കടലുപോലൊരു അപ്പൻ

കടലുപോലൊരു അപ്പൻ

ജോസ് കേളംപറമ്പില്‍, മൂവാറ്റുപുഴ

"അമ്മയെന്ന പുഴയെ ധ്യാനിച്ചു ധ്യാനിച്ച് അപ്പനെന്ന കടലിലെത്താന്‍ വൈകിപ്പോയ കൈത്തോടാകുന്നു ഞാന്‍" – ഓരോ പിതൃദിനത്തിലും മനസ്സിനെ കെട്ടിപ്പുണരുന്ന ഒരു സുഹൃത്തിന്‍റെ വാക്കുകളാണിവ. പുഴപോലെ അമ്മയുടെ ഓരോ ഓര്‍മയ്ക്കും പുഴയുടെ ഒരു കുളിര്‍മ്മയുണ്ട്. പക്ഷേ, ഈ കുളിരിനു മുന്നില്‍ വല്ലാതെ വിസ്മൃതിയിലാണ്ടുപോകുന്ന കടലുപോലെയുള്ള ഒരു സ്നേഹമുണ്ട്, അപ്പന്‍റേത്. പുറമെ തിരകള്‍ ഒന്നിനു പിറകെ ഒന്നായി വീശിയടിക്കുമ്പോഴും ഉള്ളില്‍ നിറഞ്ഞ സ്നേഹത്തിന്‍റെ ശാന്തത പേറുന്ന കുറേ ജന്മങ്ങള്‍. പുറമെ തിരകളെന്നു തോന്നിപ്പിക്കുന്ന ചില വാസനകളും ശാഠ്യങ്ങളും, ഉള്ളിലാകട്ടെ ആരോരുമറിയാതെ ഒളിപ്പിക്കുന്ന നിറസ്നേഹത്തിന്‍റെ ഒത്തിരി കുഞ്ഞോളങ്ങളും. മക്കള്‍ക്കു വേണ്ടതെല്ലാം അമ്മയെ ഏല്പിച്ചു തിരിഞ്ഞുനിന്നു ദേഷ്യംകൊണ്ടു കറുക്കുന്ന അവരുടെ വദനങ്ങളും കാണുമ്പോള്‍ വെറുതെ ഓര്‍ക്കാറുണ്ട്, അമ്മയെന്ന സ്നേഹത്തിന്‍റെ പെരുമഴയ്ക്കു പെയ്തിറങ്ങാന്‍ പ്രകൃതി ഒരുക്കുന്ന കാര്‍മേഘങ്ങളാണ് അച്ഛന്മാര്‍ എന്ന്. സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ച ഒരു കഥയുണ്ട്:

ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടിയതും അവന്‍റെ മനസ്സില്‍ ആദ്യം തെളിഞ്ഞത് ഈ ജോലി കിട്ടിയാല്‍ ഞാന്‍ വീടുവിടും എന്നാണ്. അച്ഛന്‍റെ കുറ്റപ്പെടുത്തലുകള്‍ ഒന്നുമില്ലാതെ നഗരത്തില്‍ ഒരിടത്തു സ്വതന്ത്രമായി കഴിയണം. തൊട്ടതിനും പിടിച്ചതിനും ചീറുന്ന അച്ഛനോടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു. ചെറിയ പിഴവുകള്‍ക്കുപോലും – ടാപ്പ് ശരിക്കും അടയ്ക്കാത്തതിന്, ഫാന്‍ ഓഫാക്കാതെ പോയതിന്, നനഞ്ഞ തോര്‍ത്ത് കിടക്കയില്‍ ഇട്ടതിന്, ടി.വി. വെറുതെ ഓണ്‍ ചെയ്തിട്ടതിന് അങ്ങനെ പലതിനും – അവന്‍ മുറയ്ക്കു കേട്ടുകൊണ്ടിരുന്നു. എന്തിന്, ഇന്‍റര്‍വ്യൂ ദിവസം രാവിലെ പണം കൊടുത്തപ്പോള്‍പോലും അച്ഛന്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്കൊക്കെ ശരിക്കും ഉത്തരം പറയണം, നിന്‍റെ തപ്പിത്തടച്ചില്‍ ഒന്നും പാടില്ല. അറിയില്ലെങ്കിലും വ്യക്തമായി സംസാരിക്കണം. ഇന്‍റര്‍വ്യൂ കേന്ദ്രത്തിലെത്തിയപ്പോള്‍ ഗെയ്റ്റ് തുറന്ന് കിടക്കുന്നു. ലോക്ക് അലക്ഷ്യമായി തള്ളി നില്ക്കുന്നു. അവന്‍ ലോക്ക് ശരിയാക്കി ഗെയ്റ്റ് അടച്ച് അകത്തു കടന്നു. ഓഫീസിന്‍റെ മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ ആരോ ടാപ്പ് തുറന്നിട്ടിരിക്കുന്നു. വെള്ളം വെറുതെ പരന്നൊഴുകുന്നുണ്ടായിരുന്നു. അവന്‍ അച്ഛന്‍റെ ശബ്ദം കേള്‍ക്കുന്നപോലെ തോന്നി. പോയി ടാപ്പ് ഓഫാക്കി, പൈപ്പ് വഴിയില്‍നിന്നും അരികിലേക്കു മാറ്റിയിട്ടു. ഓഫീസിന്‍റെ ഒന്നാം നിലയിലേക്ക് അവന്‍ പടികള്‍ കയറിത്തുടങ്ങി. പത്തു മണി കഴിഞ്ഞിട്ടും തെളിഞ്ഞുനില്ക്കുന്ന ബള്‍ബുകള്‍ അച്ഛന്‍റെ ശബ്ദം ചെവിയില്‍ മുഴങ്ങിനിന്നു. സ്വിച്ച് ബോര്‍ഡ് കണ്ടെത്തി ലൈറ്റ് ഓഫാക്കി. അകത്തെത്തിയപ്പോള്‍ ഒത്തിരി പേര്‍. ഒറ്റനോട്ടത്തില്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍. അവന് ആധിയായി, നെഞ്ച് പിടഞ്ഞു. തലതിരിഞ്ഞു കിടന്നിരുന്ന വെല്‍ക്കം മാറ്റ് ശരിയാക്കിവച്ച് അവന്‍ ഹാളിന്‍റെ പിന്നില്‍ ചെന്നിരുന്നു. ഒടുവില്‍ പത്തിരുപത് ആളുകള്‍ക്കുശേഷം അവന്‍റെ ഊഴം വന്നെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വച്ചശേഷം ഇന്‍റര്‍വ്യൂ ഡയറക്ടര്‍ അവനോടു ചോദിച്ചു. താങ്കള്‍ എന്നാണു ജോലിയില്‍ പ്രവേശിക്കുന്നത്? അവനാകെ അമ്പരന്നു. തന്നെ പരിഹസിക്കാനുള്ള വല്ല ചോദ്യമാണോ? ഡയറക്ടര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു. ഈ കമ്പനിയിലേക്കു സ്വാഗതം. അവന്‍ ഞെട്ടി. ഡയറക്ടര്‍ തുടര്‍ന്നു. ചോദ്യങ്ങള്‍ ചോദിച്ചല്ല തങ്ങള്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നത്. ആളുടെ മനോഭാവമാണു നോക്കുന്നത്. തുറന്നു കിടക്കുന്ന ഗെയ്റ്റ് പൂട്ടാനോ പാഴായിപോകുന്ന വെള്ളം കണ്ടു ടാപ്പ് പൂട്ടാനോ മറ്റാര്‍ക്കും തോന്നിയില്ല. ബള്‍ബുകള്‍ ഓഫാക്കി വെല്‍ക്കം മാറ്റ് ശരിയാക്കി താങ്കള്‍ അവിടെ വന്നിരിക്കുന്നതു സിസി ടിവിയിലൂടെ നിരീക്ഷിച്ചാണു സെലക്ട് ചെയ്തത്. ഈ മനോഭാവം ഞങ്ങള്‍ക്ക് ഇഷ്ടമായി. അടുത്ത തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ച് ഓഫര്‍ ലെറ്റര്‍ വാങ്ങി അവന്‍ തിടുക്കത്തില്‍ മടങ്ങി. വീട്ടിലെത്തിയ അവന്‍ എല്ലാം മറന്ന് അച്ഛനെ കെട്ടിപ്പിടിച്ചു, അപ്പോഴേക്കും ആ കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ പെയ്തിറങ്ങുന്നുണ്ടായിരുന്നു. ഈ പിതൃദിനത്തില്‍ തേടിയെത്തിയ വരികള്‍ വായിച്ചു മൊബൈലില്‍നിന്നു കണ്ണെടുക്കുമ്പോള്‍ ഉള്ളില്‍ എവിടെയോ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൊഞ്ഞനം കുത്തുന്നപോലെ.

