തോല്‍വി കുറ്റമല്ല

തോല്‍വി കുറ്റമല്ല

മാതൃപാഠങ്ങള്‍

ഷൈനി ടോമി

തോല്‍ക്കുന്നവരുടേതും കൂടിയാണ് ഭൂമി. അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; സന്തോഷത്തോടെതന്നെ! എപ്പോഴും ജയിക്കുന്നവനെ അഹന്ത കെണിയില്‍പ്പെടുത്തുമ്പോള്‍, ആവര്‍ത്തിച്ചു തോല്‍ക്കുന്നവന്‍ കൂടുതല്‍ നന്മയുള്ളവനാകുന്നതു കണ്ടിട്ടുണ്ട്.

സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ജീവന്‍മരണ പ്രശ്നമാണ് പരീക്ഷാഫലം. ചില കുട്ടികള്‍ക്ക് കണക്കു പഠിക്കാന്‍ ബുദ്ധിമുട്ടാണ്. ഉറക്കമുപേക്ഷിച്ചു പഠിച്ചാലും പരീക്ഷയില്‍ തോല്‍ക്കും. ജയിക്കില്ല എന്നുറപ്പുള്ള കുട്ടിയെ സ്കൂളിനു വേണ്ട! അവരുടെ 'ഫുള്‍ എ പ്ലസ്' ആഗോളപ്രശ്നമാണല്ലോ?!

വീട്ടിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. വഴക്ക്, അടി, ശാപം, പരിഹാസം, അവഗണന… ജിത്തു അങ്ങനെ ഒരു കുട്ടിയാണ്. പക്ഷെ അവന്‍റെ അനുജന്‍ അങ്ങനെയല്ല. എല്ലാ ക്ലാസിലും ഒന്നാംസ്ഥാനക്കാരന്‍, ഏതു മത്സരത്തിനും 'കപ്പ്' അടിക്കുന്നവന്‍, സമപ്രായക്കാരുടെ ഹീറോ, അദ്ധ്യാപകരുടെ കണ്ണിലുണ്ണി. കുടുംബത്ത് അരുമ! അവനാണ് 'ജീവന്‍'.

കാലം ചെല്ലുംതോറും ജീവന്‍, എല്ലാവരുടേയും ഇടയില്‍ മേല്‍ക്കോയ്മ ഉറപ്പിച്ചുകൊണ്ടേയിരുന്നു. ജിത്തു അവന് ഒരു സഹായിയുടെ കുറവുനികത്തി. അനിയന്‍റെ പുസ്തകങ്ങള്‍ പൊതിഞ്ഞു കൊടുക്കുക, വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുകൊടുക്കുക, ഷൂ പോളിഷ് ചെയ്തു കൊടുക്കുക ഒക്കെ ജിത്തുവിന്‍റെ ഉത്തരവാദിത്വമായി. മുതിര്‍ന്നപ്പോഴും വിവാഹശേഷവും സഹായി സ്ഥാനത്തിനു മാറ്റമൊന്നും ഉണ്ടായതേയില്ല!

വിദ്യാഭ്യാസം അവകാശമാണ്. വായു, ജലം, ആഹാരം ഇവ കഴിഞ്ഞാല്‍ വിദ്യക്കാണ് സ്ഥാനം. കാണാപാഠം പഠിച്ച് പേപ്പറില്‍ എഴുതി നിറയ്ക്കാനുള്ള കഴിവു മാത്രമാണ് വിദ്യാഭ്യാസം എന്നു തെറ്റിധരിക്കരുത്. ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏതു വിദ്യയും അഭ്യസിക്കുന്നതു വിദ്യാഭ്യാസം ആകുന്നു. ആനന്ദം അവനവനും ചുറ്റുമുള്ളവര്‍ക്കും പകരാന്‍ കഴിയുന്ന കല പരിശീലിക്കുന്നതുമുതല്‍, മണ്ണില്‍ കിളക്കുന്നതും, രോഗശമനത്തിനുള്ള വിദ്യ പഠിക്കുന്നതും, പ്രപഞ്ചരഹസ്യങ്ങളറിയാന്‍ ഗവേഷണം ചെയ്യുന്നതുവരെയുള്ളതെന്തും വിദ്യാഭ്യാസമാണ്. കണക്കു പഠിക്കാന്‍ കഴിയാത്ത കുട്ടിക്ക് കൃഷി പഠിക്കാമല്ലോ. ഭാഷ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള കുട്ടിക്ക് തുന്നലോ, കരകൗശലവിദ്യയോ, യന്ത്രനിര്‍മ്മാണമോ പഠിച്ചൂടെ!

