ദൈവം മനുഷ്യനാകുമ്പോള്‍

ദൈവം മനുഷ്യനാകുമ്പോള്‍
Published on

ജിന്‍സ് അഴീക്കല്‍

പാപംമൂലം പറുദീസ നഷ്ടപ്പെട്ടവന് പരമപിതാവ് നല്‍കുന്ന കരുണ കവിയുന്ന സമ്മാനമാണ് ക്രിസ്തുമസ്. പാപത്തിലൊഴികെ അവന്‍ നമ്മോട് അനുരൂപപ്പെട്ട് ഇമ്മാനുവേല്‍ ആയി. സര്‍വശക്തന്‍ മനുഷ്യനാകുന്ന മഹാത്ഭുതം!

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന മനുഷ്യാവതാരത്തിന്‍റെ പുതിയ പതിപ്പ് ഇന്നും തുടരുന്നു. ദൈവത്തിന് മനുഷ്യനാകാമെങ്കില്‍, മനുഷ്യനെ ദൈവത്തോളം ഉയര്‍ത്താന്‍ അവിടുത്തേയ്ക്കാകും. മനുഷ്യനായി തൊഴുത്തില്‍ കിടക്കുന്ന കുട്ടിയില്‍ ആട്ടിടയര്‍ കണ്ടത് രക്ഷകനെയാണ്. രക്ഷകന്‍ എന്നത് അര്‍ത്ഥമാക്കുന്നത് മോചനമാണ്. ഇല്ലായ്മയുടെ നൊമ്പരങ്ങളില്‍ നിന്ന്, തണുത്തു വിറങ്ങലിക്കുന്ന ഏകാന്തതയുടെ ഗുഹാമുഖങ്ങളില്‍ നിന്ന്, അവഗണനകളുടെ മഞ്ഞുപെയ്ത്തില്‍ നിന്നൊക്കെ രക്ഷ നല്‍കാന്‍ പ്രാപ്തനായവന്‍ എന്നുതന്നെ.

തിരിച്ചറിവുകളിലേയ്ക്ക് തിരിച്ചുനടക്കാനുള്ള സദ്വാര്‍ത്തയാണ് ക്രിസ്തുമസ്. കണ്ടെത്തേണ്ട ക്രിസ്തു നിന്‍റെ മുന്നിലുണ്ട്. അറിഞ്ഞാദരിക്കേണ്ട ദൈവസാന്നിദ്ധ്യം ഇപ്പോഴും കയ്യകലത്തിലുണ്ട്. കണ്‍മുമ്പില്‍ കാണുന്നവരില്‍ ഉണ്ണി പിറക്കുന്നു. ശരീരം പൂണ്ട അഭിനവമനുഷ്യാവതാരത്തിന്‍റെ അടയാളങ്ങളായി നമുക്കുമുന്നില്‍ അടയാളങ്ങളുണ്ട്. ഇനിയൊരു തുറവിന്‍റെ വസന്തം വേണമെന്ന് ക്രിസ്തുമസ് ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുകാരിലും, കൂടെപ്പിറപ്പിലും, മാതാപിതാക്കളിലും, മനസിടിഞ്ഞവരിലും മതിയാവോളം കണ്ടെത്തേണ്ട അദൃശ്യനിധിയായ ഉണ്ണീശോ മയങ്ങുന്നു. ഉണ്ണിയെ കണ്ട ഇടയന്മാര്‍ സന്തോഷിച്ചു, ജ്ഞാനികള്‍ അവനെ ആരാധിച്ചു. ശിമയോന്‍ കീര്‍ത്തനം പാടി. മറ്റുള്ളവരില്‍ മനുഷ്യാവതാരം ചെയ്ത ദൈവത്തെക്കണ്ട് സന്തോഷിച്ച്, കീര്‍ത്തനം പാടാന്‍ ഈ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org