ദേശ, ഭാഷാ, സംസ്കാര ഭേദങ്ങള്‍ക്കതീതമായൊഴുകിയ സുവിശേഷത്തിന്‍റെ ചൈതന്യധാര

ദേശ, ഭാഷാ, സംസ്കാര ഭേദങ്ങള്‍ക്കതീതമായൊഴുകിയ സുവിശേഷത്തിന്‍റെ ചൈതന്യധാര

പനാമയില്‍ നടന്ന ആഗോളയുവജനദിനാഘോഷത്തില്‍
പങ്കെടുത്ത മധ്യപ്രദേശിലെ ഖാണ്ഡുവ രൂപതാ
യുവജനകമ്മീഷന്‍ ഡയറക്ടര്‍ ഫാ. ലൈജോ പൂണോളി
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു…

ആഗോളയുവജനദിനാഘോഷത്തില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരുന്നതിനാല്‍ വലിയ ആകാംക്ഷയോടെയാണു പുറപ്പെട്ടത്. യുവജനങ്ങള്‍ എന്നും സഭയുടെ കരുത്താണ്. സഭയുടെ ഭാവിയും അവര്‍ തന്നെ. അവരുടെ പ്രതിനിധികള്‍ എല്ലാ ലോകരാജ്യങ്ങളിലും നിന്നു വന്ന് ഒന്നിച്ചു കൂടുമ്പോള്‍ അതു ആഗോളസഭയില്‍ പുതിയ ആവേശവും അഭിഷേകവും നിറയ്ക്കും എന്നതു വ്യക്തമായിരുന്നു. യുവജനസഹജമായ ആഘോഷാന്തരീക്ഷം സംഗമവേദിയിലെങ്ങും നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഈ പ്രതീക്ഷകളെയെല്ലാം നിറവേറ്റുക മാത്രമല്ല, അതിലംഘിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് പനാമയില്‍ നിന്നു ലഭിച്ചത്.

ദീര്‍ഘയാത്രയ്ക്കു ശേഷം പനാമയിലെ ടോക്യുമെന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ തന്നെ യുവജനദിനാഘോഷത്തിന്‍റെ ആവേശം തൊട്ടറിയാന്‍ കഴിഞ്ഞു. യുവജനതീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന ബാനറുകളും യുവദിനാഘോഷത്തിന്‍റെ മുദ്രകളും എല്ലാം വിമാനത്താവളത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നതു കാണാമായിരുന്നു.

വിമാനത്താവളത്തില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. അതൊരു അവസരമായി മാറി. ലോകമെമ്പാടും നിന്നുള്ള രാജ്യങ്ങളില്‍ നിന്നായി ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി വന്നിറങ്ങിക്കൊണ്ടിരിക്കുന്ന യുവസംഘങ്ങളെ അവിടെയിരുന്നു തന്നെ കാണാനായി. ഓരോ വിമാനത്തില്‍ നിന്നുമിറങ്ങുന്നവര്‍ ഓരോ രാജ്യങ്ങളുടെ പതാകകള്‍ വഹിച്ചിരുന്നു. അതതു നാടുകളുടെ ഭാഷകളിലുള്ള ഗാനങ്ങള്‍ അവര്‍ ആലപിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഒന്നിപ്പിക്കുന്നതും എല്ലാവര്‍ക്കും സമാനമായതുമായ ഒട്ടേറെ കാര്യങ്ങള്‍ എല്ലാ ഭേദങ്ങള്‍ക്കുമതീതമായി നിന്നു. അത് അവരുടെ വിശ്വാസം തന്നെ.

