ആഗോള വിപണിയില്‍ അടയാളമിടാന്‍ കേരളത്തില്‍ നിന്ന് …

ആഗോള വിപണിയില്‍ അടയാളമിടാന്‍ കേരളത്തില്‍ നിന്ന് …

പകല്‍ക്കിനാവുകളില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്നു തുറന്നു പറയുകയാണ്് ആലപ്പുഴയിലെ ടെക്‌ജെന്‍ഷ്യ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും മേധാവിയുമായ ജോയ് സെബാസ്റ്റ്യന്‍. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുളളവരുടെ ഫോണ്‍വിളികള്‍ വരുന്നു, നാടിന്റെ നാനാഭാഗത്തു നിന്നും അനുമോദന സന്ദേശങ്ങള്‍ പ്രവഹിക്കുന്നു, ചാനലുകള്‍ തോറും ബ്രേക്കിംഗ് വാര്‍ത്തകളില്‍ മുഖ്യമുഖമാകുന്നു, പത്രമാസികകളുടെ മുഖചിത്രമാകുന്നു. മുഖാമുഖങ്ങള്‍ക്കു സമയം കൊടുക്കാനോ അനുമോദനങ്ങള്‍ക്കു നേ രാംവണ്ണം മറുപടി പറയാനോ സാധിക്കാതെ വരുന്നു.
കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്ര ഖ്യാപിച്ച ഇന്നൊവേഷന്‍ ചലഞ്ചില്‍ ടെക് ജെന്‍ഷ്യ തയ്യാറാക്കിയ വികണ്‍സോള്‍ എ ന്ന വെബ് കോണ്‍ഫ്രന്‍സിംഗ് സൊല്യൂഷന്‍ വിജയം നേടിയതോടെയാണു ജോയ് സെ ബാസ്റ്റ്യന്റെയും സഹപ്രവര്‍ത്തകരുടേയും ജീവിതം മാറി മറിഞ്ഞത്. ആഗോള വമ്പന്‍മാരായ സൂമിനോടും ഗൂഗിള്‍ മീറ്റിനോടും മത്സരിക്കാന്‍ ഇന്ത്യന്‍ താരമായി ആഗോളവിപണിയിലേക്കിറങ്ങുകയാണ് വികണ്‍സോള്‍. ഇത് ജോയ് സെബാസ്റ്റ്യനും സംഘത്തി നും മാത്രമല്ല, സാങ്കേതികരംഗത്തു സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ചെറുപ്പക്കാര്‍ക്കും ആവേശവും ആത്മവിശ്വാസവും പകരുന്നു.
ഒരു കോടി രൂപയാണു കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. അടുത്ത മൂന്നു വര്‍ഷത്തെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിവര്‍ഷം പത്തു ലക്ഷം രൂപാ വീതം ലഭിക്കും. ഈ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ് കോണ്‍ഫ്രന്‍സിംഗ് പാര്‍ട്ണറായി പ്രവര്‍ത്തിക്കാനും അവസരമുണ്ടാകും.
കമ്പനിയുടെ സഹസ്ഥാപകന്‍ ടോണി തോമസ്, സിടിഒ അങ്കുര്‍ ദീപ് ജയ്‌സ്വാള്‍ എന്നിവരുടേയും 50 ലധികം പേരടങ്ങുന്ന മുഴുവന്‍ സംഘത്തിന്റേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് വിജയമെന്നു ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു.