നമ്മുടെ സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനിടയില്‍ കുഞ്ഞുമനസില്‍ എത്രയോ ആഴമേറിയ മുറിവുകളായിരിക്കും ഉണ്ടായിട്ടുള്ളത്. ചില കുഞ്ഞുങ്ങള്‍ തങ്ങളുടെ കുറവ് അംഗീകരിച്ച് സ്വയം കോമാളിയായി അല്ലെങ്കില്‍ വിശുദ്ധരായി വളരും. ഒരു ചെറിയ സംഖ്യയെങ്കിലും മുറിവ് പഴുത്ത്, വ്രണമായി മനസില്‍ വെറുപ്പും വൈരാഗ്യവും വളരാനിട വരുത്തും. അവര്‍ സമൂഹത്തിന് ഉപദ്രവകാരികളായി മാറും.

നമ്മുടെ നിഷ്കളങ്ക ബാല്യങ്ങളുടെ എത്രയോ സുവര്‍ണ്ണാവസരങ്ങളാണ് നമ്മള്‍ മുതിര്‍ന്നവര്‍ ഇല്ലാതാക്കിയത് എന്ന് ചിന്തിക്കുന്നതു നല്ലതാണ്. മാതാപിതാക്കളും അദ്ധ്യാപകരും കുഞ്ഞിന്‍റെ പ്രകൃതിദത്തമായ വാസന കണ്ടെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ ട്രെന്‍ഡനുസരിച്ച് തീരുമാനം അടിച്ചേല്‍പ്പിക്കുകയല്ലേ ചെയ്യുന്നത്!

കുട്ടികള്‍ക്കു സ്നേഹമാണ് പ്രധാനം. സ്നേഹം ചെറിയ കാര്യങ്ങളുടെ ഇടപാടുകളാണ്. സ്നേഹം കരുതലും അംഗീകരിക്കലും തലോടലും സാന്ത്വനവും ഒക്കെ കൂടിയ അനുഭവമാണ്. അതു വെറും വികാരമല്ല. സമ്മാനങ്ങള്‍ കൈമാറുന്ന പ്രകടനവുമല്ല. കൊടും ദാരിദ്ര്യത്തിലുള്ള കുഞ്ഞുങ്ങളും സ്നേഹിക്കുന്നു. ദരിദ്രരുടെ സ്നേഹത്തിന്‍റെ മാസ്മരികതയെക്കുറിച്ച്, മദര്‍തെരേസ എത്രയോ പ്രഘോഷിച്ചിരിക്കുന്നു.

നമ്മുടെ പൊങ്ങച്ചത്തിനനുയോജ്യനല്ലാത്ത നമ്മുടെ കുഞ്ഞിനെ അവഗണിക്കുവാന്‍ നമുക്കാര്‍ക്കും അവകാശമില്ല. അവരേയും ഒരു പ്രത്യേക ദൂതുമായും നിയോഗമായും ദൈവം ഭൂമിയിലേക്കയച്ചതാണ്. മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുന്‍പന്മാരും ആകുന്ന ഒരു കാലം പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. കാലത്തിന്‍റെ തികവില്‍ അത് അനാവൃതമാകുമ്പോള്‍ നമ്മള്‍ കണ്ണീര്‍ പൊഴിക്കേണ്ടിവരും. നിഷ്കളങ്കരായ കുഞ്ഞുങ്ങളൊഴുക്കിയ കണ്ണീരിനായിരിക്കും അപ്പോഴും മൂല്യം കൂടുതലുണ്ടായിരിക്കുക.

തെറ്റ് തെറ്റു തന്നെയാണ്. എല്ലാവരും ചെയ്യുന്നത് അതാണെങ്കിലും ആരും ചെയ്തില്ലെങ്കിലും 'ശരി' ശരിയായിത്തന്നെ തുടരും. ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറഞ്ഞിട്ടുള്ളതാണ്. കുഞ്ഞുങ്ങളെ പന്തയക്കുതിരയെ എന്നപോലെ വളര്‍ത്തുന്നത് തെറ്റാണ് എന്ന് കാലം തെളിയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളുടെ ലോകത്തെ 'അശാന്തി' അതു പറയുന്നു. ഇനിയെങ്കിലും, നമുക്കു നമ്മുടെ കുഞ്ഞുങ്ങളുടെ സ്വാഭാവിക സന്തോഷങ്ങളെ മുളയിലെ ഞെരടിപ്പൊടിക്കാതിരിക്കാം. ശാന്തമായും സ്വച്ഛമായും ആകാശം കാണാനും, പുല്‍നാമ്പില്‍ തൊടാനും അല്പം സമയം അവര്‍ക്കനുവദിക്കാം; ഇനിയെങ്കിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org