ജാടയും ധൂര്‍ത്തും പിന്നെ ദൈവകോപവും

ജാടയും ധൂര്‍ത്തും പിന്നെ ദൈവകോപവും

കൊഴുവനാല്‍ ജോസ്

വുഹാനില്‍നിന്ന് വൈറസ് യാത്ര തുടങ്ങുന്നതിന് മുമ്പത്തെ കാര്യമാണ്. സാമാന്യം തരക്കേടില്ലാത്ത ഒരു വീടും ഉദ്ദേശം 50 മീറ്റര്‍ ചുറ്റളവില്‍ അതിന്റെ പരിസരവും വിവിധവര്‍ണ്ണങ്ങളില്‍ മിന്നിത്തിളങ്ങുന്ന ബള്‍ബുമാലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അത് ശ്രദ്ധിച്ചിട്ടാകണം പിന്നില്‍നിന്ന് ആരുടെയോ കമന്റ്, 'ഒരു മാമ്മോദീസായ്ക്ക് ഇത്രേം ജാട വേണോ….?'

അപ്പോള്‍ മറ്റൊരാള്‍, 'മദ്യം രണ്ടു പെട്ടിയാ ഇന്നലെ കൊണ്ടുവന്ന് സ്റ്റോക്ക് വെച്ചിരിക്കുന്നത്!'

നമ്മുടെ സമൂഹം എത്ര മാത്രം ധാര്‍മ്മികമായി തകര്‍ന്നടിഞ്ഞിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് എന്തിന്? പരിശുദ്ധ ത്രീത്വത്തിലെ മൂന്നാളുകളും സ്‌നാപകയോഹന്നാനും മാത്രം സന്നിഹിതരായിരുന്ന ഒരു പാവനമായ ചടങ്ങിന്റെ പരമ്പരാഗതമായ ആവര്‍ത്തനത്തിലൂടെ ഒരാള്‍ക്ക് തിരുസഭയില്‍ അംഗത്വം കൊടുക്കുന്ന ദിവസം ആര്‍ഭാടം കാണിച്ചും മദ്യം വിളമ്പിയും വേണമായിരുന്നോ ആഘോഷിക്കാന്‍? മാമ്മോദീസ മാത്രമല്ല, ആദ്യകുര്‍ബാന, മനസമ്മതം, കെട്ടുകല്യാണം തുടങ്ങിയ ചടങ്ങുകളെ ആഡംബരങ്ങളും ആര്‍ഭാടങ്ങളും കൊണ്ട് കെങ്കേമമാക്കാനുള്ള പ്രവണത അതിന്റെ ഔന്നത്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. എന്തിനേറെ? മരണവീട്ടില്‍പോലും മദ്യസല്ക്കാരം നടത്തുന്ന വൈകൃതം നമ്മള്‍ തുടങ്ങി വെച്ചിരുന്നു. ഇവയൊക്കെ നമുക്ക് സ്റ്റാറ്റസിന്റെ സിംബലുകളായിരുന്നു പോലും! അയല്ക്കാരന്റെ വീടിനേക്കാള്‍ പ്രൗഢിയുള്ള വീട്. നാട്ടില്‍ ഓടുന്നതില്‍ വെച്ച് ഏറ്റവും വിലപ്പിടിപ്പുള്ള കാറ്. ദശകോടികള്‍ മുതല്‍ മുടക്കുള്ള പള്ളി. ചക്രവാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ബാന്റുമേള വെടിക്കെട്ടുകളോടും ശബ്ദകോലാഹലങ്ങളോടും കൂടി നടത്തപ്പെടുന്ന അതിഗംഭീരമായ പെരുന്നാള്‍! ഇവയുടെയൊക്കെ പേരു പറഞ്ഞ് ഒത്തിരി അഹങ്കരിച്ചവരാണ് നമ്മള്‍. ജാടയുടെ നീന്തല്‍ക്കുളങ്ങളില്‍ പൊങ്ങച്ചത്തിന്റെ തോരണം കെട്ടിയ പൊങ്ങു തടികളിലിരുന്ന് അന്തസാര ശൂന്യമായ മതജീവിതം ആസ്വദിക്കുകയായിരുന്നു നമ്മള്‍.