ആപ്പുകളുടെ ഡൗണ്‍ലോഡിംഗില്‍ ഇന്ത്യയെ കടത്തിവെട്ടാന്‍ ആഗോളതലത്തില്‍ ആരുമുണ്ടായിരുന്നില്ല. ജനസംഖ്യയും അതിലുള്ള യുവജനങ്ങളുടെ ആധിക്യവും തന്നെ പ്രധാന കാരണം. എന്നാല്‍ ഡൗണ്‍ലോഡിംഗ് മാത്രമല്ല, അപ് ലോഡിംഗും ഇന്ത്യക്കു സാധിക്കുമെന്ന് തെളിയിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ആ ചരിത്രദൗത്യത്തില്‍ "യംഗിസ്ഥാന്റെ" കൊടിയും പിടിച്ചു മുന്നില്‍ നടക്കാനുള്ള നിയോഗം ജോയ് സെബാസ്റ്റ്യനും ടെക്‌ജെന്‍ഷ്യയ്ക്കും ലഭിച്ചു. കേരളത്തിനും കേരളീയയുവത്വത്തിനും അതു വലിയ പ്രചോദനമേകുന്നു.
ഇന്ന് ഇന്ത്യയും ഐ ടി ലോകവും ശ്രദ്ധിക്കുന്ന നേട്ടത്തിനുടമയായി തീര്‍ന്ന ജോയ് സെബാസ്റ്റ്യന്‍ ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തില്‍ ഒരു മത്സ്യത്തൊഴിലാളികുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. പിതാവ് സെബാസ്റ്റ്യനും മാതാവ് മേരിയും മത്സ്യബന്ധനത്തില്‍ നിന്നു ലഭിക്കുന്ന സ്ഥിരതയില്ലാത്ത ചെറുവരുമാനം കൊണ്ടു നടത്തിപ്പോന്ന ഒരു കുടുംബം. പക്ഷേ വീട്ടുചിലവുകളേ ക്കാള്‍ പ്രാധാന്യം അവര്‍ മക്കളുടെ വിദ്യാഭ്യാസത്തിനു നല്‍കി. സ്വന്തമായി വള്ളം വാങ്ങുകയെന്ന ഏതൊരു മത്സ്യത്തൊഴിലാളിയുടെയും സ്വാഭാവിക മോഹത്തെ പോലും മക്കളുടെ വിദ്യാഭ്യാസചിലവുകള്‍ക്കു മുന്‍ഗണന നല്‍കിയപ്പോള്‍ അവര്‍ക്കു മുളയിലേ നുള്ളേണ്ടി വന്നു. ബുദ്ധിമോശമെന്നു നാട്ടുകാര്‍ വിലയിരുത്തിയ ഒരു തീരുമാനം. പക്ഷേ, മൂത്തമകന്‍ ജോബ് സെബാസ്റ്റ്യന്‍ പോളിടെക്‌നി ക് പഠനം പൂര്‍ത്തിയാക്കി ഉദ്യോഗ സ്ഥനായപ്പോള്‍ ആ മുന്‍ഗണനാക്രമം ശരിയെന്നു ആദ്യം തെളിഞ്ഞു.
അദ്ദേഹത്തിന്റെ അപകടമരണം കുടുംബത്തെ തളര്‍ത്തി. ആ സമയം കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ എംസിഎ പഠിക്കുകയായിരുന്ന ജോയ് സെബാസ്റ്റ്യന്‍ പഠനം പൂര്‍ത്തീകരിച്ചത് സഹോദരന്‍ ജോ ലി ചെയ്ത കമ്പനിയില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പും സുഹൃത്തുക്കളുടെ സഹായവും ട്യൂഷന്‍ വരുമാനവും മറ്റും ആശ്രയിച്ചായിരുന്നു.
എംസിഎ നല്ല നിലയില്‍ വിജയിച്ചുവെങ്കിലും പല ബഹുരാഷ്ട്രകമ്പനികളുടെയും അഭിമുഖ പരീക്ഷകളില്‍ ജോയ് തട്ടിവീണു. മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച ജോയിയുടെ ഇംഗ്ലീഷ് ഫ്‌ളുവന്‍സിയും ആക്‌സന്റും ആയിരുന്നു ഒരു തടസ്സം. ദരിദ്രമായ കുടുംബപശ്ചാത്തലം വന്‍കിട കമ്പനികളുടെ സെലക്ഷന്‍ പ്രക്രിയകളില്‍ പോലും ഒരു കടമ്പയാകാമെന്നു ജോയ് കണ്ടറിഞ്ഞു. വാസ്തവത്തില്‍ അതാണു ജോയി എന്ന സംരംഭകന്റെയും ഗവേഷകന്റെയും ടേണിംഗ് പോയിന്റ്. വമ്പന്‍ കമ്പനികളുടെ സഹായമില്ലാതെ ഒരു ഭാവി പടുത്തുയര്‍ത്തിയാലെന്ത് എന്ന ചിന്തയും തന്നെ പോലെയുള്ളവരെ അവഗണിക്കാത്ത ഒരു തൊ ഴില്‍ ദാതാവാകുക എന്ന സ്വപ്നവും ജോയിയില്‍ നാമ്പെടുത്തു.

