സൗഹാർദ്ദ കുടുംബം തനിമയാർന്ന യുവത്വം

സൗഹാർദ്ദ കുടുംബം തനിമയാർന്ന യുവത്വം

ഫാ. അഗസ്റ്റിന്‍ കല്ലേലി

കുടുംബത്തിന്‍റെ സൗഹാര്‍ദ്ദ അടിത്തറയാണ് യുവതലമുറയുടെ തനിമ. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിലുള്ള ഉത്തമമായ ബന്ധങ്ങള്‍ മക്കള്‍-മാതാപിതാക്കള്‍ ബന്ധത്തിന് ഉറപ്പുനല്‍കും. എന്നാല്‍ പാരമ്പര്യങ്ങളുടെയും ശീലങ്ങളുടെയും പേരുപറഞ്ഞ് ബന്ധങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഉലച്ചിലുകള്‍ സംഭവിക്കുന്നത് ഇന്നത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. വിമര്‍ശനാത്മകമായ ഒരു ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

എന്തിനാണ് വിവാഹം കഴിക്കുന്നത്? സാധാരണഗതിയില്‍ ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങള്‍: ഒന്നാമതായി, കൂട്ട്. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് ദൈവം പോലും ചിന്തിച്ചു. അതിനാല്‍ ഒരു കൂട്ടുകെട്ടിന് വേണ്ടിയാണ് വിവാഹം. രണ്ടാമതായി, കുട്ടി. കുടുംബത്തിന്‍റെ ആത്യന്തികലക്ഷ്യമായി കണക്കാക്കപ്പെടുന്നത് കുട്ടി ആണ്. കൂട്ടും കുട്ടിയും ആയാല്‍ അതിനുമപ്പുറം ചിന്തിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ മൂന്നാമതായി, കുലം എന്നുകൂടി ഒന്നുണ്ട്. ദൈവത്തിന്‍റെ കുലം സൃഷ്ടിക്കുന്ന കുടുംബമാകാനാണ് ദൈവം വിവാഹം എന്ന കൂദാശ സ്ഥാപിച്ചത്. കത്തോലിക്കാസഭയുടെ വേദോപദേശത്തില്‍ നാം കാണുന്നതിപ്രകാരമാണ്: "പരസ്പരം നിര്‍മ്മലമായി സ്നേഹിക്കുന്നതിനും മക്കളെ നല്ല ക്രിസ്ത്യാനികളായി വളര്‍ത്തുന്നതിനും വേണ്ടി ദൈവവരപ്രസാദം നല്‍കുന്ന കൂദാശയാണ് വിവാഹം. ക്രിസ്തീയ കാഴ്ചപ്പാടില്‍ കുടുംബത്തിന്‍റെ ദൗത്യം ദൈവരാജ്യം നിര്‍മ്മിക്കുക എന്നതാണ്.

മാതാപിതാ-മക്കള്‍ ബന്ധത്തില്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്. ഒരു വയസുമുതല്‍ 5 വയസുവരെ കുട്ടിയെ രാജാവായും, 6 വയസു മുതല്‍ 15 വയസു വരെ ദാസനായും, 16 വയസു മുതല്‍ 29 വയസുവരെ സുഹൃത്തായും കാണണമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ 16 മുതല്‍ 29 വരെയുള്ള കാലഘട്ടം നിര്‍ണായകമാണ്. അതുകൊണ്ട് 2018ലെ കത്തോലിക്കാമെത്രാന്‍ സിനഡിന്‍റെ വിഷയം യുവജനകേന്ദ്രീകൃതമാണ്.

16-29 കാലഘട്ടത്തില്‍ മാതാപിതാക്കളുമായുള്ള ബന്ധങ്ങളില്‍ കലഹങ്ങളും ഉരസലും ഉണ്ടാകുന്നത് സാധാരണമാണ്. അണുകുടുംബവ്യവസ്ഥിതിയില്‍, തൊട്ടടുത്തിരിക്കുന്ന വ്യക്തിയെപ്പോലും തന്നില്‍നിന്ന് മാറ്റി നിര്‍ത്തുന്ന മാധ്യമ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ സ്വീകരിക്കപ്പെടേണ്ട മനോഭാവം എന്ത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഉത്തരം കണ്ടെത്താന്‍ ഇന്നത്തെ അവസ്ഥയേക്കുറിച്ച് ചിന്തിക്കണം. ഇന്ന് മക്കളുടെ എണ്ണം കുറവാണ്. പണ്ടുള്ളതുപോലെ 6 കുട്ടികളൊന്നും ഇന്നില്ല. 2 കുട്ടികള്‍ തന്നെ അധികമെന്നാണ് പുതിയ മാതാപിതാക്കളുടെ ചിന്ത. അതിനാല്‍ 6 പേര്‍ക്ക് നല്‍കിയിരുന്ന സ്നേഹം 2 പേരിലേയ്ക്ക് ചുരുങ്ങി. ഇന്ന് മാതാപിതാക്കള്‍ക്ക് പണം ഉണ്ട്. ആനന്ദം ലഭിക്കാനുള്ള പണം ചെലവഴിക്കല്‍ പ്രവണതയെ സ്നേഹമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു.

