യേശുവിനെ ക്രൂശിച്ചവര്‍ക്ക് സ്വര്‍ഗ്ഗം?

യേശുവിനെ ക്രൂശിച്ചവര്‍ക്ക് സ്വര്‍ഗ്ഗം?

സജീവ് പാറേക്കാട്ടില്‍

"യേശുവിനെ കുരിശില്‍ തറച്ച യൂദന്മാര്‍ സ്വര്‍ഗ്ഗത്തില്‍ പോയിട്ടുണ്ടാകുമോ?"

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

"ഈ ചോദ്യം ചോദിക്കാന്‍ കാരണമെന്താണ്?"
"പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല" എന്ന് കുരിശില്‍ കിടന്ന് ഈശോ പ്രാര്‍ത്ഥിച്ചല്ലോ. ഈശോ പ്രാര്‍ത്ഥിച്ചാല്‍ പിതാവ് കേള്‍ക്കാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്‍ രക്ഷ പ്രാപിച്ചിരിക്കില്ലേ?"
"വേദപുസ്തകവും സഭാ പ്രബോധനങ്ങളും അനുസരിച്ച് ഇല്ല എന്നേ പറയാനാകുകയുള്ളൂ."
"അതെന്താണ്?"
"ആരാണ് സ്വര്‍ഗ്ഗത്തില്‍ പോകുന്നതെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) കൃത്യമായി പഠിപ്പിക്കുന്നുണ്ട്. 'ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടൂകൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്. എന്തെന്നാല്‍ "അവിടുന്ന് ആയിരിക്കുന്നതുപോലെ" അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു' (1023) എന്നാണ് നാം വായിക്കുന്നത്. ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങളാണുള്ളത്. കൃപാവരത്തിലും ദൈവവുമായി സൗഹൃദത്തിലും ആയിരിക്കുക, പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുക. ഇവ മൂന്നും ഒരേ സമയം ഉണ്ടായിരിക്കുന്നവര്‍ മാത്രമാണ് ക്രിസ്തുവിനോടൊത്ത് എന്നേയ്ക്കും ജീവിക്കാനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്. "അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും" (1 യോഹ. 3:2) എന്ന് അപ്പസ്‌തോലനായ യോഹന്നാന്‍ സ്പഷ്ടമാക്കുന്നുണ്ട്. ദൈവം ആയിരിക്കുന്നതുപോലെ ദൈവ ത്തെ മുഖാമുഖം കാണാനാകുക എന്നതാണ് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ ആനന്ദം. യൂദന്മാ രെ സംബന്ധിച്ചിടത്തോളം മേല്‍വിവരിച്ച മൂന്നു കാര്യ ങ്ങളും നിറവേറിയതായി യാതൊരു സൂചനകളുമില്ല. യേശുവിനെ ക്രൂശിച്ചതിനു ശേഷം പോലും 'നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കൂ' (ലൂക്കാ 23:37) എന്ന് പടയാളികള്‍ പരിഹസിക്കുന്ന തായി നാം കാണുന്നുണ്ട്. യേശുവിന്റെ ശവകുടീരത്തിന് കാവലേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പീലാത്തോസിന്റ അടുക്കല്‍ ചെന്ന് അവര്‍ പറയുന്നത് നോക്കൂ: "യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍
ഇപ്പോള്‍ ഓര്‍മ്മിക്കുന്നു" (മത്താ. 27:63). കണ്ടോ, ക്രൂരമായി കൊലപ്പെടുത്തിയിട്ടും യേശുവിനോടുള്ള അവരുടെ പക തീര്‍ന്നിരുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് യൂദന്മാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളില്‍ അനുതാപത്തിന്റെ കണികപോലും ഉണ്ടായിരുന്നില്ല എന്നാണ്. അത്തരമൊരു സാഹചര്യത്തില്‍ യേശു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ രക്ഷ പ്രാപിച്ചു എന്നു കരുതാനാവില്ല. യേശുവിന്റെ പ്രാര്‍ത്ഥന യേശുവിന്റെ സ്വഭാവത്തിന്റെയും പ്രബോധനത്തിന്റെയും തുടര്‍ച്ചയാണ്. ശത്രുക്കളോട് ക്ഷമിക്കാന്‍ പഠിപ്പിച്ച യേശു സ്വയം അത് പ്രാവര്‍ത്തികമാക്കി നമുക്ക് ഉത്തമമായ മാതൃക നല്കുകയായിരുന്നു. രക്ഷ ഓരോ മനുഷ്യന്റെയും തീരുമാനവും തിരഞ്ഞെടുപ്പുമാണ്. നമുക്ക് സ്വര്‍ഗ്ഗമോ നരകമോ വിധിക്കുന്നത് ദൈവമല്ല; നാമോരോരുത്തരുമാണ്. അഥവാ നമ്മുടെ സ്വതന്ത്രമായ നിലപാടും തീരുമാനവുമാണ്. അതിനാലാണ്, 'നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാന്‍ കഴിയില്ല' എന്ന് സെന്റ് അഗസ്റ്റിന്‍ പഠിപ്പിച്ചത്. നമ്മെ രക്ഷിക്കുന്നതില്‍നിന്ന് സര്‍വ്വശക്തനായ ദൈവത്തെപ്പോ ലും നമുക്ക് തടയാനാകും. ദൈവം നമുക്ക് നല്കിയ പരമദാനമായ സ്വാതന്ത്ര്യത്തിന്റെ ഫലമാണത്. പാപിയാണോ എന്നതല്ല നിര്‍ണ്ണായകമായ ചോദ്യം; അനുതപിക്കുന്നുണ്ടോ എന്നതാണ്. ആത്മാര്‍ത്ഥമായി അനുതപിക്കുകയും ദൈവകരുണയില്‍ ആശ്രയിക്കുകയും ചെയ്താല്‍ ഏതു ഘോരപാപിക്കും രക്ഷ സാധ്യമാണ് എന്നതിന് യേശുവിന്റെ കുരിശിനരികെ നിന്നുതന്നെ മനോഹരമായ ഉദാഹരണമുണ്ടല്ലോ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളിയായിരുന്നു വലതു വശത്തെ കള്ളന്‍. എങ്കിലും അവസാന നിമിഷം അവന്‍ അനുതപിക്കുകയും ദൈവകരുണയിലേക്ക് തിരിയുകയും ചെയ്തതിനാല്‍ അവന്‍ സ്വര്‍ഗ്ഗം മോഷ്ടിച്ച 'നല്ല കള്ളന്‍' ആയി. 'അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും' (ലൂക്കാ 15:7) എന്ന് യേശു പറയുന്നതിന്റെ കാരണമതാണ്. യേശുവിനെ ക്രൂശിച്ചവര്‍ വ്യക്തിപരമായി പി ന്നീടോ മരണസമയത്തോ അനുതപിച്ചിട്ടുണ്ടോ എന്ന് നമുക്കറിയില്ല. ആത്മാര്‍ത്ഥമായി അനുതപിക്കുകയും ദൈവത്തോട് പൊറുതി യാചിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ നരകത്തില്‍ നിപതിച്ചിട്ടുണ്ടാകില്ല എന്ന് ന്യായമായും കരുതാവുന്നതാണ്. കാരണം പരിശുദ്ധിയും നീതിയും എന്നതുപോലെ ദൈവത്തെ സംബന്ധിച്ചിടത്തോളം മാറ്റമില്ലാത്ത കാര്യമാണ് അവിടുത്തെ കരുണയും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org