
ഗലീലിയാ ഒരു ശുദ്ധജലാശയമാണ്. പല തരത്തിലുള്ള മത്സ്യങ്ങള്‍ അതില്‍ വളരുന്നു. ആയിരങ്ങള്‍ ആ മത്സ്യം പിടിച്ച് ഉപജീവനം കഴിക്കുന്നു. ക്രിസ്തുവിന്‍റെ ശിഷ്യന്മാരെല്ലാവരുംതന്നെ ഇവിടെ മത്സ്യംപിടിച്ചു ജീവിച്ചവരാണ്. ഈ ചെറുകടലിനടിയിലും തീരങ്ങളിലും ഒട്ടേറെ പച്ചച്ചെടികള്‍ വളരുന്നു. അവയെല്ലാം ഭക്ഷ്യച്ചെടികളുമാണ് തീരങ്ങളില്‍ തിങ്ങിവളരുന്ന, വന്മരങ്ങള്‍, അവയുടെ ശാഖകള്‍ ഈ കടലിലേക്കു വിരിച്ചു വിലസി അന്തരീക്ഷമാകെ അതിസുന്ദരവും ആരോഗ്യദായകവുമാക്കുന്നു. ഈ കടലിന്‍റെ തീരങ്ങളില്‍ കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പക്ഷികള്‍ സദാ കളകൂജനം മുഴക്കി ചിറകടിച്ചു പറന്ന് അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കുന്നു. ഈ കടല്‍ത്തീരങ്ങളിലും ഇവിടെ കെട്ടിയിട്ടിരുന്ന വഞ്ചികളിലുമിരുന്നുകൊണ്ടു ലോകഗുരു പ്രസംഗിച്ചിട്ടുണ്ട്. അന്യാപദേശങ്ങള്‍ അരുളിച്ചെയ്തിട്ടുണ്ട്. ഈ കടലിന്‍റെ തീരത്താണു യേശു അഞ്ചപ്പംകൊണ്ട് അയ്യായിരം പുരുഷന്മാരെയും അവരോടൊപ്പമുണ്ടായിരുന്ന പതിനായിരം കവിഞ്ഞ സ്ത്രീകളെയും കുട്ടികളെയും അത്ഭുതകരമായി തീറ്റിപ്പോറ്റി തൃപ്തരാക്കി സന്തോഷിപ്പിച്ചത്.
ചാവുകടലില്‍ ഒരു മത്സ്യക്കുഞ്ഞുപോലും വളരുന്നില്ല. ഒരു ചെടിപോലും വേരൂന്നുകയോ നാമ്പെടുക്കുകയോ ചെയ്യുന്നില്ല. അതിനു മുകളില്‍ പക്ഷികളൊന്നും പറക്കുന്നില്ല. എന്തിനധികം, സമീപപ്രദേശങ്ങളില്‍പ്പോലും മിന്നാമിനുങ്ങും ചീവിടുമടക്കമുള്ള പറക്കും ജീവികളൊന്നും ജീവിക്കുന്നില്ല. ജലത്തിനു കടുത്ത ഉപ്പുരസം, അതിനേക്കാള്‍ കടുത്ത സാന്ദ്രത. അവിടെ വീശുന്ന കാറ്റിനും കട്ടി. കട്ടിയേറിയ വായു ശ്വസിക്കാന്‍തന്നെ ബുദ്ധിമുട്ട്. വെള്ളത്തിനു മുകളില്‍ വീഴുന്നതൊന്നും താഴ്ന്നുപോകയില്ല. ടൂറിസ്റ്റുകള്‍ വിനോദത്തിനുവേണ്ടി ഇവിടെ സന്ദര്‍ശിച്ചു മടങ്ങും. മൃഗങ്ങളൊന്നും ജലപാനത്തിനായി ഈ കടലില്‍ ഇറങ്ങുകയില്ല. വൃക്ഷങ്ങളൊന്നും ഈ കടലിലേക്കു വേരുകള്‍ പായിക്കുകയില്ല. ചാവുകടലിനു സമീപത്തെങ്ങും മനുഷ്യന്‍ വസതിയൊരുക്കുന്നില്ല. വസിക്കുവാനായി മനുഷ്യരും മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ഒരുപോലെ അകറ്റുന്ന ജലാശയമാണു ചാവുകടലെന്നു ചുരുക്കം.
