ഈശോ കൂട്ടിനുണ്ട്

ഈശോ കൂട്ടിനുണ്ട്

ഈശോ കൂട്ടിനുണ്ട് എന്ന അനുഭവമാണ് ആത്മീയതയുടെ അടിസ്ഥാനം. അത് ആത്മാവിനു ബലവും കരുത്തും നല്കുന്നു. ഈശോയോടുകൂടെയും ഈശോയിലും ജീവിക്കുക എന്നത് ഈ ലോകത്ത് ഏറ്റം ആനന്ദകരമായ ജീവിതംതന്നെയാണ്. വി. ഡൊമിനിക് സാവിയോയുടെ ജീവിതത്തിലെ ഒരു സംഭവം നോക്കാം. ഡൊമിനിക്കിന് ആരോഗ്യം തീരെ കുറവായിരുന്നു. സ്കൂളിലേക്കു രണ്ടു മൈല്‍ ദൂരം നടക്കണം. കഠിനമായ തണുപ്പിലും ചൂടിലുമൊക്കെ തനിച്ചു നടന്നു വേണം സ്കൂളിലെത്താന്‍. ഒരു ദിവസം ഉച്ചയ്ക്കു രണ്ടു മണി സമയം. നല്ല ചൂടുള്ള ദിവസം, അവന്‍ തനിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ അവനെ സമീപിച്ചു ചോദിച്ചു: "ഇങ്ങനെ തനിയെ നടക്കുന്നതിനു ഭയമില്ലേ?" അവന്‍റെ മറുപടി ഇങ്ങനെ: "ഞാന്‍ തനിച്ചല്ല സര്‍, എന്‍റെ കാവല്‍ ദൂതനും കൂടെയുണ്ട്." "കൊള്ളാം എങ്കിലും എല്ലാ ദിവസവും പല പ്രാവശ്യം ഇങ്ങനെ നടക്കുന്നതു വളരെ പ്രയാസമുള്ള കാര്യമല്ലേ?" "ഓ, അല്ല; നല്ല പ്രതിഫലം തരുന്ന ഒരു യജമാനനുവേണ്ടി വേല ചെയ്യുമ്പോള്‍ ഒന്നും പ്രയാസമുള്ളതല്ല." "ആരാണു കുഞ്ഞേ ആ യജമാനന്‍?" "അതറിയില്ലേ, നമ്മുടെ നല്ല ദൈവം തന്നെ." ഈശോയുടെ കൂടെ നടക്കുന്നതാണ് ഇഹത്തില്‍ ഒരാത്മാവിനു കൈവരിക്കാവുന്ന ഏറ്റം വലിയ ആനന്ദമെന്ന് ആ വിശുദ്ധ ബാലന്‍ ചെറുപ്പത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞിരുന്നു. സ്കൂളിലെക്കു പോകുംവഴി ഉണ്ണീശോയെയും കാവല്‍ദൂതനെയും പരി. അമ്മയെയും കൂട്ടിനു വിളിച്ചുകൊണ്ട് അവരുടെ കൂടെ കൊച്ചുകൊച്ചു സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടു പോകുമായിരുന്നു സാവിയോ. ഈശോ കൂടെ നടന്നു തന്‍റെ വിശുദ്ധാത്മാക്കളെ പഠിപ്പിക്കുന്നു, ദൈവികജ്ഞാനം കൊണ്ടു നിറയ്ക്കുന്നു, ആത്മീയസത്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org