എസ്തേര്‍

എസ്തേര്‍

ബൈബിൾ വനിതകൾ

ജെസ്സി മരിയ

അഹസ്വേരൂസ് പേര്‍ഷ്യന്‍ രാജാവായിരുന്ന കാലത്ത് (ബിസി 485-465) പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വസിച്ചിരുന്ന യഹൂദര്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുമെന്ന ഭീഷണിയുണ്ടായി. എന്നാല്‍ ബെഞ്ചമിന്‍ ഗോത്രജനായ മൊര്‍ദെകായുടെ ദത്തുപുത്രിയായിരുന്ന എസ്തേര്‍ എന്ന യുവതിവഴി അത്ഭുതകരമായി യഹൂദര്‍ നാശത്തില്‍ നിന്നു രക്ഷപ്പെട്ടു. മൊര്‍ദെകായ് രാജാവിന്‍റെ അന്തഃപുര വിചാരിപ്പുകാരനായിരുന്നു. ഒരിക്കല്‍ അഹസ്വേരൂസ് രാജാവു തന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനമായ സൂസായിലുണ്ടായിരുന്ന സകലര്‍ക്കുംവേണ്ടി കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍ വച്ച് ഒരു വിരുന്നു നടത്തി. ഏഴു ദിവസം നീണ്ടുനിന്ന വിരുന്ന്. ഏഴാം ദിവസം വീഞ്ഞു കുടിച്ചു മത്തനായപ്പോള്‍ തന്‍റെ ഭാര്യയായ വാഷ്നിരാജ്ഞിയുടെ സൗന്ദര്യം പ്രജകള്‍ക്കും പ്രഭുക്കന്മാര്‍ക്കും കാണിച്ചുകൊടുക്കുവാന്‍ വേണ്ടി അവളെ രാജകീയ കിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ ആനയിക്കാന്‍ അവന്‍ കല്പിച്ചു. രാജ്ഞി അതീവസൗന്ദര്യവതിയായിരുന്നു. അവള്‍ വരാന്‍ വിസമ്മതിച്ചു. തന്മൂലം രാജാവു കോപിച്ചു. കൊട്ടാരത്തിലെ ജ്ഞാനികളുടെയും പ്രഭുക്കന്മാരുടെയും ഉപദേശപ്രകാരം അവളെ രാജ്ഞീപദത്തില്‍നിന്ന് ഒഴിവാക്കി. അവള്‍ക്കു പകരം രാജ്ഞിയായി ഒരു കന്യകയെ തിരഞ്ഞെടുക്കുന്നതിനു രാജ്യത്തെ സകല പ്രവിശ്യകളിലും നിന്നു സൗന്ദര്യമുള്ള സകല യുവകന്യകമാരെയും തലസ്ഥാനമായ സൂസായില്‍ കൊണ്ടുവന്നു 12 മാസം താമസിപ്പിച്ചു. ഈ കന്യകമാരുടെ ചുമതല രാജാവിന്‍റെ ഷണ്ഡനായ ഹഗായിക്കായിരുന്നു. ഈ കന്യകമാരുടെ കൂട്ടത്തില്‍ മൊര്‍ദെകായിയുടെ വളര്‍ത്തുപുത്രിയായ എസ്തേറും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ മരിച്ചുപോയ ആ യുവതി സുന്ദരിയും സുമുഖിയുമായിരുന്നു. മൊര്‍ദെകായ് അവളെ സ്വന്തം മകളായി സ്വീകരിച്ചു വളര്‍ത്തിയിരുന്നു. എസ്തേറിന്‍റെ രൂപലാവണ്യവും പെരുമാറ്റവും ഹഗായിക്ക് ഇഷ്ടപ്പെടുകയും അവള്‍ അവന്‍റെ പ്രീതി നേടുകയും ചെയ്തു. തന്‍റെ വംശമോ കുലമോ എസ്തേര്‍ ആര്‍ക്കും വെളിപ്പെടുത്തിയില്ല. അത് ആരോടും പറയരുതെന്നു മൊര്‍ദെകായ് അവളോടു പറഞ്ഞിരുന്നു. രാജാവു മറ്റെല്ലാ കന്യകമാരെയുംകാള്‍ എസ്തേറിനെ സ്നേഹിച്ചു. അവന്‍റെ മുമ്പില്‍ മറ്റെല്ലാവരെയുംകാള്‍ പ്രീതിയും ആനുകൂല്യവും അവള്‍ നേടി. അവളുടെ സൗന്ദര്യവും കുലീനമായ പെരുമാറ്റവുമെല്ലാം അവനെ കൂടുതല്‍ ആകര്‍ഷിച്ചു. അവന്‍ രാജകീയകിരീടം അവളുടെ തലയില്‍ വച്ചു വാഷ്നിക്കു പകരം അവളെ രാജ്ഞിയാക്കി.

