​ഗേറ്റ് ഉപരിപഠനത്തിനും തൊഴിലിനും

​ഗേറ്റ് ഉപരിപഠനത്തിനും തൊഴിലിനും

എം. ഷൈറജ്

യുവര്‍ കരിയര്‍

ഗേറ്റിന്‍റെ പൂര്‍ണ്ണരൂപം ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (GATE) എന്നാണ്. എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ടെക്നോളജി, സയന്‍സ് എന്നീ വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനും നേരിട്ടുള്ള Ph.D. പഠനത്തിനും ചില ശാസ്ത്രീയവിഷയങ്ങളിലെ ഗവേഷണത്തിനും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലിനും കേന്ദ്ര സര്‍ക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിലെ നിയമനത്തിനുമൊക്കെ ഈ ടെസ്റ്റിലെ സ്കോര്‍ പരിഗണിക്കപ്പെടുന്നു. അതിനാല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ശാസ്ത്രവിഷയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവിരൂപീകരണത്തിനായി ശ്രദ്ധിക്കേണ്ട പരീക്ഷകളിലൊന്നാണു ഗേറ്റ്.

ഐഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശനത്തിനും ഗവേഷണപഠനത്തിനുള്ള തിരഞ്ഞെടുപ്പിനും വേണ്ടിയുള്ള പരീക്ഷയായാണ് ഗേറ്റ് തുടങ്ങിയത്. പിന്നീട്, രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍ അവിടങ്ങളിലെ പ്രവേശനത്തിന് ഗേറ്റ് സ്കോര്‍ ഉപയോഗിച്ചുതുടങ്ങി. പൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്‍റ് ടെസ്റ്റിനു പകരമായി ഗേറ്റ് സ്കോര്‍ പരിഗണിക്കാനാരംഭിച്ചതോടെ ഈ പരീക്ഷയുടെ പ്രാധാന്യം പതിന്മടങ്ങു വര്‍ദ്ധിച്ചു. നിലവില്‍ പല സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര ഗവണ്‍മെന്‍റിലെ ചില ക്ലാസ് വണ്‍ ഉദ്യോഗങ്ങളിലേയ്ക്കും ഗേറ്റ് സ്കോറാണു മാനദണ്ഡം.

ആര്‍ക്കൊക്കെ എഴുതാം?
എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കും ശാസ്ത്രവിഷയങ്ങളിലോ കണക്കിലോ സ്റ്റാറ്റിസ്റ്റിക്സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ശാസ്ത്രവിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിരുദപഠനം നടത്തിയവര്‍ക്കും Pharm.D., Integrated M.Tech., M.Sc. കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കുമൊക്കെ ഗേറ്റ് പരീക്ഷ എഴുതാം. Pharm.D യ്ക്കും, Integrated M.Tech.-നും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ പഠനകാലം മുതല്‍ ഗേറ്റ് എഴുതാന്‍ യോഗ്യതയുണ്ട്. B.Sc.-M.Tech പഠിക്കുന്നവര്‍ക്ക് രണ്ടാം വര്‍ഷം മുതലും യോഗ്യതയുണ്ട്.

പരീക്ഷാരീതി
24 വിഷയങ്ങളിലാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. Aerospace Engineering, Agricultural Engineering, Architecture and Planning, Bio-Technology, Civil, Chemical, Computer Science & IT, Electronics and Communication, Electrical, Instrumentation, Mechanical, Mining, Metallurgical, Petroleum, Production and Industrial എന്നീ എഞ്ചിനീയറിം​ഗ് ശാഖകൾ, Chemistry, Ecology and Evolution, Geology and Geophysics, Maths, Physics, Statistics, Textile Engineering and Fiber Science, Engineering Science, Life Science  എന്നിവയിലാണ് ടെസ്റ്റുള്ളത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വിഷയത്തില്‍ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. യോഗ്യതാ പരീക്ഷയ്ക്കു പഠിച്ച വിഷയമോ തുടര്‍പഠനത്തിന് ആഗ്രഹിക്കുന്ന വിഷയമോ തിരഞ്ഞെടുക്കാം.

Engineering Science എഴുതുന്നവര്‍ക്ക് Engineering Mathematics നിര്‍ബന്ധവിഷയമാണ്. ഇതു കൂടാതെ Fluid Mechanics, Material
Science, Solid Mechanics, Thermodynamics, Polymer Science, Food Technology, Atmospheric and Oceanic Science എന്നിവയില്‍നിന്ന് രണ്ടു പേപ്പറുകള്‍ കൂടി എഴുതണം.

Life Science എഴുതുന്നവര്‍ക്ക് കെമിസ്ട്രിയാണു നിര്‍ബന്ധവിഷയം. Bio-Chemistry, Botany, Zoology, Micro Biology, Food Technology എന്നിവയില്‍നിന്ന് രണ്ടു പേപ്പറുകളും എഴുതണം.

