പരീക്ഷാക്കാലത്ത് മാതാപിതാക്കളെ നിങ്ങള്‍

പരീക്ഷാക്കാലത്ത്  മാതാപിതാക്കളെ നിങ്ങള്‍

അഡ്വ. ചാര്‍ളി പോള്‍

പരീക്ഷാക്കാലത്ത് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സെലറായി മാറണം. സ്വാഭാവികമായും മിക്ക കുട്ടികള്‍ക്കും പരീക്ഷാക്കാലത്ത് ടെന്‍ഷനായിരിക്കും. അവരുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി നല്ലപ്രകടനം പരീക്ഷയില്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കാതെയും വരുന്നത് പലപ്പോഴും മാതാപിതാക്കളുടെ സമീപനം മൂലമാണ്. സമീപനങ്ങള്‍ ഗുണകരമാക്കിയാല്‍ മക്കള്‍ വിജയം കൊയ്യും. പരീക്ഷയോട് ആരോഗ്യകരമായ ഒരു സമീപനം കുട്ടികളില്‍ വളര്‍ത്തുകയാണ് വേണ്ടത്. എന്തും ടെന്‍ഷന്‍ കൂടാതെ തുറന്നു പറയാവുന്ന രക്ഷിതാക്കളാകുക.

പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ ചിന്താശേഷി വഴിവിട്ടുപോകും. മനസ്സിന്‍റെ സമനിലയില്‍ വ്യത്യാസംവരും. യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവര്‍ത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ പോകും. സ്വന്തംകഴിവ് മുഴുവന്‍ പ്രകടമാക്കുവാന്‍ കഴിയാതെ വരും. ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും തല പൊക്കിയേക്കാം. കുട്ടികളുടെ കഴിവും കഴിവുകേടും മനസ്സിലാക്കുക. കുട്ടിക്ക് കഴിയുന്നതിനുമപ്പുറം പ്രതീക്ഷിക്കുകയോ അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ മക്കളില്‍ അടിച്ചേല്പിക്കുകയോ ചെയ്യരുത്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന് സാരം.

വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കളിയാക്കല്‍, ടെന്‍ഷന്‍ ഉണ്ടാക്കുന്ന ക്രോസ്സ് വിസ്താരങ്ങള്‍, നെഗറ്റീവ് വാക്കുകള്‍ എന്നിവ ഒഴിവാക്കണം. തുടരെ തുടരെ ശകാരിക്കുന്ന ശീലം നന്നല്ല. ഓരോ കുട്ടിയും വ്യത്യസ്തനാണ്. മറ്റുകുട്ടികളുമായി താരതമ്യം ചെയ്ത് കൊച്ചാക്കി അവരുടെ മനസ്സിനെ ഇടിച്ചു താഴ്ത്തരുത്. നീണ്ട ഉപദേശങ്ങളും വേണ്ട. ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും നല്കണം. കുട്ടിയോടൊപ്പമിരുന്ന് പഠിപ്പിച്ച് ചോദ്യങ്ങള്‍ ചോദിച്ച് ശ്വാസം മുട്ടിക്കരുത്. കുട്ടി സ്വതന്ത്രമായി പഠിക്കുന്നതാണ് കൂടുതല്‍ നന്ന്. ആവശ്യത്തിന് വിശ്രമവും ഉറക്കവും വേണം. സിനിമ, ടി.വി. പ്രോഗ്രാം എന്നിവ കാണുന്നതില്‍ മാതാപിതാക്കളും നിയന്ത്രണം പാലിക്കണം. കുട്ടികള്‍ പഠിക്കുന്ന വേളയില്‍ മാതാപിതാക്കള്‍ ടി.വി. കാണരുത്. പഠനത്തിന് അനുകൂലമായ സാഹചര്യം കുടുംബത്തിലുണ്ടാകണം. മാതാപിതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മ, കശപിശ, മദ്യപാന ശീലം, വഴക്കുകള്‍, ബഹളങ്ങള്‍ എല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കും. അതിനാല്‍ സ്നേഹവും സൗഹൃദവുമുള്ള കുടുംബാന്തരീക്ഷം പരീക്ഷാവേളയില്‍ ഉണ്ടാകണം.

