​ഗാന്ധിജിയും അഹിംസയും

​ഗാന്ധിജിയും അഹിംസയും

സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും സാമൂഹ്യപരിവര്‍ത്തനത്തിനും അഹിംസയാണു ശരിയായ മാര്‍ഗമെന്നു ഗാന്ധിജി തെളിയിച്ചു. ഗാന്ധിജി എഴുതി:

"മനുഷ്യവംശത്തിന്‍റെ അധീനതയിലുള്ളതില്‍വച്ച് ഏറ്റവും മഹത്തായ ശക്തി അഹിംസയാണ്. മനുഷ്യബുദ്ധി രൂപംകൊടുത്തിട്ടുള്ള ഏറ്റവും ശക്തമായ മാരകായുധത്തേക്കാള്‍ ശക്തിയുള്ളതാണ് അത്….

ശാസ്ത്രീയമായ കൃത്യതയോടും അതിന്‍റെ സാദ്ധ്യതകളോടും കൂടി കഴിഞ്ഞ അമ്പതിലധികം വര്‍ഷം ഞാന്‍ നിരന്തരമായ അഹിംസ അനുഷ്ഠിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും കുടുംബം, സ്ഥാപനങ്ങള്‍, സാമ്പത്തിക-രാഷ്ട്രീയരംഗങ്ങള്‍ – ഞാന്‍ ഇതു പ്രയോഗിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍പ്പോലും ഒരൊറ്റ രംഗത്തുപോലും ഞാന്‍ പരാജയം അറിഞ്ഞിട്ടില്ല. പരാജയപ്പെട്ടതായി തോന്നിയ അവസരങ്ങളില്‍ എന്‍റെ പരിമിതികള്‍കൊണ്ടാണ് അപ്രകാരം സംഭവിച്ചതെന്നു ഞാന്‍ സമ്മതിച്ചിട്ടുമുണ്ട്.

അഹിംസയെ ഗാന്ധിജി മൂന്നായി തിരിച്ചു.
1. ദുര്‍ബലന്‍റെ അഹിംസ.
2. ധീരന്‍റെ അിഹംസ.
3. ഭീരുവിന്‍റെ അഹിംസ.

ഗാന്ധിജി എഴുതി: "അഹിംസാസിദ്ധാന്തം ഭീരുക്കള്‍ക്കോ ദുര്‍ബലര്‍ക്കോ വേണ്ടിയുള്ളതല്ല. അതു ധീരന്മാരെയും കരുത്തന്മാരെയും ഉദ്ദേശിച്ചുള്ളതാണ്. ഏറ്റവും ധൈര്യശാലി ആരെയും കൊല്ലാതെ, വധിക്കപ്പെടാന്‍ സ്വയം അനുവദിക്കുന്നു. കൊല്ലുന്നതില്‍ നിന്നും മുറിവേല്പിക്കുന്നതില്‍ നിന്നും അയാള്‍ സ്വയം അകന്നുനില്ക്കുന്നു."

സ്വാര്‍ത്ഥതാത്പര്യത്തിനായും തന്ത്രമെന്ന നിലയിലും അഹിംസ ആചരിക്കുന്നതിനെയാണ് 'ദുര്‍ബലന്‍റെ അഹിംസ' എന്നു ഗാന്ധിജി വിളിച്ചത്. അഹിംസയും ദുര്‍ബലതയും പരസ്പരവിരുദ്ധമാണ്. ഗാന്ധിജി ഹിംസയേക്കാള്‍ കൂടുതല്‍ ഭീരുത്വത്തെ വെറുത്തിരുന്നു. അദ്ദേഹം പറഞ്ഞു. ഭീരുത്വം ഹിംസയേക്കാള്‍ ഹീനമായ ഷണ്ഡത്വമാണ്. ഭീരു പ്രതികാരം ആഗ്രഹിക്കുന്നു. പക്ഷേ, മരിക്കാന്‍ ഭയപ്പെടുന്നതുകൊണ്ട്, തനിക്കുവേണ്ടി ആ പ്രതിരോധകൃത്യം നിര്‍വഹിക്കാന്‍ അയാള്‍ മറ്റുള്ളവരെ ഉറ്റുനോക്കുന്നു. ഒരു ഭീരു മനുഷ്യനായി പരിഗണിക്കപ്പെടാന്‍ അര്‍ഹനല്ല."

ഗാന്ധിജിയുടെ അഭിപ്രായത്തില്‍ ഒരു ഭീരുവിന് അഹിംസ ഉപദേശിക്കുന്നത്, അന്ധനെ നയനമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്നതുപോലെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org