അഹസ്വേരൂസ് രാജാവിന്‍റെ ഉന്നത സ്ഥാനപതിയായിരുന്നു ഹാമാന്‍. കൊട്ടാരത്തില്‍ മറ്റു പ്രഭുക്കന്മാരേക്കാള്‍ ഉന്നതനും ബഹുമാന്യനുമായിരുന്ന അവനെ കൊട്ടാരവാതില്ക്കലുണ്ടായിരുന്ന സകല രാജസേവകന്മാരും കുമ്പിട്ട് ആദരം കാണിച്ചിരുന്നു. എന്നാല്‍ കൊട്ടാരവാതില്ക്കല്‍ നിന്നിരുന്ന മൊര്‍ദെകായ് അവന്‍റെ മുമ്പില്‍ മുട്ടുമടക്കുകയോ അവനെ വണങ്ങുകയോ ചെയ്തിരുന്നില്ല. തന്മൂലം ഹാമാന്‍ ക്രുദ്ധനായി. മൊര്‍ദെകായെ മാത്രമല്ല, അവന്‍റെ വംശത്തെയും വേരോടെ നശിപ്പിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അവന്‍ അതിനു വേണ്ടി ഗൂഢതന്ത്രങ്ങള്‍ മെനയുകയും രാജാവില്‍നിന്ന് അവനെ നശിപ്പിക്കാനുള്ള കല്പന നേടിയെടുക്കുകയും ചെയ്തു. സകല യഹൂദരെയും യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഒറ്റ ദിവസംകൊണ്ടു നശിപ്പിക്കുന്നതിനും കൊല്ലുന്നതിനും വംശനാശം വരുത്തി അവരുടെ വസ്തുവകകള്‍ കൊളളയടിക്കുന്നതിനും രാജാവിന്‍റെ സകല പ്രവിശ്യകളിലേക്കും രാജമോതിരംകൊണ്ടു മുദ്രവച്ച കത്തുകള്‍ ദൂതന്മാര്‍ വഴി അയച്ചു. സൂസാനഗരം അസ്വസ്ഥമായി.

യഹൂദരുടെയിടയില്‍ ഉപവാസവും കരച്ചിലും നിലവിളിയുമുണ്ടായി. മൊര്‍ദെകായ് വസ്ത്രം കീറി, ചാക്കുടുത്ത്, ചാരം പൂശി അത്യുച്ചത്തില്‍ നിലവിളിച്ചുകൊണ്ടു നഗരത്തിലൂടെ നടന്നു. തോഴിമാരില്‍നിന്നും ഷണ്ഡന്മാരില്‍നിന്നും വിവരമറിഞ്ഞ എസ്തേര്‍ അത്യന്തം ദുഃഖിതയായി. അവള്‍ രാജാവിന്‍റെ ഷണ്ഡന്മാരിലൊരുവനായ ഹഥാക്കിനെ വിളിച്ചു കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്നറിയാന്‍ അവനെ മൊര്‍ദെകായുടെ അടുക്കലേയ്ക്ക് അയച്ചു. മൊര്‍ദെകായ് തങ്ങളെ നശിപ്പിക്കുവാന്‍ സൂസായില്‍ പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിന്‍റെ പകര്‍പ്പ് അവനെ ഏല്പിച്ചു. രാജാവിനോട് സംസാരിച്ചു തന്‍റെ ജനത്തെ രക്ഷിക്കാനുള്ള കടമ അവന്‍ അവളെ ഓര്‍മിപ്പിച്ചു. ഹഥാക്ക് ചെന്ന് മൊര്‍ദെകായ് പറഞ്ഞതെല്ലാം എസ്തേറിനെ അറിയിച്ചു; അവള്‍ ദുഃഖിതയായി.

