ആരോഗ്യകരമായ ആഹാരക്രമം

ആരോഗ്യകരമായ ആഹാരക്രമം

തോമസ് മാത്യു

"മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല; ദൈവത്തിന്‍റെ അധരത്തില്‍നിന്നു വരുന്ന ഓരോ വാക്കുകൊണ്ടുകൂടിയാണു ജീവിക്കുന്നത്."

അരിയാഹാരം കഴിക്കുന്ന കേരളീയരായ നമുക്ക് അരിയാഹാരത്തോടൊപ്പം അറിവാഹാരംകൂടി ആവശ്യമാണെന്നാണു യേശുവചനത്തിന്‍റെ പൊരുള്‍. മനുഷ്യന്‍ ആഹാരം കഴിക്കുന്നതു ജീവിക്കാന്‍ വേണ്ടിയാണ്. സസ്യജാലങ്ങളും ജീവജാലങ്ങളും ഒന്നു മറ്റൊന്നിന് ഇരയാകാന്‍ വേണ്ടിയുള്ള ഇരകള്‍ മാത്രമാണ്. എന്തെന്നാല്‍ അവയെല്ലാം പദാര്‍ത്ഥങ്ങളില്‍നിന്നും സൃഷ്ടിക്കപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ മാത്രമാണ്.

മനുഷ്യന്‍ അറിവും പദാര്‍ത്ഥവുംകൊണ്ടാണു സൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ മനുഷ്യന് അറിവിന്‍റെയും പദാര്‍ത്ഥത്തിന്‍റെയും സ്വഭാവമുണ്ട്. വളരുക, തകരുക എന്നതു പദാര്‍ത്ഥത്തിന്‍റെ സ്വഭാവമാണ്. സംസാരിക്കുക എന്നത് അറിവിന്‍റെ സ്വഭാവമാണ്. സംസാരത്തിന്‍റെ ഭാഗമാണ് ഓരോ വാക്കുകളും. അതിനാല്‍ മരണവും ജീവനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു വേണം മനുഷ്യന്‍ ഓരോ പ്രവൃത്തിയും ചെയ്യാന്‍. ആഹാരത്തിന്‍റെ കാര്യവും അങ്ങനെതന്നെ. എന്താഹാരം കഴിക്കണം എപ്പോള്‍ കഴിക്കണം, എന്തിനു കഴിക്കണം, എത്രത്തോളം കഴിക്കണം, ആഹാരം സ്വകരിക്കുന്ന ശരീരം എന്താണ്, എങ്ങനെയാണ്; ഘടന എന്താണ്, ലക്ഷ്യമെന്താണ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ആഹാരം കഴിക്കുമ്പോഴാണ് ആരോഗ്യകരമായ ആഹാരക്രമം ആവുകയുള്ളൂ.

മനുഷ്യന്‍ ഒരു നേരം കഴിക്കുന്ന സമ്പൂര്‍ണാഹാരം ദഹിച്ചു ശരീരത്തില്‍ ചേരുന്നതിനു ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ 19 മണിക്കൂര്‍ സമയം തുടര്‍ച്ചയായി അദ്ധ്വാനിക്കണം. അപ്രകാരം തുടര്‍ച്ചയായി ദഹനേന്ദ്രിയങ്ങള്‍ അദ്ധ്വാനിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന ക്ഷതവും തേയ്മാനവും പരിഹരിച്ചു പ്രവര്‍ത്തനശേഷി വീണ്ടെടുക്കുവാന്‍ അഞ്ചു മണിക്കൂര്‍ സമയം അവയ്ക്ക് വിശ്രമം അനുവദിക്കണം. അതോടെ ഒരു ദിവസത്തെ 24 മണിക്കൂര്‍ അവസാനിക്കും. ഫലത്തില്‍ ഒരു ദിവസം ഒരാള്‍ക്ക് ഒരു നേരത്തെ ആഹാരം എന്നതാണ് ആരോഗ്യകരമായ ആഹാരക്രമം. എന്നാല്‍ ഒരു ദിവസംതന്നെ പല പ്രാവശ്യം ഒരാള്‍ സമ്പൂര്‍ണാഹാരം കഴിക്കുന്നതായാല്‍ ഓരോ തവണയും ദഹനേന്ദ്രിയങ്ങള്‍ 19 മണിക്കൂര്‍ വീതം തുടര്‍ച്ചയായി അദ്ധ്വാനിക്കേണ്ടി വരികയും വിശ്രമം ലഭിക്കാതിരിക്കുകയും ചെയ്താല്‍ ദഹനേന്ദ്രിയങ്ങള്‍ക്കു സംഭവിക്കാവുന്ന ക്ഷതങ്ങളും തേയ്മാനവും എത്രയോ വലുതായിരിക്കും. അത് അവയുടെ പ്രവര്‍ത്തനത്തെ ക്ഷീണിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതു ഗുരുതരമായ ശാരീരികപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു.

