Latest News
|^| Home -> Suppliments -> Baladeepam -> ഫ്രെഡി ഫ്രാങ്കോ

ഫ്രെഡി ഫ്രാങ്കോ

Sathyadeepam

മുതുകില്‍ ഭാണ്ഡവും തൂക്കി ഫ്രെഡി ഫ്രാങ്കോ! ഒരു ദേശാടനപക്ഷിയെപ്പോലെ എവിടെയും അദ്ദേഹത്തെ കാണാം. സുസ്മേരവദനന്‍. ആര്‍ക്കും പ്രിയങ്കരന്‍. അന്നന്നു വേണ്ട ആഹാരത്തിനുള്ളത് എന്തെങ്കിലും ജോലി ചെയ്തുണ്ടാക്കും. ഫ്രെഡി ഫ്രാങ്കോയില്‍ നിന്നും ആവുന്ന സഹായം ആര്‍ക്കും പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനയിലും പള്ളിയിലെ ദിവ്യബലിയിലും എല്ലാം ഫ്രെഡിയെ കാണാം. അദ്ദേഹം പള്ളിയില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ വളരെ എളുപ്പം. അദ്ദേഹത്തിന്‍റെ ഭാണ്ഡം പള്ളിനടയില്‍ വച്ചിട്ടുണ്ടാകും. എപ്പോഴും സന്തോഷവാനും ഉല്ലാസവാനും ഏവര്‍ക്കും പരിചിതനുമായിരുന്നു ഫ്രെഡി ഫ്രാങ്കോ എന്ന മദ്ധ്യവയസ്കനായ ആ നാടോടി.

ഒരു ദിവസം അയാള്‍ തെരുവീഥിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയോരത്തെ ചപ്പുചവറുകള്‍ക്കിടയില്‍ വിലപ്പെട്ടതെന്തെങ്കിലുമുണ്ടോയെന്നു ചിക്കിച്ചികഞ്ഞു. അപ്രതീക്ഷിതമെന്നോണം കനമുള്ള ഒരു പെട്ടി ഫ്രെഡി ഫ്രാങ്കോയ്ക്കു കിട്ടി. ആകാംക്ഷയോടെ തുറന്നു നോക്കിയ ഫ്രെഡിക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നിറയെ സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും. തന്‍റെ കഷ്ടപ്പാടുകള്‍ക്കും ദാരിദ്ര്യത്തിനും ദൈവം നല്കിയ അനുഗ്രഹമെന്ന് അയാള്‍ കരുതി. അയാള്‍ ചുറ്റും നോക്കി. ആരും കാണുന്നില്ല… പെട്ടെന്ന് ആ നിധിപ്പെട്ടിയെടുത്തു തന്‍റെ ഭാണ്ഡത്തില്‍ ഒളിപ്പിച്ചു…. ഹാവൂ രക്ഷപ്പെട്ടു. ഭാണ്ഡവും തോളിലേറ്റി ആ തെരുവിന്‍റെ പ്രിയങ്കരന്‍ നടന്നു.

ഫ്രെഡി ഫ്രാങ്കോയുടെ നടത്തത്തിനു പഴയതിലും വ്യത്യാസം. എപ്പോഴും ചുറ്റും കറങ്ങിത്തിരിഞ്ഞു നോക്കുന്നു, ആരെങ്കിലും വരുന്നുണ്ടോയെന്ന്. എതിരെ വരുന്നവര്‍ തന്നെ അധികം ശ്രദ്ധിക്കുന്നതായും കൂടുതല്‍ അടുക്കുന്നതായും അയാള്‍ക്കു തോന്നി. ഇന്നലെ വരെ ആരോടും കുശലം പറഞ്ഞ് ഉല്ലാസവാനായി നടന്നിരുന്ന ഫ്രെഡിക്ക് ആളുകളെ കാണുമ്പോള്‍ ഭയം. ദേവാലയത്തില്‍ പോകാനും ഭയമായി. കാരണം ഇന്നലെ വരെ പള്ളിനടയില്‍ വച്ചിട്ടു പോയിരുന്ന ഭാണ്ഡം എവിടെ വയ്ക്കും? വല്ലപ്പോഴും ഭാണ്ഡവും തോളില്‍ തൂക്കിക്കൊണ്ടുതന്നെ ദേവാലയത്തിനകത്തു വരാന്‍ തുടങ്ങി. പാതയോരത്തും കടത്തിണ്ണകളിലും വെയ്റ്റിങ്ങ് ഷെഡുകളിലും ഉറങ്ങിയിരുന്ന ഫ്രെഡിയിപ്പോള്‍ കിടക്കാനൊരിടം തേടി സന്ധ്യാവേളകളില്‍ അലയുകയാണ്. ഉറക്കം അനുഗ്രഹമായി തോന്നിയിരുന്ന ഫ്രെഡിക്ക് ഉറക്കമില്ലായ്മ ശീലമായി മാറി. ആരെ കണ്ടാലും എന്തു ശബ്ദം കേട്ടാലും ഫ്രെഡി ഫ്രാങ്കോ ഭയപ്പെടാന്‍ തുടങ്ങി. ഏതു നിമിഷവും മനുഷ്യരില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ തുടങ്ങി, പെരുമാറ്റം മാറി, സംസാരം പരുക്കനായി, ജോലിയൊന്നും ചെയ്യാതായി. എല്ലാത്തരത്തിലും ഫ്രെഡി ഫ്രാങ്കോ മനുഷ്യര്‍ക്കു സംസാരവിഷയമായി. എന്തുപറ്റി ഇയാള്‍ക്ക്? സകലര്‍ക്കും സുപരിചിതനും സുഹൃത്തുമായിരുന്ന നാടോടിക്കു ചുററുമുള്ളവരെ ഭയമായി, സംശയമായി. വിദ്വേഷം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഒരു മനുഷ്യനുണ്ടായ മാറ്റമേ…. അതിശയം… അത്ഭുതം…

നാടോടിയുടെ ഭാണ്ഡത്തില്‍ അര്‍ഹതയില്ലാത്ത സമ്പത്ത് നിധി കയറിക്കൂടിയപ്പോള്‍ ഉണ്ടായ മാറ്റം അതിശയം തന്നെയെങ്കില്‍ ഇതുപോലെയൊക്കെത്തന്നെയാണു നമുക്കുണ്ടാകുന്ന മാറ്റവും. ഒന്നുമില്ലാത്തപ്പോഴുള്ള സ്വസ്ഥത എല്ലാം വാരിക്കൂട്ടുമ്പോള്‍ നഷ്ടമാകുന്നു. നമ്മുടെ ജീവിതത്തില്‍ ഇതുപോലാണോ? ഹൃദയം മുഴുവന്‍ ദൈവത്തിനു വിട്ടുകൊടുത്തു ദൈവത്തോടും മനുഷ്യരോടും സൗഹൃദത്തില്‍ കഴിയേണ്ട നാമൊക്കെ ഹൃദയപേടകത്തില്‍ തെരുവിലെ ചപ്പുചവറുകളിലെ നിധിപേടകങ്ങളെല്ലാം വാരി നിറച്ചു സ്വയം അസ്വസ്ഥരാവുകയാണോ? എല്ലാം വിട്ടുകൊടുത്തു സ്വസ്ഥത തേടുന്ന ജ്ഞാനികളോ അതോ പെറുക്കിക്കൂട്ടി കുത്തിനിറച്ച് അസ്വസ്ഥതയുടെ വിങ്ങലുമായി ജീവിതം തേങ്ങുന്നവരോ നാമൊക്കെ?

Leave a Comment

*
*