പല മാതാപിതാക്കളുടെയും സന്തോഷം മക്കളിലാണ്. മക്കള്‍ സങ്കടപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കാണ് സങ്കടം. മക്കളുടെ പരാജയം അത്രമേല്‍ അല്ലെങ്കില്‍ അതിലധികം മാതാപിതാക്കളെ പരാജയപ്പെടുത്തുന്നു. മക്കള്‍ക്ക് വീഴ്ചയോ, കുറവോ സംഭവിക്കാതിരിക്കാന്‍ എല്ലാം ചെയ്തുകൊടുക്കാന്‍ അവര്‍ തയ്യാറാകുന്നു. കാരണം അവര്‍ പഠിച്ച് വലുതാകണം, നല്ല നിലയിലെത്തണം അവരിലൂടെ തങ്ങള്‍ക്ക് സന്തോഷിക്കണം. അതിനാല്‍ മക്കള്‍ക്ക് വിരസതയുണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കും. ഇന്ന് അധ്യാപകന്‍റെ ശകാരം കുട്ടിയേക്കാള്‍ വേദന നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. മക്കളുടെ വൈകാരിക അവസ്ഥയുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കുന്നു. അങ്ങനെ മക്കളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നു. ഇത് ഒരപകടകരമായ സാഹചര്യത്തിലാണ് വിരല്‍ ചൂണ്ടുന്നത്.

16 മുതല്‍ 29 വയസു വരെയുള്ള യുവാക്കള്‍ക്ക് സകലസൗകര്യങ്ങളും കൊടുത്ത് വളര്‍ത്തുമ്പോള്‍ 2 തരം രീതികള്‍ അവരില്‍ ഉണ്ടാകുന്നു. ഒന്നാമത് ഒട്ടിപ്പോകുന്നവര്‍ (fixed). ഇവര്‍ മാതാപിതാക്കളുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ പഠനകാര്യങ്ങളില്‍വരെ തീരുമാനം മാതാപിതാക്കളുടേതായിരിക്കും. സ്വന്തം കാര്യങ്ങളില്‍ പോലും വ്യക്തിപരമായ തീരുമാനം ഇവര്‍ക്കുണ്ടാകില്ല. അഥവാ അങ്ങനെയായാല്‍ അമിതമായ കുറ്റബോധവും സ്വാര്‍ത്ഥനാണെന്ന ചിന്തയും അവനെ ഭരിക്കാന്‍ തുടങ്ങും. അമ്മയുടെ നെടുവീര്‍പ്പിനും അപ്പന്‍റെ സ്വരത്തിനും മറ്റെന്തിനേക്കാളും ഇവര്‍ പരിഗണന കൊടുക്കും. രണ്ടാമത് എതിര്‍ക്കുന്നവര്‍ (Resisting). മാതാപിതാക്കള്‍ കാണിക്കുന്ന സ്വാതന്ത്ര്യം ഇത്തരക്കാര്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടാക്കും. എല്ലാത്തിലും തനിക്ക് നിയന്ത്രണം കൊണ്ടുവരികയാണ് എന്ന് ചിന്തിച്ച് എല്ലാത്തിനെയും എതിര്‍ക്കും. ഇപ്രകാരം പരസ്പരമുണ്ടാകാവുന്ന എതിര്‍പ്പുകള്‍ പുതിയ തലമുറയെ സാമൂഹ്യദ്രോഹികളായോ കുറ്റവാളികളായോ മാറ്റുന്നു.

ആവര്‍ത്തിക്കപ്പെടുന്ന ചോദ്യങ്ങള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. മാതാപിതാക്കള്‍ ജീവിക്കേണ്ടത് മക്കള്‍ക്കുവേണ്ടിയാണോ? മക്കളില്ലാതെ സന്തോഷം വിഭാവനം ചെയ്യാനാകുമോ? ഒരു കുട്ടിയുടെ പരാജയം മാതാപിതാക്കളുടെ പരാജയമല്ല, ഒരു കുഞ്ഞിന്‍റെ സങ്കടം മാതാപിതാക്കള്‍ സങ്കടപ്പെടാനുള്ള കാരണമാകരുത്. അല്ലാത്തപക്ഷം മക്കള്‍ക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കളാവുകയും തന്നിമിത്തം ഉത്തമരായ പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ബന്ധം നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും.