ജനിക്കാനോ ജീവിക്കാനോ മരിക്കാനോ ഒരിടമില്ലാതെ കാല്‍വരിമലയിലെ മരക്കുരിശില്‍ മൂന്നാണികളില്‍ തൂങ്ങിക്കിടന്ന് ജീവന്‍ വെടിഞ്ഞ സ്വര്‍ലോകസ്രഷ്ടാവായ ദൈവപുത്രന്റെ അനുയായികളെന്ന് നൂറുവട്ടം ആണയിടുന്ന നമ്മുടെയൊക്കെ ക്രിസ്ത്വനുകരണത്തിന്റെ നേര്‍ സാക്ഷ്യങ്ങളാണിവയെല്ലാം.

'എന്റെ കുഞ്ഞുങ്ങളേ നിങ്ങള്‍ ഈ ജാടയും ധൂര്‍ത്തും നിര്‍ത്തുക. എളിമയിലേയ്ക്കും വിനയത്തിലേയ്ക്കും മടങ്ങിവരിക. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടുമെന്ന് അന്ന് ഞാന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ നിങ്ങള്‍ക്ക്? ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന ആഹ്വാനവും നിങ്ങള്‍ മറന്നു.'

'ഫലമോ? മുന്നറിയിപ്പ് തരേണ്ടിവന്നു ദൈവത്തിന്. പലയിടങ്ങളിലായി പല തവണ പല രൂപത്തില്‍. യുദ്ധം, ദാരിദ്ര്യം, അതിവൃഷ്ടി, അനാവൃഷ്ടി, പ്രളയം, ഭൂകമ്പം, പ്രകൃതിദുരന്തങ്ങള്‍, സുനാമി അങ്ങനെ നീളുന്നു ആ പട്ടിക. ആരും വക വെച്ചില്ല. ഒടുവില്‍ ഇതാ വുഹാനില്‍ നിന്ന് വന്നവന്‍ ലോകത്തെ ഒന്നടങ്കം പൂട്ടിക്കെട്ടി. പള്ളികളും പള്ളിക്കൂടങ്ങളും അടച്ചു. ആതുരാലയങ്ങളും ആകാശപാതകളും സ്തംഭിച്ചു. ആരവങ്ങള്‍ നിലച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഇല്ലാതായി. ഓണ്‍ലൈനിലെ തിരുക്കര്‍മ്മങ്ങള്‍ മതിയെന്നായി. മാമ്മോദീസയും ആദ്യകുര്‍ബാനയും മന സമ്മതവും കെട്ടുകല്യാണവും വളരെ ലളിതമായി നടത്താന്‍ നമ്മള്‍ പഠിച്ചു. മരണവും മരിച്ചടക്കും വേണ്ടപ്പെട്ടവര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന നില വന്നു. ഒന്നു കാണാന്‍ പോലുമാകാതെ ഒത്തിരി പേര്‍ക്ക് സ്വന്തക്കാരെ നഷ്ടപ്പെട്ടു. ജോലിയോ കൂലിയോ ഇല്ലാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് കയ്യും കണക്കുമില്ല. ലോകമാകെ ബന്ധനത്തിലായിരിക്കുന്ന ഈ പ്രതിസന്ധിക്ക് ഒന്നേയുള്ളൂ പരിഹാരം. ആളകലത്തോടൊപ്പം ദൈവത്തോടുള്ള അടുപ്പമാണത്. ആ പ്രപഞ്ചനാഥന്റെ അടുത്ത് നമുക്ക് മുട്ടുകുത്തി വിനയത്തോടെ പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org