Online multiple choice പരീക്ഷയാണിത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം, ആകെ 100 മാര്‍ക്ക്. 15 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍, ഭാഷാ പ്രാവീണ്യവും അനലറ്റിക്കല്‍ സ്കില്ലും പരിശോധിക്കുന്നവയാവും. എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ 15 മാര്‍ക്കിന് മാത്തമാറ്റിക്സ് ചോദ്യങ്ങളുമുണ്ടാവും. തെറ്റായ ഉത്തരങ്ങള്‍ക്ക് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്ക്.

എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലാണു ഗേറ്റ് പരീക്ഷ നടക്കുക. സെപ്തംബര്‍ മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. കേരളത്തില്‍ 19 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഒമ്പതുലക്ഷം പേര്‍
പ്രതിവര്‍ഷം ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാറുണ്ട്. എട്ടു ലക്ഷത്തിനടുത്ത് പരീക്ഷ എഴുതാറുമുണ്ട്. അതില്‍ 15-16 ശതമാനം പേരാണ് യോഗ്യത നേടാറുള്ളത്. കഠിനമായ മത്സരമുണ്ടെന്നു ചുരുക്കം. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ കഠിനപ്രയത്നം നടത്തുന്നവര്‍ക്ക് മികച്ച ഗേറ്റ് സ്കോര്‍ കരസ്ഥമാക്കുകയെന്നത് പ്രയാസമേയല്ല.

പരിശീലനം
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷം മുതല്‍ പഠിക്കുന്ന കോര്‍ സബ്ജക്ടുകള്‍ക്ക് പ്രാധാന്യം നല്കി പഠിക്കണം. പഠനകാലയളവില്‍തന്നെ ഗേറ്റ് സിലബസ് ശ്രദ്ധിക്കുന്നതും മുന്‍കാല ചോദ്യങ്ങള്‍ പരിശീലിക്കുന്നതും ഏറെ ഗുണം ചെയ്യും. മറ്റു വിഷയങ്ങളിലെ വിദ്യാര്‍ത്ഥികളും ഇതേ പാറ്റേണ്‍ തന്നെയാണു പിന്‍തുടരേണ്ടത്.

പഠനത്തിനു ശേഷം ഗേറ്റ് പരിശീലനം നടത്തുന്നവര്‍ കുറച്ചു മാസങ്ങള്‍ ഇതിനായി നീക്കിവയ്ക്കണം. മോക്ക് ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്തു പരിശീലനം നേടണം.

അനലറ്റിക് ടെസ്റ്റിനുള്ള പഠനത്തിനും സമയം കണ്ടെത്തണം. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ എഴുതുന്നവര്‍ കണക്കും പ്രത്യേക ശ്രദ്ധ നല്കി പഠിക്കണം.

പഠനസമയത്ത് നോട്ടുകള്‍ എഴുതിവച്ചാല്‍ അവസാനദിവസങ്ങളിലെ തയ്യാറെടുപ്പ് എളുപ്പമായിരിക്കും. പരീക്ഷാഹാളില്‍ കാല്‍ക്കുലേറ്റര്‍ അനുവദിക്കില്ല. പകരം ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ വെര്‍ച്ച്വല്‍ കാല്‍ക്കുലേറ്ററും ഉപയോഗിച്ചു ശീലിക്കണം.

ഉപരിപഠനം
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍ തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും ഉപരിപഠനത്തിന് ഗേറ്റ് സ്കോര്‍ ഉപയോഗിക്കാം.

തൊഴില്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ്, തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ഓ.എന്‍.ജി.സി., പവര്‍ ഗ്രിഡ്, ബി.എസ്.എന്‍.എല്‍ തുടങ്ങി തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലായി ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ ഗേറ്റ് സ്കോറിലൂടെ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ കാബിനറ്റ് സെക്രട്ടേറിയേറ്റിലുള്‍പ്പെടെ ഗ്രൂപ്പ് എ തസ്തികകളിലേക്കു നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോര്‍ പ്രയോജനപ്പെടാം. തൊഴിലവസരങ്ങളെക്കുറിച്ചറിയാനായി എംപ്ലോയ്മെന്‍റ് ന്യൂസ് പോലുള്ള പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കണം.

കാലാവധി
ഗേറ്റ് സ്കോറിന് മൂന്നു വര്‍ഷത്തെ കാലാവധിയുണ്ട്. എഞ്ചിനീയറിംഗ് ശാസ്ത്ര ബിരുദധാരികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഗേറ്റ് പരീക്ഷയുടെ പ്രാധാന്യം ഏറെയാണ്.

വെബ്സൈറ്റ്
www.gate.iitm.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org