അനുവാദമില്ലാതെ ആരെങ്കിലും രാജസന്നിധിയില്‍ ചെന്നാല്‍ രാജാവു തന്‍റെ സ്വര്‍ണ ചെങ്കോല്‍ അവരുടെ നേരെ നീട്ടുന്നില്ലെങ്കില്‍ അവന്‍ വധിക്കപ്പെടണം. ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്. എന്നിട്ടും അവള്‍ രാജസന്നിധിയില്‍ പോകുവാന്‍ തീരുമാനിച്ചു. മൂന്നു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം അവള്‍ രാജാവിന്‍റെ മുന്നില്‍ ചെന്നു. രാജാവ് അവളെ ഉഗ്രകോപത്തോടെ നോക്കി. അവള്‍ തളര്‍ന്നു ബോധരഹിതയായി; രാജാവു പരിഭ്രമത്തോടെ സിംഹാസനത്തില്‍നിന്നു ചാടിയെഴുന്നേറ്റ് അവള്‍ക്കു ബോധം വരുന്നതുവരെ കയ്യില്‍ താങ്ങി. അവന്‍ സ്വര്‍ണ ചെങ്കോല്‍കൊണ്ടു അവളുടെ കഴുത്തില്‍ തൊട്ട് ആശ്വസിപ്പിച്ചു. എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. അവള്‍ താനൊരുക്കുന്ന വിരുന്നിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു. കൂടെ ഹാമാനെയും. രാജ്ഞിയുടെ ക്ഷണം കിട്ടിയതോടെ ഹാമാന്‍റെ അഹങ്കാരം ഒന്നുകൂടി വര്‍ദ്ധിച്ചു. രാജാവിനൊപ്പം ഹാമാനും വിരുന്നിനു വന്നു. രാജാവു രാജ്ഞിയുടെ ആഗ്രഹമെന്തെന്നു വീണ്ടും ചോദിച്ചു. അവള്‍ പറഞ്ഞു: നാളെയും ഞാനൊരുക്കുന്ന വിരുന്നില്‍ അങ്ങും ഹാമാനും വരണം. എന്‍റെ ആഗ്രഹം നാളെ ഞാന്‍ പറഞ്ഞുകൊള്ളാം. രാജാവു സമ്മതിച്ചു. ഹാമാനാകട്ടെ വിജയശ്രീലാളിതനെപ്പോലെയാണു പോയത്.