പ. മാതാവിന്‍റെയും വിശുദ്ധരുടേയും ചിത്രങ്ങളും രൂപങ്ങളും മിക്കവരും സംവഹിച്ചിരുന്നു. അതെല്ലാം കൈകളിലേന്തി, പാട്ടുകളും പ്രാര്‍ത്ഥനകളുമായി യുവജന സംഘങ്ങള്‍ പനാമയിലേയ്ക്ക് ഒഴുകിയെത്തിച്ചേരുന്ന കാഴ്ച ആവേശകരമായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നു ഞങ്ങള്‍ നേരെ പോയത് ഞങ്ങള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്ന ഇടവകയിലേയ്ക്കാണ്. ഞങ്ങള്‍ക്കും അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്കും താമസസൗകര്യമൊരുക്കിയിരുന്നത് സാന്താ ഡി എഡ്വിഗെ എന്ന ഇടവകയിലാണ്. ഇടവകാംഗങ്ങള്‍ ഞങ്ങള്‍ക്ക് സ്നേഹോഷ്മളമായ സ്വാഗതമാശംസിച്ചു. സ്വന്തം കലാസാംസ്കാരിക പൈതൃകം പ്രകാശിപ്പിക്കുന്ന പാട്ടുകളും നൃത്തങ്ങളുമെല്ലാം ഞങ്ങളെ സ്വാഗതം ചെയ്യാനായി അവര്‍ തയ്യാറാക്കിയിരുന്നു. ആഹ്ലാദകരമായിരുന്നു ആ മുഹൂര്‍ത്തങ്ങള്‍. തുടര്‍ന്ന് ഓരോരുത്തര്‍ക്കുമുള്ള വീടുകളിലേയ്ക്ക് അവര്‍ ഞങ്ങളെ കൊണ്ടു പോയി. തുടര്‍ന്നുള്ള ദിവസങ്ങളിലെ പനാമയിലെ സ്നേഹസമ്പന്നരും അതിഥിസത്കാരപ്രിയരുമായ ജനങ്ങളുടെ സ്നേഹസേവനങ്ങളും ആതിഥ്യവും ഞങ്ങള്‍ സ്വീകരിച്ചു.

വ്യക്തിപരമായി എന്‍റെ ആത്മീയതയേയും കാഴ്ചപ്പാടുകളേയും പുതിയൊരു തുറവിയിലേയ്ക്കു നയിച്ച അനുഭവമായിരുന്നു ആഗോളയുവജനദിനാഘോഷം. വിവിധ രാജ്യങ്ങളില്‍ നിന്നു വരുന്ന യുവജനങ്ങള്‍ കൈയില്‍ കരുതിയിരുന്ന സ്വന്തം മാതൃരാജ്യങ്ങളുടെ ദേശീയപതാകകളുടെ വൈവിദ്ധ്യം ആകര്‍ഷകമായിരുന്നു. പരസ്പര മത്സരങ്ങളില്ല, കലാപങ്ങളില്ല, കലഹങ്ങളില്ല. വൈവിദ്ധ്യത്തിനിടയിലൂടെ ഇഴപാകി കടന്നുപോകുന്ന ഐക്യത്തിന്‍റെ ഒരു ഘടകം അവിടെയുണ്ടായിരുന്നു. ആ കൊടികള്‍ പനാമയുടെ തെരുവുകളെ വര്‍ണശബളമാക്കി. പ്രതീകാത്മകമായ ആ മനോഹരദൃശ്യം ഫലപ്രദമായി ഒരു സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ജനതകളേയും രാജ്യങ്ങളേയും സംസ്കാരങ്ങളേയും ഒന്നിപ്പിക്കുന്ന സുവിശേഷത്തിന്‍റെ ചൈതന്യം അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.

