ആഘോഷമാമാങ്കങ്ങൾ നൽകുന്ന സൂചനകൾ

ആഘോഷമാമാങ്കങ്ങൾ നൽകുന്ന സൂചനകൾ

ജോണ്‍ കുന്നത്ത്, തൃക്കാക്കര

ഇന്നു നമ്മുടെ കത്തോലിക്കാസമൂഹങ്ങളില്‍ പൊതുവായി നടക്കുന്ന വിവാഹങ്ങള്‍, മനസമ്മതവും വിവാഹവും എന്ന രണ്ട് ആഘോഷങ്ങള്‍ കേന്ദ്രീകരിച്ചാണു പൂര്‍ണമാവുക. വിവാഹം ഒരു കൂദാശയെന്ന രീതിയില്‍ പള്ളിയില്‍ അള്‍ത്താരയുടെ മുന്നില്‍വച്ച് ആശീര്‍വദിക്കപ്പെടുമ്പോള്‍ മാത്രമാണ് അതിനു മതപരമായ അര്‍ത്ഥവും പ്രസക്തിയും കൈവരിക. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ആ ഘോഷമുഹൂര്‍ത്തവും അതുതന്നെ. തുടര്‍ന്നുള്ള സദ്യയും മറ്റും ഓരോരുത്തരും തങ്ങളുടെ കഴിവനുസരിച്ചു പരമാവധി മോടി പിടിപ്പിക്കുന്നു. വരന്‍റെ ഇടവകപ്പള്ളിയില്‍വച്ചു വിവാഹം ആശീര്‍വദിക്കപ്പെടുന്നതിനാല്‍ തുടര്‍ന്നുള്ള സദ്യവട്ടങ്ങളും ചെലവുകളുമൊക്കെ വരന്‍റെ ഉത്തരവാദിത്വത്തില്‍ വരുന്ന കാര്യങ്ങളാണ്. പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മറിച്ചും സംഭവിക്കാറുണ്ട്.

പരമ്പരാഗതമായി "സ്ത്രീ ധനം" (ഇന്നു പെണ്ണിന്‍റെ ഷെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു) എന്ന സാമ്പത്തികബാദ്ധ്യത വധുവിന്‍റെ കുടുംബത്തിനാകയാല്‍ അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാനാവാം വിവാഹവും തുടര്‍ന്നുള്ള ആഘോഷങ്ങളും വരന്‍റെ കുടുംബവും ഇടവകയും കേന്ദ്രീകരിച്ചായത്. മൂന്നുനാലു പതിറ്റാണ്ടുകള്‍ക്കുമുമ്പു മനസമ്മതം എന്നതു വളരെ ലഘുവും ലളിതവുമായ ചടങ്ങായിരുന്നു. വധുവിന്‍റെ പള്ളിയില്‍ വൈദികന്‍റെ സൗകര്യാര്‍ത്ഥം നിശ്ചയിക്കപ്പെട്ട സമയത്തു വരന്‍റെ അടുത്ത ബന്ധുക്കള്‍ – ഏറിയാല്‍ പത്തുപന്ത്രണ്ടു പേര്‍ എത്തുന്നു. വധുവിന്‍റെ കുടുംബം കേന്ദ്രീകരിച്ചു നടക്കുന്ന ചടങ്ങായതിനാല്‍ അടുത്ത ബന്ധുക്കളും അയല്‍ക്കാരും സ്വാഭാവികം. പതിനഞ്ചോ ഇരുപതോ മിനിറ്റുകള്‍ നീളുന്ന പ്രാര്‍ത്ഥനയോടെ വൈദികന്‍ വധുവിന്‍റെയും വരന്‍റെയും പരസ്പരസമ്മതം സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ രേഖപ്പെടുത്തുകയും ഒപ്പിട്ടു സൂക്ഷിക്കുകയും ചെയ്യുന്നു.

കാലം മാറി, കഥ മാറി എന്നു പറയുന്നതുപോലെ ഇപ്പോള്‍ മനസമ്മതത്തിനു മുമ്പു മറ്റൊരു ആഘോഷംകൂടി തുടങ്ങിയിരിക്കുന്നു. കുറച്ചു നാളായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ധൂര്‍ത്തിന്‍റെ മറ്റൊരു പതിപ്പാണു വിവാഹം ഉറപ്പിക്കല്‍ ആഘോഷം. ഇതൊരു ചടങ്ങെന്ന രീതിയില്‍ പണ്ടും ഉണ്ടായിരുന്നു. അന്നൊക്കെ പെണ്ണിന്‍റെയും ചെറുക്കന്‍ യും ഉറ്റബന്ധുക്കള്‍ മൂന്നോ നാലോ പേര്‍ വീതം മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ പെണ്ണിന്‍ യോ ചെറുക്കന്‍റെയോ വീട്ടില്‍ കൂടി ഔപചാരികമായി ബന്ധം ഉറപ്പിക്കുന്ന ചടങ്ങ്. മനസമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതികളും മറ്റും അപ്പോള്‍ നിശ്ചയിക്കുന്നു. ഉച്ചഭക്ഷണമോ ചായയോ കഴിഞ്ഞു പിരിഞ്ഞുപോകുന്നു.

