ഇരുട്ടില്‍ ഇഴയുന്നവര്‍ക്ക് വെട്ടമായി

ഇരുട്ടില്‍ ഇഴയുന്നവര്‍ക്ക് വെട്ടമായി

വിജയിക്കുക എന്നതു മാത്രമാണ് പ്രധാനം. ഈ ചിന്ത ശരിയാണോ? വിജയം ആത്യന്തികലക്ഷ്യമായിത്തീരുമ്പോള്‍ മാര്‍ഗ്ഗങ്ങള്‍ ധാര്‍മ്മികമാണോ, നീതിനിഷ്ഠമാണോയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാകുന്നു.
ഇവിടെയാണ് ഗാന്ധിജിയുടെ പ്രസക്തി.

ഗാന്ധിജിയെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞതോര്‍ക്കുക.
'നിവര്‍ന്നിരുന്നു ദീര്‍ഘമായി ശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിച്ച ശുദ്ധവായുവിന്റെ ശക്തമായൊരു പ്രവാഹം പോലെയായിരുന്നു അദ്ദേഹം. കൂരിരുട്ടിനെ തുളച്ചുകൊണ്ടെത്തിയ പ്രകാശനാളം പോലെ നമ്മുടെ കണ്ണുകളിലെ പാട മാറ്റിക്കളഞ്ഞു. ഒരു ചുഴലിക്കാറ്റായി വന്ന് പലതിനെയും, ഏറ്റവും പ്രധാന മായി മനുഷ്യമനസ്സുകളുടെ പ്രവര്‍ത്തനത്തെ മാറ്റിമറിച്ചു. മുകളില്‍ നിന്നല്ല, അദ്ദേഹം അവതരിച്ചത്, ഇന്ത്യയിലെ ജനകോടികളില്‍നിന്ന്, അവരുടെ ഭാഷ സംസാരിച്ചും അവരിലേ ക്കും അവരുടെ ദുരിതപൂര്‍ണ്ണ മായ സാഹചര്യങ്ങളിലേക്കും നിരന്തരം ശ്രദ്ധ ക്ഷണിച്ചു കൊണ്ടും അദ്ദേഹം ഇറങ്ങിവന്നു. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്തു ജീവിക്കുന്ന നിങ്ങളെല്ലാവരും അവരുടെ മുതുകില്‍നിന്ന് താഴെയിറങ്ങണം. ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും കാരണ മായ സംവിധാനങ്ങളെ ഒഴിവാക്കണം, അദ്ദേഹം നമ്മോടു പറഞ്ഞു. അപ്പോള്‍ രാഷ്ട്രീയത്തിനു പുതിയ രൂപമുണ്ടായി, പുതിയ ഭാവമുണ്ടായി. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഭാഗികമായി മാത്രം നമ്മള്‍ അംഗീകരിച്ചു. ചിലത് അംഗീകരിച്ചതേയില്ല. പക്ഷെ, അതല്ല പ്രധാനം. ഭയമില്ലായ്മയും സത്യവും എല്ലായ്‌പ്പോഴും ജനക്ഷേമം കണക്കിലെടുത്തു കൊണ്ടുള്ള പ്രവര്‍ത്തനവുമാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചതിന്റെ സാരം.'
അഹിംസയാല്‍ ഒരു സാമാജ്യത്തെ അടിയറവു പറയിച്ച ഗാന്ധിജി ഇരുട്ടില്‍ ഇഴയുന്നവര്‍ക്ക് വെട്ടമാണ്. 'ഞാന്‍ നിങ്ങളെ വെറുക്കുകയില്ല. പക്ഷെ നിങ്ങള്‍ തെറ്റുകാരെങ്കില്‍ ഞാന്‍ നിങ്ങളെ അനുസരിക്കുകയില്ല. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുക. സഹിക്കാനുള്ള എന്റെ ത്രാണിയെ, യാതന ഏല്പിക്കാനുള്ള നിങ്ങളുടെ ത്രാണിക്ക് ഞാന്‍ എതിരു നിര്‍ത്തും; എന്റെ ആത്മശക്തിയെ നിങ്ങളുടെ ഭൗതികശക്തിക്കെതിരെയും. സന്മനോഭാവംകൊണ്ട് ഞാന്‍ നിങ്ങളെ പരീക്ഷണനാക്കും' എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി: ഹിംസയെ സ്‌നേഹം കൊണ്ടദ്ദേഹം കീഴടക്കി. ലക്ഷ്യത്തെ സാധൂകരിക്കുന്ന എന്നാല്‍ ധര്‍മനിഷ്ഠ വെടിയാത്ത മാര്‍ഗ്ഗത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം. സ്വാതന്ത്ര്യസമരം അക്രമത്തിലേക്ക് വഴിതെറ്റിയപ്പോഴൊക്കെ സമരം നിര്‍ത്തിവെച്ചും ഉപവാസം അനുഷ്ഠി ച്ചും അദ്ദേഹം നാല്പതുകോടി ഇന്ത്യാക്കാരെ നിയന്ത്രിച്ചു. ആയുധ ബലത്തില്‍ അജയ്യരായ ബ്രിട്ടീഷുകാരെ നിരായുധനായി നിരായുധരാക്കി. അതാണ് രാഷ്ട്രപിതാവായ മഹാത്മജി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org