ജോയ് സെബാസ്റ്റ്യനും കുടുംബവും
ജോയ് സെബാസ്റ്റ്യനും കുടുംബവും

സോഫ്റ്റ് വെയര്‍ രംഗത്തെ തൊഴിവസരങ്ങള്‍ അകന്നു പോകവേ, ആലപ്പുഴ രൂപതയുടെ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകനായി അധികാരികള്‍ ജോയിക്കു ജോലി കൊടുത്തു. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അനേകം കുട്ടികള്‍ക്കു ട്യൂഷന്‍ എടുത്തിരുന്ന ജോയിക്ക് അദ്ധ്യാപനം ഇഷ്ടവുമായിരുന്നു. ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആകര്‍ഷകമായ വാഗ്ദാനങ്ങളുള്ള ആദ്യത്തെ ഐ ടി ജോലി കൊച്ചിയില്‍ നിന്നു ജോയിയെ തേടിയെത്തുന്നത്. അതു സ്വീകരിക്കുകയും സ്‌കൂളിലെ ജോലി വിടുകയും ചെയ്തു.
2007 ല്‍ സ്വന്തം വീട്ടിലാണ് ജോയി സ്വന്തം സ്ഥാപനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ജോലി ചെ യ്തിരുന്ന കൊച്ചിയിലെ കമ്പനി ഇതിനിടെ പ്രവര്‍ത്ത നം നിറുത്തിയിരുന്നു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്തു. വീട്ടില്‍ താമസിച്ചു തന്നെ ജോലി ചെയ്യണമെന്ന ആഗ്രഹം ഇതോടെ തീവ്രമായി. അങ്ങനെ ഗള്‍ഫില്‍ നിന്നു മടങ്ങുകയും മുന്‍ കമ്പനിയുടെ ചില ജോലികള്‍ ഏറ്റെടുത്തുകൊണ്ട് വീട്ടില്‍ തന്നെ ഓഫീസ് ആരംഭിക്കുകയും ചെയ്തു. 2009 ല്‍ ടോണി തോമസുമായി ചേര്‍ന്ന് ടെക്‌ജെന്‍ഷ്യ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. അപ്പോഴും വീട്ടില്‍ തന്നെയായിരുന്നു ഓഫീസ്. 2013 ല്‍ എറണാകുളത്ത് ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് ഓഫീസ് അങ്ങോട്ടു മാറ്റി. 2014 വരെയും ഒരു ക്ലയന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ ദുഷ്‌കരമായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2014 ല്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലേയ്ക്കു പ്രവര്‍ ത്തനം മാറ്റുകയും കൂടുതല്‍ ക്ലയന്റുകളെ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ലോകമെങ്ങും നിന്നു ടെക്‌ജെന്‍ഷ്യയുടെ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുണ്ട്. യൂറോപ്പിലെ ഈസി മീറ്റിംഗ്, അമേരിക്കയിലെ കായ്പുര ഇന്‍കോര്‍പറേറ്റഡ്, ബ്രാന്‍ഡ് കൊമേഴ്‌സ്, ഐര്‍ലണ്ടിലെ ഐ-കണക്ട് തുടങ്ങിയവ ടെക്‌ജെന്‍ ഷ്യയുടെ ഉപഭോക്താക്കളാണ്. മുംബൈയിലെ ഗ്ലോ ബല്‍ വണ്‍, തിരുവനന്തപുരത്തെ സി-ഡാക്, ഐടിഐ ലിമിറ്റഡ് തുടങ്ങിയവയും ക്ലയന്റ് പട്ടികയിലുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ആഗോളവിപണിയില്‍ കുതിപ്പു നേടിക്കഴിഞ്ഞിട്ടുണ്ടെന്ന് ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രദേശവാസികളായ തൊഴിലന്വേഷകര്‍ക്കു ടെക് ജെന്‍ഷ്യയില്‍ എന്നും പ്രത്യേക പരിഗണനയുണ്ട്. ബിരുദം പോലും ഇവിടെ ജോലിക്കു പ്രധാനമല്ല. സാ ധാരണ ഐ ടി കമ്പനികളില്‍ എന്‍ജിനീയര്‍മാര്‍ ചെയ്യു ന്ന ജോലികള്‍ ചെയ്യാന്‍ എന്‍ജിനീയീറിംഗ് ബിരുദമില്ലാത്തവരെ ഇവിടെ നിയമിക്കാറുണ്ട്. ചിലര്‍ ടെക്‌ജെന്‍ ഷ്യയില്‍ നിന്നു മതിയായ പ്രായോഗിക പരിചയം നേ ടിയ ശേഷം ഔപചാരിക പഠനത്തിനായി പോയ കഥകളുമുണ്ട്.
മേരി ഇമ്മാക്കുലേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക ലിന്‍സിയാണു ജോയ് സെബാസ്റ്റ്യന്റെ ജീവിതപങ്കാളി. അലന്‍, ജിയ എന്നിവര്‍ മക്കള്‍.

സിനി കെ തോമസ്‌
സിനി കെ തോമസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org