അഞ്ച് ഉപദേശങ്ങള്‍

അഞ്ച് ഉപദേശങ്ങള്‍

ഒരു പെന്‍സില്‍ നിര്‍മ്മാതാവ് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. പെന്‍സില്‍ നിര്‍മ്മാണം പൂര്‍ത്തിയായി പെന്‍സിലുകള്‍ കൂടുകളില്‍ നിറയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പെന്‍സിലുകളായി മാറുന്നതിന് അ ഞ്ച് ഉപദേശങ്ങള്‍ ഈ പെന്‍സില്‍ നിര്‍മ്മാതാവ് അവയ്ക്ക് നല്കുമായിരുന്നു.

ഒന്നാമത്തെ ഉപദേശം: നാളെകളില്‍ നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യും. പക്ഷെ ഓര്‍ക്കുക – മറ്റു വ്യക്തികളുടെ കൈകളിലേക്ക് കടന്നു ചെന്നെങ്കില്‍ മാത്രമേ നിങ്ങള്‍ ഉപയോഗപ്പെടൂ.

രണ്ടാമത്തെ ഉപദേശം: കാലാകാലങ്ങളില്‍ ചെത്തിമിനുക്കലിന്‍റെ വേദനയിലൂടെ നിങ്ങള്‍ക്ക് കടന്നുപോകേണ്ടിവരും. എങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച പെന്‍സിലുകള്‍ ആകുവാന്‍ കഴിയൂ.

മൂന്നാമത്തെ ഉപദേശം: നീ വരുത്തുന്ന തെറ്റുകള്‍ സമയാസമയം മായിച്ചു കളയുവാന്‍ നിനക്ക് സാധിക്കണം.

നാലാമത്തെ ഉപദേശം: കാഴ്ചയിലെ ഭംഗിയല്ല, മറിച്ച് എന്താണോ നിന്‍റെ ഉള്ളിലുള്ളത് അതാണ് നിന്നെ നീയാക്കിത്തീര്‍ക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കുക.

അഞ്ചാമത്തെ ഉപദേശം: നീ ഒരിക്കല്‍ ഉപയോഗിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നീ നിന്‍റെ പാടുകള്‍ പതിപ്പിക്കണം. ഉപരിതലം കഠിനമോ, മൃദുവോ ആണെങ്കിലും അതൊന്നും നോക്കാതെ നീ എഴുതിക്കൊണ്ടിരിക്കുക. കാരണം നിന്‍റെ ഉത്തരവാദിത്വമാണത്.

തങ്ങളെ നിര്‍മ്മിച്ചവന്‍റെ ഉപദേശം ഹൃദയത്തില്‍ സ്വാംശീകരിച്ച് പെന്‍സിലുകള്‍ വിപണിയിലേക്ക് യാത്രയാവുകയും, മികച്ച പെന്‍സിലുകള്‍ എന്ന് പേരെടുക്കുകയും ചെയ്തു.

ഈ പെന്‍സിലുകളെ നമ്മുടെ ജീവിതവുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കൂ.

ഒന്ന്: നിങ്ങള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ ദൈവത്തിന്‍റെ കൈകളില്‍ നിങ്ങളെ ഏല്പിച്ചു കൊടുക്കുകയാണെങ്കില്‍. മാത്രമല്ല നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപയോഗപ്പെടുന്നതായിരിക്കുകയും വേണം.

രണ്ട്: ജീവിതത്തിലും ചെത്തിമിനുക്കലിന്‍റെ കഠിനവേദനകളിലൂടെ നമുക്ക് കടന്നു പോകേണ്ടതായി വരാം. പക്ഷെ അപ്പോഴൊക്കെ ഓര്‍ക്കുക ഈ കഠിനമായ പരീക്ഷണങ്ങളൊക്കെ നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

മൂന്ന്: ജീവിതത്തില്‍ തെറ്റുകളുണ്ടാവാം. പക്ഷെ അത് തിരുത്തുവാനുള്ള സന്മനസ്സാണ് നമുക്കുണ്ടാകേണ്ടത്.

നാല്: ജീവിതത്തിലും പുറം മോടികളെക്കാളേറെ നിങ്ങളുടെ ഉള്ളില്‍ എന്താണോ ഉള്ളത് അതാണ് പ്രാധാന്യമര്‍ഹിക്കുന്നത്.

അഞ്ച്: നിങ്ങള്‍ കടന്നുപോകുന്ന വഴിത്താരകളിലെല്ലാം നിങ്ങളുടെ പാദമുദ്രകള്‍ പതിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയണം. നാം ചെയ്യുന്ന ജോലി എന്താണെങ്കിലും അതില്‍ ആത്മാര്‍ത്ഥതയുടെ നിറം ചാലിക്കുവാന്‍ നമുക്ക് കഴിയുമ്പോള്‍ പാദമുദ്രകള്‍ ഓട്ടോമാറ്റിക്കായി നമ്മുടെ വഴിത്താരകളില്‍ പതിഞ്ഞുകൊള്ളും.

ജീവിതത്തില്‍ വിജയം ആഗ്രഹിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു മനോഭാവമാണ് നമുക്കും ഉണ്ടാകേണ്ടത്. ഒരു പഠിതാവിന്‍റെ മനോഭാവത്തോടും വിനയത്തോടും കൂടി നിലനില്ക്കുന്നയാളുകള്‍ക്കേ ജീവിതത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കാനാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org