മക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന സമീപനം എല്ലായ്പ്പോഴും പുലര്‍ത്തണം. ഒരു സുഹൃത്തിനെപ്പോലെ സാന്നിദ്ധ്യംകൊണ്ട് സഹായിക്കുക. മറ്റുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ള അനാവശ്യ പരിമുറുക്കത്തിന് അയവുവരുത്തിവേണം സംസാരിക്കുവാന്‍. അതിരുകടന്ന ഉത്കണ്ഠയും ആകാംഷയും പുലര്‍ത്താതെ കുട്ടിക്ക് പഠനത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണം. കൃത്യസമയത്ത് ഭക്ഷണം നല്‍കുവാനും അത് പോഷക ഗുണമുള്ളവയാകുവാനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. ക്ഷീണമകറ്റാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോണിക്കുകള്‍ കഴിക്കാം. ബ്രഹ്മി കലര്‍ന്ന ലേഹ്യം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. വിശന്നിരുന്ന് പഠിക്കരുത്. അത് ഏകാഗ്രത കുറയ്ക്കും. അമിതാഹാരവും വേണ്ട. കൂടുതല്‍ കഴിച്ചാല്‍ ഉറക്കം വരും. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. അപകടസാധ്യതയുള്ള കളികള്‍, കത്തികളുടെയും മറ്റും ഉപയോഗം എന്നിവ ഒഴിവാക്കുക, നിഷേധചിന്തകള്‍ക്കിടനല്കാതിരിക്കുക, നന്മകള്‍ പറയുക, പ്രോത്സാഹിപ്പിക്കുക.

ചില കുട്ടികള്‍ അതിരാവിലെ ഉണര്‍ന്ന് പഠിക്കുന്നവരാണ്. അതിന് അവരെ സഹായിക്കുക. മറ്റു ചിലര്‍ രാത്രി വൈകിയിരുന്ന് പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ അപ്രകാരം ചെയ്യട്ടെ. വൈകി കിടക്കുന്നവര്‍ അല്പം വൈകി ഉണരാന്‍ അനുവദിക്കുക. ഇനി സമയക്രമത്തില്‍ മാറ്റം വേണ്ട. പരീക്ഷയുടെ തലേദിവസം മനസ്സിനേയും ശരീരത്തെയും സമയത്തെയും ശാന്തമായി, എന്നാല്‍ പരിപൂര്‍ണ്ണമായി ഉപയോഗിക്കേണ്ട ദിനമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ഭയം, ഉത്കണ്ഠ, നിരാശ, കുറ്റബോധം എന്നിവ സ്പര്‍ശിക്കാതെ ഉന്മേഷം, പ്രസന്നത, വിജയം, ആത്മവിശ്വാസം എന്നിവ പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സാധാരണ സമയത്തുതന്നെ ഉറങ്ങുവാന്‍ പറയണം. പരീക്ഷാത്തലേന്ന് ഏഴെട്ടു മണിക്കൂര്‍ കുട്ടികള്‍ ഉറങ്ങണം. കൂടുതല്‍ സമയം ഇരുന്നുപഠിച്ചാല്‍ ഓര്‍മ്മക്കുറവ്, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, ഉറക്കച്ചടവ് എന്നിവയുണ്ടാകും. പരീക്ഷാഹാളില്‍ ഉറങ്ങിപ്പോകാനും ഇടയുണ്ട്.

പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള സാധന സാമഗ്രികള്‍ തലേന്നുതന്നെ ബാഗില്‍ എടുത്തു വയ്ക്കുവാന്‍ സഹായിക്കാം. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രിബോക്സ്, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ടിക്കറ്റ്, കുടിവെള്ളം എന്നിവയെല്ലാം എടുക്കാന്‍ ഓര്‍മ്മിപ്പിക്കുക. വാച്ച് കറക്ട് ചെയ്ത് കൊടുത്തു വിടുക. ആത്മവിശ്വാസം പകര്‍ന്ന് പ്രാര്‍ത്ഥിച്ച് നെറുകയില്‍ മുത്തം നല്‍കി, പരീക്ഷയ്ക്ക് യാത്രയാക്കുക.

പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പരിമുറുക്കം കൂട്ടരുത്. വന്മ്പോയ തെറ്റ് തിരുത്താന്‍ കഴിയില്ലല്ലോ?. 'പോട്ടെ സാരമില്ല' എന്നു പറഞ്ഞ് ആശ്വസിപ്പിച്ചശേഷം വന്നുപോയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് പറയുക. അടുത്ത പരീക്ഷയ്ക്ക് ഭംഗിയായി തയ്യാറെടുക്കുവാന്‍ സഹായിക്കുക. അനുഭാവ പൂര്‍വ്വം സമാധാനത്തിന്‍റെ ഭാഷയില്‍ സംസാരിക്കുക. 'മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ കഴിവുകളും നിനക്കുമുണ്ട്, പേടിക്കേണ്ട, നാളെ മികച്ച പ്രകടനം കാഴ്ചവയ്ക്കുക, അതിനായി ഒരുങ്ങുക' എന്ന് സൂചിപ്പിക്കുക, താല്‍പര്യവും, പ്രസന്നതയും ഊഷ്മളതയും പകര്‍ന്നു നല്കുക. മക്കള്‍ വിഷമിക്കുന്നതും മക്കളെ വിഷമിപ്പിക്കുന്നതും നന്നല്ല എന്ന് തിരിച്ചറിയുക.

പഠനവൈകല്യങ്ങള്‍, നല്ല പ ഠനരീതികളുടെ അഭാവം, അമിത ഉത്കണ്ഠ, പരീക്ഷാഭയം, പരാജയഭീതി, പ്രോത്സാഹന കുറവ്, മോട്ടിവേഷന്‍ ഇല്ലായ്മ, മോശമായ അദ്ധ്യാപനം, രോഗാവസ്ഥ തുടങ്ങിയവ പലകാരണങ്ങളാലാണ് പരീക്ഷാഫലം മോശമാകുന്നത്. കണക്കിന് മോശമായ കുട്ടികള്‍ ഭാഷാ വിഷയങ്ങളില്‍ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം) മാര്‍ക്ക് കൂടുതല്‍ നേടും. കണക്കിന് കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് ഭാഷാ വിഷയങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. ഇത് തലച്ചോറിന്‍റെ ഘടനാവിശേഷമാണ്. പരീക്ഷാഫലത്തെ സമചിത്തതയോടെ സമീപിക്കണ മെന്ന് സാരം.

പ്രാര്‍ത്ഥന ശക്തിസ്രോതസ്സാണ്. പ്രാര്‍ത്ഥിച്ചശേഷം പഠിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. ഏകാഗ്രത വര്‍ദ്ധിക്കും. ആത്മബലം കൂടും. പരീക്ഷാഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും. പ്രാര്‍ത്ഥനയോടെ പഠിക്കാന്‍ നിര്‍ദ്ദേശിക്കുക. അധ്വാനത്തിന് പകരമല്ല പ്രാര്‍ത്ഥന. എല്ലാം നമ്മിലാശ്രയിച്ചിരിക്കുന്നു എന്ന് കരുതി അധ്വാനിക്കുക. അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്നുകരുതി പ്രാര്‍ത്ഥിക്കുക. പരീക്ഷയെ ജീവന്‍ മരണ പോരാട്ടമായി കാണരുത്. അല്പം മാര്‍ക്ക് കുറഞ്ഞാലും സാരമില്ല. ഭയപ്പെടേണ്ട. വിജയ വഴികള്‍ ഏറെയുണ്ടെന്ന ബോധ്യം പകരുക. ഏത് പ്രതിസന്ധിയിലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന ചിന്ത കുട്ടിക്ക് ആശ്വാസമേകും. വാക്കിലും പ്രവര്‍ത്തിയിലും അത് പകര്‍ന്നു നല്‍കുക. കരുതലും കരുണയും കാവലും പരീക്ഷാവേളയിലും തുടര്‍ന്നും നല്‍കുക. പരീക്ഷാവിജയം പലവിജയങ്ങളിലൊന്ന് മാത്രമാണ്. ജീവിത വിജയമാണ് പ്രധാനമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുക.
(9847034600)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org