സ്നേഹത്തിന്‍റെ കണക്കുപുസ്തകത്തിലൊന്നും ഇത്തിരിയെങ്കിലും അറിയാതെ അവഗണിക്കപ്പെടുന്നുണ്ട് ഇവര്‍. ഉള്ളിലെ വാത്സല്യത്തിന് ആരുമറിയാതെ അവര്‍ ഇടുന്ന ചില മറകള്‍കൊണ്ടാവണമിത്. ഉള്ളിലെ സ്നേഹം ദേഷ്യംകൊണ്ടു കാണിക്കാന്‍ അമ്മമാര്‍ക്ക് അറിയണമെന്നില്ല. അതില്‍ അച്ഛനാണു വിജയിക്കുന്നത്. അവര്‍ക്കേ അങ്ങനെ ആകാന്‍ പറ്റൂ. പക്ഷേ, ആ സ്നേഹത്തിന്‍റെ ആഴം തിരിച്ചറിയുമ്പോഴേക്കും അവര്‍ അകന്നകന്ന് ഒരുപാട് അകലങ്ങളിലെത്തിയിരിക്കും. ചെറുപ്പക്കാലത്ത് ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന ഒരു സുഹൃത്തുണ്ട്. സങ്കടങ്ങളുടെ പേമാരിയില്‍ കലങ്ങിമറിഞ്ഞിട്ടുണ്ട് ആ വീട്. ഏറെ നാളുകള്‍ക്കുശേഷം ഒരു സായാഹ്നത്തില്‍ അച്ഛന്‍റെ സ്മരണകള്‍ക്കു മുമ്പിലിരുന്ന് അനുഭവങ്ങള്‍ പങ്കിടുമ്പോള്‍ "അവര്‍ ഒളിപ്പിച്ചുവയ്ക്കുന്ന പലതും നമ്മള്‍ തിരിച്ചറിയാറില്ല" എന്നു പറഞ്ഞുകൊണ്ട് അവന്‍ ഒരു കുറിപ്പു കാണിച്ചു – "അച്ഛനു കഴിക്കാന്‍ അമ്മ വിളമ്പിവച്ച ചോറിലെല്ലാം കല്ലു കടിച്ചെന്നു പറഞ്ഞു ബാക്കിവച്ചു ദേഷ്യം കാണിച്ചു എഴുന്നേറ്റപ്പോഴും കണ്ടുനിന്നു തേങ്ങിയ കുഞ്ഞുമക്കള്‍ക്കറിയില്ലല്ലോ അച്ഛന്‍ ബാക്കിവച്ച ചോറ് അമ്മയ്ക്കായി മാറ്റിവച്ച അത്താഴമായിരുന്നെന്നും അരിയിലെ കല്ലും അച്ഛന്‍റെ ദേഷ്യവുമെല്ലാം അമ്മയോടുള്ള സ്നേഹമായിരുന്നെന്നും." സുഹൃത്ത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. പല സാദ്ധ്യതകളിലും കണ്ട അച്ഛന്‍റെ ദേഷ്യത്തിനു പിന്നില്‍ ഇങ്ങനെയൊരു രഹസ്യമുണ്ടായിരുന്നുവെന്ന് ഇന്നാണു ഞാന്‍ തിരിച്ചറിയുന്നത്." പാത്രങ്ങളില്‍ കഞ്ഞി വിളമ്പി വിളമ്പി ഒടുവില്‍ തവി കഞ്ഞിക്കലത്തിലുരസിയുണ്ടാകുന്ന ആ ശബ്ദം അച്ഛന്‍ മാത്രമേ തിരച്ചറിഞ്ഞിരുന്നുള്ളൂ. മനസ്സില്‍ എവിടെയോ ഒരു നെരിപ്പോട് കത്തുന്നുണ്ടായിരുന്നു.

