ഫ്രീക്കന്മാര്‍ അകലം പാലിക്കുക കാര്യം ഗുരുതരം

ഫ്രീക്കന്മാര്‍ അകലം പാലിക്കുക കാര്യം ഗുരുതരം

ദിവ്യ ജോയ്
എസ്.എച്ച്. കോളേജ്, ചാലക്കുടി

അടുത്തിടെ ഒരു ബസിന്‍റെ പുറകില്‍ എഴുതിയിരിക്കുന്നതായി കണ്ടതാണിത് 'ഫ്രീക്കന്മാര്‍ അകലം പാലിക്കുക.' കാര്യം ഒരല്പം സരസമാണെങ്കിലും കേരളത്തിലെ ഏതെങ്കിലുമൊരു റോഡിലൂടെ സഞ്ചരിക്കുന്നവരുടെ, അത് വാഹനയാത്രികരോ, കാല്‍ നടക്കാരോ ആയിക്കൊള്ളട്ടെ, അവരുടെ ആശങ്കകളുടെയും പ്രതിഷേധങ്ങളുടെയും ചെറിയൊരു പ്രതീകം മാത്രമാണ് ഈ ചുവരെഴുത്ത്. കേരളത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്നതും വരുത്തിവയ്ക്കുന്നതുമായ അപകടങ്ങള്‍ ദിവസത്തില്‍ നാല് എന്ന നിരക്കിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൊതുനിരത്തുകളില്‍ ഇരുചക്ര വാഹനയാത്രികര്‍ നടത്തുന്ന മത്സരയോട്ടങ്ങള്‍ക്കും അഭ്യാസപ്രകടനങ്ങള്‍ക്കും ബലികൊടുക്കേണ്ടി വന്നിട്ടുള്ളത് പിഞ്ചുകുഞ്ഞുങ്ങളുടേതടക്കം നിരവധി ജീവനുകളാണ്.

കണക്കില്ലാത്ത കണക്കുകള്‍
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, കേരളത്തില്‍ ആകെ നടന്നത് 39,420 വാഹനാപകടങ്ങള്‍. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ മാത്രം വരുത്തിവച്ചത് 14,849 അപകടങ്ങളും 1,474 മരണങ്ങളും. ഇലക്ട്രിക് പോസ്റ്റിലിടിച്ചതും കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതും ട്രക്കിനടിയിലേക്ക് നുഴഞ്ഞു കയറിയതുമുള്‍പ്പെടെ പല കഥകളും ഈ ഇരുചക്ര വാഹനങ്ങള്‍ പറയുന്നു. മരണങ്ങള്‍ക്കു പുറമേ എണ്ണായിരത്തിലധികം പേര്‍ക്ക് കിടക്കകളില്‍ ദീര്‍ഘവിശ്രമം നല്കിയ നേട്ടങ്ങളും ഇവര്‍ തന്നെ സ്വന്തമാക്കി. NATPAC- ന്‍റെ കണക്കനുസരിച്ച് ഇക്കാര്യത്തില്‍ ജില്ലകള്‍ തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്. ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ഇരുചക്ര വാഹനാപകടങ്ങളുമായി എറണാകുളം ജില്ല ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഒട്ടും മോശമല്ലാത്ത കണക്കുകളുമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം ഏതാണ്ട് മുപ്പതോളം ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. ഒരു വര്‍ഷത്തിനിടെ മരണകാരണമായ മൂന്ന് അപകടങ്ങളെങ്കിലും നടക്കുന്ന സ്ഥലങ്ങളെയാണ് ബ്ലാക്ക് സ്പോട്ടുകള്‍ എന്നു വിളിക്കുന്നത്.

