ലേഖനങ്ങൾ (​ഗ്രീക്ക്)

പ്രാചീനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ മാധ്യമമായിരുന്നു കത്തുകള്‍. ടെലിഫോണും ഈമെയിലും ഇല്ലാതിരുന്ന കാലത്തു വ്യക്തിപരമായ ബന്ധങ്ങള്‍ പുലര്‍ത്തുവാന്‍ കത്തുകള്‍ അപരിത്യാജ്യമായിരുന്നു. പപ്പീറസ് കടലാസില്‍ എഴുതി അടിമകളുടെയോ യാത്രക്കാരുടെയോ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു പതിവ്. എഴുത്തറിയാവുന്ന ആളുകള്‍ കേട്ടെഴുതി കത്തുകള്‍ തയ്യാറാക്കി. ഇന്നത്തെ രീതിയിലുള്ള തപാല്‍ സമ്പ്രദായം ആരംഭിക്കുന്നത് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അഗസ്റ്റസ് ചക്രവര്‍ത്തി തുടങ്ങിവെച്ച തപാല്‍ സമ്പ്രദായം ഔദ്യോഗികരേഖകള്‍ മാത്രമാണ് കൈമാറിയിരുന്നത്. പ്രാചീനകാലത്ത് മൂന്നു വിഭാഗങ്ങളില്‍പ്പെട്ട കത്തുകള്‍ എഴുതപ്പെട്ടിരുന്നു. 1) ഔദ്യോഗിക കത്തുകള്‍ (ഭരണപരമായവ), 2) സ്വകാര്യകത്തുകള്‍, 3) ശ്രേഷ്ഠമായ കത്തുകള്‍ (ദാര്‍ശനികവും സാഹിത്യപരവുമായവ). മൂന്നാം വിഭാഗത്തില്‍പ്പെട്ടവ ഒരിക്കലും അയച്ചിരുന്നില്ല. രണ്ടും മൂന്നും വിഭാഗങ്ങള്‍ തമ്മില്‍ ഇടകലര്‍ത്തിയും എഴുതിയിരുന്നു. ചില ചരിത്രഗ്രന്ഥങ്ങളില്‍ ഭാവനാ പൂര്‍വ്വമായ കത്തുകള്‍ സ്ഥാനം പിടിച്ചിരുന്നു. കത്തുകളുടെ രൂപത്തിലുള്ള നോവലുകളും പ്രാചീനലോകത്ത് എഴുതപ്പെട്ടിട്ടുണ്ട്.

കത്തുകള്‍ക്ക് അന്നും ഇന്നും ഒരേ ഘടനയാണുള്ളത്. ആരംഭം, ഉള്ളടക്കം, സമാപനം. ആരംഭത്തിന് മൂന്നു ഭാഗങ്ങളുണ്ട് – അയയ്ക്കുന്ന ആളിന്‍റെ പേര്, വിലാസക്കാരന്‍റെ പേര്, ആശംസ ("ഇന്നയാള്‍ ഇന്നയാള്‍ക്ക് ആശംസകള്‍"). ഉള്ളടക്കത്തില്‍ അറിയേണ്ട കാര്യം മാത്രമേ എഴുതിയിരുന്നുള്ളൂ. പപ്പീറസോ പലകക്കഷണമോ ആയിരുന്നല്ലോ കടലാസ്; എഴുത്തുകാരന്‍റെ കൂലിയും പരിഗണിക്കേണ്ടിയിരുന്നു. സമാപനത്തില്‍ ആരോഗ്യത്തില്‍ നിലനില്ക്കാനുള്ള ആശംസയോ മറ്റേതെങ്കിലും ശുഭാശംസയോ ചേര്‍ത്തിരുന്നു. തീയതിയും ചേര്‍ക്കാറുണ്ട്. പിന്നീട് ആശംസകള്‍ അയക്കുന്ന ആളിന്‍റെയും ആശംസിക്കപ്പെടുന്നവരുടെയും പേരും ചേര്‍ക്കുന്ന പതിവുണ്ടായി.

ബര്‍ കോഖ്ബാ കാലഘട്ടത്തില്‍ നിന്നുള്ള (132-135) യഹൂദവിപ്ലവകാരികളുടെ കത്തുകള്‍ യവന കത്തുകളുമായി രൂപസാദൃശ്യം വഹിക്കുന്നവയാണ്. പുതിയ നിയമത്തിലെ 27 പു സ്തകങ്ങളില്‍ 21 എണ്ണവും കത്തുകളാണല്ലോ. നടപടി പുസ്തകത്തില്‍ രണ്ടും (15:23-29; 23, 26-30) വെളിപാടു പുസ്തകത്തില്‍ ഏഴു സഭാസമൂഹങ്ങള്‍ക്കുള്ള കത്തുകളുമുണ്ട് (അ. 2-3). ഫിലെ; 2-3 യോഹ. എന്നിവ സ്വകാര്യകത്തുകളാണ്. 1 യോഹ. ഒരു കത്താണോ എന്നു തീര്‍ച്ചയില്ല. അതിന് കത്തിന്‍റെ രൂപഭാവങ്ങളില്ലല്ലോ. ഹെബ്രാ. ഒരു പ്രബോധനപ്രസംഗമാണെങ്കിലും കത്തിന്‍റെ സമാപന രൂപങ്ങള്‍ ഉണ്ട്. യാക്കോബിന് കത്തിന്‍റെ ആരംഭമുണ്ട്, സമാപനമില്ല. 1-2 പ ത്രോ., യൂദാ എന്നിവ പ്രബോധനാത്മകമാണ്.

സെന്‍റ് പോളിന്‍റെ ലേഖനങ്ങളെപ്പോലെ ലോകസാഹിത്യത്തില്‍ മുദ്ര പതിച്ച കത്തുകള്‍ വേറെയില്ല. തന്‍റെ അസാന്നിദ്ധ്യത്തില്‍ താന്‍ സ്ഥാപിച്ച സഭാ സമൂഹങ്ങളില്‍ സെന്‍റ് പോള്‍ ക്രിയാത്മകമായി ഇടപെടുന്നത് കത്തുകള്‍ വഴിയാണ്. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക, സഭാജീവിതം ക്രിസ്തീയമാക്കുന്നതിന് ഉപദേശം നല്കുക, തിരുത്തുക, പണിതുയര്‍ത്തുക – ബഹുമുഖമാണ് സെന്‍റ് പോളിന്‍റെ ലക്ഷ്യങ്ങള്‍. അജപാലനപരമായ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുവാനുള്ള മാര്‍ഗ്ഗമായിരുന്നു അദ്ദേഹത്തിന്‍റെ കത്തുകള്‍. ആകെയുള്ള 13 കത്തുകളില്‍ ഏഴെണ്ണം അദ്ദേഹം തന്നെ രചിച്ചതാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. മറ്റുള്ളവ അദ്ദേഹത്തിന്‍റെ ദര്‍ശനം പങ്കുവച്ച ശിഷ്യന്മാര്‍ രചിച്ചവയാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org