അച്ഛനെക്കുറിച്ച് ഈ വരികള്‍ കുറിക്കുമ്പോള്‍ ചില വാക്കുകള്‍ ഉള്ളില്‍ വല്ലാതെ തികട്ടിവരുന്നുണ്ട് – "എത്ര പൈസ മുടക്കിയാ ഇതൊക്കെ വാങ്ങിച്ച് ഷെല്‍ഫില്‍ അട്ടിയിട്ടിരിക്കുന്നത്. ഒരെണ്ണംപോലും തുറന്നുനോക്കരുത് കേട്ടോ" ഷെല്‍ഫില്‍ മേടിച്ച് അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ മക്കളാരും വായിക്കാത്തതിന്‍റെ പരിഭവമായിരുന്നു അപ്പന്‍റെ ഈ വാക്കുകള്‍. അക്ഷരങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത് അപ്പന്‍റെ ഈ പിടിവാശികൊണ്ടാണ് എന്ന് ഓര്‍ക്കുമ്പോള്‍ എവിടെയോ ഒരു തിരി തെളിയുന്നുണ്ട്, മുമ്പില്‍ അപ്പന്‍റെ രൂപവും. കളിപ്പാട്ടങ്ങളേക്കാള്‍ അപ്പന്‍ വാങ്ങിയിരുന്നതു പുസ്തകങ്ങളായിരുന്നു എന്നു ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്.

ചില കുറവുകള്‍ക്കു മുന്നില്‍ കാണാതെ പോകുന്ന ഒത്തിരി നന്മകള്‍ കാലം പലപ്പോഴും കാത്തുസൂക്ഷിച്ചുവയ്ക്കാറുണ്ടെന്നു തോന്നുന്നു. കാലചക്രത്തിന്‍റെ ചില തിരിവുകള്‍ക്കുമപ്പുറം അതു മനസ്സില്‍ തെളിയുമ്പോള്‍ എവിടെയോ ചില നൊമ്പരങ്ങള്‍… പിതൃത്വം എന്ന് മറക്കുന്ന ചില പിതൃമനസ്സുകള്‍ എല്ലാ അപ്പന്മാരോടും മാപ്പപേക്ഷിക്കണം. മറ്റൊന്നുമല്ല, ഉള്ളില്‍ നന്മകള്‍ സൂക്ഷിക്കുന്ന ഒത്തിരി അച്ഛന്മാരേ ഇവര്‍ ഇത്തിരി നേരമെങ്കിലും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുകൊണ്ടു മാത്രം. ദൈവം = അപ്പന്‍ എന്നു പഠിപ്പിച്ച ക്രിസ്തുവിന് അപ്പന്‍ = ദൈവം ആയിരുന്നെന്നു തോന്നുന്നു. ദൈവത്തിന്‍റെ സ്മരണകളുണര്‍ത്താന്‍ ഭൂമിയിലെ എല്ലാ അപ്പന്മാര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ എന്നു സ്വപ്നം കാണാറുണ്ട്. കൊടുത്ത സ്നേഹത്തിന്‍റെ കണക്കു സൂക്ഷിക്കാന്‍ മറന്നുപോയ ഒരപ്പന്‍റ നൊമ്പരക്കുറിപ്പോടെ എല്ലാ അച്ഛന്മാര്‍ക്കും മുമ്പില്‍ പ്രണാമങ്ങള്‍…

സ്നേഹത്തിന്‍റെ നിര്‍വചനങ്ങള്‍ അറിഞ്ഞിരുന്നില്ല. കൊടുത്ത സ്നേഹത്തിന്‍റെ കണക്കു സൂക്ഷിച്ചുമില്ല. മക്കളിപ്പോ ചോദിക്യാ 'എന്തു ചെയ്തൂന്നാ?'
സമ്പാദ്യങ്ങളുടെ കണക്കിലിപ്പോ രോഗങ്ങള്‍ മാത്രം…

മാപ്പ്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു വളരുവാന്‍ എന്‍റെ കണ്ണുനീരിനെ ഒഴിവാക്കിക്കൊള്ളൂ മക്കളേ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org