സാഹസികതയും കൈയടിയും
ഒരിക്കല്‍ NH-ലൂടെ യാത്ര ചെയ്തപ്പോള്‍ കണ്ട ഒരു ഫ്ളക്സ്, ബൈക്കപകടത്തില്‍ മരിച്ച രണ്ടു യുവാക്കള്‍ തോളോടു തോള്‍ ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം. അതിനടിയിലായ് 'മറക്കുന്നതെങ്ങനെ നിങ്ങളെ ഞങ്ങള്‍' എന്നും എഴുതിയിട്ടുണ്ട്. ഇരുവരുടെയും ഉറ്റ സുഹൃത്തുക്കള്‍ വച്ചിരിക്കുന്ന ഫ്ളക്സ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍, ഇതേ ഫ്ളക്സ് കീറിപറിഞ്ഞ് വികൃതമായ് തൂങ്ങിക്കിടക്കുന്നത് കണ്ടു. 'മറക്കുന്നതെങ്ങനെ' എന്നു ചോദിച്ച ആ ഉറ്റസുഹൃത്തുക്കള്‍ പോലും അവരെ മറന്നിരിക്കുന്നു എന്നതിന് തെളിവാണ് അത്.

ചിലര്‍, സ്വയം സാഹസികരാണെന്നു തെളിയിക്കാന്‍ റോഡുകളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടു നില്‍ക്കാവുന്നതിലുമധികമാണ്. ഇത്തരക്കാര്‍ ഒന്നോര്‍ക്കേണ്ടതുണ്ട്, ഇന്നു നമ്മുടെ സാഹസികത കണ്ടു കൈയടിക്കുന്നവരും കമന്‍റ് പറയുന്നവരുമെല്ലാം നമ്മുടെ മരണം വരേ അതൊക്കെ ചെയ്യൂ. അതു കഴിഞ്ഞാല്‍ അവര്‍ അടുത്തയാളുടെ കാഴ്ചക്കാരാകും. അതുകൊണ്ട് കൈയടിക്കുന്നവരുടെയും കമകന്‍റ് പറയുന്നവരുടെയും മുമ്പില്‍ വിലയില്ലാതെ കളയാനുള്ളതാണോ നമ്മുടെ ജീവന്‍ എന്നു നാം ചിന്തിക്കണം. ഇരുചക്ര വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ 40% പേരും മരിക്കുന്നത് തലക്കേല്ക്കുന്ന ഗുരുതരമായ പരിക്കുമൂലമാണ്. എന്നിരിക്കെ, തലപോയാലും വേണ്ടീല്ല, നട്ടുനനച്ചുണ്ടാക്കിയ താടിയും മുടിയും പ്രദര്‍ശിപ്പിക്കാതെ തരമില്ല എന്ന മട്ടില്‍ പായുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.

ടീനേജ് ഡ്രൈവിംഗ് @ കേരള
കേരളത്തില്‍ 12 വയസ്സു മു തല്‍ 17 വയസ്സുവരെയുള്ള ആണ്‍ കുട്ടികളില്‍ 80% പേരും ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പകുതിയോളം പേരും ട്രാഫിക് നിയമങ്ങള്‍ അറിയാത്തവരും അനുസരിക്കാത്തവരുമാണ്. മാത്രവുമല്ല, മാതാപിതാക്കള്‍ കുട്ടികളെ വാഹനങ്ങളുപയോഗിക്കുന്നതില്‍ നിന്ന് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതിനുപകരം, അവരെ പ്രോത്സാഹിപ്പിക്കുന്നവരും പരിശീലിപ്പിക്കുന്നവരുമായി മാറിക്കൊണ്ടിരിക്കുന്നു. മക്കള്‍ക്കുവേണ്ടി കുഴിയും തോണ്ടി കുന്തുരുക്കവും പിടിച്ച് കാത്തിരിക്കുന്നവരാണ് ഇവര്‍ എന്നല്ലാതെ എന്തു പറയാന്‍.

റെഡ് സിഗ്നല്‍
ഇരുചക്രവാഹനങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും അറുതിയില്ലാത്ത കണക്കുകള്‍ ദിനംപ്രതി പുറത്തു വരുമ്പോഴും 'എന്‍റെ വിധി എന്‍റെ തിരുമാനങ്ങളാണ് എന്നു പറഞ്ഞു പായുവന്നവരോട്, അവനവന്‍റെ വിധി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പക്ഷെ, അവനവന്‍റെ മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org