മഹാനായ ​ഗ്രി​ഗറി പാപ്പ, വേദപാരം​ഗതന്‍

മഹാനായ ​ഗ്രി​ഗറി പാപ്പ, വേദപാരം​ഗതന്‍

സെയിന്‍റ്സ് കോര്‍ണര്‍

റോമാ നഗരത്തില്‍ ഏകാന്തമായ ഒരു മുറിയില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചു. ഈ വാര്‍ത്ത മാര്‍പാപ്പ കേട്ടപ്പോള്‍ അതു തന്‍റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വി. കുര്‍ബാന അര്‍പ്പിക്കുകയില്ലെന്നു നിശ്ചയിച്ച ആളാണ് 590 മുതല്‍ 594 വരെ തിരുസഭയെ ഭരിച്ച ഒന്നാം ഗ്രിഗറി മാര്‍പാപ്പ. അയല്‍ക്കാരന്‍റെ സംരക്ഷണവുംകൂടി തന്‍റെ ചുമതലയായി കരുതിയ മാര്‍പാപ്പയുടെ ഹൃദയം ഏതു തരമായിരുന്നുവെന്നു വ്യക്തമാകുന്നുണ്ടല്ലോ. ഒരു സെനറ്റര്‍ കുടുംബത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗോര്‍ഡിയാനൂസിന്‍റെ മകനായിട്ടാണു ഗ്രിഗറി ജനിച്ചത്. സില്‍വിയാ പുണ്യവതിയായിരുന്നു അമ്മ. മുപ്പതാമത്തെ വയസ്സില്‍ ഗ്രിഗറി തന്‍റെ വസ്തുവകകളെല്ലാം ഏഴ് ആശ്രമങ്ങള്‍ സ്ഥാപിക്കാനായി വിട്ടുകൊടുത്തു. സ്വഭവനം ഒരു ആ ശ്രമമായി മാറ്റി. അതാണു റോമയിലുള്ള വി. ആന്‍ഡ്രുവിന്‍റെ ആശ്രമം. അവിടത്തെ രണ്ടാമത്തെ ആബട്ട് വലന്‍റെയിന്‍റെ കാലത്ത് 575-ല്‍ ഗ്രിഗറി സന്ന്യാസവസ്ത്രം സ്വീകരിച്ചു. ആശ്രമത്തിലെ ഹ്രസ്വമായ ജീവിതമാണു തന്‍റെ ജീവിതത്തിലെ എത്രയും സൗഭാഗ്യകരമായ ദിനങ്ങളെന്നു ഗ്രിഗറി അനന്തരകാലത്തു പ്രസ്താവിച്ചു.

ജസ്റ്റസ് എന്ന ഒരു സന്ന്യാസി മൂന്നു സ്വര്‍ണക്കഷണം സ്വന്തമായി സൂക്ഷിച്ചുവച്ചിരുന്നു. അതു വെളിയില്‍ വന്നപ്പോള്‍ സന്ന്യാസിയോടു ആരും സംസാരിച്ചുകൂടെന്നു ഗ്രിഗറി നിശ്ചയിച്ചു. സന്ന്യാസികളെ സംസ്കരിക്കുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചില്ല. എങ്കിലും അദ്ദേഹത്തിനുവേണ്ടി ദിനംപ്രതി വി. കുര്‍ബാന മുടക്കം കൂടാതെ സമര്‍പ്പിക്കണമെന്നു ഗ്രിഗറി ആജ്ഞാപിച്ചു. മുപ്പതാം ദിവസം ജസ്റ്റസിന്‍റെ ആത്മാവ് ബ്രദര്‍ കോപ്പിയോസൂസിനു പ്രത്യക്ഷപ്പെട്ടു. താന്‍ ശുദ്ധീകരണസ്ഥലത്തുനിന്നു മോചിതനായ വിവരം അറിയിച്ചു. ഈ സംഭവമാണു ഗ്രിഗോറിയന്‍ കുര്‍ബാനയുടെ അടിസ്ഥാനം.

ഒരു ദിവസം ചന്തസ്ഥലത്തു ഗ്രിഗറി നടക്കുമ്പോള്‍ കുറേ ഇംഗ്ലീഷ് ബാലന്മാരെ വിലപ്നയ്ക്കായി നിര്‍ത്തിയിരിക്കുന്നത് അദ്ദേഹം കണ്ടു, "അവര്‍ ഏതു വര്‍ഗക്കാരാണ്?" – അദ്ദേഹം ചോദിച്ചു. "ആങ്കിള്‍സ്" എന്നു മറുപടി കിട്ടി. "ഏയ്ഞ്ചല്‍സ്, അതെ മാലാഖമാര്‍ ആകാന്‍ അവര്‍ അര്‍ഹര്‍ തന്നെ. അവരുടെ രാജാവാരാണ്?" "എല്ലാ" എന്നു പ്രതിവചിച്ചു. "കൊള്ളാം, എല്ലായുടെ രാജ്യത്ത് ഹല്ലേലൂയ്യാ പാടണം"' – ഗ്രിഗറി പറഞ്ഞു. അതു സാധിക്കാനായി ബെനഡിക്ട് മാര്‍പാപ്പയുടെ അനുവാദത്തോടുകൂടെ ഫാ. ഗ്രിഗറി ഇംഗ്ലണ്ടിലേക്കു പോയി. ഇദ്ദേഹത്തിന്‍റെ അഭാവം റോമയിലെ സഭയ്ക്കു നഷ്ടമാണെന്നു പലരും പറയുകയാല്‍ ഗ്രിഗറിയെ മടക്കിവിളിച്ചു.

പെലാജിയൂസ് ദ്വിതീയന്‍ പാപ്പയുടെ മരണാനന്തരം ഗ്രിഗറിയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. പതിന്നാലു കൊല്ലത്തെ അദ്ദേഹത്തിന്‍റെ ഭരണം വമ്പിച്ച വിജയമായിരുന്നു. ശീശ്മകള്‍ പരിഹരിച്ചു; ആര്യന്‍ പാഷണ്ഡികളെ മാനസാന്തരപ്പെടുത്തി. ജോബിന്‍റെ പുസ്തകത്തിലെ സന്മാര്‍ഗതത്ത്വങ്ങള്‍ ആത്മാപാലനം, ഡയലോഗ് മുതലായ പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണു ഗ്രിഗറി. എണ്ണൂറോളം എഴുത്തുകള്‍ 14 കൊല്ലത്തിനിടയ്ക്ക് അദ്ദേഹം എഴുതുകയുണ്ടായി. "ദൈവദാസന്മാരുടെ ദാസന്‍" എന്ന പ്രയോഗം ഗ്രിഗറി ഒന്നാമനാണ് ആദ്യം സ്വീകരിച്ചത്. ഗ്രിഗോറിയന്‍ ഗാനം എന്ന വാക്കും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ളതാണ്. അദ്ധ്വാനവും തപസ്സുംകൊണ്ടു ക്ഷീണിതനായി 64-ാമത്തെ വയസ്സില്‍ ഗ്രിഗറി നിര്യാതനായി.

വിചിന്തിനം: വി. ഗ്രിഗറി പറയുന്നു: "ആത്മപരിപാലനം കലയില്‍വച്ചു മഹാകലയാണ് (The care of soul is art of arts) നമ്മുടെയും നമുക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവരുടെയും ആത്മാക്കളെ നമുക്കു സമ്യക്കായി പരിപാലിക്കാം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org