ലൂസിഫര്‍ എന്ന Ex മാലാഖ

ലൂസിഫര്‍ എന്ന Ex മാലാഖ
(കഴിഞ്ഞ ലക്കം തുടര്‍ച്ച)

ദൈവത്തിന് സാത്താനെ ഒറ്റയടിക്കു നശിപ്പിച്ചു കൂടേ?

അതുകൊള്ളാമല്ലോ! 'വണ്‍ ടൈം സെറ്റില്‍മെന്റ്' അഥവാ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അല്ലേ? തീര്‍ച്ചയായും ദൈവത്തിനു കഴിയും. പക്ഷേ, അവിടുന്ന് അത് ചെയ്യില്ല. ഈശോ പറഞ്ഞ കളകളുടെ ഉപമ ഓര്‍ക്കുന്നില്ലേ? ഗോതമ്പിനിടയില്‍ ശത്രുവന്നാണ് കളകള്‍ വിതച്ചത്. "കളകള്‍ പറിച്ചുകൂട്ടട്ടേ?" എന്ന വേലക്കാരുടെ ചോദ്യത്തിന് "കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ" എന്നാണ് യജമാനന്‍ മറുപടി നല്കിയത് (മത്താ 13:30). നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരാണെന്നും കളകള്‍ ദുഷ്ടന്റെ പുത്രന്മാരാണെന്നും ശത്രു പിശാചാണെന്നും കൊയ്ത്തു യുഗാന്ത്യമാണെന്നും കൊയ്ത്തുകാര്‍ ദൈവദൂതന്മാരാണെന്നും ഈശോ തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" എന്ന് യേശു പറയുന്നതാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അവസാന വാചകം (28:20). അതു സത്യവുമാണ്. എന്നാല്‍ ദൈവം മാത്രമല്ല സാത്താനും യുഗാന്തം അഥവാ കൊയ്ത്തു വരെ നമ്മോടൊപ്പം ഉണ്ടാകും എന്നത് നാം മറക്കരുത്. നാം അവനോട് കൂട്ടുകൂടാതെ, 'നമ്മോടുകൂടെയായിരിക്കുന്ന' – എമ്മാനുവേലായ ദൈവത്തോടു കൂട്ടുകൂടാനാണ് പരിശ്രമിക്കേണ്ടത്. ഇപ്പോള്‍ത്തന്നെ സാത്താനെ പൂര്‍ണ്ണമായി നശിപ്പിച്ചുകൊണ്ട് നന്മമാത്രം ചെയ്യുന്ന തരത്തിലുള്ള ഒരു 'റോബോട്ടിക്' ജീവിതമല്ല ദൈവം മനുഷ്യനില്‍നിന്ന് ആഗ്രഹിക്കുന്നത്. ദൈവം നല്കിയ സ്വാതന്ത്ര്യം എന്ന പരമമായ ദാനമുപയോഗിച്ച് നന്മ തിരഞ്ഞെടുത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതമാണ്. "ഇതാ, ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു" എന്ന് (നിയമ. 30:15) ഇസ്രായേല്‍ക്കാരോട് മാത്രമായല്ല അവിടുന്നു പറഞ്ഞത്; പ്രപഞ്ചത്തിലൂടെ പ്രവഹിക്കുന്ന ഓരോ മനുഷ്യനോടുമാണ്. തിരഞ്ഞെടു പ്പ് നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജീവനും നന്മയും തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നവരെ ദൈവം സഹായിക്കും. മരണവും തിന്മയും തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നവരെ സാത്താനും നല്ലതുപോലെ സഹായിക്കും. തീരുമാനവും തിരഞ്ഞെടുപ്പും നമ്മുടേതു മാത്ര മാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org