Latest News
|^| Home -> Suppliments -> Baladeepam -> ‌വ്യക്തമായ പ്ലാനിം​ഗ്

‌വ്യക്തമായ പ്ലാനിം​ഗ്

Sathyadeepam

1. അന്യഗ്രഹങ്ങളിലേക്ക് അയയ്ക്കുന്ന ഒരു ബഹിരാകാശപേടകം എത്ര കാലംകൊണ്ട് അവിടെയെത്തുമെന്നു ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. പ്രതികൂലമായി വരാവുന്ന എല്ലാ ഘടകങ്ങളെയും മുന്‍കൂട്ടി കണ്ടുകൊണ്ടാണു പേടകം രൂപകല്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന വിദ്യാര്‍ത്ഥിക്കുമുണ്ടാകണം ഇതുപോലെ സുവ്യക്തമായ ഒരു പ്ലാനിങ്ങ്.

2. ഈ പ്ലാനിങ്ങിന്‍റെ ഭാഗമായി ചെയ്യേണ്ട ആദ്യത്തെ കാര്യം ക്ലാസ്സില്‍ പഠിപ്പിക്കു ന്ന പാഠങ്ങള്‍ അന്നന്നുതന്നെ പഠിക്കുകയാണ്. രണ്ടാമത്തെ സംഗതി, ഇതിനു തടസ്സമായി വരാവുന്ന കാര്യങ്ങളിലേക്കു മനസ്സിനെ തള്ളിവിടാതിരിക്കുക എന്നതാണ്. ഈ രണ്ടു കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ തന്നെ ലക്ഷ്യപ്രാപ്തി എളുപ്പമാകും.

3. സ്കൂളിലേതുപോലെ വീട്ടിലെ പഠനത്തിന് ഒരു ടൈംടേബില്‍ വച്ചാല്‍ മുകളില്‍ സൂചിപ്പിച്ച പ്ലാനിങ്ങ് സമയബന്ധിതമായി നടപ്പിലാക്കാവുന്നതേയുള്ളൂ. ആവശ്യാനുസരണം ഈ ടൈം ടേബിളില്‍ ഭേദഗതികള്‍ വരുത്തണം. ആസൂത്രിതമായ രീതിയില്‍ പഠനസമയം ക്രമീകരിച്ചാല്‍ പരീക്ഷകളെ ഒരിക്കലും ഭയപ്പെടേണ്ടി വരികയില്ല.

4. അതിരാവിലെ ഉണര്‍ന്നിരുന്നു പഠിച്ചാല്‍ കാര്യ ങ്ങള്‍ പെട്ടെന്നു മനസ്സിലാകും. അതൊരു നിഷ്ഠയാക്കാന്‍ സാധിച്ചാല്‍ നല്ല കാര്യമാണ്. എങ്കിലും പഠിക്കു ന്ന സമയത്തേക്കാള്‍ പ്രധാനം പഠിക്കാനുള്ള ഉത്സാഹമാണ്. ചിട്ടകളും ക്രമങ്ങളുമല്ല, ലക്ഷ്യവും പ്രചോദനവുമാണു പ്രധാനം.

5. എപ്പോഴും എവിടെയും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നടത്താന്‍ കഴിയുന്നതു ശാന്തമായ മനസ്സിന്‍റെ ഉടമകള്‍ക്കാണ്. ഏകാഗ്രത നശിപ്പിക്കുന്ന കൂട്ടുകെട്ടുകളില്‍ നിന്നും ദുശ്ശീലങ്ങളില്‍ നിന്നും അകന്നു നില്ക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. മനസ്സിന്‍റെ ശാന്തത നിലനിര്‍ത്തിയാല്‍ അതു താനേ കരുത്താര്‍ജ്ജിച്ചു ലക്ഷ്യത്തിലേക്കു കുതിച്ചുകൊള്ളും.

6. വിദഗ്ദ്ധനായ ഒരു കളിക്കാരന്‍ അവന്‍റെ കരുക്കള്‍ നീക്കുന്നതു വളരെ ബുദ്ധിപൂര്‍വമായിട്ടായിരിക്കും. പഠനവും ഒരുതരം കളിയാണ്. ഈ കളിയില്‍ തനിക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒരു അദ്ധ്യാപകന്‍റെ സഹായത്തോടെ സമയാസമയങ്ങളില്‍ പരിഹരിച്ചെടുക്കുന്നവനാണു ബുദ്ധിമാനായ വിദ്യാര്‍ത്ഥി.

7. അറബി ഒട്ടകത്തിനു സ്ഥലം കൊടുത്തതുപോലെയുള്ള ബുദ്ധിശൂന്യമായ പരീക്ഷണങ്ങള്‍ക്കു മുതിരരുത്. ദുശ്ശീലങ്ങളോട് ആദ്യമേതന്നെ ‘നോ’ പറയണം. അല്ലെങ്കില്‍, സാവധാനം അവ അകത്തു കടക്കുകയും, നാം അറബിയെപ്പോലെ അപഹാസ്യരായി പുറത്താവുകയും ചെയ്യും.

8. പഠനം പര്‍വതാരോഹണംപോലെ ക്ലേശകരമായി അനുഭവപ്പെടാം. എങ്കിലും മനസ്സ് മടുക്കാതെ പരിശ്രമിച്ചുകൊണ്ടിരിക്കാം. പര്‍വതത്തിന്‍റെ മുകളിലെത്തുമ്പോള്‍ യാത്രയിലെ ക്ലേശങ്ങള്‍ മറന്നുപോകുന്ന പര്‍വതാരോഹകനെപ്പോലെ ലക്ഷ്യത്തിലെത്തുമ്പോള്‍ പഠനകാലത്തെ വൈഷമ്യങ്ങള്‍ നാം മറന്നുപോകുകതന്നെ ചെയ്യും.

9. ഉന്നത ലക്ഷ്യമുള്ള ഒരു വ്യക്തി ഉയര്‍ന്ന മനോഭാവത്തിന്‍റെ ഉടമയായിരിക്കും. താഴെയുള്ള ചെറിയ തടസ്സങ്ങള്‍ അവനൊരിക്കലും ഒരു വെല്ലുവിളിയാവില്ല. ഭൂമിയിലൂടെ നടക്കുമ്പോഴും അവന്‍റെ മനസ്സ് ഉയരങ്ങളിലായിരിക്കും.

10. ഉത്തരങ്ങള്‍കൊണ്ടു തൃപ്തിപ്പെടുമ്പോഴല്ല ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴാണു നാം യഥാര്‍ത്ഥത്തില്‍ വളര്‍ന്നു തുടങ്ങുന്നത്. ഉത്തരങ്ങള്‍കൊണ്ടു തൃപ്തിയടയുമ്പോള്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നു. ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴാകട്ടെ വിസ്മയങ്ങളുടെ പുതിയ ലോകങ്ങള്‍ തുറന്നു കിട്ടുന്നു.

Leave a Comment

*
*