ്ണി ഈ ലോകത്തോട് വിടപറയാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് നോക്കി കണ്ണുനീര്‍ തുള്ളികള്‍ കവിള്‍തടങ്ങളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ചുറ്റും തിരയുകയാണ് – സ്വന്തം മകന്റെ കരങ്ങള്‍ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍. എന്നാല്‍ അവന്‍ അപ്പോള്‍ അതിമോഹങ്ങളുടെ ഭണ്ഡാരം തുറന്ന് കളിക്കൂട്ടുകാരിയുമൊത്ത് ജഡികാസക്തിയുടെ ദാഹം തീര്‍ക്കാന്‍ എവിടെയോ മറഞ്ഞിരിക്കുന്നു.
ഇന്നിന്റെ യുവതലമുറയുടെ 'അപസ്മാരം' വികാരങ്ങള്‍ അടുക്കാന്‍ പറ്റാത്ത വിധത്തില്‍ നഷ്ടപ്പെട്ടുപോയ സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥ.
♠) സ്വപ്നങ്ങളിലെ സത്യത്തിന്റെ തിരിച്ചറിവില്ലായ്മ
♠) തിരുത്തലുകളും ശാസനകളും എന്നെ കൊച്ചാക്കുകയല്ലെ എന്ന തോന്നലുകള്‍
♠) പുരോഗതിയും വളര്‍ച്ചയും എനിക്കു മാത്രമണെന്ന സ്വാര്‍ത്ഥ ചിന്ത.
♠) സംസാരവും കേള്‍വിയും സ്പര്‍ശനവും എനിക്കു മാത്രം സുഖം നല്കണമെന്ന ആധിപത്യഭാവം.
♠) വെട്ടുക, തട്ടുക, നിലം പരിശാക്കുക ഇവ മൂന്നും എന്നില്‍ ആലേഖനം ചെയ്യപ്പെട്ട മുദ്രയാക്കുവാനുള്ള അകാരണമായ പരിശ്രമം.
മാതാപിതാക്കളെ ഇവിടെയൊന്നു കുറിക്കട്ടെ. മക്കള്‍ക്ക് ജന്മം കൊടുക്കുകയെന്നതല്ല പ്രധാനം. മറിച്ച് ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും ക്രിസ്തീയമൂല്യങ്ങള്‍ പകര്‍ന്നു നല്കിക്കൊണ്ട് പരസ്പരം സ്‌നേഹിക്കുന്ന ക്ഷമിക്കുന്ന വിളക്കുകൊളുത്തി പീഠത്തില്‍ വെച്ച് പഠിപ്പിക്കുന്ന, ക്രിസ്തുമുഖം നല്കുന്നവരാകാനാകണം. അവര്‍ക്കു അപസ്മാരരോഗിയെ സൗഖ്യപ്പെടുത്താന്‍ കഴിയും. വിശ്വസിക്കുന്നവരുടെ കൂടെ ഈ അടയാളം ഉണ്ടായിരിക്കും (മര്‍ക്കോസ് 16:17).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org