ന്യൂജെന്‍ പതിപ്പ് ഒന്നു വേറെ. പണക്കൊഴുപ്പും ആഢ്യത്വവും കാണിക്കാന്‍ ഹോട്ടലുകളിലോ പ്രത്യേകം സജ്ജീകരിച്ച ഹാളുകളിലോ വിഭവസമൃദ്ധമായ സദ്യവട്ടങ്ങളും ഫോട്ടോസെഷനും ഒക്കെയായുള്ള ആഘോഷം! അങ്ങനെയൊന്നിനു രണ്ടാഴ്ച മുമ്പ് ഈയുള്ളവന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയി. ഞെട്ടാന്‍ കാരണം മറ്റൊന്നുമല്ല; കേരളം മുഴുവന്‍ മഹാപ്രളയത്തില്‍ നിലയില്ലാക്കയത്തില്‍ നില്ക്കവേ, നൂറുകണക്കിനു ജീവന്‍ പ്രളയം കവര്‍ന്നെടുത്തപ്പോള്‍ ആയിരങ്ങള്‍ പ്രതീക്ഷയറ്റു മരണം മുഖാമുഖം കണ്ടു വെള്ളത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ലക്ഷങ്ങള്‍ ധനവാനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ വീടും കൂടും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു കഷണം ബ്രെഡിനുവേണ്ടി ക്യൂ നില്ക്കവേ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ ധൂര്‍ത്തിന്‍റെ ഇത്തരം മാമാങ്കം നടത്താന്‍ എങ്ങനെ സാധിക്കുന്നു? ക്രിസ്തീയസ്നേഹം ഈ വിധം മന്ദീഭവിച്ചുപോയല്ലോ എന്നോര്‍ത്തു മനസ്സ് നീറി.

യാതൊരു ധാര്‍മ്മികതയുടെയും ബ്രാന്‍ഡുകളില്‍ പെടാത്തവര്‍പോലും മനുഷ്യസ്നേഹത്തിന്‍റെ പേരില്‍ എത്രയോ പാഴ്ച്ചെലവുകള്‍ മാറ്റിവച്ച് ആ പണം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കൈമാറി!

ആവര്‍ത്തിച്ചു സുവിശേഷം കേട്ടിട്ടും നമ്മുടെ ഹൃദയങ്ങളില്‍ ഒരു പരിവര്‍ത്തനവും നടക്കുന്നില്ലല്ലോ. എത്രയോ ധ്യാനകേന്ദ്രങ്ങളില്‍ രാവും പകലും ജീവന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു! അവിടെയെല്ലാം നല്ല തിരക്കും! പക്ഷേ നമ്മുടെ അവബോധങ്ങളില്‍ തെല്ലും പ്രകാശം പരത്താതെ എല്ലാം പാഴാകുന്നു!

കേരളത്തെ മൊത്തത്തില്‍ ഗ്രസിച്ച പ്രളയം തീര്‍ച്ചയായും ഒരു ഷോക്ക് ട്രീറ്റ്മെന്‍റാണു സമ്മാനിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പത്തുപതിനഞ്ചടി വെള്ളമുയര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം എല്ലാം ഉപേക്ഷിച്ച് ഓടുന്ന മനുഷ്യന്‍റെ നിസ്സഹായവസ്ഥ നമ്മള്‍ ജീവിതത്തില്‍ ഏറ്റുവാങ്ങി. വിദൂരസ്വപ്നങ്ങളില്‍പ്പോലും സങ്കല്പിക്കാന്‍ കഴിയാതിരുന്ന അനിശ്ചിതത്വം! എല്ലാം നഷ്ടപ്പെട്ടു ജീവന്‍ രക്ഷിക്കാന്‍വേണ്ടി പലായനം ചെയ്യുന്നവന്‍റെ ആത്മസംഘര്‍ഷങ്ങള്‍ മലയാളി തന്‍റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞു.

കോടികള്‍ മുടക്കി സുരക്ഷിതസ്വര്‍ഗം പണിത് അതില്‍ കഴിയുന്നവര്‍, ഇല്ലാത്തവനെ നോക്കി പുച്ഛിക്കുക മാത്രമല്ല, ജ്വലിപ്പിക്കുകകൂടി ചെയ്യുന്നു. ഇതുണ്ടാക്കുന്ന താപം പ്രകൃതിയെയും ജ്വലിപ്പിക്കുന്നു. പ്രകൃതിയില്‍ കൈ കടത്തുന്ന മനുഷ്യനു പ്രകൃതിശക്തികള്‍ ഇളകിയാല്‍ നിസ്സഹായനായി നോക്കിനില്ക്കാന്‍പോലും കഴിയില്ല എന്നതു പോട്ടെ, ചാരുതയാര്‍ന്ന ബലൂണ്‍ കാറ്റുകുത്തിക്കളഞ്ഞാല്‍ ഒന്നുമല്ലാതാകുന്നതുപോലെ തകര്‍ന്നു നാമാവശേഷമാകും! ഈ ചിന്തകള്‍ ഈശോ അരുളിച്ചെയ്ത തിരുവചനങ്ങളില്‍ തഴുകി സമാപിക്കട്ടെ എന്നാഗ്രഹിക്കുന്നു. "നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസം വരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു" (മത്താ. 24:38). വരികള്‍ക്കിടയി ലും വരികള്‍ക്കപ്പുറത്തേയ്ക്കുമുള്ള അര്‍ത്ഥലങ്ങളിലേക്കു നമ്മളെ കൊണ്ടുപോകുന്നതാണ് ഈ തിരുവചനം. രണ്ടു വിവാഹങ്ങള്‍ക്കിടയില്‍ സ്വാര്‍ത്ഥം തീര്‍ക്കുന്ന തുരുത്തുകളില്‍ ദൈവോന്മുഖവും അപരോന്മുഖവുമല്ലാത്ത ആഘോഷമാമാങ്കങ്ങളില്‍ ജീവിതം അടിച്ചുപൊളിച്ചു തീര്‍ക്കണോ ഇനിയും?

"ലോകാ സമസ്താ സുഖി നോ ഭവന്തു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org