എന്താണു ഗലീലിയാകടലും ചാവുകടലും തമ്മിലുള്ള അന്തരം? പ്രധാനമായതൊന്നാണ്. ഗലീലിയാക്കടലിലേക്കു യോര്‍ദ്ദാന്‍ നദി ഒഴുക്കി വിടുന്ന ശുദ്ധജലത്തെ ആ കടല്‍ തെക്കോട്ടുള്ള താണ പ്രദേശങ്ങളിലേക്കു നിരന്തരം ഒഴുക്കിവിടുന്നു. അതേ നദിയിലൂടെ അഴുക്കുകള്‍ അടിഞ്ഞുകൂടി ജലം മലിനമാകാനോ ജീവഹാനികരമായ വിഷാംശങ്ങള്‍ തളംകെട്ടി നില്ക്കാനോ ഗലീലിയാ "സമ്മതിക്കുകയില്ല." ഒഴുകി ലഭിക്കുന്നതെല്ലാം ഒഴുക്കി നല്കുന്നു. അതാണു ഗലീലിയായുടെ പ്രത്യേക വ ശ്യത.
യോര്‍ദ്ദാന്‍ നദി തന്നെയാണു ചാവുകടലിലേക്കും മലമുകളില്‍ നിന്നുള്ള ശുദ്ധജലം ഒഴുക്കി വീഴ്ത്തുന്നത്. പക്ഷേ ചാവുകടലില്‍ നിന്നു പുറത്തേയ്ക്കു ജലനിര്‍ഗമന ചാലുകളില്ല. ഒഴുകിവരുന്ന വെള്ളമപ്പടി അവിടെ തളംകെട്ടി കിടക്കുന്നു. അവിടെ ഉപ്പു ഘനീഭവിക്കുന്നു. ജലം മലിനമാകുന്നതോടൊപ്പം വിഷലിപ്തമാവുകയും ചെയ്യുന്നു. തന്മൂലം ജീവജാലങ്ങള്‍ക്കൊന്നും അതില്‍ വളരാനോ അങ്ങോട്ടടുക്കാനോ അതിന്‍റെ അന്തരീക്ഷത്തില്‍ പറന്നു വിഹരിക്കാന്‍ പോലുമോ സാധിക്കുകയില്ല. ചാവുകടല്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവനെ ഹനിക്കുന്ന കടല്‍തന്നെ.
ഗലീലിയാ കടലും ചാവുകടലും തമ്മിലുള്ള വ്യത്യാസത്തിന്‍റെ കാരണം മനസ്സിലായോ? ഗലീലിയാക്കടല്‍ അതിനു ദാനമായി ലഭിക്കുന്നതെല്ലാം ദാനമായിത്തന്നെ നല്കുന്നു. ശുദ്ധജലവാഹിനിയായ ജോര്‍ദ്ദാന്‍ നദിയെ തടഞ്ഞുനിര്‍ത്തി എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുമില്ല. ചാവുകടലോ? അതിനു ലഭിക്കുന്നതെല്ലാം അതില്‍ത്തന്നെ സംഭരിച്ചു സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. തദ്ഫലമായി അതു ജീവഹാനികരമായ – മാരകമായ – തടാകമായി മാറിയിരിക്കുന്നു. അതിനു ലഭിക്കുന്ന ഓരോ തുള്ളിയും അതു കൈവിടാതെ സൂക്ഷിക്കുന്നു… വിഷലിപ്തമാക്കുന്നു.
വ്യക്തികളും കുടുംബങ്ങളും രണ്ടുതരമാണ്. ഒന്നു ഗലീലിയാ ഗ്രൂപ്പ്, രണ്ട്, ചാവുകടല്‍ ഗ്രൂപ്പ്. ആദ്യവിഭാഗം ദൈവത്തില്‍നിന്നും പ്രകൃതിയില്‍നിന്നും സമസൃഷ്ടങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ അനുഗ്രഹദാനങ്ങളും സന്തോഷസൗമനസ്യങ്ങളോടെ മറ്റുള്ളവര്‍ക്കുകൂടി പങ്കുവച്ചു ധന്യരായി വര്‍ത്തിക്കുന്നു. കൊടുക്കുന്നതില്‍ സന്തോഷിക്കുന്നു. മറ്റേ വിഭാഗം എല്ലാം സ്വീകരിച്ചു സ്വാര്‍ത്ഥമാത്ര പ്രിയരായി വര്‍ത്തിക്കുന്നു. അപരര്‍ക്കു നന്മ ചെയ്യാതെ വര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, ആപത്കാരികളായിക്കൂടി വര്‍ത്തിക്കുന്നു.