അദ്ധ്വാനിക്കുന്ന ആളുകളെ സംബന്ധിച്ച് ഒരു നേരം കഴിക്കേണ്ട സമ്പൂര്‍ണ ആഹാരത്തിന്‍റെ അളവില്‍ മൂന്നിലൊന്നു വീതം മൂന്നു നേരമായി കഴിക്കുന്നതായാലും ദഹനേന്ദ്രിയങ്ങള്‍ക്ക് അമിതഭാരം വരുന്നില്ല. തന്നെയുമല്ല അധികഭക്ഷണം ദഹിപ്പിച്ചു പോഷകഘടകങ്ങള്‍ ആവശ്യത്തിലധികം ഉത്പാദിപ്പിക്കുമ്പോള്‍ അവ ശരീരത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ സംഭരിക്കേണ്ടുന്ന ജോലിയും ദഹനേന്ദ്രിയങ്ങള്‍ക്കുണ്ട്. അത് അധികവണ്ണവും അധിക തൂക്കവും ഉണ്ടാക്കുന്നതിനാല്‍ ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകുന്നു. അതിനാല്‍ ഒരു ദിവസം കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് ഒരു നേരം ആവശ്യമായതു മാത്രമായി ക്ലിപ്തപ്പെടുത്തണം. ആഹാരക്രമം ദിവസത്തില്‍ ഒരു നേരം മാത്രമായി ക്ലിപ്തപ്പെടുത്തുന്നവര്‍ക്ക് ഇടയ്ക്കു വെള്ളം കുടിക്കുന്നതോ ജ്യൂസ് കഴിക്കുന്നതോ പഴം കഴിക്കുന്നതോ ദോഷമല്ല.

മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ ഘടനയനുസരിച്ച് 80 ശതമാനം ആല്‍ക്കലിക്കല്‍ ഭക്ഷണവും 20 ശതമാനം അസിഡിക്കല്‍ ഭക്ഷണവുമാണ് ആവശ്യമായിട്ടുള്ളത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഇലവര്‍ഗ്ഗങ്ങള്‍ ചില പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ആല്‍ക്കലിക്കല്‍ ഭക്ഷ്യവസ്തുക്കള്‍. മുട്ട, പാല്‍, മത്സ്യം, മാംസം, ചില പയര്‍ വര്‍ഗങ്ങള്‍ വറുത്തതും പൊരിച്ചതുമായവ എന്നിവയെല്ലാം അസിഡിക്കല്‍ ഭക്ഷ്യവസ്തുക്കളാണ്. അവ ഭക്ഷണത്തില്‍ കേവലം 20 ശതമാനം മതി. അസിഡിക്കല്‍ ഭക്ഷ്യവസ്തുക്കളടെ അളവ് കൂടിയാല്‍ മുഖക്കുരു മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ അസിഡിക്കല്‍ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം 20 ശതമാനമായി നിജപ്പെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org