പോകുംവഴി അവന്‍ മൊര്‍ദെകായെ കണ്ടു. അവള്‍ ഹാമാനെ കണ്ട ഭാവംപോലും നടിച്ചില്ല. ഇതു ഹാമാനെ കോപാകുലനാക്കി. അവന്‍ വീട്ടില്‍ ചെന്നു ഭാര്യയോടും സുഹൃത്തുക്കളോടും രാജ്ഞിപോലും വിരുന്നിനു ക്ഷണിച്ച തന്നോട് മൊര്‍ദെകായ് കാട്ടുന്ന അവഗണനയ്ക്ക് എന്തു ചെയ്യണമെന്ന് ആലോചിച്ചു. ഭാര്യയുടെയും കൂട്ടുകാരുടെയും നിര്‍ദ്ദേശമനുസരിച്ചു മൊര്‍ദെകായിയെ അമ്പതു മുഴം ഉയരമുള്ള കഴുമരത്തില്‍ കെട്ടിത്തൂക്കി കൊല്ലാനുള്ള അനുവാദം രാജാവില്‍നിന്നും വാങ്ങണം എന്ന തീരുമാനമെടുത്തു. പിറ്റേന്നു രാജാവും ഹാമാനും വിരുന്നിനെത്തി. വീഞ്ഞു കുടിച്ചുകൊണ്ടിരിക്കെ രാജാവു രാജ്ഞിയോടു നിന്‍റെ അപേക്ഷയെന്ത് എന്നു ചോദിച്ചു. തന്‍റെയും തന്‍റെ ജനത്തിന്‍റെയും ജീവന്‍ അപകടത്തിലാണെന്നും തങ്ങളെ രക്ഷിക്കണമെന്നും അവള്‍ അവനോടു അപേക്ഷിച്ചു. ആരാണ് അവരെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന രാജാവിന്‍റെ ചോദ്യത്തിന് അവള്‍ ഹാമാനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു: "വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാന്‍ തന്നെ." ഹാമാന്‍ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പില്‍ ഭയന്നു വിറച്ചു. രാജാവു ക്രുദ്ധനായി ഇറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞു രാജാവു തിരിച്ചുവന്നപ്പോള്‍ ഹാമാന്‍ രാജ്ഞിയുടെ കാല്‍ക്കല്‍ വീഴുന്നതു കണ്ട് അവന്‍റെ കോപം ഇരട്ടിച്ചു. ഹാമാന്‍ മൊര്‍ദെകായിക്കുവേണ്ടി തയ്യാറാക്കിയ കഴുമരത്തില്‍ അവന്‍ തൂക്കപ്പെട്ടു.

എസ്തേര്‍ രാജ്ഞി എന്ന പദത്തിന് എന്തുകൊണ്ടും യോഗ്യയായവള്‍. പ്രൗഢയും കുലീനയുമായ സ്ത്രീ. വളര്‍ന്നുവന്ന സാഹചര്യങ്ങളെയും തന്‍റെ പിതാവിനെയും ജനത്തെയും മറക്കാതിരുന്നവള്‍. കൊട്ടാരത്തിലെ സുഖലോലുപതയിലും തന്‍റെ രാജ്ഞീപദത്തിലുമൊന്നും മതിമറന്ന് ആഹ്ലാദിക്കാതിരുന്നവള്‍. തന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ ജനത്തിനുവേണ്ടി രാജസന്നിധിയില്‍ നിലകൊണ്ടവള്‍. രാജ്ഞിയായ ശേഷവും തന്‍റെ വളര്‍ത്തുപിതാവിന്‍റെ ആദര്‍ശങ്ങളില്‍നിന്നും തെല്ലും വ്യതിചലിക്കാതെ അവന്‍റെ മുമ്പില്‍ അനുസരണയും വിധേയത്വവും പാലിച്ചവള്‍. മിതത്വവും കുലീനമായ പെരുമാറ്റവും അവളുടെ അലങ്കാരമായിരുന്നു – അതെ – എല്ലാ പ്രകാരത്തിലും രാജ്ഞിയായിരുന്നവള്‍ – എസ്തേര്‍. കയ്യില്‍ കിട്ടുന്നതെല്ലാം വാരിപൂശി സൗന്ദര്യം വരുത്താന്‍ ശ്രമിക്കുന്നവരും അലസമായി വസ്ത്രധാരണത്തിലൂടെ മറ്റുള്ളവര്‍ക്ക് ഉതപ്പുളവാക്കുന്നവരും എസ്തേര്‍ രാജ്ഞിയില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org