ചുളിവുകള്‍ വീണതാര്‍ക്ക്

ചുളിവുകള്‍ വീണതാര്‍ക്ക്

ബിന്റോ കോയിക്കര

നിറഞ്ഞു തുളുമ്പുന്ന കഞ്ഞി പാത്രം ആ സ്ത്രീ വല്ല്യമ്മയുടെ അടുക്കലേക്ക് തള്ളി വച്ചു കൊടുക്കുന്നത് കൊച്ചുമകന്‍ വാതിലിന്റെ മറയില്‍ നിന്ന് കാണുന്നുണ്ട്. കോരി കുടിക്കാന്‍ ഒരു സ്പൂണ്‍ പോലുമില്ലാതെ ഭാരപ്പെട്ട് കഞ്ഞി പാത്രം കൈയിലെടുത്ത് ചുണ്ടോടടുപ്പിച്ച് പിടിച്ച് ആര്‍ത്തിയോടെ അവര്‍ കുടിക്കുകയാണ്. ചൂട് കൊണ്ട് നാവു പൊള്ളാതിരിക്കാന്‍ ഊതി ഊതി കുടിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ പരതുകയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ കൈ കഴച്ച് അവര്‍ പാത്രം നിലത്തു വച്ചു. വാതിലിന്റെ മറയിലേക്ക് ഒന്നും മിണ്ടാതെ ഒന്നു നോക്കി… വാര്‍ദ്ധക്യത്തിന്റെ ദൈന്യത നിറഞ്ഞ നോട്ടം…
ചുളിവുകള്‍ വീണ തൊലിപ്പുറമല്ല വാര്‍ദ്ധക്യം. അത് മനുഷ്യജീവിതത്തിലെ ദീര്‍ഘ നാഴിക ദൂരമാണ്. മനസ്സു പറയുന്നിടത്ത് ശരീരം നില്‍ക്കാത്ത സഞ്ചാര ദൂരം.
വാര്‍ദ്ധക്യം രുചികള്‍ക്കന്യമായ ചോരത്തിളപ്പിനനൗചിത്യമായ കാലഘട്ടം. അവിടെ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ പുറമേ എന്നപോലെ ചുരുണ്ടു കൂടിയിരിക്കുന്നു. വേച്ചു പോകുന്ന കാലടികള്‍ താങ്ങന്വേഷിക്കുന്നു. കാഴ്ചകളെ കറുപ്പ് കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തിനു മരണമില്ല. കാരണം യൗവനത്തിന്റെ മരണമാണ് വാര്‍ദ്ധക്യം. യഥാര്‍ത്ഥത്തില്‍ വാര്‍ദ്ധക്യത്തിന്റെ ക്ഷയിക്കലാണ് മരണം. വാര്‍ദ്ധക്യത്തിനു പൂര്‍ണ്ണമായിട്ടും മരിക്കാനാകില്ല. വാര്‍ദ്ധക്യത്തിലും ശൈശവവും കൗമാരവും യൗവനവും മാറിമാറി കടന്നുവരുന്നു. കുഞ്ഞിന്റെ ചേഷ്ടകളും കുമാരന്റെ വികാരപ്രകടനങ്ങളും യുവാവിന്റെ ധീരകൃത്യങ്ങളും വൃദ്ധന്റെ അവശതയും വാര്‍ദ്ധക്യത്തിന്റെ നിറഭേദങ്ങളാണ്.
വാര്‍ദ്ധക്യത്തെ അകറ്റി നിറുത്തുന്നതിനേക്കാള്‍ അടുപ്പിച്ചു നിറുത്തുന്നതാണ് ഉചിതം. ഹൃദയത്തില്‍ വാര്‍ദ്ധക്യം സൂക്ഷിക്കുക. പ്രായോഗിക പരിജ്ഞാനത്തിന്റെയും ബുദ്ധികൂര്‍മ്മതയുടെയും ശ്രേയസ്‌കരമായ ഇരിപ്പിടം വാര്‍ദ്ധക്യം തന്നെയെന്ന് തിരിച്ചറിയുന്നിടത്ത് ഒരു ജന്മം രൂപമെടുക്കുകയാണ്: പഴുത്ത് രൂപമാറ്റം സംഭവിച്ച് തണ്ടില്‍ നിന്നും വേര്‍പ്പെടാനൊരുങ്ങി നില്‍ക്കുന്ന, ഇലയോട് ചേര്‍ന്നു വളരാനാഗ്രഹിക്കുന്ന തളിരില…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org