എഴുത്ത്

എഴുത്ത്

യുവര്‍ കരിയര്‍

എം. ഷൈറജ്

എഴുത്ത് ഒരു കരിയറായി തിരഞ്ഞെടുത്തു മികച്ച ജീവിതം കെട്ടിപ്പടുക്കാവുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. ജേണലിസ്റ്റുകളും തിരക്കഥാകൃത്തുക്കളും നാടകരചയിതാക്കളും ചുരുക്കം ചില നോവലിസ്റ്റുകളും മാത്രമേ ഈ മാര്‍ഗത്തില്‍ വിജയിച്ചിരുന്നുള്ളൂ. എന്നാല്‍ മാറിയ ലോകസാഹര്യത്തില്‍, പ്രത്യേകിച്ചും ഇന്‍റര്‍നെറ്റിന്‍റെ വ്യാപനത്തിലൂടെ, എഴുത്തിനെ ഒരു മുഴുവന്‍സമയ തൊഴിലായി കാണാവുന്ന കാലഘട്ടം സംജാതമായിട്ടുണ്ട്.

കായികരംഗംപോലെ
തന്‍റെ രചനാപാടവം മികച്ച ഒരു തൊഴിലായി വളര്‍ത്തിയെടുക്കണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യംതന്നെ മനസ്സിലാക്കേണ്ടത്, എല്ലാവര്‍ക്കും വിജയിക്കാവുന്ന ഒരു രംഗമല്ല ഇതെന്നതാണ്. സ്പോര്‍ട്സിനോട് ഇതിനെ ഉപമിക്കാം. ഒരു മികച്ച കായികതാരമായി പ്രശസ്തിയും പണവും സമ്പാദിക്കുവാന്‍ ആഗ്രഹിക്കുകയും അതിനായി കഠിനപ്രയത്നം നടത്തുകയും ചെയ്യുന്ന ലക്ഷോപലക്ഷം ആളുകളുണ്ട്. എന്നാല്‍ മുന്‍പന്തിയിലെത്തി വിജയിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം. ഇതുപോലെ എഴുത്തിന്‍റെ മേഖലയിലും കഴിവും ഭാഗ്യവും ഒത്തുവരുന്നവര്‍ക്കേ വിജയമുണ്ടാവൂ. അതിനാല്‍ എഴുത്ത് ഒരു തൊഴില്‍ മേഖലയാക്കുവാന്‍ ശ്രമിക്കുന്നവര്‍ അതില്‍ വിജയിക്കുംവരെ സമാന്തരമായി മറ്റൊരു തൊഴില്‍മേഖല കണ്ടെത്തിവയ്ക്കുന്നതില്‍ തെറ്റില്ല.

എഴുത്തിന്‍റെ വഴികള്‍
സര്‍ഗാത്മക സാഹിത്യം മുതല്‍ ജേണലിസം വരെ നിരവധി കരിയറുകള്‍ എഴുത്തിന്‍റെ മാര്‍ഗത്തില്‍ കണ്ടെത്താം. ജേണലിസം ഈ ലേഖനത്തിന്‍റെ പരിധിയില്‍ വരുന്നില്ല. മറ്റു പ്രധാനപ്പെട്ട കൈവഴികള്‍ ഇനി പറയുന്നവയാണ്.

കോപ്പി റൈറ്റിംഗ്
പരസ്യത്തിന്‍റെയും മാര്‍ക്കറ്റിംഗിന്‍റെയും ലോകത്താണു കോപ്പി റൈറ്റിംഗിന് അവസരമുള്ളത്. ഒരു ഉത്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ പ്രത്യേകതകളും ആകര്‍ഷണീയതകളും വെളിവാക്കുന്ന എഴുത്തുകളാണിവ. ഉപഭോക്താക്കളുടെ മനസ്സിലേക്കു കടന്നുകയറാനുതകുന്ന രചനകളാണിവിടെ ലക്ഷ്യമിടുന്ന്. 'വൈകീട്ടെന്താ പരിപാടി?' എന്നിങ്ങനെയുള്ള പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന ഒറ്റവരികള്‍ തുടങ്ങി നീളന്‍ ലേഖനങ്ങള്‍ വരെ ഇതില്‍പ്പെടും. പരസ്യങ്ങള്‍, ബ്രോഷറുകള്‍, വെബ്പേജുകള്‍, കാറ്റലോഗുകള്‍ തുടങ്ങിയവയിലൊക്കെ ഉള്‍പ്പെടുത്താനായിട്ടാണീ എഴുത്തുകള്‍.

ആര്‍ട്ടിക്കിള്‍ റൈറ്റിംഗ്
സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും കുറിപ്പുകളും ലേഖനങ്ങളും ധാരാളമായി ആവശ്യമാണ്. ഫാഷന്‍, ഭക്ഷണം, യാത്ര, ആരോഗ്യം, വ്യാപാരം, വിനോദം, കായികം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള പ്രബന്ധങ്ങള്‍ ഗൗരവമേറിയതും അല്ലാത്തതും – പത്രമാധ്യമങ്ങള്‍ക്കും അതിലുപരിയായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നല്കുവാന്‍ കഴിയും.

