നല്ല മാസ് ജീവിതങ്ങള്‍

നല്ല മാസ് ജീവിതങ്ങള്‍

മതാദ്ധ്യാപകര്‍ കുറിക്കുന്ന ഓര്‍മ്മകള്‍

പാപ്പച്ചന്‍ മാണിക്കത്ത്
പ്രധാനാദ്ധ്യാപകന്‍, ലൂര്‍ദ്ദ് മാതാ ചര്‍ച്ച് പെരുമാനൂര്‍

പാപ്പച്ചന്‍ മാണിക്കത്ത്
പാപ്പച്ചന്‍ മാണിക്കത്ത്

സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കാള്‍ മതബോധനത്തിന് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലഘട്ടം. 1968-1980 കാലഘട്ടത്തിലാണ് എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചത്. പെരുമാനൂര്‍ ലൂര്‍ദ്ദ് മാതാ പള്ളിയോട് ചേര്‍ ന്നുള്ള ട.ഉ. കോണ്‍വെന്റിന്റെ അധീനതയിലുളള സെ. തോമസ് സ്‌കൂളിന്റെ ക്ലാസ്സ് റൂമുകളിലാണ് മതബോധനം നടത്തപ്പെട്ടിരുന്നത്. മതാദ്ധ്യാപകരെല്ലാം തന്നെ അവിടെ പഠിപ്പിച്ചിരുന്നതും അല്ലാത്തതുമായ ട.ഉ. കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് ആയിരുന്നു. വിശ്വാസ പരിശീലനത്തിനായി വരുന്ന കുട്ടികള്‍, വളരെ ആത്മാര്‍ത്ഥമായി പഠിക്കണമെന്ന നിര്‍ബ്ബന്ധബുദ്ധിയും കാര്‍ക്കശ്യ വും മാതാപിതാക്കളേക്കാള്‍ കൂടുതലായി എടുത്തിരുന്നു സിസ്റ്റേഴ്‌സ്. അത്രയേറെ അര്‍പ്പണബോധത്തോടെയായിരുന്നു അവരെ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിച്ചിരുന്നത്. ഇന്നും അവരെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ മാത്രമേ അത് സാധിക്കുകയുള്ളൂ.

എന്റെ വിശ്വാസപരിശീലന കാലഘട്ടത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചത് എട്ടാം ക്ലാസ്സില്‍ പഠിപ്പി ച്ചിരുന്ന സി. റോസിലാന്റ് ആയിരുന്നു. ഒത്തിരി സ്‌നേഹത്തോടെ കുട്ടികളെല്ലാവരും റോസിലന്റമ്മ എന്നാണ് വിളിച്ചിരുന്നത്. പൊതുവേ ആള് സ്ട്രിക്റ്റ് ആയിരുന്നുവെങ്കിലും മാതൃസഹജമായ വാത്സല്യത്തോടെ കുട്ടികളെ പരിശീലിപ്പിക്കുന്നത് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്. നമസ്‌കാരങ്ങളെല്ലാം കൃത്യമായും വ്യക്തമായും പറയാന്‍ പഠിപ്പിക്കുക, വചനങ്ങള്‍ ഉരുവിടുവാന്‍ പഠിപ്പിക്കുക, ബൈബിളിലെ ഓരോ സംഭവങ്ങളും പലപല കഥകളിലൂടെയും ഉപമകളിലൂടെയും വ്യക്തമാക്കി തരുക, അങ്ങനെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു സിസ്റ്ററിന്റെ പഠിപ്പിക്കു ന്ന രീതികള്‍. ഈ ആഴ്ച പഠിപ്പിച്ച കാര്യങ്ങള്‍ അടു ത്ത ആഴ്ച വരുമ്പോള്‍ ഓരോ കുട്ടികളോടും ചോദിക്കും. ആരെങ്കിലും മറന്നുപോയെങ്കില്‍ വീണ്ടും അത് ആവര്‍ത്തിച്ച് പറഞ്ഞുകൊടുക്കും. കുട്ടികള്‍ അത് ഹൃദിസ്ഥമാക്കിയെങ്കില്‍ മാത്രമേ സിസ്റ്റര്‍ അടു ത്ത വിഷയത്തിലേയ്ക്ക് പോവുകയുളളൂ. പിന്നെ ഏതെങ്കിലും കുട്ടി സണ്‍ഡേ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ അന്നു തന്നെ ഉച്ചയ്ക്കുശേഷം ആ കുട്ടിയുടെ ഭവനം സന്ദര്‍ശിച്ച് വിവരം അറിഞ്ഞിരിക്കും. ഇനി മടി കാരണം ക്ലാസില്‍ വന്നില്ലെങ്കില്‍ മിക്കവാറും അപ്പന്റെ വടിയുടെ ചൂട് സിസ്റ്ററിന്റെ മുമ്പില്‍ വച്ചുതന്നെ കുട്ടി അറിഞ്ഞിരിക്കും. കാരണം അന്ന് മാതാപിതാക്കള്‍ കാറ്റിക്കിസത്തിന് അത്രമാത്രം വില കല്‍പ്പിച്ചിരുന്നു. പില്‍ക്കാലത്ത് ഞാനും വിശ്വാസപരിശീലനരംഗത്തേയ്ക്ക് കടന്നുവന്നപ്പോള്‍ സിസ്റ്റര്‍ കാണിച്ചു തന്ന പഠനരീതികളെല്ലാം ഒത്തിരി പ്രചോദിതമായിരുന്നു. ഇന്ന് സിസ്റ്റര്‍ പഠിപ്പിച്ചു വിട്ട കുട്ടികള്‍ വലിയ ഔന്നത്യങ്ങളില്‍ എത്തിനില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലിരുന്ന് മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.

ജീവിതം കൊണ്ടും അധ്യാപനം കൊണ്ടും ഇത്ര വലിയ മാതൃക കാട്ടിതന്ന സിസ്റ്റര്‍ കുട്ടികള്‍ക്കും അതുപോലെതന്നെ അദ്ധ്യാപകര്‍ക്കും എന്നും എപ്പോഴും ഒരു പ്രചോദനമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org