ഇത്തിരിനേരം കൂടി

ഇത്തിരിനേരം കൂടി

തണുപ്പത്ത് ഇങ്ങനെ മൂടിപ്പുതച്ചു കിടക്കാനെന്തൊരു സുഖമാണ്.
പുറത്തു നല്ല മഴയാണ്. മഴത്തുള്ളികള്‍ക്കിടയിലൂടെ ഒന്നും കാണാന്‍ പറ്റുന്നില്ല. അല്ലെങ്കിലും മഴയിങ്ങനെയാണ്. ദ്വേഷ്യം വന്നാല് തിമിര്‍ത്ത് പെയ്യും. എല്ലാ കാഴ്ചകളും മറയ്ക്കും…
അമ്മ വിളി തുടങ്ങിയിട്ട് കുറേയധികനേരമായി. എന്തിനാണിങ്ങനെ വിളിച്ച് ശല്യപ്പെടുത്തുന്നത്. കുറച്ചു നേരം കൂടി സുഖായിട്ട് കിടക്കാനനുവദിച്ചുകൂടെ അമ്മയ്ക്ക്!
രാവിലെ നേരത്തെ ഉണരുന്നത് നല്ല ശീലമാണെന്നാ അമ്മയുടെ വിചാരം. ശരിയാണു താനും.
എന്നാലും മനസ് മന്ത്രി ക്കും: ഇത്തിരി നേരം കൂടി…
ഇറയത്ത് നിവര്‍ന്നു കിടക്കുന്ന പത്രത്തിലെ പ്രധാന വാര്‍ത്തകളും പടങ്ങളും പെരുമഴയെപ്പറ്റിയും വെള്ളപ്പൊക്കത്തെപ്പറ്റിയും ആണ്.
പല്ലു തേയ്ക്കുന്നതിനിടയില്‍ മഴയോടു കയര്‍ക്കണമെന്നു തോന്നി.
നീ എന്തിനാണിങ്ങനെ മനുഷ്യനെ വേദനിപ്പിക്കുന്നത്?…
ആയുസ്സു മുഴുവന്‍ പണിയെടുത്ത് കെട്ടിപ്പൊക്കിയ ഞങ്ങളുടെ കൂരകളെല്ലാം നീ എന്തിനാ കുത്തിയൊലിച്ചു കൊണ്ടുപോകുന്നേ?…
പകര്‍ന്നു പേടിപ്പിക്കുന്ന രോഗങ്ങളുമായി നീ എന്തിനാ പെയ്താടുന്നേ?…
തെളിഞ്ഞാകാശത്തേയ്ക്കു നോക്കി ആവും വിധം ശ്വാസം വിടാന്‍ കൊതിക്കുന്ന ഞങ്ങളെ നീ എന്തിനാ തടസ്സപ്പെടുത്തുന്നേ?…
നാവിന്റെ തുമ്പത്ത് ചോദ്യങ്ങളിങ്ങനെ അകലം പാലിച്ച് വരിവരിയായി നില്‍ക്കുന്നുണ്ട്.
പതിഞ്ഞുപെയ്യുന്ന മഴ എന്തോ പിറുപിറുക്കുന്നതുപോലൊരു തോന്നലില്‍ ചെവിയോര്‍ത്തു നിന്നു:
ഇത്തിരി നേരം കൂടി പെയ്‌തോട്ടേ…
മനസില്‍ തിങ്ങിവന്ന അങ്കലാപ്പോടെ ഞാനും പിറുപിറുത്തു: ഇത്തിരി നേരം കൂടി തെളിഞ്ഞ കാഴ്ച കണ്ടോട്ടേ…
പ്രകൃതിയിലെ സര്‍വ്വസൃഷ്ടവസ്തുക്കളുടെയും ഹൃദയസ്പന്ദനമാണിതെന്നു തോന്നി:
ഇത്തിരി നേരം കൂടി…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org