മാതാപിതാക്കള്‍ക്ക് മക്കളെ വളര്‍ത്തുക എന്നതിനേക്കാള്‍ ഒരു ദൈവരാജ്യത്തിന്‍റെ സംതൃപ്തി കിട്ടേണ്ടതുണ്ട്. അതിന് മക്കള്‍ മാതാപിതാക്കള്‍ ബന്ധത്തില്‍ ഒരതിര്‍ത്തി നിശ്ചയിക്കണം. അതിര്‍ത്തികള്‍ ഉള്ളപ്പോഴാണ് പാലങ്ങളും വാതിലുകളും ആവശ്യമാകുന്നത്. ഒട്ടിനില്‍ക്കുന്നിടത്ത് ഇവ ആവശ്യമില്ല. മക്കള്‍ക്ക് അവരവരുടേതായ ഇടം നല്‍കണം. മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കുന്നതുപോലെ മാതാപിതാക്കള്‍ മക്കളെയും ബഹുമാനിക്കണം. യേശുവിനെപ്പോലും അവന്‍റെ മാതാപിതാക്കള്‍ വിട്ടുകൊടുത്തു. അതിനാല്‍ എന്തിനാണ് കുട്ടികളെ അസ്വാതന്ത്ര്യത്തിന്‍റെ കൂട്ടിലിട്ട് വളര്‍ത്തുന്നത് എന്ന് ഒന്നോര്‍ക്കുന്നത് ഉചിതമാണ്.

നമ്മുടെ മക്കള്‍ക്ക് ശരി തിരഞ്ഞെടുക്കാനുള്ള കഴിവ് ദൈവം നല്‍കിയിട്ടുണ്ട്. മക്കള്‍ക്കുള്ള നന്മയും കഴിവുകളും കണ്ടെത്താന്‍ സഹായിക്കുന്ന ദൗത്യമാണ് മാതാപിതാക്കള്‍ക്ക് ഉള്ളത്.

16 വയസു മുതല്‍ മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ തീരുമാനമെടുക്കുന്നത് തെറ്റാണ്. ഉന്നതപഠനത്തെക്കുറിച്ചൊക്കെ തീരുമാനങ്ങള്‍ മക്കളുടേതാവണം. മാതാപിതാക്കള്‍ക്ക് അവരോടൊപ്പം ആലോചനയില്‍ പങ്കുചേരാം. എന്നാല്‍ മക്കള്‍ക്ക് തെറ്റു പറ്റുമെന്ന് നമുക്ക് പേടിയാണ്. "ശൈശവത്തിലേ നടക്കേണ്ട വഴി പഠിപ്പിക്കുക വാര്‍ദ്ധക്യത്തിലും അതില്‍ നിന്ന് വ്യതിചലിക്കില്ല" (സുഭാ. 22:6). നന്മയുടെ വഴി ശൈശവത്തില്‍ പഠിപ്പിച്ചാല്‍ മതി. വഴി തെറ്റാതിരിക്കാന്‍ ആരോഗ്യകരമായ മനസാക്ഷി ചെറുപ്പത്തില്‍ മക്കളുടെ ഉള്ളില്‍ രൂപപ്പെടുത്തണം. കാരണം മക്കള്‍ മാതാപിതാക്കളുടെ സ്വകാര്യസ്വത്തല്ല. "മക്കള്‍ മാതാപിതാക്കളിലൂടെ വന്നു, എന്നാല്‍ മാതാപിതാക്കളില്‍ നിന്നല്ല. അവര്‍ മാതാപിതാക്കളുടെ ഒപ്പമാണ് വളരുന്നത് എന്നാല്‍ അവര്‍ ദൈവത്തിന്‍റേതാണ്" എന്ന് ഖലില്‍ ജിബ്രാന്‍ ഓര്‍മ്മപ്പെടുത്തുന്നു.

തനിമയാര്‍ന്ന യുവത്വം കുടുംബത്തില്‍ വളരാന്‍ സൗഹൃദത്തിന്‍റെ മതിലുതീര്‍ത്ത് സ്നേഹം കൊണ്ട് പാലമിട്ട് നാം സാഹചര്യമൊരുക്കണം.
"അകലണം നാം അകലണം
അരികിലാകാന്‍ അകലണം
പണിയണം നാം പണിയണം
പാലങ്ങള്‍ പണിയണം"

– ഇതൊരു വലിയ മനോഭാവമാണ്. ആരോഗ്യകരമായ പുതുതലമുറെയ വാര്‍ത്തെടുക്കാനും ഉത്തമരായ യുവാക്കള്‍ ദൈവരാജ്യത്തിന്‍റെ മക്കളായി ജീവിക്കുന്നതിനുമുള്ള മനോഭാവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org