സ്ക്രിപ്റ്റ് റൈറ്റിംഗ്
സിനിമയ്ക്കും ടെലിവിഷനും സ്റ്റേജ് പരിപാടികള്‍ക്കുമൊക്കെ നിലവാരമുള്ള സ്ക്രിപ്റ്റ് അത്യന്താപേക്ഷിതമാണ്. സര്‍ഗാത്മക കഴിവിന് ഈ രംഗത്ത് ഏറ്റവും പ്രാധാന്യമുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ ഏതു മാധ്യമത്തിനു വേണ്ടിയാണോ എഴുതുന്നത് ആ മാധ്യമത്തിന്‍റെ രൂപവും സാങ്കേതികതയുമൊക്കെ എഴുത്തുകാരന്‍ അറിഞ്ഞിരിക്കണം.

ബ്ലോഗ് എഴുത്ത്
ഓണ്‍ലൈന്‍ ബ്ലോഗുകള്‍ തുടക്കകാലത്ത് ഒരു ഹോബി മാത്രമായിരുന്നു പലര്‍ക്കും. എന്നാല്‍ സമൂഹശ്രദ്ധ പിടിച്ചുപറ്റിയ ബ്ലോഗര്‍മാര്‍ നല്ല നിലയില്‍ വരുമാനമുണ്ടാക്കുന്നുണ്ടിന്ന്. ബ്ലോഗിന്‍റെ ലോകവും ഒരു കടല്‍പോലെയാണ്. അതില്‍ ശ്രദ്ധിക്കപ്പെടുകയെന്നതു ന്യൂനപക്ഷത്തിനു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും എഴുതാമെന്നതാണു ബ്ലോഗിനെ ആകര്‍ഷകമാക്കുന്നത്.

സര്‍ഗാത്മകരചന
ഫിക്ഷനും നോണ്‍ ഫിക്ഷനും അടങ്ങിയ വലിയ മേഖലയാണിത്. നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് ബുക്കുകള്‍ എല്ലാമിതില്‍ വരും. സര്‍ഗാത്മക കഴിവ് ഏറ്റവും ആവശ്യമാണ്. അതേസമയം വിജയസാദ്ധ്യത പ്രവചനാതീതവുമാണ്. പുതിയ എഴുത്തുകാര്‍ ധാരാളമായി ശ്രദ്ധിക്കപ്പെടുന്നുവെന്നതു ശുഭസൂചനയായി കാണാം.

അക്കാദമിക് / ടെക്നിക്കല്‍ റൈറ്റിംഗ്
വിവിധ വിഷയങ്ങളില്‍ പഠിതാക്കള്‍ക്കു പ്രയോജനം ചെയ്യുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആവശ്യമാണ്. അതുപോലെതന്നെ സാങ്കേതികവിഷയങ്ങളിലെ എഴുത്തും വലിയൊരു മേഖലയാണ്.

കഴിവുകള്‍
ഏതുതരം എഴുത്തിനും സര്‍ഗാത്മക കഴിവ് ആവശ്യമാണ്. എങ്കില്‍ മാത്രമേ എഴുത്ത് ആകര്‍ഷണീയമാവുകയുള്ളൂ. എഴുതുന്ന ഭാഷയിലുള്ള നല്ല പ്രാവീണ്യവും ആവശ്യമാണ്. ഇന്‍റര്‍നെറ്റിന്‍റെ സാദ്ധ്യതകളും സാങ്കേതികരംഗത്തെ പുതിയ പ്രവണതകളും മറ്റും അറിഞ്ഞിരിക്കുന്നതും ഗുണകരമാണ്.

എന്തു പഠിക്കണം?
മികച്ച എഴുത്തുകാരാരും സര്‍ഗാത്മകരചന പഠിക്കാന്‍ സര്‍വകലാശാലകളില്‍ പോയിട്ടില്ലെന്ന വാദമുഖമുണ്ട്. വലിയ അളവില്‍ അതു ശരിയുമാണ്. എന്നാല്‍ സര്‍ഗാത്മക കഴിവിനെ പരിപോഷിപ്പിക്കാനും ശക്തമാക്കുവാനുമുതകുന്ന കോഴ്സുകള്‍ പ്രധാനമായും ഓണ്‍ ലൈന്‍ കോഴ്സുകള്‍ ഇന്നുണ്ട്. ഹാര്‍വാഡ് സര്‍വകലാശാല പോലുള്ള ലോകോത്തര സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ഇത്തരം ഓണ്‍ലൈന്‍ കോഴ്സുകള്‍ സൗജന്യമാണ്. അമേരിക്കയിലെ സൗത്ത് കരോലിന സര്‍വകലാശാല നടത്തുന്ന കോഴ്സും പ്രശസ്തമാണ്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ക്രിയേറ്റീവ് റൈററിംഗില്‍ ഡിപ്ലോമാ കോഴ്സ് നടത്തുന്നുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ് ടു ആണു യോഗ്യത. പ്രായപരിധിയില്ല.

തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിംഗിനു പ്രാധാന്യം നല്കുന്ന മലയാളം എ.എ യുണ്ട്.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ക്രിയേറ്റീവ് റൈറ്റിംഗ് ഓണ്‍ലൈന്‍ കോഴ്സ് നടത്തുന്നുണ്ട്.

വെബ്സൈറ്റുകള്‍:
www.contcd.or.ac.uk
www.ignore.ac.in
www.malayaamuniversity.edu.in
wwww.online.learning.harvasd.edu.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org