ഏതാനും പൊതുപരിപാടികളൊഴികെ യുവജനദിനാഘോഷത്തിന്‍റെ ഭാഗമായ അനുദിന പരിപാടികളിലേറെയും പല സ്ഥലങ്ങളിലായാണ് സംഘടിപ്പിച്ചിരുന്നത്. 'റിന്യൂ മി' എന്നത് കുമ്പസാരത്തിനുള്ള പരിപാടിയായിരുന്നു. കുമ്പസാരിച്ച് ഓരോരുത്തര്‍ക്കും സ്വജീവിതം നവീകരിക്കാനുള്ള അവസരം നല്‍കുന്ന പരിപാടി ആയിരകണക്കിനു യുവജനങ്ങള്‍ക്ക് നവമായ ആത്മീയാനുഭവം പ്രദാനം ചെയ്തു. ദൈവവിളികളുടെ അന്തസ്സത്തയും മഹത്വവും വിശദീകരിക്കുന്ന 'ഫോളോ മി' എന്നത് അനേകരെ ആകര്‍ഷിച്ച മറ്റൊരു പരിപാടിയായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ വിവിധ വേദികളിലായി നടന്ന പരിപാടികളിലെല്ലാം യുവജനങ്ങളും വൈദികരും കന്യാസ്ത്രീകളും ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരുന്നു. വേദിയും സദസ്സുമെല്ലാം ഒരേ ആഹ്ലാദവും ആവേശവും പങ്കുവച്ചുകൊണ്ട് പാട്ടുകളിലും നൃത്തങ്ങളിലും പങ്കുചേര്‍ന്നു. അതെല്ലാം പനാമയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷകേന്ദ്രമാക്കി മാറ്റി. പ്രഭാഷണങ്ങളിലൂടെയും ആരാധനകളിലൂടെയും ദൈവത്തെ അനുഭവിച്ചറിയുവാന്‍ യുവജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. എല്ലാവരും അതെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്തു.

യുവജനദിനാഘോഷവേദിയിലെ ഏറ്റവും വലിയ ആകര്‍ഷണം തീര്‍ച്ചയായും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യമായിരുന്നു. പാപ്പായുടെ പരിപാടികളില്‍ പങ്കെടുക്കുവാനും അദ്ദേഹത്തെ കാണുവാനും പനാമയുടെ പൊള്ളുന്ന ചൂടിനെ വക വയ്ക്കാതെ ആയിരകണക്കിനു യുവജനങ്ങള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്നത് വേറിട്ട കാഴ്ചയായിരുന്നു. ഭൂമിയിലെ ക്രിസ്തുവിന്‍റെ വികാരിയെ കാണാന്‍ യുവജനങ്ങള്‍ തടിച്ചുകൂടിക്കൊണ്ടിരുന്നു. പാപ്പാ വരുന്ന വേദികളില്‍ മണിക്കൂറുകള്‍ക്കു മുമ്പുതന്നെ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹവുമായി ആളുകളെത്തി ഇടംപിടിക്കുമായിരുന്നു. പാപ്പായ്ക്കു യുവജനങ്ങളോടും യുവജനങ്ങള്‍ക്കു പാപ്പായോടുമുള്ള സ്നേഹവാത്സല്യങ്ങള്‍ക്ക് പനാമയിലെ യുവജനദിനാഘോഷം തെളിവായി. മാര്‍പാപ്പ നയിച്ച കുരിശിന്‍റെ വഴി, ജാഗരണപ്രാര്‍ത്ഥന, ദിവ്യബലി എന്നിവയെല്ലാം വന്‍ യുവജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു.

17 ലക്ഷം യുവജനങ്ങളാണ് ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ പനാമയിലെത്തിയത്. ഇത്രമാത്രം ആളുകള്‍ ഒന്നിച്ചുകൂടിയിട്ടും യാതൊരു അസ്വസ്ഥതകളും അവിടെയുണ്ടായില്ല. എല്ലാ ദേശങ്ങളേയും ഭാഷകളേയും സംസ്കാരങ്ങളേയും ഒന്നിപ്പിക്കുന്ന സുവിശേഷമൂല്യങ്ങളുടെ മിഷണറിമാരാകാനുള്ള ആവേശത്തോടെയാണ് യുവജനദിനാഘോഷത്തിനെത്തിയ എല്ലാവരും സ്വദേശങ്ങളിലേയ്ക്കു മടങ്ങിപ്പോയത്. ദൈവഹിതത്തിനു സമ്മതം നല്‍കുന്നവരാകാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത യുവജനദിനാഘോഷം സഭയുടെയും സമൂഹത്തിന്‍റെയും ഭാവിയെ പ്രത്യാശയോടെ നോക്കാന്‍ സമൂഹത്തിന് ഇട നല്‍കുന്ന ഒരു പരിപാടിയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org